എഐഎസ്എഫിന്റെ 45ാമത് സംസ്ഥാന സമ്മേളനം സമര പോരാട്ടങ്ങളുടെ ചരിത്രംപേറുന്ന ആലപ്പുഴയിൽ ഇന്നും നാളെയും ചേരുകയാണ്. സംസ്ഥാനത്തെ മുഴുവൻ ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് പുതിയ കാലത്തെ വിദ്യാർത്ഥി പോരാളികൾ ആലപ്പുഴയിൽ സംഗമിക്കുന്നത്. ധീര രക്തസാക്ഷി സി കെ സതീഷ് കുമാറിന്റെയും, പുന്നപ്ര‑വയലാർ സമര പോരാളികളുടെയും ചരിത്രം ഉറങ്ങുന്ന ആലപ്പുഴയിൽ ചേരുന്ന സമ്മേളനം വരുംകാല വിദ്യാർത്ഥി പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്.
എട്ടരപതിറ്റാണ്ട് കാലത്തെ തീഷ്ണമായ അനുഭവങ്ങളിലൂടെയാണ് എഐഎസ്എഫ് മുന്നോട്ട് പോകുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ നിർണായക പങ്കാണ് എഐഎസ്എഫ് വഹിച്ചത്. മറ്റൊരു വിദ്യാർത്ഥി പ്രസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത ചരിത്രംപേറുന്ന പ്രസ്ഥാനം കൂടിയാണ് എഐഎസ്എഫ്. സ്വാതന്ത്ര്യമെന്നത് പുൽക്കൊടിപോലും സ്വപ്നം കണ്ടിരുന്നൊരു കാലത്താണ് എഐഎസ്എഫ് പിറവിയെടുത്തത്. 1936 ഓഗസ്റ്റ് 12 നാണ് ഉത്തർപ്രദേശിന്റെ തലസ്ഥാന നഗരിയായ ലഖ്‌നൗവിൽ തൊള്ളായിരത്തിൽ പരം വിദ്യാർത്ഥികളെ കൂട്ടിയിണക്കി എഐഎസ്എഫ് രൂപീകരിച്ചത്. എഐഎസ്എഫിന്റെ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണ്.
അന്ന് ആ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് മുഹമ്മദലി ജിന്നയായിരുന്നു. മഹാത്മാഗാന്ധി, ബാലഗംഗാധര തിലക്, പട്ടേൽ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ ആശംസാകുറിപ്പുകൾ സമ്മേളനത്തിൽ വായിച്ചു. ജന്മനാടിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാൻ വിദ്യാർത്ഥികളെ അണിനിരത്തി തെരുവിലിറിക്കിയ എഐഎസ്എഫ് ദേശസ്നേഹത്തിന്റെ മഹത്വമുയർത്തിപ്പിടിച്ച്, നിലയ്ക്കാത്ത സമര പരമ്പരകൾ തീർത്ത്, മാറ്റത്തിന്റെ പുതിയ നാളേയ്ക്കായി ഇന്നും സന്ധിയില്ലാ സമരത്തിലാണ്. എഐഎസ്എഫ് എന്ന നാലക്ഷരത്തിന് സ്വാതന്ത്ര്യമെന്നും സഹനമെന്നും പോരാട്ടമെന്നും അർത്ഥമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട എഐഎസ്എഫ് ലക്ഷ്യം പൂർത്തീകരിക്കും വരെ, ആ പോരാട്ടത്തിൽ പങ്കു ചേർന്നു. ക്വിറ്റ് ഇന്ത്യാ സമരം നയിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം 1942ൽ അറസ്റ്റ് ചെയ്യുകയും 1943ൽ 19 ആം വയസിൽ തൂക്കിലേറ്റുകയും ചെയ്ത വിദ്യാർത്ഥി ഹെമു കലാനി എഐഎസ്എഫ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിയായ ആദ്യ വിദ്യാർത്ഥിനി നേതാവ് കനകലതയും എഐഎസ്എഫ് ആയിരുന്നു. യാത്രാവകാശത്തിനായി പോരാടി ധീര രക്തസാക്ഷിത്വം വരിച്ച ചേർത്തല എസ്എൻ കോളജിലെ വിദ്യാർത്ഥി കൂടിയായിരുന്ന സി കെ സതീഷ് കുമാറും, വിദ്യാഭ്യസ കച്ചവടത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജയപ്രകാശും എഐഎസ്എഫിന്റെ കേരളത്തിലെ ജ്വലിക്കുന്ന ഓർമ്മകളാണ്. ‘സ്വാതന്ത്ര്യം, സമാധാനം, പുരോഗതി’ എന്ന മുദ്രാവാക്യമായിരുന്നു രൂപീകരണ കാലം മുതൽ ഉയർത്തിയിരുന്നതെങ്കിലും 1958ൽ നടന്ന ദേശീയ സമ്മേളനത്തിൽ അത് ഭേദഗതി വരുത്തി. അന്ന് മുതൽ പഠിക്കുക പോരാടുക എന്ന മുദ്രാവാക്യം ആണ് എഐഎസ്എഫ് മുന്നോട്ടു വയ്ക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള എഐഎസ്എഫ് വിദ്യാഭ്യാസ മേഖലയിലെ, കച്ചവടവല്ക്കരണത്തിനും വർഗീയവല്ക്കരണത്തിനും നിലവാരത്തകർച്ചയ്ക്കും, കാമ്പസുകളിലെ ഏകസംഘടനാ വാദത്തിനും എതിരായും പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും പ്രക്ഷോഭങ്ങൾ തുടരുകയാണ്.
ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായി രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ആയുധമെടുത്ത് പോരാടിയ രാജ്യത്തെ ഏക വിദ്യാർത്ഥി സംഘടനയാണ് എഐഎസ്എഫ്. ഐതിഹാസികമായ ഗോവൻ വിമോചന സമരം നടത്തിയ പാരമ്പര്യവും എഐഎസ്എഫിനാണ്. ഒപ്പം തന്നെ ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് എന്ന് അറിയപ്പെടുന്ന കൊത്താരി കമ്മിഷൻ റിപ്പോര്‍ട്ട് പൂർത്തിയാക്കാൻ എഐഎസ്എഫ് നൽകിയ സംഭാവനകളെ കുറിച്ച് ആമുഖത്തില്‍ തന്നെ കമ്മിഷൻ വിവരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വിഷയങ്ങളിൽ ഇടപെടുന്നതിനൊപ്പം തന്നെ പൊതുമണ്ഡലങ്ങളിലും ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയാണ് എഐഎസ്എഫ്. ന്യുനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും വിദ്യാഭ്യാസ വാണിഭത്തിന്റെ വാതിലുകൾ തുറക്കുകയുമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ വ്യക്തമാകുന്നത്. ബിജെപിയുടെയും സംഘപരിവാറിന്റെയും അജണ്ട വിദ്യാഭ്യാസ വർഗീയവല്ക്കരണത്തിലൂടെ പുതിയ തലമുറയെ പിടികൂടുക എന്നാണ്. ഹിറ്റ്ലർ പറഞ്ഞത് ക്യാച്ച് ദി യങ് എന്നാണ്. അത് നടപ്പിലാക്കുകയാണ് സംഘശക്തിയുടെ ഭരണകൂടം. സാധാരണക്കാരെ അക്ഷര വെളിച്ചത്തിൽ നിന്നും അകറ്റുക എന്ന സവർണ ഫാസിസ്റ്റ് അജണ്ടയാണ് സംഘപരിവാര്‍ ഭരണകൂടം പുതിയ വിദ്യാഭ്യാസ നയത്തിലൂടെ യാഥാർത്ഥ്യമാക്കുവാൻ ശ്രമിക്കുന്നത്.
മഹാ ഭൂരിപക്ഷത്തിന് വിദ്യ നിഷേധിക്കുന്ന മനുസ്മൃതി സിദ്ധാന്തമാണ് സംഘപരിവാർ പുത്തൻ വിദ്യാഭ്യാസനയത്തിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. വൈവിധ്യങ്ങളുടെ ഭൂമികയായ ഇന്ത്യയിൽ ബഹുസ്വരതയെ ഇല്ലാതാക്കുന്നതരത്തിനുള്ള ദേശീയ വിദ്യാഭ്യാസനയമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കരിക്കുലവും പാഠപുസ്തകങ്ങളും തയാറാക്കുന്നതിനുള്ള ചുമതല കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതോടെ സംസ്ഥാന താല്പര്യങ്ങൾ സംരക്ഷിച്ച് സിലബസ് തയാറാക്കുന്ന എസ്‌സിഇആര്‍ടി അപ്രസക്തമാകും. പ്രാദേശിക വൈജാത്യങ്ങളെ വിസ്മരിച്ചു മുന്നോട്ട് പോകുന്നതിലൂടെ സാംസ്കാരിക അടിമത്തം സൃഷ്ടിക്കപ്പെടും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ദേശീയ താല്പര്യങ്ങൾക്ക് യോജിച്ച വിഷയങ്ങളിൽ മാത്രം ഗവേഷണം നടത്താനുള്ള അനുമതി, വിദ്യാർത്ഥികൾക്ക് അർഹമായ ഫെലോഷിപ്പുകൾ തടഞ്ഞു വയ്ക്കുക തുടങ്ങി വിദ്യാർത്ഥി വിരുദ്ധ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. വിദ്യാഭ്യാസരംഗത്തെ ഇത്തരം കാവിവല്ക്കരണം തീർത്തും ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. ഈ നയം സമഗ്രമായ ചർച്ചയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണ്.
വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ 45ാമത് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാകുമ്പോൾ അത് കേരളത്തിന്റെ വിപ്ലവ മണ്ണായ ആലപ്പുഴയുടെ പോരാട്ട ചരിത്രത്തിലേക്കുള്ള തിരിച്ചു പോക്കുകൂടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗത്തിന്റെയും ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളുടെയും ഉജ്ജ്വലമായ ഏടാണ് പുന്നപ്ര — വയലാർ പ്രക്ഷോഭം. കഴിഞ്ഞ കാലത്ത് എഐഎസ്‌എഫ് എന്ന സംഘടന ദേശീയതലത്തിലും കേരളത്തിലും ഉയർത്തിയ ആശയ അവകാശ സമരങ്ങൾ ഒട്ടനവധിയാണ്. കേരളത്തിൽ പ്രളയവും കോവിഡും ഉയർത്തിയ പ്രതിസന്ധികാലത്തും സമര സംഘടനാ പ്രവർത്തനത്തിന് പുറമെ നിറവ് പോലുള്ള ക്രിയാത്മകമായതും മാതൃകാപരവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് എഐഎസ്‌എഫ് അതിന്റെ 45ാമത് സമ്മേളനത്തിന് ആലപ്പുഴയിലേക്കെത്തുന്നത്. പുതിയകാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കുവാനും ഭാവി കരുപ്പിടിപ്പിക്കാനും വിദ്യാര്‍ത്ഥിസമൂഹം എന്തൊക്കെ ചെയ്യണമെന്ന ചര്‍ച്ചകളും തീരുമാനങ്ങളും എഐഎസ്എഫ് സംസ്ഥാനസമ്മേളനത്തിലുണ്ടാകും. ഈ അവസരത്തിൽ ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളന നഗരിയിലേക്ക് ഏവർക്കും ഹൃദയപൂർവം സ്വാഗതമരുളുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.