22 November 2024, Friday
KSFE Galaxy Chits Banner 2

വനസംരക്ഷണ നിയമഭേദഗതി: ആശങ്കയകറ്റാൻ ചട്ടങ്ങൾ വേണം

സജി ജോണ്‍
October 30, 2021 5:55 am

1980ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദ്ദേശങ്ങൾ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയം പുറത്തിറക്കിയതോടെ, വനം-പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച കേന്ദ്ര സർക്കാർ നയങ്ങൾ രാജ്യമെങ്ങും വീണ്ടും ചർച്ചചെയ്യപ്പെടുകയാണ്. 1996 വരെയുള്ള കാലയളവിൽ പ്രത്യേക പട്ടികയിൽ ഉൾപ്പെട്ടിരുന്ന വനഭൂമി അതേപടി നിലനിർത്തുന്നതിനും വനഭൂമി കയ്യേറുന്നവർക്കെതിരെ കർക്കശമായ നിയമനടപടികൾ കൈക്കൊള്ളുന്നതിനും ഒപ്പം വികസന പദ്ധതികൾക്കുള്ള തടസം നീക്കുംവിധം വനഭൂമിയുടെ നിർവചനത്തിൽ മാറ്റം വരുത്തുന്നതിനുമാണ് ഭേദഗതി ലക്ഷ്യമിടുന്നത്. കരട് നിർദ്ദേശങ്ങളിൽ നവംബർ മാസം ഒന്നിനു മുമ്പായി അഭിപ്രായം അറിയിക്കുവാൻ സംസ്ഥാന സർക്കാരുകളോടും മറ്റു ബന്ധപ്പെട്ടവരോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ഉയർന്നു വരുന്ന നിർദ്ദേശങ്ങൾകൂടി പരിഗണിച്ചു്, ഭേദഗതിബിൽ താമസിയാതെ പാർലമെന്റിൽ അവതരിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ധൃതിപിടിച്ചുള്ള നീക്കം ഏവരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്.

പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ലോകം മുഴുവൻ അവബോധം ഉയർന്നുവന്ന കാലഘട്ടത്തിലാണ് ഇന്ത്യയിൽ വനസംരക്ഷണ നിയമം രൂപപ്പെട്ടത്. സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ചു കൈകാര്യംചെയ്യാനുള്ളതല്ല രാജ്യത്തിന്റെ വനഭൂമിയും പ്രകൃതി വിഭവങ്ങളുമെന്ന തിരിച്ചറിവിൽ നിന്നായിരുന്നു തുടക്കം. വന സംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതോടെ, പല സംസ്ഥാനങ്ങളിലും നടന്നു വന്നിരുന്ന അനിയന്ത്രിതമായ വനനശീകരണത്തിനു വലിയതോതിൽ തടയിടാനായി. 1927ലെ വനനിയമത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള റിസർവ് വനങ്ങളും നാഷണൽ പാർക്കുകളും മാത്രമാണ് വനമേഖലയായി അന്നുവരെ കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ ഉടമസ്ഥാവകാശം, ക്ലാസിഫിക്കേഷൻ തുടങ്ങി യാതൊരു നിബന്ധനകളും പരിഗണിക്കാതെ, ഏതെങ്കിലും സർക്കാർ രേഖകളിൽ വനമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂപ്രദേശങ്ങളെല്ലാം വനമായിത്തന്നെ കണക്കിലെടുക്കണമെന്നു സുപ്രീം കോടതി പിന്നീട് നിർദ്ദേശിച്ചു.

 

വനഭൂമി ഏറ്റെടുക്കണമെങ്കിൽ, പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെയുള്ള മറ്റു കടമ്പകളും ഇന്ന് നിലവിലുണ്ട്. ഇതിനു പുറമെയാണ്, വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ അവകാശം ഉറപ്പിക്കുന്ന 2006ലെ വനാവകാശ നിയമം.
സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച എക്സ്പെർട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്ത എല്ലാ ഭൂപ്രദേശങ്ങളും വനം എന്ന പദത്തിന്റെ സാമാന്യ നിർവചനത്തിൽപ്പെടുന്ന എല്ലാ മേഖലകളും വനസംരക്ഷണത്തിന്റെ കവചിത വലയത്തിൽ ഉൾപ്പെടുത്തിയതുമൂലം ഉണ്ടായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ പക്ഷം. വനമായി നിർവചിക്കപ്പെട്ടിട്ടുള്ള സ്വകാര്യ ഭൂമിയിൽ വനേതര പ്രവർത്തങ്ങൾക്ക് നിയമം തടസമാണെന്നും അത്തരം പ്രവർത്തനങ്ങൾക്ക് അനുമതി കൊടുത്താൽത്തന്നെ, ഭൂഉടമകൾക്ക് വലിയ തുക നഷ്ടപരിഹാരമായി നല്കേണ്ടിവരുന്നുവെന്നും ഇതൊഴിവാക്കപ്പെടേണ്ടതാണെന്നുമാണ് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നത്. ഒപ്പം, സ്വകാര്യ വനഭൂമിയിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനും 250 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള ഭവനങ്ങൾ നിർമ്മിക്കുന്നതിനും ഒറ്റത്തവണ വ്യവസ്ഥയിൽ അനുമതിയും നല്കും. ഭേദഗതി നിർദ്ദേശങ്ങൾ പ്രകാരം, 1996 വരെയുള്ള കാലയളവിൽ കല്പിതവനങ്ങളായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഭൂമേഖലകളെല്ലാം അപ്രകാരം തന്നെ തുടരും. എന്നാൽ, റയിൽവേയും ഉപരിതല ഗതാഗതവകുപ്പും 1980ന് മുൻപ് വാങ്ങുകയും പിന്നീട് കാടുകയറുകയും ചെയ്ത പ്രദേശങ്ങൾ വനഭൂമിയായി പരിഗണിക്കപ്പെടുന്നത്, റയിൽ‑റോഡ് വികസനത്തിന് തടസങ്ങൾ സൃഷ്ടിക്കുന്നു. ഇതു പരിഹരിക്കുവാൻ, 25.10.1980നു മുമ്പ് ഈവകുപ്പുകൾ ഏറ്റെടുത്തിട്ടുള്ള പ്രദേശങ്ങളെ വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽനിന്നും ഒഴിവാക്കുവാനാണ് നിർദ്ദേശം. ഭേദഗതി നിലവിൽ വന്നാൽ, ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കു പ്രത്യേക അനുമതിയോ നഷ്ടപരിഹാര ബാധ്യതയോ ഇല്ലാതെ തങ്ങളുടെ പ്രോജക്ടുകളുമായി മുന്നോട്ടു പോകാം. വനസംരക്ഷണ നിയമത്തിലെ നിലവിലെ ചട്ടങ്ങൾ പ്രകാരം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിർത്തിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനപദ്ധതികളും വൈകാനിടവരുന്നുണ്ട്.

വന സംരക്ഷണത്തിനായി നിലവിലെ ചട്ടങ്ങളെ കൂടുതൽ ശാക്തീകരിക്കുന്ന ഭേദഗതി നിർദ്ദേശം ഉണ്ടായിട്ടുള്ളത്, മനുഷ്യസ്പർശമില്ലാത്ത വനമേഖലകൾ (കന്യാവനങ്ങൾ) അടക്കമുള്ള സംരക്ഷിത പ്രദേശങ്ങളെ സംബന്ധിച്ചുള്ളതാണ്. വനസംരക്ഷണനിയമം ലംഘിക്കുന്നവർക്ക് നിലവിൽ ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ചട്ട ലംഘനങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. അതിനാൽ ശിക്ഷാവ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കുമെന്നും ഭേദഗതിരേഖ പറയുന്നു. ചട്ടലംഘകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നതിനും ശിക്ഷ ഒരു വര്‍ഷം വരെ നീളുന്ന ജയിൽവാസമായി ഉയർത്തുന്നതിനുമാണ് നിർദ്ദേശം. ഇതിനുപുറമെ, വനമേഖല പൂർവസ്ഥിതിയിൽ എത്തിക്കുവാൻ വേണ്ട നഷ്ടപരിഹാരം നല്കുകയും വേണം. നിയമലംഘനം നടത്തുന്നത് സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ആയാലും അവർ കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ കോമ്പൻസേറ്ററി എഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മന്റ് ആന്റ് പ്ലാനിങ് അതോറിറ്റിക്ക് നഷ്ടപരിഹാരം നല്കണം.
വനസംരക്ഷണ നിയമത്തിലെ നിർദിഷ്ട ഭേദഗതികൾക്കെതിരെ, വലിയ പ്രതിഷേധമാണ് പരിസ്ഥിതി പ്രവർത്തകരിൽ നിന്നും പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും ഉയരുന്നത്. 1996ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വനസംരക്ഷണ നിയമത്തിനു കൈവന്നിട്ടുള്ള വിശാലമായ പരിപ്രേഷ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് ആക്ഷേപം.

2006ലെ വനാവകാശ നിയമത്തിനു നേരെ പൂർണമായും കണ്ണടച്ചുകൊണ്ടാണ് വനസംരക്ഷണ നിയമത്തിലെ ഭേദഗതി നിർദ്ദേശങ്ങളെന്നാണ് ഏറ്റവും ശക്തമായ ആക്ഷേപം. വനഭൂമി ഏറ്റെടുക്കുന്നതിനു വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ സമ്മതം വേണമെന്ന് വ്യവസ്ഥ ചെയ്യുന്ന വനാവകാശ നിയമം, ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച കരുതലായാണ് വിവക്ഷിക്കപ്പെട്ടിരുന്നത്. 2006ലെ വനാവകാശ നിയമത്തിലെ സെക്ഷൻ 3(1)(i), സെക്ഷൻ അഞ്ച് എന്നിവ പ്രകാരം, വനത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മറ്റാവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത് അവിടത്തെ ഗ്രാമസഭകളാണ്. ആദിവാസി ജനവിഭാഗത്തിന്റെ പ്രത്യേകാവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടാത്തപക്ഷം തങ്ങളുടെ വാസസ്ഥലം പരിരക്ഷിക്കുന്നതിനും തങ്ങൾക്ക് അവകാശപ്പെട്ട വനവിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും മുതിരുന്ന ആദിവാസിസമൂഹം നിയമലംഘകരായി മുദ്രകുത്തപ്പെടുമെന്നാണ് സംശയം. കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ, പാട്ടക്കരാറിലൂടെയോ അല്ലാതെയോ സ്വകാര്യ വ്യക്തികൾക്കോ ഏജൻസികൾക്കോ കോർപറേറ്റ് സ്ഥാപനങ്ങൾക്കോ വനഭൂമി കൈമാറ്റം ചെയ്യുന്നതു തടയുന്നതിനുള്ള പ്രത്യേക നിബന്ധന ഏകീകരിച്ച് പൊതു നിബന്ധനയുടെ ഭാഗമാക്കിയതും സംശയത്തിന് ഇടം നല്കുന്നു.

കേരളത്തിന് പുറകെ, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി ഏതാണ്ട് 1,600 കിലോമീറ്റർ നീളത്തിൽ 1,60,000 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന നമ്മുടെ പശ്ചിമഘട്ടനിരകളിലെ മരങ്ങൾ വലിയതോതിൽ കൊള്ളയടിക്കപ്പെടാൻ പുതിയ ഭേദഗതികൾ ഇടയാക്കുമോ എന്ന ആശങ്കയും ഉണ്ട്. കാവേരി, കൃഷ്ണ, തുങ്കഭദ്ര തുടങ്ങിയ നദികളുടെ വൃഷ്ടിപ്രദേശമായ പശ്ചിമഘട്ട പൈതൃക മലനിരകളിലെ അധിനിവേശം ഈ ഭൂമേഖലയെ തന്നെ ഇല്ലാതാക്കും. പ്രാദേശിക സവിശേഷതകൾ നിറഞ്ഞ നിരവധി ആവാസ വ്യവസ്ഥകളുടെ സമുച്ചയമായ നമ്മുടെ രാജ്യത്തെ വനങ്ങളെ, ഏതെങ്കിലും ഒരു കേന്ദ്രീകൃത നിയമം കൊണ്ട് പരിപാലിക്കുവാൻ കഴിയുമെന്ന വിശ്വാസം തന്നെ മിഥ്യയാണ്. വികേന്ദ്രീകൃതമായ വനപരിപാലനമാണ് ശാസ്ത്രീയ മാർഗം, വനമേഖലയിൽ വസിക്കുന്ന വനവിഭവങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പ്രാദേശിക ജനസമൂഹത്തിന്റെ താല്പര്യങ്ങൾ കണക്കിലെടുക്കാത്ത ഒരു നിയമവും പ്രായോഗികമല്ല. വനവിസ്തൃതി കുറയുന്നതിനു കാരണമാകുന്ന ഏതു നീക്കവും ആശങ്കയ്ക്ക് വക നല്കുന്നതാണ്. നിലവിലെ വനവിസ്തൃതിപോലും ഗണ്യമായി കുറയുന്നതിന് വഴിതെളിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി പകരം സ്വകാര്യഭൂമികളിലെ മരം നടീൽ പ്രോത്സാഹിപ്പിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുമെന്നുള്ള കാഴ്ചപ്പാട് ആരും മുഖവിലക്കുതന്നെ എടുക്കുന്നില്ല. പരിസ്ഥിതി സ്നേഹികളും പൊതുതാല്പര്യം ഉയർത്തിപിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും പങ്കുവയ്ക്കുന്ന ഇത്തരം ആശങ്കകൾ പൂർണമായും അകറ്റി വനസംരക്ഷണത്തിനും വനമേഖലയിൽ വസിക്കുന്ന ട്രൈബൽ ജനസമൂഹത്തിന്റെ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഊന്നൽ നല്കുന്ന ചട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഭേദഗതികളാവും രാജ്യതാല്പര്യത്തിന് അഭികാമ്യം.

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.