കമ്മ്യൂണിസ്റ്റ് പശ്ചാത്തലം തീരെയില്ലാത്ത കുടുംബത്തിൽ ജനനം. അമ്മാവൻമാരടക്കമുള്ള കാരണവന്മാരെല്ലാം തികഞ്ഞ ഗാന്ധിയന്മാരും കോൺഗ്രസ് അനുഭാവികളും. എന്നിട്ടുമെങ്ങനെ കമ്മ്യൂണിസ്റ്റായി എന്ന് അരവിന്ദാക്ഷൻ മാഷോട് ചോദിച്ചാൽ ‘പാലിയം സമരം’ എന്ന ഒറ്റ ഉത്തരമേ അദ്ദേഹത്തിനുള്ളൂ. വൈരുധ്യമെന്നു തോന്നാവുന്ന ഒരനുബന്ധം കൂടി ആ മറുപടിക്കുണ്ട്. പ്രജാമണ്ഡലം നേതാവും ഗാന്ധിയനുമായിരുന്ന അമ്മാവൻ ഗംഗാധരമേനോന്റെ ചിട്ടകളിൽ നിന്നായിരുന്നു ‘കമ്മ്യൂണിസ്റ്റ് അച്ചടക്ക’ത്തിന്റെ ആദ്യ പാഠങ്ങൾ.
1939ൽ മിഥുനമാസത്തിലെ ആയില്യം നാളിൽ ജനിച്ച പ്രൊഫ. കെ അരവിന്ദാക്ഷന്റെ കുട്ടിക്കാലം അമ്മ വീടായ ചേന്ദമംഗലത്തെ കോഴിക്കോട്ട് തറവാട്ടിലായിരുന്നു. അമ്മ കമലാക്ഷിയമ്മയടക്കം 15 സഹോദരങ്ങളും അവരുടെ മക്കളും ചേർന്ന കൂട്ടുകുടുംബം. ചേന്ദമംഗലം പാലിയം സ്കൂളിൽ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോഴാണ് സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന ഐതിഹാസികമായ പാലിയം സമരം. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിത്തുടങ്ങിയ നാളുകൾ. പാലിയം സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളായവർ. എല്ലാം കണ്ടു വളർന്ന അരവിന്ദാക്ഷന്റെ കുഞ്ഞു മനസ് അന്നേ കമ്മ്യൂണിസ്റ്റാവാൻ കൊതിക്കുകയായിരുന്നു. ഉജ്വല സംഘാടകനായിരുന്ന വിദ്യാർത്ഥി ജീവിതം. പല തട്ടകങ്ങൾ മാറിയ ഔദ്യോഗികവൃത്തി, കുട്ടികളോടൊപ്പം സഞ്ചരിച്ച മൂന്നു പതിറ്റാണ്ട്. 84-ാം പിറന്നാളിലും എറണാകുളം പനമ്പള്ളി നഗറിലെ ‘കൃപ’യിൽ ആഘോഷങ്ങളൊന്നുമില്ല. സഖാക്കളും സുഹൃത്തുക്കളുമായി എട്ടുപത്തു പേർ ഒത്തുകൂടും. അത്രേയുള്ളൂ.
അച്ഛൻ പോട്ടയിൽ പ്രഭാകരമേനോൻ ഉൾപ്പെടെ വീട്ടിലാരും കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. പാലിയം സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ആളായിരുന്നു അമ്മാവൻ ഗംഗാധരമേനോൻ. ചർക്കയിൽ സ്വയംതീര്‍ത്ത നൂലില്‍ വസ്ത്രമുണ്ടാക്കി ധരിച്ചിരുന്ന ഗാന്ധിയനായിരുന്നു അമ്മാവൻ. അച്ഛൻ മദ്രാസ് പ്രസിഡൻസി കോളജിൽ നിന്ന് ബിഎയും പിന്നീട് ബിഎല്ലും കഴിഞ്ഞു വന്നയാൾ. വാദിക്കാൻ പോയാൽ കളവു പറയേണ്ടിവരുമെന്നോർത്ത് വക്കീലുദ്യോഗം ഉപേക്ഷിച്ചയാള്‍. കുട്ടിക്കാലം അല്ലലില്ലാതെ കടന്നു പോയി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് തെക്കൻ ചിറ്റൂരിൽ അച്ഛന്റെ തറവാടിനടുത്തുള്ള സെന്റ് മേരീസ് സ്കൂളിൽ സെക്കൻഡറി പഠനം. ഹൈസ്കൂളായപ്പോൾ ചേരാനല്ലൂർ അൽഫറൂഖിയ സ്കൂളിലേക്ക് മാറി. കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന കൊച്ചോ സാഹിബായിരുന്നു ഹെഡ്‌മാസ്റ്റർ. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ സംഘടനയായ ഐഎസ്ഒയ്ക്ക് യോഗം നടത്താൻ അദ്ദേഹം സ്കൂൾ ഹാൾ അനുവദിച്ചു. കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള ഞങ്ങൾ എഐഎസ്എഫ് യൂണിറ്റ് രൂപീകരിക്കാൻ സ്കൂൾ ഹാൾ ചോദിച്ചപ്പോൾ ഹെഡ്‌മാസ്റ്റർ ആട്ടിപ്പായിക്കുകയായിരുന്നു.
സ്കൂളിനു തൊട്ടടുത്തുള്ള ഒരു പീടികമുറിയിൽ ഞങ്ങൾ യൂണിറ്റ് യോഗം ചേർന്നു. സി കെ ചന്ദ്രപ്പനും ആന്റണി തോമസും പങ്കെടുത്തത് ആവേശമായി. കൺവീനർ ഞാൻ തന്നെ. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള സ്ഥലം ഹംസ എന്നൊരാളുടെതായിരുന്നു. അദ്ദേഹമാവട്ടെ, ഹെഡ്‌മാസ്റ്റർ കൊച്ചോ സാഹിബിന്റെ ബദ്ധശത്രുവും. ആ മൈതാനം ഞങ്ങൾക്ക് വിട്ടു തന്നു. അദ്ദേഹത്തിന്റെ ചെലവിൽ അടയ്ക്കാമരം വെട്ടി സ്റ്റേജും കെട്ടി. മൈക്ക് കൊച്ചോ സാഹിബിന്റെ ഓഫിസിലേക്ക് തന്നെ തിരിച്ചു വയ്ക്കണമെന്നും കൂടി ശത്രുത മൂത്ത ഹംസ പ്രത്യേകം പറഞ്ഞു. യൂണിറ്റ് സമ്മേളനം ഗംഭീര വിജയം. നൂറോളം കുട്ടികളാണ് അന്ന് പങ്കെടുത്തത്. അസ്വസ്ഥനും പ്രകോപിതനുമായ കൊച്ചോ സാഹിബ് വീട്ടിൽ വിവരമെത്തിച്ചു. ഞാൻ ഭയപ്പെട്ടതൊന്നും സംഭവിച്ചില്ല. ‘അവൻ ഇഷ്ടമുള്ള രാഷ്ട്രീയത്തിൽ പോകട്ടെ‘എന്നു മാത്രമായിരുന്നു അച്ഛന്റെ പ്രതികരണം. എവിടെ പോയാലും വേണ്ടില്ല, പഠനത്തെ ബാധിക്കരുതെന്ന ഉപദേശം തരാനും അച്ഛൻ മറന്നില്ല.
കമ്മ്യൂണിസ്റ്റ് ചിന്ത എന്നിൽ ഊട്ടിയുറപ്പിച്ചതിൽ അൽ ഫറൂഖിയ സ്കൂളിലെ ഹെഡ്‌മാസ്റ്റർ കൊച്ചോ സാഹിബിനോടുള്ള ‘കടപ്പാട്‘ഇന്നുമുണ്ട്. അദ്ദേഹം അന്നത്രയും പ്രകോപിതനായില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ആവേശം തെല്ലെങ്കിലും കുറയുമായിരുന്നു. വാശിപിടിപ്പിച്ച മറ്റൊരാൾ ഇൻഡിപെൻഡന്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (ഐഎസ്ഒ) നേതാവായിരുന്ന സേവ്യർ അറയ്ക്കലായിരുന്നു. സജീവ രാഷ്ട്രീയത്തിൽ തുടർന്ന സേവ്യർ അറയ്ക്കൽ പിൽക്കാലത്ത് എംപിയും എംഎൽഎയുമായി. ഞാൻ അധ്യാപകരംഗത്തേക്ക് തിരിഞ്ഞു. സേവ്യറുമായുള്ള സുഹൃദ് ബന്ധം അദ്ദേഹത്തിന്റെ വിയോഗം വരെയും തുടർന്നു.
പികെവിയും മലയാറ്റൂരും ജെ ചിത്തരഞ്ജനും പി ഗോവിന്ദപ്പിള്ളയുമൊക്കെ പഠിച്ച കലാലയമായിരുന്നെങ്കിലും യുസി കോളജിൽ അക്കാലത്ത് സജീവ രാഷ്ട്രീയമുണ്ടായിരുന്നില്ല. അവരെല്ലാം പഠിച്ചിറങ്ങിയ ശേഷമാണ് 1955ൽ ഞാനവിടെ ചെല്ലുന്നത്. ഗണിത ശാസ്ത്രത്തിൽ കഷ്ടിച്ചു കടന്നുകൂടിയ എനിക്ക് മുന്നിൽ ഇക്കണോമിക്സിന്റെ വഴിയാണ് തുറന്നു കിടന്നത്. സിപിഐ നേതാവും ജനയുഗം പത്രാധിപരുമായിരുന്ന ആന്റണി തോമസ് അന്നവിടെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഒന്നാം ക്ലാസിൽ ഇന്റർ മീഡിയറ്റ് പാസായി. അക്കാലത്താണ് അവിടെ പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് തുടങ്ങിയത്. ചീഫ് സെക്രട്ടറിയായിരുന്ന ഡി ബാബു പോളും മുൻ വൈസ് ചാൻസലർ ഡോ. പി കെ മൈക്കിൾ തരകനും അന്ന് പ്രീ-യൂണിവേഴ്സിറ്റി കോഴ്സിൽ ചേർന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഞാൻ ചെന്ന കാലത്ത് പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള, ഡോ. എം എ ഉമ്മൻ എന്നിവരൊക്കെ അവിടെ അധ്യാപകരായുണ്ട്. ഇന്റർ മീഡിയറ്റിനു നല്ല മാർക്ക് ലഭിച്ചതോടെ എറണാകുളം മഹാരാജാസിൽ ബിഎ ഓണേഴ്സിനു പ്രവേശനം ലഭിച്ചു. എംഎയ്ക്ക് തത്തുല്യമായ കോഴ്സാണിത്.
മഹാരാജാസിൽ വീണ്ടും എഐഎസ്എഫ് പ്രവർത്തനത്തിൽ മുഴുകി. പക്ഷേ അധ്യാപകരും ആശയങ്ങൾ പകരാൻ എത്തിയിരുന്ന മുതിർന്ന നേതാക്കളും ആവർത്തിച്ചിരുന്ന ഒന്നുണ്ട്, ”പഠനത്തിലായിരിക്കണം ആദ്യ ശ്രദ്ധ”. കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ സി മാത്യു, എൻ ശിവൻപിള്ള, എം എം ലോറൻസ് എന്നിവരൊക്കെ അക്കാലത്ത് എസ്എഫ് യോഗങ്ങൾക്ക് എത്തിയിരുന്നു. പഠനത്തിലും പരീക്ഷയിലും ശ്രദ്ധിക്കാൻ അവസാനവര്‍ഷക്കാർക്ക് നേതാക്കൾ തന്നെ സജീവ രാഷ്ട്രീയത്തിൽ നിന്ന് അവധി അനുവദിച്ചിരുന്ന കാലം കൂടിയായിരുന്നു അത്.
ബിഎ ഓണേഴ്സ് മികച്ച നിലയിൽ പാസായതോടെ കോളജ് അധ്യാപക ജോലിയെന്ന മോഹം കലശലായി. എസ്എൻ, എൻഎസ്എസ് മാനേജ്മെന്റ് കോളജുകളിലൊക്കെ ഒഴിവുകൾ നിരവധിയുണ്ട്. പക്ഷേ 5000 രൂപ സംഭാവന കൊടുക്കണം. കാശു തരാമെന്ന് അച്ഛനും അമ്മാവൻമാരുമൊക്കെ പറഞ്ഞെങ്കിലും അങ്ങനെയുള്ള ഉദ്യോഗം വേണ്ടെന്നായിരുന്നു എന്റെ നിലപാട്. അങ്ങനെ പറവൂരിലെ ജയകേരളം ട്യൂട്ടോറിയലിൽ അധ്യാപകനായി. മാസ ശമ്പളം 50 രൂപ. പിന്നീട് മഹാരാജാസിൽ പ്രിൻസിപ്പാളായ പ്രൊഫ. കെ എൻ ഭരതനും അന്നവിടെ ട്യൂട്ടോറിയൽ മാഷായിരുന്നു. പറവൂർ മുനിസിപ്പൽ ചെയർമാനും ഗണിത ശാസ്ത്ര അധ്യാപകനുമായിരുന്ന മാധവൻകുട്ടിയായിരുന്നു ജയകേരളത്തിന്റെ ഉടമ. ഒന്നര വർഷം കഴിഞ്ഞപ്പോൾ എനിക്ക് സെക്രട്ടേറിയറ്റിൽ ജോലി ലഭിച്ചു.
യാദൃച്ഛികമാവാം, ഭരതനും അന്ന് സെക്രട്ടേറിയറ്റിലുണ്ട്. 125 രൂപയായിരുന്നു പ്രതിമാസ ശമ്പളം. പല കാര്യങ്ങളിലും സമർത്ഥനായിരുന്ന ഭരതൻ അന്ന് തമ്പാനൂരിലെ ഒരു ട്യൂട്ടോറിയലിൽ പാർടൈം ജോലി തരപ്പെടുത്തിയിരുന്നു. അദ്ദേഹം മുഖേന ഞാനും ട്യൂട്ടോറിയലിൽ കയറി. അതിരാവിലെ ക്ലാസ് കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും കൃത്യം 10ന് സെക്രട്ടേറിയറ്റിൽ ഹാജരുണ്ടാകും. ഇതിനിടെ ഐഎഎസ് പരീക്ഷ എഴുതി. ടെസ്റ്റും ഇന്റർവ്യുവും പാസായെങ്കിലും ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടു പിന്മാറേണ്ടി വന്നു. അർധമനസോടെയായിരുന്നു സെക്രട്ടേറിയേറ്റിൽ സേവനമനുഷ്ഠിച്ചത്. കോളജ് അധ്യാപനം എന്ന മോഹം അപ്പോഴും കെടാതെ നിൽക്കുകയായിരുന്നു.
ട്യൂട്ടറായി ബ്രണ്ണനിലേക്ക്
സെക്രട്ടേറിയറ്റിൽ 1964–65 കാലഘട്ടത്തിലാണ് സേവനമനുഷ്ഠിച്ചത്. അക്കാലയളവിൽ വിവിധ പിഎസ്‍സി ടെസ്റ്റുകളുമെഴുതി. ഗ്രാമവികസന വകുപ്പിലും മുനിസിപ്പൽ കോമൺ സർവീസിലും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലും ഉദ്യോഗങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം മറ്റൊന്നായിരുന്നതിനാൽ ആ ജോലികൾക്കൊന്നും പോയില്ല. സെക്രട്ടേറിയറ്റിൽ കയറിയതോടെ സജീവ രാഷ്ട്രീയം ഒഴിവാക്കിയെങ്കിലും കമ്മ്യൂണിസ്റ്റ് നേതാക്കളുമായുള്ള നിരന്തര സമ്പർക്കം തുടർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് അക്കാലത്താണുണ്ടായത്. പാർട്ടി സ്റ്റേറ്റ് കൗൺസിൽ ഓഫിസ് സംരക്ഷിക്കാൻ രാവും പകലും നിന്നവർക്കൊപ്പം കൂടിയത് മറക്കാനാവാത്ത ഓർമ്മയാണ്. സർക്കാരുദ്യോഗസ്ഥനാണെന്ന കാര്യമൊക്കെ ആ സമയത്ത് ഞാൻ മറന്നു. തിരുവനന്തപുരത്തെ പാർട്ടി നേതാവായിരുന്ന എം ആന്റണി, ട്യൂട്ടോറിയലിൽ എന്റെ സഹപ്രവർത്തകനായിരുന്ന കണിയാപുരം രാമചന്ദ്രൻ, ആന്റണി തോമസ് എന്നിവരുമായുണ്ടായിരുന്ന സൗഹൃദവും അതിനു നിമിത്തമായി. വെളിയം, കെ വി സുരേന്ദ്രനാഥ്, ടി വി തോമസ് തുടങ്ങിയ നേതാക്കളുമായി അടുത്തിടപഴകിയ നാളുകളായിരുന്നു അത്.
അങ്ങനെയിരിക്കെ 1965ൽ എനിക്ക് തലശേരി ബ്രണ്ണൻ കോളജിൽ ട്യൂട്ടറായി നിയമനം ലഭിച്ചു. അവിടെ ചേരും മുമ്പുള്ള മുന്നൊരുക്കങ്ങളും അന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ഭാസ്കരൻനായരുടെ അപ്രീതി ഒഴിവാക്കാനുള്ള പൊടിക്കൈകളും പറഞ്ഞു തന്നത് ജോയിന്റ് കൗൺസിൽ നേതാവായിരുന്ന റൂസ്‍വെൽറ്റ് ആയിരുന്നു. അപ്രകാരം പ്രവർത്തിച്ചതു കൊണ്ടു കൂടിയാവാം ഒരു വർഷത്തിനകം ലക്ചറർ തസ്തികയിൽ പ്രമോഷനോടെ എറണാകുളത്ത് മഹാരാജാസിലേക്ക് മാറ്റം ലഭിച്ചു. അങ്ങനെ 1966 മുതൽ 80 വരെ നീണ്ട 14 വർഷം മഹാരാജാസിൽ.
ഗുരുത്വം എന്ന മൂന്നക്ഷരമായിരുന്നു എന്നും എന്റെ വഴികാട്ടി. അധ്യാപകനും വകുപ്പു മേധാവിയും ആയിരുന്നപ്പോഴും 1990ൽ പ്രിൻസിപ്പാളായി മലപ്പുറം ഗവ. കോളജിൽ ആദ്യനിയമനം ലഭിച്ചപ്പോഴും വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും മനസിനൊപ്പം നീങ്ങാൻ എനിക്ക് ആത്മവിശ്വാസമേകിയത് ഗുരുത്വം തന്നെയായിരുന്നു. ആദ്യാക്ഷരം കുറിച്ചു തന്നവർ മുതൽ എത്രയെത്ര അധ്യാപകർ. വിദ്യാർത്ഥി സംഘർഷത്താൽ കലുഷിതമായ ഒട്ടേറെ സന്ദർഭങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് മഹാരാജാസിൽ പ്രിൻസിപ്പാളായിരുന്ന നാളുകളിൽ. എന്നാൽ മാനസിക സംഘർഷത്തിന് തെല്ലും അടിപ്പെടാതെ അതെല്ലാം പരിഹരിക്കാനായെന്നത് ചാരിതാർത്ഥ്യജനകമാണ്. 1996ൽ തൃശൂരിൽ സി അച്യുതമേനോൻ ഗവ. കോളജിൽ നിന്ന് വിരമിക്കും വരെയും കാമ്പസിലെ സൗഹൃദാന്തരീക്ഷം തുടരാൻ കഴിഞ്ഞതും ഗുരുത്വ മഹിമ കൊണ്ടുമാത്രം. അൽ ഫറൂഖിയ സ്കൂളിലെ അധ്യാപകരായിരുന്ന പരമേശ്വര മേനോൻ, ശ്രീധരൻ നായർ, യുസി കോളജിലെ ഇംഗ്ലീഷ് പ്രൊഫസർ വദരാജ അയ്യങ്കാർ, മഹാരാജാസിലെ കെ സി പൈലി, ക്ലീറ്റസ്, ആന്റണി ജോസഫ്, കരുണാകര മേനോൻ, പി എസ് വേലായുധൻ തുടങ്ങിയവർ മനസിൽ മായാതെ നിൽക്കുന്നവരാണ്.
ഹൈസ്കൂൾ കഴിഞ്ഞ് കോളജിൽ ചേർന്ന കാലത്ത് സ്കൂളധ്യാപകൻ ആകണമെന്ന ചെറിയ മോഹം മാത്രമായിരുന്നു മനസിൽ. പിന്നീട് കോളജ് അധ്യാപനാകണമെന്ന ആഗ്രഹമുദിച്ചു. പരമാവധി അതായാൽ മതിയെന്നും നിശ്ചയിച്ചുറപ്പിച്ചു. പക്ഷേ കാലം അതിനപ്പുറം പലതും എനിക്കുവേണ്ടി കാത്തുവച്ചു. തലശേരി ബ്രണ്ണനും മഹാരാജാസിനും പുറമേ ആറ്റിങ്ങൽ, നാട്ടകം, തൃശൂർ, പട്ടാമ്പി, തിരുവനന്തപുരം ആർട്സ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലും സേവനുമനുഷ്ഠിച്ചു. ആറു വർഷം പ്രിൻസിപ്പാളുമായി. സെനറ്റംഗം, സിൻഡിക്കേറ്റംഗം, ഉന്നത വിദ്യാഭ്യാസ കൗൺസിലംഗം എന്നീ പദവികൾ വഹിക്കാനും അവസരം ലഭിച്ചു. ഭാര്യ ഭവാനി സെൻട്രൽ സ്കൂൾ അധ്യാപികയായിരുന്നു. മകൻ രഘുനാഥും മരുമകൾ ലക്ഷ്മിയും പേരക്കുട്ടികളും ദുബായിലാണ്. പരിസ്ഥിതി സംഘടനകളുമായി ചേർന്നുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ കൂടുതൽ സജീവം. ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്യാമ്പയിനുകളിലും. അതിരുവിട്ടൊന്നും ആഗ്രഹിക്കാതെയുള്ള ജീവിതയാത്രയിൽ വന്നണഞ്ഞതൊക്കെയും നല്ലതിനെന്ന ധന്യസ്മരണ മാത്രമാണെന്നും.
തയ്യാറാക്കിയത്: ജി ബാബുരാജ്
ചിത്രങ്ങൾ: വി എൻ കൃഷ്ണപ്രകാശ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.