ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം കടലിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ചെറുക്കാൻ വേണം മനുഷ്യന്റെ ജാഗ്രതയും സർക്കാരുകളുടെ പദ്ധതികളും. അനധികൃത നിർമ്മാണവും മണൽ ഖനനവും മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന കോട്ടങ്ങൾ ചെറുതല്ല. കടൽ മലിനീകരണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മാറ്റി മറിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ വിലപിക്കുന്ന നമ്മൾ കടലിനെ അരുംകൊല ചെയ്യുന്നതും പ്രത്യാഘാതം ഗുരുതരമാക്കുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന രീതികൾ ഉപേക്ഷിക്കുന്നത് മാനവ രാശിക്ക് നൽകുന്ന തിരിച്ചടികൾ ചെറുതല്ല. ഒട്ടേറെ തീരദേശ ഗ്രാമങ്ങൾ മണൽ ഖനനത്തിന്റെയും അനധികൃത നിർമ്മാണങ്ങളുടെയും രക്തസാക്ഷികളായി നമുക്ക് മുന്നിലുണ്ട്. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾക്ക് അനുസരിച്ച് മനുഷ്യർ ഇനിയുള്ള കാലമെങ്കിലും ജീവിച്ചില്ലെങ്കിൽ കടലും പ്രളയവുമെല്ലാം നാടിനെ കണ്ണീർ ചുഴിയിൽ മുക്കും. ‘മാറുന്ന കടലും മാറാത്ത മനുഷ്യരും’ പരമ്പരയോടുള്ള പ്രതികരണങ്ങൾ.
കേരളത്തിലെ തീര സംരക്ഷണത്തിന് സമഗ്രമായ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യ മേഖലക്കായി സംസ്ഥാന സർക്കാർ 12,000 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. ഇതിൽ 7500 കോടിയും തീര സംരക്ഷണത്തിനായി ചിലവഴിക്കും. കടലാക്രമണത്തെ ചെറുക്കൻ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ അനുസരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. കരിങ്കല്ല്, ടെട്രോ പോഡ്, ജിയോട്യൂബ്, എന്നിവ കൂടാതെ ജൈവ കവചവും ഒരുക്കും. കഴിഞ്ഞ സർക്കാരിന്റെ കാലംമുതലേ തീരദേശ മേഖലയിൽ സമഗ്ര വികസനമാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കടൽ തന്നത് കടലെടുക്കുന്ന സ്ഥിതിയായാൽ കേരളത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകും. അതിനെ പ്രതിരോധിക്കുവാൻ ശാസ്ത്രീയ പദ്ധതികൾ ഇപ്പോൾ മുതൽ ആവിഷ്‌ക്കരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്. ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്ന കവിയുടെ ചോദ്യവും തീരദേശത്ത് നിന്നായിരുന്നു. ഇത്തരം മുന്നറിയിപ്പുകൾ ഏറെയുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് തീരക്കടൽ, ആഴക്കടൽ ഖനനത്തിനായി കേന്ദ്രസർക്കാർ ബ്ലൂ ഇക്കോണമി നയരേഖയുമായി മുന്നോട്ടു പോകുകയാണ്. ഖനനം ഏറെ നടന്ന ഇന്തോനേഷ്യയായിരുന്നു സുനാമിയുടെ ഉറവിടം എന്ന വസ്തുത ഭരണകൂടം വിസ്മരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പിന്നിട്ട 3 വർഷങ്ങളിൽ 203 ദിവസങ്ങളാണ് മത്സ്യ ബന്ധന വിലക്ക് പ്രഖ്യാപിച്ചത്. പ്രാദേശിക വിലക്കുകൾ വേറെയും. ഈ ദിവസങ്ങളിൽ മത്സ്യ തൊഴിലാളികൾ പട്ടിണിയിലാകുമ്പോൾ അവർക്ക് തൊഴിൽനഷ്ട വേതനം നൽകുവാൻ കേന്ദ്ര ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കണം. നമ്മുടെ തീരം രാജ്യത്തിന്റെ അതിർത്തിയാണ്. അതിന്റെ സംരക്ഷണം രാജ്യത്തിന്റെ സംരക്ഷണമാണ്.
മനുഷ്യർ നടത്തുന്ന ഇടപെടലുകളാണ് കടൽ ജലനിരപ്പ് ഉയരാൻ പ്രധാന കാരണമെന്ന് സമുദ്ര ഗവേഷകൻ എ ജെ വിജയൻ. ഇത്തരം മാറ്റങ്ങൾ എല്ലാം കാലാവസ്ഥാ വ്യതിയാനം മൂലം മാത്രമാണെന്ന് പറയാനാവില്ല. മണൽ ഖനനവും അശാസ്‌ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളുമാണ് പ്രശ്‌നങ്ങൾക്ക് കാരണം. പല സ്ഥലങ്ങളിലും തീരം ഇല്ലാതാകുകയും പുതിയതായി രൂപം കൊള്ളുകയും ചെയ്യുന്നുണ്ട്. അശാസ്‌ത്രീയമായ ഹാർബർ നിർമ്മാണം കേരളത്തിൽ പല പ്രദേശങ്ങളിലും തീരത്തെ ഇല്ലാതാക്കി. കടലിന്റെ സ്വാഭാവികമായ മണൽ ഒഴുക്കിനെ തടസപ്പെടുത്തുന്നത് പ്രത്യാഘാതം ഗുരുതരമാക്കും.
അശാസ്ത്രീയമായ മത്സ്യബന്ധനവും കടലിന്റെ ചൂടും മൂലം പല മീനും ഇന്ന് കിട്ടാക്കനിയാണെന്ന് മത്സ്യത്തൊഴിലാളിയായ തെക്കേപൂത്തോപ്പില്‍ തോട്ടപ്പള്ളി എന്‍ രാജീവന്‍. പരമ്പരാഗത തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഒരുകാലത്ത് മത്തിയുടെ ലഭ്യത. എന്നാല്‍ ഇന്ന് നിരോധിച്ച വലകള്‍ ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനവും മത്തിയുടെ ലഭ്യത കുറയുവാന്‍ കാരണമായിട്ടുണ്ട്. വലകണ്ണിയുടെ അളവ് കുറവുള്ള പഴ്സിന്‍ വല ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അടിത്തട്ടില്‍ നടത്തുന്ന മത്സ്യബന്ധനം തുടര്‍ന്നാല്‍ മത്തിയടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത വന്‍തോതില്‍ കുറയും.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോയാൽ എണ്ണ കാശ് പോലും മുതലാകാത്ത അവസ്ഥയാണെന്ന് തൊഴിലാളിയായ കണ്ടത്തിൽ ആർ സിദ്ധാർത്ഥൻ പറഞ്ഞു. മത്സ്യ ലഭ്യതയുടെ കുറവ് കാരണം തൊഴിലാളികളും അനുബന്ധ മേഖലയിൽ ഉള്ളവരും ദുരിതത്തിലാണ്. കൊറണ കാലമായതിനാല്‍ പ്രതിസന്ധി കൂടി. ചൂടും കാലാവസ്ഥാ വ്യതിയാനവും കാരണം മൽസ്യങ്ങൾ പുറം കടലിലേക്ക് പോകുന്നതിനാൽ പരമ്പരാഗത തൊഴിലാളികൾ പലപ്പോഴും തിരിച്ചുവരുന്നത് വെറും കൈയുമായിട്ടാണ്. തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ സഹായങ്ങൾ ഉറപ്പാക്കണം.
മത്സ്യബന്ധനത്തില്‍ ലാഭം കുറഞ്ഞതോടെ പുതുതലമുറ ഇപ്പോള്‍ കടലിലിറങ്ങാനില്ല എന്ന യാഥാര്‍ത്ഥ്യമാണ് മുതിര്‍ന്ന മത്സ്യത്തൊഴിലാളി കട്ടിക്കാട് പള്ളിത്തോട് വര്‍ഗ്ഗീസ് പങ്കുവച്ചത്. ഇപ്പോഴത്തെ മത്സ്യത്തൊഴിലാളികളില്‍ 40 വയസ്സില്‍ താഴെയുള്ളവര്‍ നന്നേ കുറഞ്ഞു. പണ്ട് അച്ഛന്റെയും ബന്ധുക്കളുടെയും സഹായത്തിനായി കടപ്പുറത്ത് എത്തുന്ന കുട്ടികള്‍ ചെറുപ്രായത്തിലേ മത്സ്യബന്ധന രംഗത്ത് സജീവമായിരുന്നു. എന്നാല്‍ മത്സ്യബന്ധനത്തില്‍ ലാഭം കുറഞ്ഞതും സ്ഥിരമായ വരുമാനം ലഭിക്കാത്തതും പുതുതലമുറയെ ഈ മേഖലയില്‍ നിന്നകറ്റി. കൂടാതെ ഏറെ അപകടസാധ്യതയുള്ള തൊഴിലായതിനാലും പുതുതലമുറ അകലുവാന്‍ കാരണമായി.
മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയായിരുന്നു ചാകര. എന്നാല്‍ ഇന്ന് തീരദേശത്ത് കഷ്ടപ്പാടിന്റെ ചാകരയാണ് എന്ന് മത്സ്യത്തൊഴിലാളി ഒറ്റപ്പുന്ന ഹരിനിവാസില്‍ ഹരീഷ് പ്രതികരിച്ചു. കടങ്ങള്‍ വീട്ടാനും പട്ടിണിയകറ്റാനും ചാകരക്കോളായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആശ്രയം. എന്നാല്‍ ചാകരയില്ലാതായിട്ട് പതിറ്റാണ്ടുകളാകുന്നു. കനത്ത മഴയോടൊപ്പം കലങ്ങി മറിയുന്ന കടലില്‍ ശക്തിയായ തിരമാലയുണ്ടാകും. മുന്‍കാലങ്ങളില്‍ പിന്നീടത് ചാകരയായി മാറും. കടലിനെ പഠിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരയെ മുന്‍കൂട്ടി അറിയാനും പറ്റും. പൂവാലന്‍ ചെമ്മീന്‍, കരിക്കാടി, കഴന്തന്‍, നാരന്‍, തുടങ്ങി ചാകര കോളില്‍ വീഴുന്ന മീനുകളും ധാരാളമായിരുന്നു. കടലില്‍ മനുഷ്യനുണ്ടാക്കുന്ന മാറ്റങ്ങള്‍ മൂലം ചാകരയെന്ന പ്രതിഭാസം തന്നെ ഓര്‍മ്മയാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.