15 November 2024, Friday
KSFE Galaxy Chits Banner 2

ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്ത്രീമുന്നേറ്റം

സ്വീറ്റി സുപ്രിയ
July 21, 2024 4:30 am

ഒരു രാജ്യത്തിന്റെ അഭിവൃദ്ധി മികച്ചവിദ്യാഭ്യാസമുള്ള തൊഴിലാളികളെ ആശ്രയിച്ചിരിക്കുന്നു. അറിവും വൈദഗ്ധ്യവും ഉള്ള വ്യക്തികൾക്ക് നൂതനാശയങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇത് മികച്ച തൊഴിലവസരങ്ങൾ, ഉല്പാദനക്ഷമത വർധിപ്പിക്കൽ, ആത്യന്തികമായ സാമ്പത്തിക വളർച്ച എന്നിവയിലേക്ക് നയിക്കും. ശാക്തീകരണത്തിനും സാമൂഹികമാറ്റത്തിനുമുള്ള ശക്തമായ ഉപകരണമെന്നനിലയില്‍, ഈ ആനുകൂല്യങ്ങൾക്കെല്ലാമപ്പുറമാണ് വിദ്യാഭ്യാസം. തിയോഡോർ ഷുൾട്‌സിന്റെ (1961) ഗവേഷണവും തുടർന്നുള്ള സാമ്പത്തിക പഠനങ്ങളും കാണിക്കുന്നത് വിദ്യാഭ്യാസത്തിനുള്ള ചെലവ് ദൂരവ്യാപകമായ നേട്ടങ്ങളുള്ള പ്രാഥമിക നിക്ഷേപമാണ് എന്നാണ്.
വിദ്യാഭ്യാസത്തിന്റെ ഗുണപരമായ സ്വാധീനം വ്യക്തിപരവും ദേശീയവുമായ വികസനത്തിനും അതീതമാണ്. പ്രത്യേകിച്ച്, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നത് സമൂഹത്തിന് വലിയ നേട്ടങ്ങൾ പ്രദാനം ചെയ്യും. കുറഞ്ഞ ജനനനിരക്ക്, കുട്ടികളുടെ മെച്ചപ്പെട്ട ആരോഗ്യം, ഭാവിതലമുറയ്ക്ക് മികച്ച വിദ്യാഭ്യാസ ഫലങ്ങൾ എന്നിവയുമായി, ഉയർന്ന സ്ത്രീവിദ്യാഭ്യാസത്തെ പഠനങ്ങൾ ബന്ധിപ്പിക്കുന്നു. ഈ ഘടകങ്ങൾ ചേര്‍ന്ന് ശക്തമായ സമ്പദ്‌വ്യവസ്ഥയ്ക്കും കൂടുതൽ സമ്പന്നമായ സമൂഹത്തിനും സംഭാവന നൽകുന്നു. വിദ്യാഭ്യാസത്തിലെ ലിംഗപരമായ അസമത്വങ്ങൾ സ്ത്രീകളുടെ സാധ്യതകളെ പരിമിതപ്പെടുത്തുക മാത്രമല്ല, മൊത്തത്തിലുള്ള പുരോഗതിയെയും പിന്നോട്ടടിക്കുന്നു.
സാമ്പത്തികവും സാമൂഹികവും മാനുഷികവുമായ വികസനത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ നിർണായക പങ്ക് തിരിച്ചറിയുകയും ലിംഗഭേദമില്ലാതെ എല്ലാ പൗരന്മാർക്കും പ്രാപ്യമാക്കുകയും വേണം. ഉന്നത വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് ബിരുദാനന്തര (പിജി), ഡോക്ടറൽ (പിഎച്ച്ഡി) പ്രോഗ്രാമുകളിൽ പെൺകുട്ടികളുടെ എണ്ണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട അഖിലേന്ത്യാ സർവേ (എഐഎസ്എച്ച്ഇ) റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (ജിഇആർ) എന്നത് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിന്റെ ഒരു അളവുകോലാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം, 18–23 വയസ് പ്രായമുള്ള മൊത്തം യുവജനതയുടെ അനുപാതമായി കണക്കാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട്.
എഐഎസ്എച്ച്ഇ റിപ്പോർട്ട് അനുസരിച്ച് പുരുഷന്മാരുടെ ജിഇആർ ഗണ്യമായി വര്‍ധിച്ചു. 2012–13ൽ 22.7 ശതമാനം ആയിരുന്നത് 2021–22ൽ 28.3 ശതമാനമായി ഉയർന്നു. വനിതകളുടെ ജിഇആർ അതേ കാലയളവിൽ 20.1ൽ നിന്ന് 28.5 ശതമാനമായി പുരോഗമിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിൽ ആദ്യമായി വനിതാ വിദ്യാർത്ഥികളുടെ ജിഇആർ പുരുഷന്മാരെക്കാൾ കൂടുതലായിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളുടെ എൻറോൾമെന്റിൽ ഉയർന്ന വർധനയുണ്ടായിട്ടുണ്ടെന്നാണ് കണക്ക് കാണിക്കുന്നത്. 2012–13ൽ, പുരുഷന്മാരുടെ ജിഇആർ 22.7 ഉം സ്ത്രീകളുടേത് 20.1 ഉം ആകെ 21.5 ശതമാനവും ആയിരുന്നു. 2021–22 ആയപ്പോഴേക്കും ഇത് പുരുഷന്മാർ 28.3 ആയും സ്ത്രീകൾ 28.5 ശതമാനമായും ഉയർന്നു. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്തെ ലിംഗസമത്വത്തെ സൂചിപ്പിക്കുന്നു. 

ജിഇആർ ഉന്നതവിദ്യാഭ്യാസത്തിന്റെ ആകെ എണ്ണമാണ് കാണിക്കുന്നതെന്നും ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി പ്രോഗ്രാമുകൾ തമ്മിൽ വേർതിരിക്കുന്നില്ലെന്നും കാണേണ്ടതുണ്ട്. ഈ ലേഖനം ഉന്നതവിദ്യാഭ്യാസത്തിൽ, പ്രത്യേകിച്ച് പിജി, ഡോക്ടറൽ തലങ്ങളിൽ സ്ത്രീകളുടെ പ്രവേശന സാഹചര്യമാണ് പരിശോധിക്കുന്നത്. 2012–13 മുതൽ 21–22 വരെയുള്ള രാജ്യത്തെ വിവിധ വിദ്യാഭ്യാസ തലങ്ങളിലുള്ള സ്ത്രീകളുടെ പ്രവേശന പുരോഗതി മികച്ചതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2012–13 അധ്യയന വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉന്നതപഠനം നടത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഏകദേശം അഞ്ച് ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാർത്ഥികളില്‍ പകുതിയോളം (47.82 ശതമാനം) വനിതകളാണെന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. സ്ത്രീകളുടെ പ്രവേശനം 6.75 ശതമാനത്തിലധികം ഉയർന്ന, പിജി പ്രോഗ്രാമുകളിലെ പ്രവണത പ്രത്യേകിച്ചും ആവേശകരമാണ്. ബിരുദത്തിന് ശേഷം സ്പെഷ്യലൈസ്ഡ് പഠനം തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു. യുജി പ്രോഗ്രാമുകളിലും വർധനവ് കാണിക്കുന്നുണ്ടെങ്കിലും ഇത് മിതമായ നിരക്കായ 1.78 ശതമാനം മാത്രമാണ്. ഡോക്ടറൽ പ്രോഗ്രാമുകളിലും സ്ത്രീകളുടെ പങ്കാളിത്തം കുതിച്ചുയരുന്നു, 4.72 ശതമാനം വർധനവ്. ഗവേഷണം തുടരാനും തിരഞ്ഞെടുത്ത മേഖലകളിൽ അർത്ഥപൂർണമായി സംഭാവന നൽകാനും സ്ത്രീകളിൽ വളർന്നുവരുന്ന അഭിലാഷത്തെ ഇത് സൂചിപ്പിക്കുന്നു. മൊത്തത്തിൽ, ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിൽ ലിംഗസമത്വം കൈവരിക്കുന്നതിനുള്ള ഒരു നല്ല പ്രവണതയാണ് ദൃശ്യമാകുന്നത്.
മൊത്തം വിദ്യാർത്ഥികളില്‍ സ്ത്രീ അനുപാതം മികച്ചതാണെങ്കിലും വിവിധ വിഷയാധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശന നിരക്കും പരിശോധിക്കണം. 2012–13 മുതൽ 21–22 വരെയുള്ള ഒരു വിശകലനം, രാജ്യത്ത വിവിധ അക്കാദമിക് തലങ്ങളിലും വിഷയങ്ങളിലും സ്ത്രീപ്രവേശനത്തിലെ കൗതുകങ്ങള്‍ വെളിപ്പെടുത്തുന്നു. 2021–22ൽ പിജി തലത്തില്‍ ഏറ്റവും കൂടുതൽ വനിതാ വിദ്യാർത്ഥികളുമായി (11.93 ശതമാനം) സോഷ്യൽ സയൻസാണ് മുന്നില്‍. സയൻസ് (ഒമ്പത്), ഭാഷകൾ (8.45), കൊമേഴ്‌സ് (6.24), മാനേജ്‌മെന്റ് (5.97) എന്നിവയാണ് തൊട്ടുപിന്നില്‍. എന്നാല്‍ പിഎച്ച്ഡി തലത്തിൽ, ഏറ്റവും കൂടുതൽ വനിതാ വിദ്യാർത്ഥികളുടെ പ്രാതിനിധ്യത്തോടെ ശാസ്ത്രം മുന്നിലാണ് (10. 68ശതമാനം). എന്‍ജിനീയറിങ്/ടെക്‌നോളജി (8.44), സോഷ്യൽ സയൻസ് (5.82) എന്നിങ്ങനെയാണ് മറ്റുവിഷയങ്ങള്‍. ഈ അസമത്വം വനിതകൾക്കിടയിലെ അക്കാദമിക് മുൻഗണനകളിലും തൊഴില്‍ അഭിരുചിയിലുമുള്ള ചലനാത്മകമായ മാറ്റങ്ങളെ എടുത്തുകാണിക്കുന്നു. 

സാമൂഹ്യശാസ്ത്രം പിജി തലത്തിൽ കൂടുതൽ വനിതകളെ ആകർഷിക്കുമ്പോൾ, ശാസ്ത്രം, എന്‍ജിനീയറിങ്/സാങ്കേതികവിദ്യകളിലാണ് പിഎച്ച്ഡി തലത്തിൽ ഉയർന്ന പങ്കാളിത്തം കാണുന്നത്. 2012–13 മുതൽ സ്ത്രീകളുടെ പിഎച്ച്ഡി അനുപാതം 4.79 ശതമാനം വർധിച്ചു. ഇത് ഗവേഷണത്തിൽ അവരുടെ ഇടപെടൽ വർധിപ്പിക്കുന്ന നല്ല പ്രവണതയാണ്. 2012–13 മുതൽ 21–22 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോൾ, എന്‍ജിനീയറിങ്/ടെക്‌നോളജി, മെഡിസിൻ, നിയമം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ പിഎച്ച്ഡി പ്രവേശനം വർധിച്ചു. ഇത് പരമ്പരാഗതമായി പുരുഷമേധാവിത്തമുള്ള മേഖലകളിൽ കൂടുതൽ വനിതാപങ്കാളിത്തം സൂചിപ്പിക്കുന്നു. പിജി തലത്തിൽ, സോഷ്യൽ സയൻസ്, സയൻസ്, കൊമേഴ്‌സ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും വനിതാ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇത് സാമൂഹിക മാറ്റങ്ങളെയും തൊഴിൽ സാധ്യതകളെയും സ്വാധീനിച്ചേക്കാം.
നിയമം, മെഡിസിൻ, മാനേജ്മെന്റ് തുടങ്ങി പരമ്പരാഗതമായി പുരുഷമേധാവിത്തമുള്ള മേഖലകളിൽ പിജി തലത്തിൽ വനിതകളുടെ വർധനവുണ്ടെങ്കിലും മെച്ചപ്പെടുത്തേണ്ട ഇനിയും മേഖലകളുണ്ട്. എന്‍ജിനീയറിങ്/ടെക്‌നോളജി പ്രോഗ്രാമുകളില്‍ സ്ത്രീകളുടെ പിജി എൻറോൾമെന്റ് ഇടിവ് കാണിക്കുന്നു. സോഷ്യൽ സയൻസ് ഇതുവരെ പിഎച്ച്ഡി പ്രോഗ്രാമുകളിൽ ലിംഗ തുല്യത കൈവരിച്ചിട്ടുമില്ല. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ് എന്നിവയിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കേണ്ടത് നവീകരണത്തിന് നിർണായകമാണ്.
ഉന്നതവിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി സർക്കാരുകള്‍ സാമ്പത്തിക സഹായ പദ്ധതികൾ, പിന്നാക്കം നിൽക്കുന്നവര്‍ക്കുള്ള സ്കോളർഷിപ്പുകൾ തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്. ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണത്തില്‍ വനിതകളെ പിന്തുണയ്ക്കുന്നതിനായി ‘വിമൻ ഇൻ സയൻസ് ആന്റ് എന്‍ജിനീയറിങ്-കിരൺ’, ‘വിജ്ഞാൻ ജ്യോതി’ തുടങ്ങിയ പദ്ധതികള്‍ നിലവിലുണ്ട്. ഈ ശ്രമങ്ങൾക്കിടയിലും, സാമുദായികാചാരങ്ങളും മറ്റ് സാമൂഹിക‑സാമ്പത്തിക ഘടകങ്ങളും ഇപ്പോഴും പെൺകുട്ടികളെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. സാമൂഹിക മാനദണ്ഡങ്ങൾ പരിഹരിക്കുന്നതിനും ബോധവല്‍ക്കരണം ഉള്‍പ്പെടെ ലക്ഷ്യപിന്തുണ നൽകുന്നതിനും തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണ്.

(ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.