23 December 2024, Monday
KSFE Galaxy Chits Banner 2

സംഘപരിവാര്‍ മുട്ടാളത്തമായി മാറുന്ന ഗവര്‍ണര്‍ പദവി

രാജാജി മാത്യു തോമസ്
February 20, 2022 7:00 am

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനും എന്തിന് പ്രതിപക്ഷത്തിനുപോലും നേരെ സംഘപരിവാര്‍ മുട്ടാളത്തം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്യത്തിന്റെ ഫെഡറല്‍ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്. ഭരണഘടനയൊ കീഴ്‌വഴക്കങ്ങളൊ ഗവര്‍ണര്‍ പദവിക്ക് അനുവദിച്ചു നല്കിയിട്ടില്ലാത്ത അധികാരങ്ങള്‍ തനിക്ക് ഉണ്ടെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കാനും ഭരണനിര്‍വഹണത്തില്‍ കെെകടത്താനും നിയന്ത്രിക്കാനുമാണ് ഗവര്‍ണര്‍ മുതിരുന്നത്. അത് അനിയന്ത്രിതമായി തുടരാന്‍ അനുവദിക്കുന്നത് സംസ്ഥാനവും ഗവര്‍ണറും അതുവഴി സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്കും ഭരണഘടനാ പ്രതിസന്ധിയിലേക്കും ആയിരിക്കും നയിക്കുക. അത്തരം ഒരു പ്രതിസന്ധി തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഇന്നലെ ഭംഗ്യന്തരേണ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞുവയ്ക്കുകയും ചെയ്തു.

‘സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ ഇരുപതൊ അതിലധികമൊ വ്യക്തിഗത ജീവനക്കാരെ നിയമിക്കുന്നു. അവരെ രണ്ടര വര്‍ഷം കൂടുമ്പോള്‍ മാറ്റി നിയമിക്കുന്നു. അതുവഴി പാര്‍ട്ടി പ്രവര്‍ത്തകരെ വളര്‍ത്തുകയും സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.’ ഇന്നലെ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച മുഖ്യ ആരോപണമാണ് ഇത്. ഗവര്‍ണറെപ്പോലെ തികച്ചും ആലങ്കാരികമായ പദവി വഹിക്കുന്ന ഒരാള്‍ നടത്തുന്ന വിലകുറഞ്ഞ ആരോപണം. ഒരു പ്രഖ്യാപിത നയപരിപാടിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിന് ആ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ഭരണനിര്‍വഹണത്തിന് അനിവാര്യമെന്ന് ഉത്തമബോധ്യമുള്ള അടിസ്ഥാന സൗകര്യങ്ങളും അവശ്യം ആവശ്യമായ മനുഷ്യ വിഭവശേഷിയും കൂടിയേ തീരൂ. അക്കാര്യം നിര്‍ണയിക്കുന്നതിനൊ അതില്‍ ഇടപെടുന്നതിനൊ ഭരണഘടനാപരമായൊ കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തിലൊ യാതൊരു അനുജ്ഞയും ഗവര്‍ണര്‍ പദവിക്കില്ല. പൂച്ചക്ക് പൊന്നുരുക്കുന്നിടത്തല്ല മീന്‍ വെട്ടുന്നിടത്താണ് സ്ഥാനം എന്ന് ഖാന്‍ തിരിച്ചറിയണം.

ഭരണനിര്‍വഹണം മുതല്‍ മനുഷ്യവികാസ സൂചിക വരെ ഒട്ടുമിക്ക രംഗത്തും ദേശീയതലത്തില്‍ മുന്‍നിരയിലും ആഗോളനിലവാരത്തിന് ഒപ്പവും എത്തിപ്പെടാന്‍ കേരളത്തിനു കഴിയുന്നത് ഇവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ ജനകീയ പങ്കാളിത്തംകൊണ്ടാണ്. അത് നിലനിര്‍ത്തുന്നതിലും വിപുലീകരിക്കുന്നതിലും മന്ത്രിമാരും അവരുടെ ഓഫീസുകളും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടത്തിന്റെ നയപരിപാടികള്‍ നിര്‍ണയിക്കുന്നത് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ഭരണത്തില്‍ ഫലപ്രദമായി പ്രതിഫലിക്കണമെങ്കില്‍ ഉയര്‍ന്ന രാഷ്ട്രീയബോധവും പ്രതിബദ്ധതയുമുള്ള ജീവനക്കാരുടെ സേവനം മന്ത്രിമാര്‍ക്ക് അഹോരാത്രം കൂടിയേതീരൂ. തികഞ്ഞ അവസരവാദവും സൗകര്യാധിഷ്ഠിത ഭൗതികവാദവും അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാന്‍ മടിയില്ലാത്ത കാപട്യവുമാണ് ആരിഫ് മുഹമ്മദ് ഖാനെ കേരള രാജ്ഭവനില്‍ എത്തിച്ചത്. അതുകൊണ്ടുതന്നെ സ്വന്തം നേട്ടങ്ങള്‍ക്ക് അപ്പുറം ജനനന്മയെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തതില്‍ അത്ഭുതം കൊള്ളേണ്ടതില്ല.


ഇതുകൂടി വായിക്കാം;ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്കുനിര്‍ത്തണം


 

കേന്ദ്രമന്ത്രിമാരുടെ വ്യക്തിഗത ജീവനക്കാരുടെ വലിപ്പത്തെക്കുറിച്ചുള്ള ഖാന്റെ താരതമ്യം രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന രാഷ്ട്രീയത്തെ താരതമ്യപ്പെടുത്താന്‍ നടത്തുന്ന പാഴ്‌ശ്രമമാണ്. അഡാനിമാരും അംബാനിമാരും ഉള്‍പ്പെട്ട ചങ്ങാത്ത മുതലാളിത്തത്തിന്റെ മുക്ത്യാര്‍ ഭരണമാണ് മോഡി സര്‍ക്കാരിന്റേത് എന്ന് ആര്‍ക്കാണ് അറിയാത്തത്? തങ്ങളുടെ കാര്യസാധ്യത്തിന് മന്ത്രിമാരൊ കാര്യക്ഷമമായും രാഷ്ട്രീയ അവബോധത്തോടെയും പ്രവര്‍ത്തിക്കുന്ന ജീവനക്കാരൊ ആവശ്യമില്ലെന്ന് കോര്‍പറേറ്റ് മുതലാളിമാര്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഖാന്‍ തന്റെ വിമര്‍ശനം രാജ്‌ഭവന്‍ ചുമരുകള്‍ക്കുള്ളില്‍ ഒതുക്കി വാര്‍ധക്യകാലം ആവോളം ആസ്വദിക്കാന്‍ ശ്രമിക്കുകയായിരിക്കും ഉത്തമം. അതിനുള്ള പണം ജനങ്ങള്‍ നിര്‍ലോഭം നികുതിയിനത്തില്‍ നല്കുന്നുണ്ടെന്നതും ഖാന്‍ വിസ്മരിക്കേണ്ട.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ബാധ്യതയായി മാറുന്ന നേതാക്കള്‍ക്കും അവര്‍ക്ക് യഥാവിധി വിടുപണി ചെയ്യാന്‍ മടിയില്ലാത്ത ഉദ്യോഗസ്ഥപ്രമുഖര്‍ക്കും ഭരണകൂടത്തിന് കാലാകാലങ്ങളില്‍ ഉപകാരസ്മരണ രേഖപ്പെടുത്തേണ്ടവര്‍ക്കും താവളമായി മാറുകയാണ് രാജ്ഭവനുകള്‍. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ പ്രതിപക്ഷ സര്‍ക്കാരുകളെ വെല്ലുവിളിക്കാന്‍ നിയോഗിക്കപ്പെട്ട മുട്ടാളന്മാരാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന രാജ്ഭവനുകളിലെ അന്തേവാസികള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അപഭ്രംശമായ ആയറാം ഗയാറാം പാരമ്പര്യത്തെ ജീവിതാസ്വാദനത്തിനുള്ള ഉപാധിയാക്കി മാറ്റിയ ഖാന്‍,‍ മോഡി ഭരണകൂടത്തിന്റെ മൂര്‍ച്ചയില്ലാത്ത കോടാലിയായാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ വിഭാവനം ചെയ്യുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തിയില്ല ബിജെപി-സംഘപരിവാര്‍ സംസ്ഥാന നേതൃത്വത്തിന് എന്ന തിരിച്ചറിവാണ് ഖാന് കേരള രാജ്ഭവനിലേക്കുള്ള വഴിതുറന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനും ഭരണഘടനാ പ്രതിസന്ധി ഉറപ്പിക്കാനും ബിജെപി നേതൃത്വത്തെക്കാള്‍ മികവ് തനിക്കാണെന്ന് അവിടെയിരുന്നു തെളിയിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.

ഖാന്‍ ഭരണഘടനയേയും ഫെഡറല്‍ രാഷ്ട്രീയ സംവിധാനത്തെയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള മോഡി സര്‍ക്കാരിന്റെ വിധ്വംസക പദ്ധതിയില്‍ ഒരു ഉപകരണം മാത്രമാണ്. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍, മഹാരാഷ്ട്രയിലെ ബി എസ് കോഷിയാരി, തമിഴ്‌നാട്ടിലെ ആര്‍ എന്‍ രവി തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം രാജ്‌ഭവനുകള്‍ ബിജെപിയുടെ അട്ടിമറി രാഷ്ട്രീയത്തിന്റെ പാളയങ്ങളായി മോഡി ഭരണകൂടം മാറ്റിയിരിക്കുന്നു. മോഡി ഭരണകൂടത്തിന്റെ വിധ്വംസക രാഷ്ട്രീയത്തിന്റെ കയ്യാളുകളായി മാറിയ ഗവര്‍ണര്‍മാര്‍ക്ക് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുടെ മേല്‍ യാതൊരു അധികാരവും ഇല്ലെന്ന് 2018ലെ സുപ്രീം കോടതി വിധി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത വിധിയെ മറികടക്കാന്‍ കൊണ്ടുവന്ന നിയമം നരേന്ദ്രമോഡിയുടെ സ്വേച്ഛാധിപത്യ പ്രവണതക്കാണ് അടിവരയിടുന്നത്. ഡല്‍ഹി തലസ്ഥാന മേഖലയില്‍ ബിജെപിയെ തറപറ്റിച്ച് അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ നോക്കുകുത്തിയാക്കാന്‍ മോഡി കരുവാക്കിയത് അന്നത്തെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുങ്ങിനെയാണ്. അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ വിധിയെത്തുടര്‍ന്ന് ലെഫ്റ്റനന്റ് ഗവര്‍ണറെ ഗവണ്‍മെന്റായി നിര്‍വചിച്ചുകൊണ്ട് മോഡി സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണം നടത്തുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രാമാണ്യം അംഗീകരിച്ച പരമോന്നത കോടതി, ‘സന്തുലിതമായ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ എല്ലാ അധികാരങ്ങളും യൂണിയന് കയ്യാളാന്‍ ആവില്ല, യഥാര്‍ത്ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്’ എന്ന് വ്യക്തമാക്കി. ‘ആവശ്യപ്പെട്ടാല്‍ അല്ലാതെയുള്ള ഇടപെടലുകള്‍‍ കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്. കേന്ദ്രത്തിന് സമ്പൂര്‍ണ അധികാരത്തിനൊ അരാജകത്വത്തിനൊ ഭരണഘടന ഇടം നല്കുന്നില്ല’ എന്നു വിധി നിഷ്കര്‍ഷിച്ചു. പരമോന്നത കോടതിയുടെ ആ വിധി അട്ടിമറിച്ചാണ് മോഡി സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിനെ അപ്രസക്തമാക്കി മാറ്റിയത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരും സര്‍ക്കാരുകളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. രാജ്യത്തിന്റെ ഫെഡറല്‍ ജനാധിപത്യ സംവിധാനത്തെയും സംസ്ഥാന സര്‍ക്കാരുകളുടെ സ്വയംഭരണാവകാശത്തെയും ഭരണഘടനയെത്തന്നെയും വെല്ലുവിളിക്കാനും അട്ടിമറിക്കാനുമുള്ള ഉപകരണങ്ങളായി ഗവര്‍ണര്‍ പദവി മാറാന്‍ അനുവദിച്ചുകൂട. ഗവര്‍ണര്‍ പദവി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനുള്ള ആയുധമായി മാറുന്നത് രാജ്യത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാണ്. പ്രശ്നത്തില്‍ കൂട്ടായി നീങ്ങാന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ പരസ്പരം കൂടിയാലോചനകള്‍ക്ക് ഇതിനകം തുടക്കമിട്ടിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷം ഭരിക്കുന്ന മുഖ്യമന്ത്രിമാരുടെ ഒരു യോഗം സമീപഭാവിയില്‍ ഉണ്ടായേക്കുമെന്ന സൂചന പ്രശ്നത്തിന് ദേശീയമാനം നല്കുന്നു. ഗവര്‍ണര്‍ പദവിയും അതിന്റെ അധികാര അവകാശങ്ങള്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകളും അഭിപ്രായഭിന്നതകളും ഭരണഘടന നിര്‍മ്മാണത്തോളം പഴക്കമുള്ളതാണ്. കോളനിവാഴ്ചയുടെ അവശിഷ്ടമായി രാഷ്ട്രീയ അധികാര ശ്രേണി സംബന്ധിച്ച ധാരണയില്‍ സ്ഥാനംപിടിച്ച ഗവര്‍ണര്‍ പദവിക്കെതിരെ ശക്തമായ എതിര്‍പ്പ് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ ഉയര്‍ന്നിരുന്നു. അനാവശ്യമായ അധികാര തര്‍ക്കത്തിലേക്കും ഫെഡറല്‍ ഘടനയെത്തന്നെ വെല്ലുവിളിക്കുന്നതിലേക്കും അത് പില്‍ക്കാലത്ത് വളരുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെയാണ് ഭരണഘടന ഗവര്‍ണര്‍ പദവിക്ക് ആലങ്കാരികതയ്ക്ക് അപ്പുറം പ്രാധാന്യം കല്പിച്ചു നല്കാതിരുന്നത്. ജന്തുജീവി പരിണാമത്തില്‍ ഉപയോഗശൂന്യമായി മാറുന്ന ചില അവയവങ്ങളുടെ പ്രസക്തി മാത്രമെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ളു. അതിനെ ദുരുപയോഗം ചെയ്യാനുള്ള സംഘപരിവാര്‍ സര്‍വാധിപത്യ പ്രവണത നഖശിഖാന്തം എതിര്‍ക്കപ്പെടേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.