15 December 2025, Monday

ആക്ടിങ് വിസിയുടെ നടപടി നിയമവ്യവസ്ഥയെ ധിക്കരിക്കല്‍

വി ദത്തന്‍
July 28, 2025 4:05 am

കേരള സർവകലാശാലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചിട്ടും സ്വന്തം ഉത്തരവാദിത്തം നിറവേറ്റാതെ വിദ്യാർത്ഥികളുടെ സമരത്തിന്റെ പേർ പറഞ്ഞ് എതോ മാളത്തിൽ ഒളിച്ചിരുന്ന ഒരു ആക്ടിങ് വൈസ് ചാൻസലറുടെയും അദ്ദേഹത്തെക്കൊണ്ടു ചുടുചോർ വാരിപ്പിച്ച് സംഘിക്കളി നടത്തുന്ന ഗവർണറുടെയും നിലപാടു കാണുമ്പോൾ “അരിയും തിന്നു ആശാരിച്ചിയെയും കടിച്ചിട്ടും നായയ്ക്ക് മുറുമുറുപ്പ്.’’ എന്ന നാടൻ ചൊല്ലാണ് ഓർമ്മ വരുന്നത്.
മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കാര്യങ്ങൾ വിശദീകരിച്ചിട്ടും ആക്ടിങ് വൈസ് ചാൻസലർ രജിസ്ട്രാർക്കെതിരെ കൈക്കൊണ്ട സസ്പെൻഷൻ ഉൾപ്പടെ നടപടികൾ അംഗീകരിച്ച് ഏത്തമിടാതെ ഒരു ഒത്തുതീർപ്പും ഇല്ലെന്നാണത്രേ ആക്ടിങ് വിസിയുടെയും കൂട്ടരുടെയും നിലപാട്. ആക്ടിങ് വിസി നിയമവിരുദ്ധമായിട്ടാണ് രജിസ്ട്രാറെ സസ്പെന്റ് ചെയ്തത്. സംശയമുണ്ടെങ്കിൽ അദ്ദേഹം 1974ലെ കേരള യൂണിവേഴ്സിറ്റി ആക്ട് അധ്യായം മൂന്നില്‍ 10-ാം വകുപ്പിലെ 14 ഉപവകുപ്പ് വായിച്ചു നോക്കട്ടെ. അതിൽ പറയുന്നത് ഇങ്ങനെ: “Sub­ject to the pro­vi­sions of the Statutes and the ordi­nances, the vice chan­cel­lor shall have pow­er to appoint, sus­pend, dis­miss or oth­er­wise pun­ish any mem­ber of the estab­lish­ment of the Uni­ver­si­ty below the rank of Deputy Reg­is­trar.’’ ഇതനുസരിച്ച് ഡെപ്യൂട്ടി രജിസ്ട്രാർക്ക് താഴെയുള്ള യൂണിവേഴ്സിറ്റി ജീവനക്കാരെ നിയമിക്കാനോ സസ്പെന്റ് ചെയ്യാനോ പിരിച്ചു വിടാനോ മറ്റു ശിക്ഷണ നടപടികൾ കൈക്കൊള്ളാനോ മാത്രമേ വിസിക്ക് അധികാരമുള്ളൂ. രജിസ്ട്രാരെ സസ്പെന്റ് ചെയ്യാൻ വൈസ്ചാന്‍സലർക്ക് അധികാരമില്ലെന്ന്, വായിക്കാനറിയാവുന്ന ആർക്കും മനസിലാകുന്ന സത്യം ആക്ടിങ് വിസിക്ക് മനസിലാകാത്തതാണോ; മനസിലായില്ല എന്ന് നടിക്കുകയാണോ? അതോ ആക്ടും സ്റ്റാറ്റ്യൂട്ടും ഒന്നും വിസി കണ്ടിട്ടില്ലെന്നാണോ കരുതേണ്ടത്? ഇനിയും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അതും കൂടി ദൂരീകരിക്കത്തക്കവണ്ണം കേരള യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടിൽ വളരെ വ്യക്തമായി ഇങ്ങനെ പറയുന്നുണ്ട്. “The Syn­di­cate shall be com­pe­tent to ter­mi­nate the appoint­ment of Reg­is­trar… ( chapter2, statutes 22 of the KU first statutes 1977).
സർവകലാശാലാ ആക്ടിലും സ്റ്റാറ്റ്യൂട്ടിലും രാജിസ്ട്രാർക്കെതിരെ ശിക്ഷണ നടപടി കൈക്കൊള്ളാനുള്ള അധികാരം സിൻഡിക്കേറ്റിനാണെന്ന് വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കെ, രജിസ്ട്രാറെ സസ്പെന്റ് ചെയ്ത ആക്ട് വിസിയുടെ നടപടി നിയമവിരുദ്ധമാണ്. സർവകലാശാലാ നിയമങ്ങളെയും ചട്ടങ്ങളെയും അവഹേളിക്കലാണ്. മനപ്പൂർവം ചെയ്ത പ്രതികാരനടപടിയാണ്. സാമാന്യനീതിയുടെ നിഷേധമാണ്. 

രജിസ്ട്രാറെ സസ്പെന്റ് ചെയ്തത് മാത്രമല്ല നിയമവിരുദ്ധ നടപടി. പകരമൊരു രജിസ്ട്രാറെ നിയമിച്ചതും നിയമവിരുദ്ധമായിട്ടാണ്. താൽക്കാലികമായി രജിസ്ട്രാരുടെ ഒഴിവു വന്നാൽ അത് നികത്താനുള്ള അധികാരവും സിൻഡിക്കേറ്റിനാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം സ്റ്റാറ്റ്യൂട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. In the event of a tem­po­rary vacan­cy occur­ring in the office of the Reg­is­trar, or where the Reg­is­trar is tem­porar­i­ly absent, it shall be com­pe­tent for the Syn­di­cate to make arrange­ments as it may deem fit to car­ry on the duties of the Reg­is­trar sub­ject to the pro­vi­sions of these Statutes (chapter2,statutes 23 of the KU first statutes 1977). സ്റ്റാറ്റ്യൂട്ടിലെ ഈ വ്യവനിയമവ്യവസ്ഥയെ ധിക്കരിക്കസ്ഥ അനുസരിച്ച് രജിസ്ട്രാറുടെ താൽക്കാലിക ഒഴിവു നികത്താനുള്ള അധികാരവും സിൻഡിക്കേറ്റിനാണെന്നിരിക്കെ കോളജ് ഡെവലപ്മെന്റ് ഡയറക്ടറെ അവിടേക്ക് നിയമിച്ച വിസിയുടെ നടപടി നിയമവിരുദ്ധമാണ്. അധികാരദുര്‍വിനിയോഗമാണ്.
സർവകലാശാലാ ആക്ടിനും സ്റ്റാറ്റ്യൂട്ടിനും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമായി ഗവർണറും വൈസ്ചാൻസലറും ചെയ്ത നടപടികളിൽ നിന്നും തലയൂരാൻ നടത്തുന്ന നാലാംകിട പരിപാടികളാണ്, വിസി നടത്തിയ അവിഹിത സസ്പെൻഷൻ അംഗീകരിക്കണമെന്ന ശാഠ്യം പിടിക്കലും മറ്റും. മുമ്പിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഫിഷറീസ് സർവകലാശാലയിൽ നടത്തിയ വിസി നിയമനം അസാധുമാക്കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ മഷിയുണങ്ങുംമുമ്പ് ഇപ്പോഴത്തെ ഗവർണറും ചാർജുകാരനായ വിസിയും ചേർന്ന് നടത്തിയ നിയമവിരുദ്ധ നിയമനങ്ങൾ റദ്ദ് ചെയ്ത് അക്കാദമിക് സമൂഹത്തോടും സർക്കാരിനോടും അവർനിയമവ്യവസ്ഥയെ ധിക്കരിക്ക മാപ്പ് പറയണം. അതിനുപകരം അവർ ചെയ്ത നിയമവിരുദ്ധ നടപടികൾ അംഗീകരിക്കണം എന്ന് ശഠിക്കുന്നത് നിയമവ്യവസ്ഥയെ ധിക്കരിക്കലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.