കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്ക് പ്രകാരം 2021 ഓഗസ്റ്റ് മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനമാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ലേബർ ബ്യൂറോയുടെ ത്രൈമാസ എംപ്ലോയ്മെന്റ് സർവേ റിപ്പോർട്ടിൽ പറയുന്നത് 2013 സാമ്പത്തിക സെൻസസിനെ അപേക്ഷിച്ച് തൊഴിലുകളിൽ 29 ശതമാനം വർധനവുണ്ടായെന്നാണ്. 2013–14 സംഘടിത തൊഴിൽ മേഖലയിൽ 81 ശതമാനം പേർക്ക് ശമ്പളം ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ തൊഴിൽമേഖല നേരിടുന്ന ഗുരുതര പ്രതിസന്ധി മറച്ചുപിടിച്ചാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
യഥാർത്ഥ ചിത്രം അല്ല
രാജ്യത്തെ തൊഴിൽമേഖലയുടെ ഘടന പരിശോധിച്ചാൽ 93 ശതമാനവും തൊഴിലെടുക്കുന്നത് അസംഘടിത മേഖലയിലാണ്. ലേബർ ബ്യൂറോയുടെ സർവേയിൽ അസംഘടിത തൊഴിൽമേഖലയെ പരിഗണിച്ചിട്ടില്ല. 2013–14 സാമ്പത്തിക സെൻസസിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോഴുള്ള സർവേയ്ക്കു പരിഗണിച്ചിരിക്കുന്നത്. 10 തൊഴിലാളികളോ, അതിലധികമോ ഉള്ള സ്ഥാപനങ്ങളെയാണ് സംഘടിത തൊഴിൽ മേഖലയിൽ ഉൾപ്പെടുത്തി വിവരശേഖരണം നടത്തിയിരിക്കുന്നത്. വളരെ ചെറിയ വിഭാഗത്തെ ഉൾപ്പെടുത്തി സർവേ നടത്തിയ ശേഷം രാജ്യത്ത് തൊഴിൽ വളർച്ചയുണ്ടെന്ന പ്രചരണം നല്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല. നിലവിൽ സർവേയ്ക്കായി പരിഗണിച്ച ഒൻപത് തൊഴിൽമേഖലയിൽ മിക്കവയും പുതുതായി വളർന്ന് വരുന്ന തൊഴിൽമേഖലകളാണ്. ഐടിബിപിഒ, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിൽ പോലും പ്രതീക്ഷിച്ചത്ര വളർച്ച ഉണ്ടായിട്ടില്ല. രാജ്യത്ത് കൂടുതൽ തൊഴിൽ നല്കുന്ന വ്യാപാര മേഖലയിൽ 25 ശതമാനവും ഹോട്ടൽ ആന്റ് റസ്റ്റോറന്റ് മേഖലയിൽ 13 ശതമാനവും തൊഴിൽ കുറഞ്ഞു. നവഉദാരവൽക്കരണ നയങ്ങളും, ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവും ചില്ലറ വ്യാപാരരംഗം അടക്കമുള്ള തൊഴിൽ മേഖലയിൽ വലിയ തൊഴിൽ നഷ്ടമാണ് ഉണ്ടാക്കുന്നത്.
രണ്ട് കോടി തൊഴിലവസരങ്ങൾ
ലേബർ ബ്യൂറോയുടെ സർവേ റിപ്പോർട്ട് പ്രകാരം സംഘടിത തൊഴിൽമേഖലയിൽ നിലവിൽ 3.08 കോടി തൊഴിൽ ഉണ്ടെന്നാണ്. 2013–14 ലെ സാമ്പത്തിക സെൻസസ് പ്രകാരം ഉണ്ടായിരുന്ന തൊഴിൽ 2.31 കോടിയാണ്. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഉണ്ടായ തൊഴിൽ വർധനവ് 77 ലക്ഷം മാത്രമാണ്. ഓരോ വർഷവും പുതുതായി തൊഴിലന്വേഷിച്ച് എത്തുന്നവരുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് എത്ര ചെറുതാണ്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുപ്രകാരം 4.75 കോടി പേർ ഒരു വർഷം രാജ്യത്ത് പുതിയതായി തൊഴിൽ മേഖലയിലേക്ക് എത്തുന്നു. എന്നാൽ ഇവർക്ക് ആവശ്യമായ തൊഴിൽ നല്കാൻ കഴിയുന്നില്ല. 20–24 വയസിനിടയിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 63 ശതമാനമാണ്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വർഷവും രണ്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ബിജെപി വാഗ്ദാനം നൽകിയത്. ഏഴര വർഷക്കാലത്തിനിടയിൽ ഏതാണ്ട് 15 കോടി പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകേണ്ടതാണ്. എന്നാൽ പുതിയതായി ഉണ്ടായത് നാമമാത്രമായ തൊഴിൽ മാത്രമാണ്.
രാജ്യത്തെ ഭീതിദായകമായ തൊഴിലില്ലായ്മയുടെ യഥാർത്ഥ ചിത്രം പുറത്ത് വരാതിരിക്കാൻ മോഡിസർക്കാർ ആവുന്നത്ര ശ്രമിച്ചു. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ലേബർ ബ്യൂറോയുടെ എംപ്ലോയ്മെന്റ് സർവേ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ട് തങ്ങൾക്ക് അനുകൂലമാകുന്നതിനുവേണ്ടി പുതുതായി ചില തൊഴിൽ മേഖലകൾ കൂടി ഇതിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിലെത്തിയതായി ദേശീയ സാമ്പിൾ സർവേ ഓഫീസ് 2017–2018 കണക്കാക്കിയെങ്കിലും, ആ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിടാൻ മോഡി സർക്കാർ തയാറായില്ല. ചില മാധ്യമങ്ങളിലൂടെയാണ് പിന്നീട് ആ റിപ്പോർട്ട് പുറത്തുവന്നത്. 1983‑നു ശേഷം സ്ത്രീകളുടെ തൊഴിലില്ലായ്മ ഇത്രയേറെ വർധനവ് ഉണ്ടായത് മോഡിയുടെ ഭരണകാലത്താണ്. ലേബർ ബ്യൂറോ പുറത്തുവിട്ട നിലവിലെ കണക്കിൽ പറയുന്നത് സ്ത്രീകളുടെ തൊഴിൽ രണ്ട് ശതമാനം കുറഞ്ഞിരിക്കുന്നുവെന്നാണ്.
സ്ഥാപനങ്ങൾ ചെറുതാകുന്നു
രാജ്യത്തെ സംഘടിത തൊഴിൽമേഖല ചുരുങ്ങി വരികയാണ്. നവഉദാരവൽക്കരണ നയങ്ങൾക്ക് ശേഷം വൻകിട വ്യവസായ സ്ഥാപനങ്ങൾ അവയുടെ വലിപ്പം ചെറുതാക്കാൻ ശ്രമിക്കുകയാണ്. തൊഴിൽ നിയമങ്ങൾ പാലിക്കാതിരിക്കാനും, നികുതി വെട്ടിക്കാനും, തൊഴിലാളികളുടെ സംഘടിത വിലപേശൽ ശേഷി കുറയ്ക്കുന്നതിനുമായിട്ടാണ് ഇത് ചെയ്യുന്നത്. മിക്ക സ്ഥാപനങ്ങളും അവരുടെ ജോലി പുറംകരാർ നൽകുകയോ, തൊഴിലാളികളെ വീട്ടിലിരുത്തി ജോലി ചെയ്യിക്കുകയോ ചെയ്യുകയാണ്. ഇന്ത്യയിൽ നടന്ന അഞ്ച്, ആറ് സാമ്പത്തിക സർവേ പ്രകാരം 10 ന് മുകളിൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളുടെ എണ്ണം 1990‑ൽ 3.1 ശതമാനമുണ്ടായിരുന്നെങ്കിൽ 2013‑ൽ അത് 1.4 ശതമാനമായി കുറഞ്ഞു. ലേബർ ബ്യൂറോ എംപ്ലോയ്മെന്റ് സർവേയ്ക്കായി പരിഗണിച്ചത് പത്തോ അതിലധികമോ തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങളെയാണ്. രാജ്യത്തെ ആകെ തൊഴിൽ മേഖലയുടെ ഒരു ശതമാനത്തെ പോലും പ്രതിനിധാനം ചെയ്യാതെയാണ് സർവേ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സർവേ റിപ്പോർട്ട് സാമാന്യവൽക്കരിക്കാൻ കഴിയില്ല. സാമാന്യയുക്തിക്ക് നിരക്കാത്ത പല കണ്ടെ ത്തലുകളുമാണ് റിപ്പോർ ട്ടിലുള്ളത്.
വേതനത്തിലെ അന്തരം
തൊഴിലെടുക്കുന്ന തൊഴിലാളിക്ക് ജീവിക്കാനാവശ്യമായ വേതനം ലഭിക്കാറില്ലെന്ന് ലേബർ ബ്യൂറോ തന്നെ കൂലിയെ സംബന്ധിച്ച് പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പറയുന്നു. തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം കിട്ടുന്ന സംസ്ഥാനം കേരളമാണ്. കാർഷിക മേഖലയിലെ തൊഴിലാളിക്ക് പ്രതിദിനം 791 രൂപ കേരളത്തിൽ ലഭിക്കുമ്പോൾ മധ്യപ്രദേശിൽ 242 രൂപയും ഉത്തർപ്രദേശിൽ 288 രൂപയുമാണ് ലഭിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ കൂലി വിവേചനം നിലനില്ക്കുന്നു. സ്ത്രീ തൊഴിലാളികൾക്ക് കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. കാർഷികേതര മേഖല പരിശോധിച്ചാൽ നിർമ്മാണമേഖലയിൽ തൊഴിലാളിക്ക് പ്രതിദിനം 911 രൂപ ലഭിക്കുമ്പോൾ മധ്യപ്രദേശിൽ 389 രൂപയും ഉത്തർപ്രദേശിൽ 529 രൂപയുമാണ് ലഭിക്കുന്നത്. ചുമട്ടു തൊഴിലാളികൾക്ക് കേരളത്തിൽ 678 രൂപ ഒരു ദിവസം ലഭിക്കുമ്പോൾ മധ്യപ്രദേശിൽ 288 രൂപയും, ഉത്തർപ്രദേശിൽ 296 രൂപയുമാണ് ലഭിക്കുന്നത്. ശുചീകരണ തൊഴിലാളികൾക്ക് കേരളത്തിൽ 605 രൂപ ലഭിക്കുമ്പോൾ, മധ്യപ്രദേശിൽ 196 രൂപയും ഉത്തർപ്രദേശിൽ 221 രൂപയുമാണ് ലഭിക്കുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ ഇത്രയധികം വർധിക്കാൻ കാരണം മോഡി സർക്കാരിന്റെ കോർപറേറ്റ് പ്രീണന നയങ്ങളാണ്. നോട്ട് നിരോധനം രാജ്യത്തെ ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളുടെ തകർച്ചയ്ക്ക് ഇടയാക്കി. കാർഷിക, ചില്ലറവ്യാപാര മേഖലകൾ വിദേശികളും സ്വദേശികളുമായ വൻകിട കമ്പനികൾക്ക് യഥേഷ്ടം തുറന്ന് കൊടുത്തിരിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുമ്പോൾ കുറഞ്ഞ കൂലിക്ക് തൊഴിലാളിയെ ലഭിക്കുമെന്നും അവരെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ച് തങ്ങളുടെ സമ്പത്തും ലാഭവും വർധിപ്പിക്കാമെന്ന മൂലധനശക്തികളുടെ താല്പര്യങ്ങൾക്ക് വിധേയമായിട്ടാണ് മോഡി സർക്കാർ പ്രവർത്തിക്കുന്നത്. സർക്കാർ വിവിധ മേഖലകളിൽ നിക്ഷേപം നടത്തി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളും, ആസ്തികളും വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വില്പന നടത്തി അവർക്ക് ലാഭമുണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്. രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ തയാറാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.