22 November 2024, Friday
KSFE Galaxy Chits Banner 2

നെഹ്റു സ്മരിക്കപ്പെടുമ്പോൾ

ഡോ. ജിപ്‍സണ്‍ വി പോള്‍
November 14, 2021 4:20 am

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ കുട്ടികളുടെ ചാച്ചാജിയുടെ ജന്മദിനമാണ് നവംബർ 14. ലക്ഷങ്ങളുടെ കോട്ടിട്ട അല്ലെങ്കിൽ സൈനിക ചിഹ്നങ്ങൾ അണിഞ്ഞ് അധികാരത്തിൽ ഹുങ്ക് പ്രകടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനായി തന്റെ കുർത്തയിൽ ഒരു റോസാപ്പൂ ചൂടിക്കൊണ്ട് കുട്ടികളുമായി ചങ്ങാത്തം കൂടുന്ന നെഹ്റുവിന്റെ ചിത്രം ഒരു മാതൃകയാണ്. തന്റെ രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങളായി കുട്ടികളെ കരുതുന്ന നെഹ്റുവിന്റെ കാഴ്ചപ്പാട് തന്നെയാണ് ഈ ചിത്രങ്ങൾ വരച്ചിടുന്നത്. 

ശാസ്ത്രീയതയിലും- ചരിത്ര ബോധത്തിലും അടിസ്ഥാനപ്പെടുത്തിയ ഒരു യുവജനതയെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹം നടത്തിയ അശ്രാന്ത പരിശ്രമം ആണ് ഇന്നത്തെ ഇന്ത്യ. അഭിനവ രാഷ്ട്രീയനേതൃത്വം നെഹ്റുവിയൻ ആശയഗതികളെ കുഴിച്ചുമൂടിക്കൊണ്ട് വർഗീയതയിലും അന്ധ വിശ്വാസത്തിലും ഊന്നിയ പുതിയ ഇന്ത്യൻ യുവത്വത്തെ നിർമ്മിച്ചെടുക്കുന്ന ഈ കാലഘട്ടത്തിൽ നെഹ്റു വിസ്മൃതിയിൽ ആകാൻ പാടില്ല. നെഹ്റു ഉയർത്തിപ്പിടിച്ച തെളിവാർന്നതും സുതാര്യമായതും ദൃഢമായതുമായ ജനാധിപത്യ സംവാദങ്ങളും സഹിഷ്ണുതയും മതേതരത്വവും മാനവിക മൂല്യങ്ങളും നമുക്ക് കൈമോശം വന്നിരിക്കുന്നു. തന്റെ ജീവിതം മുഴുവൻ ആധുനിക ഇന്ത്യയെ സ്വപ്നംകണ്ട് ഇന്ത്യൻ ജനാധിപത്യത്തിന്റെയും വിദേശനയത്തിന്റെയും അടിസ്ഥാനശില പാകിയ നെഹ്റുവിനെ വീണ്ടും കണ്ടെത്തേണ്ട കാലഘട്ടത്തിലൂടെയാണ് ആധുനിക ഇന്ത്യ കടന്നുപോകുന്നത്. നെഹ്റുവും ഗാന്ധിയും മൗലാന അബ്ദുൽകലാമും അടക്കമുള്ള സംഘപരിവാറിന് അനഭിമതരായ ദേശീയ നേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ചരിത്ര നിർമ്മിതിയുടെ ഈ കാലഘട്ടത്തിൽ നെഹ്റുവിനെ വീണ്ടും വീണ്ടും ഓർക്കേണ്ടിയിരിക്കുന്നു.
സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷ പരിപാടികളുമായി കേന്ദ്രസർക്കാരും സാംസ്കാരിക വകുപ്പ് ആസാദി കാ അമൃത മഹോത്സവം എന്നപേരിൽ ആഘോഷിക്കുകയാണ്. 75 വർഷംകൊണ്ട് നമ്മുടെ രാജ്യം സ്വായത്തമാക്കിയ വളർച്ച പ്രതിഫലിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം. 2021 മാർച്ച് പന്ത്രണ്ടാം തീയതി ഗാന്ധിജിയുടെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന സബർമതി ആശ്രമത്തിൽ വച്ചാണ് ആസാദി കാ അമൃത മഹോത്സവത്തിന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി തുടക്കംകുറിച്ചത്. ഉപ്പുസത്യാഗ്രഹത്തിന് ഓർമ്മകൾ പുതുക്കി പ്രതീകാത്മക പദയാത്ര ഉദ്ഘാടനം ചെയ്താണ് ഒരു വർഷത്തിലേക്കുള്ള 75 ആഴ്ചകളുടെ കൗണ്ട്ഡൗൺ എന്ന നിലയ്ക്ക് സബർമതി ആശ്രമത്തിൽ ഉദ്ഘാടനകർമ്മം നിർവഹിക്കപ്പെട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി വാർഷികാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഒരു പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവം. ഉദ്ഘാടനപ്രസംഗത്തിൽ സ്വാതന്ത്ര്യ സമര നേതാക്കളായ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി മുതൽ സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള നേതാക്കന്മാരെ പരാമർശിച്ചപ്പോൾ നമ്മുടെ പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെ പരാമർശിക്കാതിരിക്കാൻ നരേന്ദ്ര മോദി പ്രത്യേകം ശ്രദ്ധിച്ചു.
ഇന്ത്യൻ ചരിത്ര ഗവേഷണ കൗണ്‍സില്‍ വെബ്സൈറ്റിലെ മുഖ പേജിലെ ഫോട്ടോയിൽനിന്നും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പുറത്തായി. പകരം സംഘപരിവാർ നേതാവ് വി ഡി സവർക്കർ ഇടം പിടിച്ചിരിക്കുന്നു. മഹാത്മാഗാന്ധി, അംബേദ്കർ, സർദാർ പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, മോഹൻ മാളവ്യ, ഭഗത് സിങ്, സവർക്കർ എന്നിവർ സ്ഥാനം പിടിച്ചപ്പോൾ ഭാരതത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഒഴിവാക്കപ്പെട്ടത് ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഒഴിവാക്കൽ നയം യാദൃച്ഛികമല്ല എന്ന നിഗമനത്തിൽ എത്തിക്കുന്നു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കപ്പെടുമ്പോൾ ഓഗസ്റ്റ് 14 വിഭജന ദിനമായി ആചരിക്കണം എന്ന് ആഗ്രഹിക്കുന്ന പ്രധാനമന്ത്രി അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഒരു മതേതര ജനാധിപത്യ ഇന്ത്യയെ കെട്ടിപ്പടുക്കാനും അത് നിലനിർത്താനും ഉദ്ദേശിച്ചല്ല മറിച്ച് ബ്രിട്ടീഷുകാർ ഉപയോഗിച്ച അതേ വിഭജിച്ചു ഭരിക്കുന്ന തന്ത്രം സ്വതന്ത്ര ഭാരതത്തിലും ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്നുള്ളിടത്ത് ആണ് നാം ആശങ്കപ്പെടുന്നത്. ഇത് ഗാന്ധിജി അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളോടും ഈ നാടിനോടും ചെയ്യുന്ന ഏറ്റവും വലിയ പാതകം ആയിരിക്കും.
നെഹ്റുവിന്റെ മരണശേഷം അര നൂറ്റാണ്ടുകൾക്ക് ഇപ്പുറവും നെഹ്റുവിനെ എതിരാളികൾ ഭയപ്പെടുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ മഹത്വം. നെഹ്റുവിനെ ഇകഴ്ത്താനായി പട്ടേലിനെ ഉയർത്താൻ ശ്രമിക്കുന്നവർ മറക്കുവാന്‍ ശ്രമിക്കുന്നത് ഇന്ത്യയെ വെട്ടിമുറിക്കാതിരിക്കാൻ ഗാന്ധിജിയെപ്പോലെ തന്നെ അവസാനം വരെ പൊരുതിയ ദേശസ്നേഹിയായിരുന്നു നെഹ്റു എന്നത് ചരിത്രമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഇന്ത്യാ മഹാരാജ്യത്തിലെ രാഷ്ട്രീയ പുനരേകീകരണത്തിന് നെഹ്റുവിനൊപ്പം നിലയുറച്ച് വലിയ പങ്കുവഹിച്ച ആളാണ് പട്ടേൽ. ആർഎസ്എസിനെ നിരോധിക്കാൻ ചങ്കൂറ്റം കാട്ടിയ വ്യക്തിത്വമാണ് പട്ടേൽ. 

ഐസിഎച്ച്ആർ പുറത്തിറക്കിയ പോസ്റ്ററുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യ നായകനും ഇന്ത്യയുടെ പ്രഥമ പ്രധാന പ്രധാനമന്ത്രിയുമായിരുന്ന നെഹറു ഇല്ല എന്നത് ഇന്ന് നാം അനുഭവിക്കുന്ന ജനാധിപത്യ മതേതര കാഴ്ചപ്പാടിനെ കെട്ടിപ്പടുത്ത ആധുനിക ഇന്ത്യയെ സൃഷ്ടിച്ചെടുത്ത നെഹ്റുവിനോടുള്ള അനാദരവ് തന്നെയാണ്. ആധുനിക ഇന്ത്യയുടെ ശില്പിയും ശാസ്ത്ര ഗവേഷണങ്ങളുടെ തലതൊട്ടപ്പനുമായ നെഹ്റു തന്നെയാണ് ഇന്ത്യൻ ചരിത്രരചനയെയും ശാസ്ത്രീയമായി സമീപിച്ചത്. നെഹ്റുവിയൻ ചരിത്ര നിർമ്മാണ കാലഘട്ടത്തിന് മുൻപ് ഇന്ത്യന്‍ ചരിത്ര നിർമ്മാണരീതി എന്നത് ഹിന്ദു ‑ഇന്ത്യ, മുസ്‌ലിം അധിനിവേശ ചരിത്രം, കൊളോണിയൽ ഇന്ത്യ എന്നീ കാലഹരണപ്പെട്ട കാലഘട്ട നിർമ്മിതി ആയിരുന്നു.
ഇന്ത്യൻ ശാസ്ത്രബോധത്തെ കെട്ടുകഥകളുടെ നിർമ്മിതികൾ ആക്കുമ്പോൾ നെഹ്റുവിനെ സ്മരിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥിതി ആകെ കുത്തക വൽക്കരിക്കപ്പെടുന്നു. ഗ്രാമീണമേഖലയിൽ നിന്ന പൊതുമേഖലാ ബാങ്കുകൾ അപ്രത്യക്ഷമാവുന്നു പകരം പുതുതലമുറ ബാങ്കുകൾ രംഗം കൈയടക്കുകയും വായ്പകൾക്ക് കർഷകർ ഈ കഴുത്തറുപ്പൻ ബാങ്കുകളെ ആശ്രയിക്കേണ്ടിയുംവരുന്നു. നെഹ്റുവിന് സോഷ്യലിസം എന്നാൽ സാമൂഹ്യ നീതിയും സാമ്പത്തിക സമത്വവും കൂടിച്ചേർന്ന ഒരു രാഷ്ട്രീയ വ്യവസ്ഥിതി ആയിരുന്നു. 1950കളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ചൈനയെക്കാൾ ഉയരത്തിലായിരുന്നു. സംസ്കാരവും സമ്പത്തും വളർത്തുക എന്നതായിരുന്നു നെഹ്റുവിയൻ വീക്ഷണം, ഇന്നുകാണുന്ന ബഹിരാകാശ നേട്ടങ്ങളും ആണവ ഗവേഷണങ്ങളും സാമ്പത്തിക അടിത്തറയും നെഹ്റുവിയൻ സംഭാവനയാണ്.

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ പക്ഷം ചേർന്ന് വിദേശനയത്തെ അടിയറവച്ച് രാജ്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയാതെ നിൽക്കുന്ന ഇന്ത്യൻ വിദേശനയം കാണുമ്പോൾ നെഹ്റുവിനെ ഓർമ്മിക്കണം. നെഹ്റുവിന്റെ വിദേശനയം എന്നത് ഇന്ത്യയുടെ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിനോടൊപ്പം ദേശീയ താല്പര്യങ്ങളുടെ സംരക്ഷണവും ആയിരുന്നു. കൂടാതെ മറ്റു വികസ്വര രാജ്യങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര വേദികളിൽ നെഹ്റു ശക്തമായി വാദിച്ചിരുന്നു. ഇന്ത്യയുടെ നയം സൈനിക സഖ്യങ്ങളിൽ നിന്നും മാറിനിൽക്കുന്നതിനോടൊപ്പം ചേരിചേരാനയം പ്രചരിപ്പിക്കുക എന്നതായിരുന്നു. നെഹ്റു പറയാറുള്ള സമാധാനപരമായ സഹവർത്തിത്വവും വികസനവും എന്ന ആശയമാണ് വിദേശനയത്തിൽ ഇന്ത്യയുടെ പ്രധാന സംഭാവന.
ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ വാദിയായിരുന്ന നെഹ്റു. പൊതു ബോധമണ്ഡലത്തിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും രാജ്യം പൗരന്മാരുടെ താണ് എന്നുള്ളതായിരുന്നു. വർഗീയതയെ അകറ്റിനിർത്തി ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയും വിദ്യാഭ്യാസ വ്യാപനവുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ. മതേതരത്വത്തിൽ ഊന്നിയ ദേശീയതയില്‍ ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേപോലെ ഉൾക്കൊള്ളുന്ന ആശയഗതിയാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇന്നു രൂപീകരിക്കപ്പെടുന്ന ഹൈന്ദവ ദേശീയതയെ എല്ലാകാലത്തും നെഹ്റു എതിർത്തിരുന്നു. പാർലമെന്റിലെ സംവാദങ്ങൾക്ക് എന്നും ചെവികൊടുത്തിരുന്ന നെഹ്റുവിയൻ പാർലമെന്റ് എങ്ങോ നഷ്ടപ്പെട്ടിരിക്കുന്നു. 

നെഹ്റു ചോദ്യങ്ങളെ ഭയപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന് പാർലമെന്റിൽ തന്റെ അസാന്നിധ്യംകൊണ്ട് ശ്രദ്ധയാകർഷിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ കാലഘട്ടത്തിൽ നെഹ്റുവിനെ വീണ്ടും സ്മരിക്കേണ്ടിയിരിക്കുന്നു. 1991ല്‍ കോൺഗ്രസ് ഗവൺമെന്റ് ആരംഭിച്ച പുത്തൻ സാമ്പത്തിക നയം നെഹ്റുവിയൻ സമ്പദ്‌വ്യവസ്ഥിതിയെ ചരിത്രത്തിന്റെ ഭാഗമാക്കി. നെഹ്റുവിയൻ മതേതര-ജനാധിപത്യ കാഴ്ചപ്പാടുകളെയും കൈയൊഴിഞ്ഞ കോൺഗ്രസ് ആർഎസ്എസിന്റെ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ മൃദുഹിന്ദുത്വത്തെ പുൽകുന്ന ആപൽക്കരമായ നയമാണ് സമീപകാലത്ത് സ്വീകരിക്കുന്നത്. ബിജെപി ആകട്ടെ നെഹ്റുവിനെ അന്യവൽക്കരിക്കാനും തിരസ്കരിക്കാനും ശ്രമിക്കുന്നു. തികച്ചും മതേതര വാദിയും ജനാധിപത്യ വാദിയും ആയിരുന്ന നെഹ്റുവിനെ കാശ്മീർ പ്രശ്നത്തിലും ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ പുനരേകീകരണത്തിലും കുറ്റപ്പെടുത്താനും പകരം പട്ടേലിനെ പ്രതിഷ്ഠിക്കാനും നടത്തുന്ന ശ്രമങ്ങൾ ഇന്ത്യാചരിത്രത്തിന്റെ പുനർനിർമ്മിതിക്കുള്ള വഴി ഒരുക്കൽ മാത്രമാണ്. ഇന്ത്യ എന്ന സത്തയെ കണ്ടെത്താൻ മാനവിക ശാസ്ത്രീയ മനോഭാവം പ്രകടിപ്പിച്ച നെഹ്റുവിനെ സ്മരിക്കപ്പെടേണ്ടത് അനിവാര്യതയാണ്.
സ്വാതന്ത്ര്യത്തിന്റെയും ഇന്ത്യൻ ദേശീയതയുടെയും പതാകവാഹകരാകേണ്ട ഇന്ത്യൻ യുവത്വത്തെ പുനഃസൃഷ്ടിക്കാൻ നവംബർ 14 നു ചാച്ചാജിയെ ഓർമ്മിച്ചേ പറ്റൂ. അത് ഇന്ത്യൻ ജനാധിപത്യ മതേതര പുനഃസ്ഥാപനത്തിന് ആവശ്യമാണ്. നമ്മുടെ സ്വാതന്ത്ര്യസമര ഭടന്മാർ ജീവൻ ബലികൊടുത്തു സ്വായത്തമാക്കിയ മഹത്തായ സ്വാതന്ത്ര്യം നരേന്ദ്രമോഡിയുടെ കാലഘട്ടത്തിലാണ് ലഭിച്ചത് എന്ന് യാതൊരു ഉളുപ്പുമില്ലാതെ പത്മ അവാർഡ് ജേതാക്കൾ പ്രഖ്യാപിക്കുന്ന കാലഘട്ടത്തിൽ നെഹ്റുസ്മരണ അനിവാര്യതയാണ്. 

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.