22 December 2024, Sunday
KSFE Galaxy Chits Banner 2

മനുഷ്യാവകാശങ്ങളുടെ ഭൂതം, വര്‍ത്തമാനം, ഭാവി

ഡോ. ജിപ്സണ്‍ വി പോള്‍
December 10, 2021 6:00 am

വീണ്ടും ഒരു ഡിസംബര്‍ 10 സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റെെറ്റ്സ്- യുഡിഎച്ച്ആര്‍) വാര്‍ഷികദിനം ലോകമെങ്ങുമുള്ള മനുഷ്യജീവികള്‍ക്ക് തങ്ങളുടെ അന്തസും സ്വത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള അന്തര്‍ദേശീയ അധികാരങ്ങളുടെ/അംഗീകാരങ്ങളുടെ അടിസ്ഥാന പ്രമാണ പ്രഖ്യാപനത്തിന്റെ ഓര്‍മപുതുക്കലും ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവുമായി ഡിസംബര്‍ 10 ആഗോളതലത്തില്‍ മനുഷ്യാവകാശ ദിനമായി ആചരിക്കപ്പെടുന്നു. മനുഷ്യാവകാശം എന്ന പദം ഉപയോഗത്തില്‍ വരുന്നതിനു മുന്‍പുതന്നെ മനുഷ്യന്റെ അവകാശങ്ങള്‍ സ്ഥാപിതമായിരുന്നു. പക്ഷെ വ്യവസ്ഥാപിതമായിരുന്നില്ല. മനുഷ്യന്‍ ആധുനികതയിലേക്ക് എത്തുന്നതിന് മുന്‍പും ഇത്തരം അവകാശങ്ങളും അംഗീകാരങ്ങളും അധികാരങ്ങളും ലോകത്തിലെ വിവിധ സമൂഹങ്ങളിലും ദേശങ്ങളിലും കാലാകാലങ്ങളില്‍ നിലനിന്നിരുന്നു. ഇന്നത്തെ മനുഷ്യാവകാശങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്ക് ഉപരിയായി സമൂഹത്തിന്റെ സംസ്കാരത്തിനും വികാസത്തിനും അനുസരിച്ച് അംഗീകരിക്കപ്പെട്ടിരുന്ന അവകാശങ്ങളെ ബൗദ്ധിക നാമേധയമായി നാം നാച്യുറല്‍ റെെറ്റ്സ് അഥവാ പ്രകൃത്യാനിയമങ്ങള്‍ എന്ന് വിളിച്ചു. മനുഷ്യര്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളുടെ ഫലമായി സൃഷ്ടിച്ചെടുത്തതാണ് മനുഷ്യാവകാശങ്ങള്‍. ഏതൊരു സമൂഹത്തിലും ഏത് കാലഘട്ടത്തിലും അമൂര്‍ത്തമായ അവകാശങ്ങളെ ഒരു ധാര്‍മ്മികകടമ എന്ന നിലയില്‍ അംഗീകരിച്ചിരുന്നു. മനുഷ്യര്‍ കുടുംബജീവിതമോ, സാമൂഹികമോ, ജീവിതമോ ആരംഭിച്ചിട്ടില്ലാത്ത കാലഘട്ടത്തില്‍പോലും വൃദ്ധരെയും ഗര്‍ഭിണികളെയും കുട്ടികളെയും കരുതുന്ന രീതി ഉണ്ടായിരുന്നു. മനുഷ്യന്‍ സാമൂഹികജീവി ആയി മാറിയപ്പോള്‍ അവന്റെ അവകാശങ്ങളും വര്‍ധിച്ചു. പക്ഷെ എല്ലായ്പ്പോഴും മതങ്ങളും അധികാര കേന്ദ്രങ്ങളും മൂലധന ശക്തികളും എല്ലാക്കാലത്തും മനുഷ്യാവകാശങ്ങള്‍ക്ക് എതിരായിരുന്നു. അധികാരവര്‍ഗം അവന്റെ അവകാശങ്ങളെ ഹനിക്കാന്‍ നിരന്തര ശ്രമം നടത്തിക്കൊണ്ടിരുന്നു. തരംകിട്ടുമ്പോഴെല്ലാം അധികാരം മനുഷ്യാവകാശങ്ങളെ ഹനിച്ചിരുന്നു. ഇതു കൂട്ടത്തില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ച വിനാശകരമായ നിഷേധനം നടന്നത് ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ ആയിരുന്നു. ലക്ഷക്കണക്കിന് ജൂതവംശജരെ വംശഹത്യക്ക് വിധേയരാക്കിയ നാസി ക്രൂരത സാര്‍വദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശ നിര്‍മ്മിതി എന്ന ആവശ്യത്തിന് ആക്കവും പിന്തുണയും വര്‍ധിച്ചു. 1945ല്‍ ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തോടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിക്ക് ഒരുത്തരം ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇക്കോണമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എലിനോര്‍ റുസ്‌വെല്‍റ്റ് അധ്യക്ഷയായി രൂപീകരിക്കപ്പെട്ട കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1948 ഡിസംബര്‍ 10ന് യു എന്‍ പൊതുസഭ അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റെെറ്റ്സ് അഥവാ മനുഷ്യാവകാശങ്ങളുടെ സാര്‍വദേശീയ പ്രഖ്യാപനം സാധ്യമായി. അംഗരാജ്യങ്ങളുടെമേല്‍ നിയമപരമായ ബാധ്യതകളൊന്നും ഈ പ്രഖ്യാപനം സാധ്യമാക്കിയില്ലെങ്കിലും ഇതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ഭരണഘടനാ നിര്‍മ്മാണവേളയില്‍ ഭരണഘടനയുടെ ഭാഗമാക്കുകയും പ്രത്യേക നിയമനിര്‍മ്മാണം വഴിയും പ്രഖ്യാപനത്തിലെ പല ആശയങ്ങളും ജനങ്ങള്‍ക്ക് ഉപയുക്തമായി ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം ഭാഗത്ത് മൗലിക അവകാശങ്ങള്‍ ഇത്തരുണത്തില്‍ ഉള്ളതാണ് മൗലിക അവകാശങ്ങള്‍ രാഷ്ട്രീയ‑സിവില്‍ (പൊളിറ്റിക്കല്‍-സിവില്‍) അവകാശങ്ങളെ ഉറപ്പ് നല്കുമ്പോള്‍ യുഡിഎച്ച്ആര്‍ വിവക്ഷിക്കുന്ന ഇക്കണോമിയെ സോഷ്യല്‍, കള്‍ച്ചറല്‍ അവകാശങ്ങള്‍ ഭരണഘടനയുടെ നാലാം ഭാഗത്ത് മാര്‍ഗനിര്‍ദേശക തത്വങ്ങളുടെ (ഡിവിഎസ്‌പി) ഭാഗമായി ഉള്‍പ്പെടുത്തിയെങ്കിലും അതിന് മൗലിക അവകാശങ്ങളെപ്പോലെ നിയമപരിരക്ഷ നല്കാന്‍ തയാറായില്ല. അത് ഇന്നും കേവലം മാര്‍ഗനിര്‍ദേശക തത്വങ്ങളായിത്തന്നെ തുടരുന്നു. ഇതുതന്നെയാണ് ലോകത്തിലെ മിക്കവാറും രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഉറപ്പ് നല്കുന്ന മനുഷ്യാവകാശങ്ങളുടെ ഇന്നത്തെ അവസ്ഥ.


ഇതുകൂടി വായിക്കാം; മനുഷ്യാവകാശങ്ങളെ എത്രനാൾ വിലക്കാനാവും


19, 20 നൂറ്റാണ്ടുകളിലൂടെ നാം ആര്‍ജിച്ചെടുത്ത മനുഷ്യാവകാശങ്ങള്‍ 21-ാം നൂറ്റാണ്ടില്‍ കെെമോശം വരുകയാണ് നവലിബറല്‍ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ കോര്‍പ്പറേറ്റ് താല്പര്യസംരക്ഷണത്തിനും ചൂഷണത്തിനുമായി മനുഷ്യാവകാശങ്ങളെ തിരസ്കരിക്കുകയാണ്. കോവിഡ് മഹാമാരിക്കാലത്ത് മനുഷ്യാവകാശങ്ങള്‍ ലോകവ്യാപകമായി ലംഘിക്കപ്പെടുകയാണ്. സാമ്പത്തിക സമത്വം മറ്റൊരു കാലഘട്ടത്തിലും ഇല്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു. അതിസമ്പന്നര്‍ സമ്പന്നതയുടെ ഉത്തുംഗഗിരികളിലേക്ക് കുതിക്കുമ്പോള്‍ സാമാന്യജനം പട്ടിണിയുടെ ആഴങ്ങളിലേക്ക് പതിക്കുകയാണ്. ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്ന വര്‍ഗത്തിന്റെ കയ്യിലാണ് ലോകസമ്പത്തിന്റെ സിംഹഭാഗവും. ഗ്ലോബല്‍ ഇന്‍ഇക്വാലിറ്റി ലാബ് പ്രസിദ്ധീകരിച്ച ലോക അസമത്വ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നമ്മുടെ രാജ്യം. ഇന്ത്യയിലെ അതിസമ്പന്നരിലെ 10 ശതമാനത്തിന്റെ കെെകളിലാണ് ആ രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 57 ശതമാനം. രാജ്യത്ത് 60 ശതമാനം വരുന്ന ദരിദ്രവര്‍ഗത്തിന്റെ കയ്യില്‍ ഉള്ളതാകട്ടെ 13 ശതമാനം. മനുഷ്യാവകാശങ്ങള്‍ ഒന്നുംതന്നെ ഇത്തരം ഇടങ്ങളില്‍ പ്രാപ്തമല്ല. ഇത്തരം ഉച്ചനീചത്വങ്ങളെ എതിര്‍ക്കാന്‍ കഴിയാത്തവിധം അഭിപ്രായസ്വാതന്ത്ര്യം വിലക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. ജൂലിയന്‍ അസാഞ്ചലസും എഡ്വേര്‍ഡ് സ്നോടസും പൗരത്വം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി കഴിയുന്നു. 2021ലെ സമാധാനത്തിന്റെ നൊബേല്‍ സമ്മാനം നല്കി ലോകം ആദരിക്കപ്പെട്ടവര്‍ സത്യാനന്തരകാലത്ത് സത്യത്തിനൊപ്പം നിന്നതിന് ലഭിച്ച അംഗീകാരമാണ്. യഥാര്‍ത്ഥത്തില്‍ ഈ അവാര്‍ഡ് ലഭിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 19ാം അനുച്ഛേദത്തില്‍ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 19ാം ആര്‍ട്ടിക്കിളിലും ഉള്‍പ്പെട്ടിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം ഇന്ന് ലോകത്ത് ഒരിടത്തും അതിന്റെ അര്‍ത്ഥത്തില്‍ സാധ്യമാകുന്നില്ല. ഇന്ത്യയിലാകട്ടെ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ അര്‍ബന്‍ നക്സലുകളായി മുദ്ര കുത്തി പീഡിപ്പിക്കുന്നു. ഭരണകൂട ഭീകരതകള്‍ക്കു‍ കീഴടങ്ങിയ ഫാദര്‍ സ്റ്റാന്‍സ്വാമിയെപ്പോലുള്ളവര്‍ മനുഷ്യാവകാശ പോരാട്ടങ്ങളിലെ ദിവ്യനക്ഷത്രങ്ങളാണ്. പരമാധികാരം തങ്ങളുടെ അച്ചടക്ക അധികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളുടെ മനസിനെയും ചിന്തകളെയും നിരീക്ഷിക്കുകയാണ് ഭീഷണിപ്പെടുത്തുകയാണ്. എഴുതുമ്പോഴും പറയുമ്പോഴും ചിന്തിക്കുമ്പോഴും നാം മാനസിക അഴിക്കുള്ളിലാണ്. പരമാധികാരം അതിന്റെ അച്ചടക്ക നിയമങ്ങള്‍കൊണ്ട് തീര്‍ത്ത ഉത്തരം സര്‍ പെെലന്‍സസ് നിരീക്ഷണത്തിനുള്ളിലാണ് നാം. മെെക്കല്‍ ഭൂതോയുടെ ‘ഡിസിപ്ലിന്‍ ആന്റ് പണിഷ്: ദി ബെര്‍ത്ത് ഓഫ് ദി പ്രിസണ്‍’ എന്ന തന്റെ പ്രബന്ധത്തില്‍ ഭരണകൂടങ്ങള്‍ എങ്ങനെയാണ് മനുഷ്യമനസുകളില്‍ മതിലുകള്‍ നിര്‍മ്മിക്കുന്നത് എന്ന് അദ്ദേഹം വിവരിക്കുന്നു. അദ്ദേഹം ഇതിനെ ‘പനാപ്റ്റികോണ്‍’ പ്രതിഭാസം എന്നാണ് വിശേഷിപ്പിച്ചിത്. ബ്ലാക്ക് ലിവ്സ് മാറ്റര്‍ ഉയര്‍ത്തിയ ‘നീതിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യം ലോകത്തിലെ ഏറ്റവും ലിബറല്‍ രാജ്യം എന്നറിയപ്പെടുന്ന അമേരിക്കയിലെ വര്‍ണവെറിയെ തുറന്നുകാട്ടുന്നു. ലോകമെങ്ങും വെറുപ്പിന്റെ രാഷ്ട്രീയവും മത-വര്‍ണ വര്‍ഗീയതയും വളര്‍ച്ചയുടെ പാതയിലാണ്. മനുഷ്യാവകാശ സംരക്ഷണത്തിനായി ശേഷിക്കുന്ന സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും അതില്‍ പരിഹരിക്കാന്‍ പ്രയാസപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയാണ്. മനുഷ്യക്കടത്ത്, അഭയാര്‍ത്ഥി-പാരിസ്ഥിതിക പ്രശ്നങ്ങള്‍, തൊഴില്‍ നിയമങ്ങളുടെ ലംഘനം ജെന്റര്‍ ഇന്‍ഇക്വാലിറ്റി, ലെെംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള ആക്രമണങ്ങള്‍, സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വികാസവും മനുഷ്യന്റെ സ്വകാര്യതയെ ഇല്ലാതാക്കുന്ന ദേശീയതയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന ശക്തമായ അന്താരാഷ്ട്ര നടപ്പാക്കല്‍ ഏജന്‍സിയുടെ അഭാവത്തില്‍ ശക്തമായ മനുഷ്യാവകാശ സംരക്ഷണം സാധ്യമല്ല. മനുഷ്യാവകാശമെന്നത് വിശക്കുന്നവന് ആഹാരമാണെങ്കില്‍ അന്യായമായിരുന്നെങ്കില്‍ അടയ്ക്കപ്പെട്ടവന് അത് സ്വാതന്ത്ര്യമാവണം. സമൂഹത്തിന് അത് ശുദ്ധവായുവും തെളിവാര്‍ന്ന കുടിവെള്ളവും ആണെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയെ അത് സാമൂഹിക അംഗീകാരമാകാം. ഇതെല്ലാം പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്. 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം നല്കുന്ന സൂചനകള്‍ മനുഷ്യാവകാശങ്ങള്‍ക്ക് അത്ര ശുഭകരമല്ല. (ലേഖകന്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍‍ട്ട്മെന്റ് അധ്യക്ഷനാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.