24 December 2024, Tuesday
KSFE Galaxy Chits Banner 2

കാർഷിക തൊഴിൽനഷ്ടവും ബദൽ മാർഗങ്ങളും

പ്രത്യേക ലേഖകന്‍
November 14, 2024 4:48 am

2011ലെ കാനേഷുമാരി അനുസരിച്ച് 23 കോടി പേരാണ് രാജ്യത്ത് കൃഷിയെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിൽ 10.68 കോടി കർഷകത്തൊഴിലാളികളാണ്. ഇന്ത്യയിലെ തൊഴിൽശക്തിയിലെ ഗണ്യമായ വിഭാഗമാണിത്. കാർഷിക തൊഴിലും ഭക്ഷ്യോല്പാദനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കുന്ന കണക്ക് കൂടിയാണിത്. എങ്കിലും, ഈ സുപ്രധാന തൊഴിൽശക്തി പലപ്പോഴും അപകടകരമായ സാഹചര്യങ്ങൾ, കുറഞ്ഞ കൂലി, ഭാഗികമായ തൊഴിലില്ലായ്മ എന്നിവയെ അഭിമുഖീകരിക്കുന്നു.
ഇതിനൊപ്പമാണ് വർധിച്ചുവരുന്ന കാർഷിക യന്ത്രവൽക്കരണ പ്രക്രിയ ഈ വെല്ലുവിളികളെ സങ്കീർണമാക്കുന്നത്. യന്ത്രവൽക്കരണം ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിന് അനിവാര്യ ഘടകമാണെങ്കിലും കർഷകത്തൊഴിലാളികളുടെ തൊഴിൽ സ്ഥാനചലനത്തിലേക്ക് ഇത് നയിക്കുന്നു. യന്ത്രവൽക്കരണത്തിലേക്കുള്ള മാറ്റത്തിലൂടെ തൊഴിൽ നഷ്ടമാകുന്ന ഈ വിഭാഗത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും ഇതര തൊഴിൽ ലഭ്യതയ്ക്കും വേണ്ടിയുള്ള അന്വേഷണങ്ങളും നടപടികളും അനിവാര്യമാണ്. 

കർഷകത്തൊഴിലാളികളുടെ ജീവിതം സമഗ്രമായി മെച്ചപ്പെടുത്തുന്നതിന് ഇൻഷുറൻസ്, പെൻഷൻ എന്നിവയ്ക്കപ്പുറത്ത് മറ്റ് പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നാണ് ഈ സാഹചര്യം വ്യക്തമാക്കുന്നത്. നൈപുണ്യ വികസനം, വിദ്യാഭ്യാസം, വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിലൂടെ ഈ തൊഴിലാളികളെ ശാക്തീകരിക്കുകയും, കാർഷികേതര മേഖലകളിലേക്ക് സുഗമമായി മാറ്റുന്നതിനും ക്ഷേമം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള നടപടികൾ ഉണ്ടാവുകയും വേണമെന്നാണ് കർഷക‑തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്. സ്വന്തം കൃഷിയിടങ്ങളിലോ മറ്റുള്ളവരുടെ പാടങ്ങളിൽ കൂലിക്കോ പണിയെടുക്കുന്നവരാണ് കർഷകത്തൊഴിലാളികൾ. കൃഷി ചെയ്യുന്ന ഭൂമിയോ പണിയായുധങ്ങളോ പോലും അവരുടെ സ്വന്തമല്ല. വിവിധ കാർഷിക ജോലികൾക്കാവശ്യമായ തങ്ങളുടെ കൈത്തൊഴിൽ സംഭാവന ചെയ്യുന്നവരാണവർ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ഗ്രാമീണ മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കുന്നതിലും അവർക്ക് നിർണായക പങ്കാണുള്ളത്. അവർ ഇന്ത്യന്‍തൊഴിലാളികളുടെ ഗണ്യമായ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്നു. രാജ്യത്തെ 46.5 ശതമാനം പേർ വിവിധ രീതിയില്‍ കാർഷികമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെന്നാണ് 2020–21 ആനുകാലിക തൊഴിൽശക്തി സർവേ വ്യക്തമാക്കുന്നത്.
ഭക്ഷ്യോല്പാദന രംഗത്ത് സുപ്രധാനമായ ജോലികൾ ചെയ്യുന്നവർ എന്ന നിലയിൽ കാർഷിക മേഖലയ്ക്ക് ഒഴിച്ചുകൂടാത്തവരാണ് കർഷകത്തൊഴിലാളികൾ. കൃഷിക്ക് നിലമൊരുക്കൽ, വിത്ത് വിതയ്ക്കൽ, നടീൽ, പറിച്ചുനടൽ, കളനിയന്ത്രണത്തിലൂടെയും ജലസേചനത്തിലൂടെയും വിളകൾ പരിപാലിക്കൽ, വിളവെടുപ്പും മെതിയും, കന്നുകാലികളെയും കോഴികളെയും പരിപാലിക്കൽ എന്നിങ്ങനെ വിവിധ ജോലികളിൽ ഏർപ്പെടുന്നവരാണവർ. 

ഉല്പാദനക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണെങ്കിലും കാർഷിക യന്ത്രവൽക്കരണത്തിലേക്കുള്ള നിരന്തരമായ മാറ്റം കർഷകത്തൊഴിലാളികളുടെ പരമ്പരാഗത തൊഴിൽ രീതികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിലൂടെ സംഭവിക്കുന്ന തൊഴിൽനഷ്ടം പരിഹരിക്കുന്നതിന് മറ്റ് മാർഗങ്ങൾ അത്യന്താപേക്ഷിതമാണ്. കാർഷികരംഗത്ത് തൊഴിലാളികളെ മാറ്റി വിവിധ ജോലികൾക്കായി യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൈത്തൊഴിലിന്റെ ആവശ്യകത കുറയുന്നു. മേഖലയിൽ കൂടുതൽ കാര്യക്ഷമതയും ഉല്പാദനവും അനിവാര്യമാണെന്നതാണ് ഈ മാറ്റത്തിന് കാരണം. ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയ വിളകളുടെ വർധിച്ചുവരുന്ന ഉല്പാദനത്തിന് വേഗമേറിയതും ഫലപ്രദവുമായ വിളവെടുപ്പ് നടപടിക്രമങ്ങൾ ആവശ്യമാണ്.
ഊർജാധിഷ്ഠിത യന്ത്രങ്ങൾ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമാണ്. കർഷകരുടെ ചെലവ് കുറയ്ക്കാനും കൂടുതൽ ഉല്പാദനം ഉണ്ടാക്കുന്നതിനും ഇത് സഹായിക്കുന്നു. പാർലമെന്ററി സ്ഥിരം സമിതിയുടെ 2022ലെ റിപ്പോർട്ട് പ്രകാരം ക്ഷീര വികസന മേഖലയിലും ഭക്ഷ്യ സംസ്കരണ രംഗത്തും 47 ശതമാനം പ്രവൃത്തികളും യന്ത്രവൽക്കരിക്കപ്പെട്ടുകഴിഞ്ഞു എന്നത് ഈ രംഗത്തെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. വിത്തിന് തടം തയ്യാറാക്കൽ, വിതയ്ക്കൽ, നടീൽ, കളനിയന്ത്രണം, വളപ്രയോഗം, വിളവെടുപ്പ്, മെതിക്കൽ, ജലസേചനം എന്നിവയുൾപ്പെടെ വിപുലമായ പ്രവർത്തനങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നു.
കാർഷിക യന്ത്രവൽക്കരണത്തിലൂടെ കുറഞ്ഞ ചെലവ്, വേഗത്തില്‍ ജോലി പൂർത്തിയാക്കൽ എന്നിങ്ങനെ നിരവധി നേട്ടങ്ങളുണ്ട്. സ്വാഭാവിക കണക്കനുസരിച്ച്, യന്ത്രവൽക്കരണം വിത്തുകളിലും വളങ്ങളിലും 15 മുതൽ 20 ശതമാനം വരെ ലാഭമുണ്ടാക്കുന്നു. വിതയ്ക്കലും വിളവെടുപ്പും പോലുള്ള ജോലികളിലെ മെച്ചപ്പെട്ട പ്രവർത്തന വേഗതയും കൃത്യതയും വഴി ഉല്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, വിത്ത്, രാസവളങ്ങൾ, കീടനാശിനികൾ എന്നിവയുടെ കൃത്യമായ പ്രയോഗം ഉറപ്പാക്കി, മാലിന്യങ്ങളും പാരിസ്ഥിതിക ആഘാതവും കുറയ്ക്കുന്നതിനും സഹായിക്കുന്നു. എന്നിരുന്നാലും, യന്ത്രവൽക്കരണത്തിലേക്കുള്ള മാറ്റം പരമ്പരാഗത തൊഴിലാളികള്‍ക്ക് ജോലിനഷ്ടമുണ്ടാക്കുന്നു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിൽ നടത്തിയ ഒരു പഠനത്തിൽ, തൊഴിലാളികളുടെ ആവശ്യകതയിൽ യഥാക്രമം 0.06, 4.34 യൂണിറ്റുകളുടെ കുറവിന് കാരണമായി. ഇത് യന്ത്രവൽക്കരണത്തിന്റെ നേരിട്ടുള്ള സ്വാധീനം പ്രകടമാക്കുന്നു. 

മനുഷ്യർ ചെയ്യുന്ന ജോലികൾ യന്ത്രങ്ങൾ ഏറ്റെടുക്കുമ്പോൾ, തൊഴിലാളികൾക്ക് തൊഴിൽ മാറ്റം അഭിമുഖീകരിക്കേണ്ടിവരുന്നു. കാർഷിക തൊഴിൽ രംഗത്തെ ഈ മാറ്റം വരുമാനത്തിൽ അസ്ഥിരതയുണ്ടാക്കുന്നു. ഗ്രാമീണ കുടുംബങ്ങളിലെ ആകെയുള്ള വരുമാനം നിലയ്ക്കുന്നതോടെ സമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കപ്പെടുന്നു. കൂടാതെ തൊഴിലില്ലായ്മ, വിപണിയിലെ തൊഴിലാളികളുടെ എണ്ണക്കൂടുതൽ കാരണമുള്ള വേതനക്കുറവ് എന്നിവയും നേരിടേണ്ടിവരുന്നു. ഈ പശ്ചാത്തലത്തിൽ കാർഷികേതര മേഖലകളിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന് ബദൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും നൈപുണ്യ പരിശീലനം നൽകുന്നതിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. കൃഷിയിതര ബദൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നത് ഈ കുടുംബങ്ങൾക്ക് ആവശ്യമായ സുരക്ഷിതത്വം നൽകും. കാർഷിക ഭൂപ്രകൃതി മാറുമ്പോഴും സ്ഥിരമായ വരുമാനം നിലനിർത്താൻ ഇത് അവരെ സഹായിക്കുന്നു.
കർഷകത്തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അതിൽ നല്ലൊരു പങ്കും ഇൻഷുറൻസ്, പെൻഷൻ എന്നിവയെ ചുറ്റിപ്പറ്റിയാണ്. ഇൻഷുറൻസ് ഒരു അപകടസാധ്യത ലഘൂകരിക്കാനുള്ള ഉപാധി മാത്രമാണ്. മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കാൻ വ്യക്തിയെ സഹായിക്കുന്നതിനു പകരം പെൻഷനും നിലവിലെ സാഹചര്യത്തെ പിന്തുണയ്ക്കുന്നത് മാത്രമാണ്.
ആളുകൾ കൃഷിയിൽ നിന്ന് മറ്റ് ജോലികളിലേക്ക് മാറുന്നത് സംബന്ധിച്ച് വിവരങ്ങള്‍ തേടിക്കൊണ്ടുള്ള പാർലമെന്റിലെ ചോദ്യത്തിന്, അത്തരം മാറ്റത്തിന്റെ വിശദാംശങ്ങൾ സർക്കാർ നൽകിയില്ല. നേരിട്ടുള്ള ഉത്തരത്തിനുപകരം, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ചും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ വിവിധ സംരംഭങ്ങളും നയങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദീകരിക്കുകയാണ് മറുപടിയിൽ. മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ, പ്രധാനമന്ത്രി മുദ്ര യോജന, നൈപുണ്യ വികസന പരിപാടികൾ എന്നിവയുൾപ്പെടെ കാർഷികേതര മേഖലകളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ പരിപാടികൾ കൃഷിയിൽ നിന്നുള്ള തൊഴിൽ മാറ്റത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ അതിൽ ഇല്ലായിരുന്നു.
കർഷകത്തൊഴിലാളികൾക്ക് കൂടുതൽ സംരക്ഷണം ആവശ്യമായി വരുന്നത് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ അവർക്ക് ലഭിക്കാത്തതിനാലാണ്. കർഷകത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഗ്രാമീണ ദരിദ്രരുടെയും കർഷകമേഖലയിലെയും തൊഴിലില്ലായ്മയും ദാരിദ്ര്യവും നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയൂ. 

(അവലംബം: ന്യൂസ് ക്ലിക്ക്)

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.