22 December 2024, Sunday
KSFE Galaxy Chits Banner 2

കൂട്ടായ പോരാട്ടത്തിന്റെ വിജയം

സത്യൻ മൊകേരി
November 20, 2021 5:40 am

ര്‍ഷക ദ്രോഹകരമായ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇത് വ്യക്തമാക്കിയത്. കര്‍ഷകരോട് ക്ഷമ ചോദിക്കുന്നതിനും പ്രധാനമന്ത്രി മടികാണിച്ചില്ല. കര്‍ഷകരുടെ അവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കി കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യന്‍ കാര്‍ഷിക മേഖല കെെമാറുന്നതിനായിരുന്നു ധൃതിപിടിച്ച് പാര്‍ലമെന്റ് ഈ നിയമങ്ങള്‍ പാസാക്കിയത്.  കോണ്‍ട്രാക്ട് ഫാമിങ്ങിനായി കര്‍ഷകരെ നിര്‍ബന്ധിക്കുന്നതാണ് ഒരു നിയമം. പ്രസ്തുത നിയമം നടപ്പിലാക്കുന്നതിലൂടെ തങ്ങളുടെ കെെവശമുള്ള കൃഷിഭൂമി കോര്‍പറേറ്റുകള്‍ കയ്യടക്കുമെന്ന് കര്‍ഷകര്‍ക്ക് തിരിച്ചറിവ് ഉണ്ടായി. കോര്‍പറേറ്റ് കമ്പനികളുടെ ഏജന്റുമാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയാണ് കരാര്‍ ഉണ്ടാക്കുന്നത്. കര്‍ഷകര്‍ക്ക് കരാര്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍, അവന്റെ പേരില്‍ കമ്പനിക്ക് അവരുടെ പ്രതിനിധി മുഖാന്തിരം സിവില്‍ കേസ് ഫയല്‍ ചെയ്യാം. കര്‍ഷകന് സിവില്‍ കോടതിയെ സമീപിക്കാന്‍ അവകാശം നിഷേധിക്കുന്നു. കമ്പനികള്‍ നല്കുന്ന വിത്തും വളവും മാത്രമെ ഉപയോഗിക്കാവൂ. അതിന് നിശ്ചയിക്കുന്ന വിലയും കര്‍ഷകര്‍ നല്കണം. എന്ത് കൃഷി ചെയ്യണമെന്നതും കമ്പനികള്‍ തന്നെ നിശ്ചയിക്കുന്നു. ലോകവിപണിയെ ലക്ഷ്യമിട്ട വിളകളാണ് അവരുടെ ലക്ഷ്യം. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതോടെ തങ്ങളുടെ കൃഷിഭൂമി കമ്പനികള്‍ കെെവശപ്പെടുത്തുമെന്നതിന് കര്‍ഷകര്‍ക്ക് സംശയം ഇല്ലായിരുന്നു.

നിലവിലുള്ള കാര്‍ഷിക വിപണികള്‍ ഇല്ലാതാക്കി (മണ്ടികള്‍) കാര്‍ഷിക വിപണി സ്വതന്ത്രമാക്കുമെന്ന് അവകാശപ്പെട്ടുള്ളതാണ് മറ്റൊരു നിയമം. ഈ നിയമത്തിലൂടെ നിയമാനുസൃതമായ മണ്ടികള്‍ ഇല്ലാതാക്കുന്നു. മണ്ടികള്‍ ഗവണ്‍മെന്റ് നിശ്ചയിച്ച മിനിമം വില നല്കിയാണ് ഉല്പന്നങ്ങള്‍ സംഭരിക്കുന്നത്. കര്‍ഷകര്‍ക്ക് ഇത് ആശ്വാസകരമായിരുന്നു. അതെല്ലാം ഇല്ലാതാക്കി കാര്‍ഷിക വിപണികളെ കോര്‍പറേറ്റുകളുടെ കയ്യിലേക്ക് എടുത്തെറിയുകയാണ് നിയമത്തിലൂടെ ചെയ്തത്. മണ്ടികളെ ഇല്ലാതാക്കി കോര്‍പറേറ്റ് കമ്പോളം വരുന്നതോടെ എല്ലാ നിയന്ത്രണങ്ങളും കമ്പനികളുടെ കയ്യിലാകും. കൃഷിക്കാര്‍ക്ക് കോര്‍പറേറ്റ് കമ്പനികളെ ആശ്രയിച്ചു മാത്രമെ തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയൂ. കര്‍ഷകരുടെ നടുവൊടിക്കുന്ന നിയമമാണിത്. അവശ്യസാധന നിയമഭേദഗതിയിലൂടെ ഉല്പന്നങ്ങള്‍ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി. എത്രയും സംഭരിച്ചുവയ്ക്കാം ഇതിലൂടെ രാജ്യത്ത് പൂഴ്ത്തിവയ്പും തുടര്‍ന്ന് വിലക്കയറ്റവുമാണ് ഉണ്ടാകുക. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ആദായകരമായ വില നിശ്ചയിച്ചു സംഭരിക്കണമെന്നത് എം എസ് സ്വാമിനാഥന്‍ കമ്മിഷന്റെ ശുപാര്‍ശയാണ്. ഗവണ്‍മെന്റ് ശുപാര്‍ശ അംഗീകരിച്ചതാണ്. അതൊന്നും പരിഗണിക്കാതെ മിനിമം സപ്പോര്‍ട്ട് പ്രെെസ് (എംഎസ്‌പി) തന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്. ഇതിലെല്ലാം കര്‍ഷകര്‍ രോഷകുലരായി.  കാര്‍ഷികമേഖല കോപ്പറേറ്റുകള്‍ക്ക് കെെമാറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിയമങ്ങളെല്ലാം എന്ന തിരിച്ചറിവ് കര്‍ഷകര്‍ക്ക് ഉണ്ടായി. അതുകൊണ്ടാണ് കര്‍ഷകര്‍ ഒരു വര്‍ഗമെന്ന നിലയ്ക്ക് ജീവന്‍മരണ സമരത്തിനായി തെരുവിലിറങ്ങിയത്. തങ്ങളുടെ കൃഷിഭൂമി കെെവശപ്പെടുത്താനുള്ള നീക്കത്തിനെതിരായിട്ടാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയത്. നിരവധി വര്‍ഷക്കാലമായി രാജ്യത്തുടനീളം കര്‍ഷകസമരം ശക്തിപ്പെടുകയാണ്. 1990 മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ പുതിയ സാമ്പത്തികനയം, കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിയമങ്ങളെല്ലാം പാര്‍ലമെന്റ് ധൃതിപിടിച്ച് പാസാക്കിയിട്ടുള്ളത്. കര്‍ഷകര്‍ അത് മനസിലാക്കി പോരാട്ടത്തിനിറങ്ങി.

 


ഇതുംകൂടി വായിക്കാം; കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിന്റെ നാള്‍വഴികളിലൂടെ…


2020 നവംബര്‍ 26ല്‍ ഡല്‍ഹി ചലോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തത്. ലക്ഷക്കണക്കിന് കൃഷിക്കാര്‍ തങ്ങളുടെ വാഹനമായ ട്രാക്ടറുകളില്‍ ഡല്‍ഹിയിലേക്ക് പ്രവഹിക്കുകയായിരുന്നു. ടിക്രി, സിംഘു‍, ഗാസിപുര്‍ എന്നീ മൂന്നു പ്രധാന കേന്ദ്രങ്ങളിലാണ് അനശ്ചിത സത്യഗ്രഹം ആരംഭിച്ചത്.
750ലധികം കര്‍ഷകര്‍ ഇതിനകം സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞു. പൊലീസിന്റെ വെടിയേറ്റും ബിജെപി ഗുണ്ടകള്‍ ട്രക്കുകള്‍ കയറ്റിയും കര്‍ഷകരെ വധിച്ചു. ഇതിനെല്ലാം എതിരായി വലിയ പ്രതിഷേധം രാജ്യത്തുടനീളം വളര്‍ന്നുവന്നു. 2021 നവംബര്‍ 26ന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. അന്നേദിവസം ലക്ഷക്കണക്കായ കര്‍ഷകര്‍ കുടുംബസമേതം രാജ്യത്തുടനീളം തെരുവിലിറങ്ങുമെന്ന് സംയുക്ത കിസാന്‍മോര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയിലാണ് നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  രാജ്യത്ത് വളര്‍ന്നുവന്ന കര്‍ഷകസമരത്തിന് ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നും വന്‍തോതില്‍ പിന്തുണ ലഭിച്ചു. ഇന്ത്യന്‍ എംബസികള്‍ക്കു മുന്നില്‍ പ്രകടനങ്ങള്‍ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗത്ഭരായ വ്യക്തികളും നേതാക്കളും കര്‍ഷകസമരത്തില്‍ പിന്തുണ പ്രഖ്യാപിച്ചു പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. സമരത്തിന് ജനപിന്തുണ വര്‍ധിക്കുന്തോറും അടിച്ചമര്‍ത്താനുള്ള നടപടികളാണ് കേന്ദ്രഗവണ്മെന്റും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഗവണ്മെന്റുകളും സ്വീകരിച്ചിരുന്നത്.

സമരം ചെയ്യുന്ന കര്‍ഷകരെ രാജ്യദ്രോഹികളായി ഗവണ്മെന്റ് പ്രഖ്യാപിച്ചു. ഖാലിസ്ഥാന്‍ ഭീകരവാദികളായും ഇന്ത്യയുടെ ശത്രുരാജ്യങ്ങളില്‍ നിന്നും കര്‍ഷകസംഘടനകള്‍ സാമ്പത്തികസഹായം സ്വീകരിക്കുന്നതായും ഗവണ്‍മെന്റ് പ്രചരിപ്പിച്ചു. കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന അച്ചടി, ദൃശ്യ, സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ പ്രചരണങ്ങള്‍ എല്ലാം നടത്തിയത്. അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടാണ് കര്‍ഷകസമരം ശക്തിപ്പെട്ടത്. അവരുടെ ശക്തി കര്‍ഷകഐക്യമായിരുന്നു. തൊഴിലാളി കര്‍ഷക ഐക്യം അവര്‍ക്ക് കൂടുതല്‍ കരുത്തുനല്കി.  2021ലെ റിപ്പബ്ലിക് ദിനത്തില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ ട്രാക്ടറില്‍ റിപ്പബ്ലിക് ദിന പരേഡ് നടത്തിയത് ലോകം ശ്രദ്ധിച്ചതാണ്. പൊലീസിന്റെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും ട്രാക്ടര്‍ ഓടിച്ച് ദേശീയപതാക ഉര്‍ത്തി റിപ്പബ്ലിക്ദിന പരേഡ് നടത്തുക എന്നും സംയുക്ത കര്‍ഷക മോര്‍ച്ച വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവര്‍ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ ചെങ്കോട്ടയില്‍ അതിക്രമിച്ച് കടന്ന് മതചിഹ്നമായ സിക്ക് പതാക ഉയര്‍ത്തി. ഖാലിസ്ഥാന്‍ അനുകൂലികളാണ്, പതാക ഉയര്‍ത്തിയത് എന്ന പ്രചരണം രാജ്യത്തുടനീളം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞില്ല. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തന്നെ, അതിനു പിന്നിലെ ഗൂഢാലോചന പുറത്തുവന്നു. ജനങ്ങള്‍ക്ക് സത്യം ബോധ്യമായി. കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം തുടങ്ങി. ബിജെപി ഭരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സമരക്കാര്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തി നിരവധിപേരെ ജയിലിലടച്ചു മര്‍ദ്ദനത്തിനിരയാക്കി.

 


ഇതുംകൂടി വായിക്കാം; വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ; മുഖ്യമന്ത്രി


യുപിയിലെ ലഖിംപുര്‍ ഖേരിയിലും ഹരിയാനയിലും വിവിധ സംസ്ഥാനങ്ങളിലും സമരക്കാര്‍ക്കെതിരായ അഴിഞ്ഞാട്ടമാണ് നടത്തിയത്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഒരു വര്‍ഷത്തോളമായി നടക്കുന്ന ഐതിഹാസിക കര്‍ഷകസമരം മുന്നോട്ടുപോയത്.  കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളിവര്‍ഗം രംഗത്തുവന്നു. വിവിധ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളും കേന്ദ്ര‑സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരും യുവാക്കളും വിദ്യാര്‍ത്ഥികളും പത്രപ്രവര്‍ത്തകര്‍, വിവരാവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, വിരമിച്ച ന്യായാധിപന്മാര്‍, പൊലീസ് ഓഫീസര്‍മാര്‍, സെെന്യത്തലവന്‍മാര്‍ തുടങ്ങി നിരവധി മേഖലയില്‍ ഉള്ളവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തിറങ്ങി. ഗവണ്മെന്റിന്റെ ജനപിന്തുണ അനുദിനം കുറഞ്ഞു.  കര്‍ഷകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം രാഷ്ട്രീയ പ്രശ്നമായി രാജ്യത്ത് ഉയര്‍ന്നുവന്നു. എല്ലാ വിഭാഗം ജനങ്ങളും കര്‍ഷകരുടെ സമരത്തിന് പിന്തുണ നല്കി. തൊഴിലാളി കര്‍ഷക ഐക്യം രാജ്യത്തുടനീളം ശക്തിപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ പരാജയം ഉണ്ടായി. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവര്‍ക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലുകളാണ് രാഷ്ട്രീയ നിരീക്ഷകരും വിവിധ പത്രങ്ങളും നടത്തിയത്. കര്‍ഷകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം നേടിയെടുക്കാന്‍ രാഷ്ട്രീയമാനം ആവശ്യമാണെന്ന ചിന്താഗതി കര്‍ഷകരില്‍ ശക്തിപ്പെടാന്‍ തുടങ്ങി. ബിജെപി ഗവണ്മെന്റ് മൂര്‍ദ്ദാബാദ്, നരേന്ദ്രമോഡി മൂര്‍ദ്ദാബാദ് എന്ന മുദ്രാവാക്യം കര്‍ഷകസമരങ്ങളില്‍ എല്ലാ കേന്ദ്രങ്ങളിലും ഉയര്‍ന്നുതുടങ്ങി.

2021 നവംബര്‍ 17ന് കിസാന്‍ സഭയുടെ കേരളത്തിലെ നേതാക്കള്‍ പ്രധാനസമര കേന്ദ്രമായ ടിക്രിയില്‍ സന്ദര്‍ശനം നടത്തി. സമരക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. അവിടെ ഉയര്‍ന്ന മുദ്രാവാക്യം നരേന്ദ്രമോഡി മൂര്‍ദ്ദാബാദ്, ബിജെപി മൂര്‍ദ്ദാബാദ് എന്നാണ്. ബിജെപി ഗവണ്മെന്റിനെതിരായ ശക്തമായ വികാരമാണ് കര്‍ഷകര്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ സംസ്ഥാന‑ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത കര്‍ഷകരാണ് നരേന്ദ്രമോഡി മൂര്‍ദ്ദാബാദ് എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നത്. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് നരേന്ദ്രമോഡി കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടുകുത്തിയത്. പാര്‍ലമെന്റ് ബില്ല് പാസാക്കുകയും പ്രസിഡന്റ് ഒപ്പുവയ്ക്കുകയും ചെയ്തതോടെ ബില്ലുകള്‍ നിയമമായി. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം നടപ്പില്‍ വരുത്തുന്നതില്‍ വ്യക്തത വേണം. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഒരിടത്തും കുറഞ്ഞ താങ്ങുവിലയെ പറ്റി പറയുന്നില്ല. കര്‍ഷകരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നാണ് കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മിനിമം വില ലഭിക്കുക എന്നത്.  ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും കൂട്ടായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ഷകസമരത്തിന് മുമ്പില്‍ മുട്ടുമടക്കി. രാജ്യത്തിന് അന്നം നല്കുന്ന കര്‍ഷകരെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല. കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകേണ്ട കാലഘട്ടമാണിത്. കര്‍ഷകഐക്യം‍ കൂടുതല്‍ ശക്തിപ്പെടേണ്ടതും തൊഴിലാളി-കര്‍ഷക ഐക്യം വിവിധ ജനവിഭാഗങ്ങളുടെ ഐക്യവും ഉയര്‍ത്തിപ്പിടിക്കണം. അതിലൂടെ മാത്രമെ ജനവിരുദ്ധരായ ബിജെപി ഗവണ്മെന്റിനെ പരാജയപ്പെടുത്താന്‍ കഴിയൂ. അതാണ് കര്‍ഷകസമരം ചൂണ്ടിക്കാണിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.