അതുലിന്റെ മരണം അപ്രതീക്ഷിതമല്ല. ഏകദേശം ഒരു കൊല്ലമായി അര്‍ബുദ രോഗത്തിന്റെ ബുദ്ധിമുട്ടുകളോട് അതുല്‍ മല്ലടിക്കുകയായിരുന്നു. അജോയ് ഭവനിലും ഡല്‍ഹിയില്‍ സഹോദരിയുടെയും ലഖ്നൗവിലെ സ്വന്തം വീട്ടിലുമായി വേദനകള്‍ കടിച്ചമര്‍ത്തി അതുല്‍ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ പോരാടിക്കൊണ്ടിരുന്നു. ഡല്‍ഹി എംയിസില്‍ കാണാനെത്തിയ സഖാവ് രാജയോടും എന്നോടും സഖാക്കള്‍ കാംഗോ, പല്ലഭ്, ഡോ. ഖാന്‍ എന്നിവരോടും അതുല്‍ സംസാരിച്ചതത്രയും രാഷ്ട്രീയമായിരുന്നു. തനിക്ക് മാറാനാകാത്ത അസുഖമൊന്നും ഇല്ലെന്നും സജീവമായി പാര്‍ട്ടി കേന്ദ്രത്തിലേക്ക് മടങ്ങിവരുമെന്നും അതുല്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ കണ്ടത് അജോയ് ഭവന്റെ മുറ്റത്തുവച്ചാണ്. ഡല്‍ഹിയില്‍ അപ്പോള്‍ മഞ്ഞുകാല തണുപ്പ് വിട്ടുപോയിരുന്നില്ല. 10 മണിക്കു ശേഷമുള്ള സൂര്യപ്രകാശത്തില്‍ വെയിലുകായാന്‍ വേണ്ടി മുറ്റത്ത് ഇട്ട കട്ടിലില്‍ അതുല്‍ വേദന കടിച്ചമര്‍ത്തിക്കിടക്കുകയായിരുന്നു. ആ കാഴ്ച കണ്ടുകൊണ്ട് വിട്ടുപോരാന്‍ എനിക്ക് എളുപ്പമായിരുന്നില്ല. അതുലിന്റെ കട്ടിലിന്റെ ഓരത്തിരുന്ന എന്റെ കൈപിടിച്ചുകൊണ്ട് പ്രിയപ്പെട്ട ആ ചങ്ങാതി പറഞ്ഞു, ” കേരളത്തിലെ പാര്‍ട്ടി ഇന്ത്യന്‍ പാര്‍ട്ടിയുടെ പ്രതീക്ഷയും നട്ടെല്ലുമാണ്. അതിനെ നയിക്കാനാണ് ബിനോയ് നിയുക്തനായിരിക്കുന്നത്. അത് ഭംഗിയായി നിറവേറ്റാന്‍ സഖാവിന് തീര്‍ച്ചയായും കഴിയും, എന്റെ സ്നേഹവും ആശംസയും. എന്നും കൂടെ ഉണ്ടാകും. ” വിമാനത്താവളം വരെ എന്റെ ഓര്‍മ്മകളില്‍ മുഴുവന്‍ അതുല്‍ നിറയുകയായിരുന്നു.
ഓര്‍ക്കാന്‍ എത്രയെത്ര കാര്യങ്ങള്‍, എന്തെല്ലാം സംഭവങ്ങള്‍! 1970 കളില്‍ ആരംഭിക്കുന്ന ബന്ധമാണ് ഞങ്ങളുടേത്. എഐഎസ്എഫിന്റെ കൊടിക്കീഴില്‍ നിന്നാണ് അത് ആരംഭിക്കുന്നത്. ഞാനപ്പോള്‍ കേരള സംസ്ഥാന പ്രസിഡന്റായിരുന്നു. അതുല്‍ യുപി സംസ്ഥാന പ്രസിഡന്റും. യോഗങ്ങളിലെ ചര്‍ച്ചകളിലൊക്കെ അതുല്‍ പൊട്ടിത്തെറിക്കുന്നവനായിരുന്നു. യുക്തിയേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ വികാര വിക്ഷോഭങ്ങള്‍ മുമ്പില്‍ നിന്നു. തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ഏതറ്റം വരെയും അതുല്‍ തര്‍ക്കിക്കുമായിരുന്നു. പലപ്പോഴും തെക്കുനിന്നുള്ള ഞാനും വടക്കുനിന്നുള്ള അതുലും തമ്മില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. അതിലൂടെയാണ് ഞങ്ങള്‍ തമ്മില്‍ അടുത്തത്. അതിനിടയില്‍ ഞങ്ങള്‍ ഇരുവരും സ്വന്തം സംസ്ഥാനങ്ങളില്‍ അറിയപ്പെടുന്ന വിദ്യാര്‍ത്ഥി നേതാക്കളായി മാറി. അതുല്‍ ലഖ്നൗ യൂണിവേഴ്സിറ്റി യൂണിയന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെമ്പാടും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ആഞ്ഞടിച്ച കാലമായിരുന്നു അത്. അതിലെല്ലാം എഐഎസ്എഫ് അനിഷേധ്യമായ പങ്കുവഹിച്ചു. സമരമുഖങ്ങളില്‍ എഐഎസ്എഫുകാര്‍ തങ്ങളുടെ പോരാട്ട വീര്യം കാണിച്ചു. എവിടെയും ഞങ്ങള്‍ പിറകോട്ടു പോയില്ല. മര്‍ദനം ഉണ്ടായപ്പോഴെല്ലാം ആദ്യ അടി ഞങ്ങള്‍, എഐഎസ്എഫുകാര്‍ ഏറ്റുവാങ്ങി. അന്ന് ഡല്‍ഹിയില്‍ നേരില്‍ കാണുമ്പോള്‍ ഞങ്ങള്‍ പങ്കിട്ടത് കൂടുതലും സമരാനുഭവങ്ങളായിരുന്നു. അടിയേറ്റ് ഒടിഞ്ഞ കയ്യുമായി അതുല്‍ യോഗത്തിനുവന്നത് എനിക്ക് ഓര്‍മ്മയുണ്ട്. ആ പ്ലാസ്റ്ററിന്റെ മുകളില്‍ എന്റെ കയ്യൊപ്പിടാന്‍ അതുല്‍ ആവശ്യപ്പെട്ടു. കുറേ കഴിഞ്ഞ് പ്ലാസ്റ്റര്‍ വെട്ടിയപ്പോള്‍ ആ കയ്യൊപ്പുകള്‍ മാഞ്ഞുപോയി. പക്ഷെ ഞങ്ങള്‍ പരസ്പരം ഹൃദയത്തില്‍ ചാര്‍ത്തിയ സ്നേഹത്തിന്റെ കയ്യൊപ്പുകള്‍ അങ്ങനെ മാഞ്ഞുപോകുന്നതല്ല. ലുധിയാനയില്‍ ചേര്‍ന്ന എഐഎസ്എഫിന്റെ ദേശീയ സമ്മേളനം. അവിടെവച്ചാണ് ഡോ. ശംബു ശരണ്‍ ശ്രീവാസ്തവ (ബിഹാര്‍) അസീസ് പാഷ (ആന്ധ്രാപ്രദേശ്) എന്നിവര്‍ ഭാരവാഹിത്വം ഒഴിഞ്ഞപ്പോള്‍ എഐഎസ്എഫ് ഒരു പുതു നേതൃനിരയെ തേടിയത്. അതുല്‍ കുമാര്‍ അഞ്ജാന്‍ പ്രസിഡന്റായും അമര്‍ജീത് കൗര്‍ (പഞ്ചാബ്) ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഒരുതരം ആശയക്കുഴപ്പവും കൂടാതെ ആ തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതില്‍ കെ പി രാജേന്ദ്രനും ഞാനും അടക്കമുള്ള കേരള സഖാക്കള്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഞങ്ങളെല്ലാം അടങ്ങുന്ന എഐഎസ്എഫിന്റെ ആ ടീം പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുടെയും ചുമതലകള്‍ പല സംസ്ഥാനങ്ങളിലും വഹിച്ചു. അതുല്‍ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായി. അമര്‍ജീത് ആദ്യം മഹിളാ ഫെഡറേഷന്റെയും പിന്നീട് എഐടിയുസിയുടെയും ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായി.
ദേശീയ രാഷ്ട്രീയത്തിലെ ഉയര്‍ച്ച താഴ്ചകളെല്ലാം അടുത്തുനിന്ന് കാണാന്‍ അവസരം ലഭിച്ച നേതാവാണ് അതുല്‍ കുമാര്‍ അഞ്ജാന്‍. യുപിയിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ ഡോക്ടര്‍ എ പി സിങ്ങിന്റെയും പ്രമീള സിങ്ങിന്റെയും മകനായ അതുല്‍ പൂര്‍ണ അര്‍ത്ഥത്തില്‍ രാഷ്ട്രീയത്തിലേക്കാണ് പിറന്നുവീണത്. സമ്പന്നമായ കുടുംബ പശ്ചാത്തലം കമ്മ്യൂണിസ്റ്റ് ആകുന്നതില്‍ നിന്നും ആ വിദ്യാര്‍ത്ഥിയെ പിറകോട്ട് പിടിച്ചുവലിച്ചില്ല. പരന്ന വായനയും സമരബോധവും ആ യുവ കമ്മ്യൂണിസ്റ്റിന്റെ പ്രത്യേകതയായിരുന്നു. ജനക്കൂട്ടങ്ങളെ എന്നും ഹഠാതാകര്‍ഷിച്ച പ്രാസംഗികനായിരുന്നു അതുല്‍കുമാര്‍ അഞ്ജാന്‍. ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, മൈഥിലി ഭാഷകള്‍ അദ്ദേഹത്തിന് അനായാസം വഴങ്ങുമായിരുന്നു. കിസാന്‍ സഭയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വളര്‍ച്ചയില്‍ അതുല്‍ വഹിച്ച പങ്ക് എന്നും ഓര്‍മ്മിക്കപ്പെടും.
ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് സമൂലമായ മുന്നേറ്റത്തിന് പാതയൊരുക്കിയ സ്വാമിനാഥന്‍ കമ്മിഷനില്‍ അതുല്‍ ഒരംഗമായിരുന്നു. ഒന്നാം യുപിഎ ഗവണ്‍മെന്റിന് വഴി കാണിച്ച പൊതു മിനിമം പരിപാടി (കോമണ്‍ മിനിമം പ്രോഗ്രാം) ആവിഷ്കരിക്കാനുള്ള സമിതിയില്‍ ജനറല്‍ സെക്രട്ടറി സഖാവ് എ ബി ബര്‍ധനോടൊപ്പം രണ്ട് യുവനേതാക്കളെക്കൂടി പാര്‍ട്ടി നിയോഗിച്ചു. ഡി രാജയും അതുലും. തികഞ്ഞ രാഷ്ട്രീയ പക്വതയോടെ രണ്ടുപേരും ആ ചുമതല നിറവേറ്റി. ഇന്ത്യന്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്ന ഇന്ദ്രദീപ് സിന്‍ഹ ( മുന്‍ എംപി) യുടെ മകള്‍ ഭാരതി സിന്‍ഹയാണ് അതുലിന്റെ ഭാര്യ. തങ്ങളുടെ മകള്‍ക്ക് അവര്‍ നല്‍കിയ പേര് വിദുഷി എന്നാണ്. രണ്ട് സഹോദരിമാരുടെ പ്രീയപ്പെട്ട ആങ്ങളയാണ് അതുല്‍. രോഗക്കിടക്കയ്ക്ക് അരികില്‍ ആ സഹോദരിമാര്‍ അതുലിനുകൊടുത്ത സ്നേഹവും പരിചരണവും പലകുറി ഞാന്‍ കണ്ടതാണ്.
പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗങ്ങളെ സജീവമാക്കുന്നതില്‍ അതുല്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നു. നിര്‍ജീവമായ യോഗങ്ങളെ സഖാവ് ഇഷ്ടപ്പെട്ടിരുന്നില്ല. ചരിത്രത്തില്‍ മാഞ്ഞുപോകാത്ത കര്‍ഷക സമരത്തിന്റെ നടുവില്‍ വച്ചാണ് അതുലിന് രോഗബാധിതനായി പിന്നോട്ട് പോകേണ്ടിവന്നത്. അതിനു മുമ്പുള്ള എത്രയോ യോഗങ്ങളില്‍ സമരത്തോടുള്ള സമീപനങ്ങളെച്ചൊല്ലി ഞങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിട്ടുണ്ട്. സംവാദങ്ങള്‍ക്കൊടുവില്‍ പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ടല്ലാതെ പിരിഞ്ഞുപോയിട്ടില്ല. ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കാനാണ് മോഡി സര്‍ക്കാര്‍ കര്‍ഷക നിയമങ്ങളുമായി വന്നത്. അന്നദാതാവായ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില എന്ന അവകാശം കുഴിച്ചുമൂടാനാണ് അത് ലക്ഷ്യമിടുന്നത്. എന്നാല്‍ ആ സത്യം ഒളിച്ചുവച്ചുകൊണ്ട് താങ്ങുവിലയെപ്പറ്റി പേടിക്കേണ്ട എന്നാണ് മന്ത്രിമാര്‍ നിരന്തരം നുണപറഞ്ഞത്. പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ കേന്ദ്ര കൃഷി മന്ത്രിയുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടി വന്നപ്പോള്‍ മിനിമം താങ്ങുവില, നിയമത്തില്‍ ഉറപ്പു വരുത്തുമെങ്കില്‍ ഞങ്ങള്‍ അതിനെ പിന്താങ്ങുമെന്ന് ഞാന്‍ പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് സ്വയം വില്‍ക്കപ്പെട്ട മോഡി ഗവണ്‍മെന്റിന് ആ ഉറപ്പ് നിയമത്തില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് എനിക്കുറപ്പായിരുന്നു. പിന്നെ കൂടിയ പാര്‍ട്ടി കമ്മിറ്റിയില്‍ അതുല്‍ ചോദിച്ചു, ” എവിടെ ചര്‍ച്ച ചെയ്തിട്ടാണ് ബിനോയ് അങ്ങനെ പ്രസംഗിച്ചത് ?” പതിവുപോലെ ശബ്ദമുയര്‍ത്തിയായിരുന്നു അതുലിന്റെ സംസാരം. മോഡി ഗവണ്‍മെന്റിന് അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എനിക്കുറപ്പാണെന്നും അതുകൊണ്ടാണ് ഒരു വെല്ലുവിളി കണക്കെ അങ്ങനെ പ്രസംഗിച്ചതെന്നും ഞാന്‍ പറഞ്ഞു. പുറത്തുവന്നപ്പോള്‍ അതുല്‍ പറഞ്ഞത് തനിക്കും അത് ബോധ്യമാണെന്നാണ്. തൊട്ടുപിറ്റേന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം അതുല്‍ പൂര്‍ണ വിശ്രമത്തിനുവേണ്ടി ലഖ്നൗവിലേക്ക് പോയി. കര്‍ഷക സമരത്തില്‍ കിസാന്‍ സഭയുടെ പങ്കാളിത്തത്തിന് അതോടെ മങ്ങലേറ്റു. രോഗക്കിടക്കയില്‍ നിന്നും അതുല്‍ എന്നെ വിളിച്ചു പറഞ്ഞത്, സമരരംഗത്ത് നിരന്തരം ചെന്ന് തന്റെ കുറവ് നികത്തണമെന്നായിരുന്നു. ആ കുറവ് നികത്താന്‍ ഞങ്ങള്‍ക്ക് ആകില്ലെങ്കിലും ഞാനും ആനി രാജയും പഞ്ചാബിലെ കിസാന്‍ സഭ നേതാക്കളും വിക്കി മഹേശ്വരിയും സുഖ്‌വീന്ദറും തിരുമലയും അടങ്ങുന്ന ഒരു സംഘം ഞങ്ങളാലാകുന്നപോലെ ആ കര്‍ഷക നേതാവിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിച്ചു. ഞങ്ങളെയെല്ലാം അതിന്റെ പേരില്‍ കലവറ കൂടാതെ പ്രശംസിക്കുവാനും അതുല്‍ മറന്നിട്ടില്ല.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെപ്പറ്റി ഒരു കനപ്പെട്ട സെമിനാറും ആ രേഖകള്‍ സമാഹരിച്ച ഒരു പുസ്തകവും അതുലിന്റെ പദ്ധതികളില്‍ ഉണ്ടായിരുന്നു. യുപിയിലെ ഘോസി പാര്‍ലമെന്റ് സീറ്റ് സ്വന്തം പോലെ അതുല്‍ കണ്ട ഇടമാണ്. മൂന്നുതവണ അദ്ദേഹം അവിടെ മത്സരിച്ചു. ഇത്തവണ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ആ സീറ്റില്‍ മത്സരിച്ചു ജയിക്കണമെന്ന് അതുല്‍ ഉറപ്പിച്ചിരുന്നു. അതുലാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ആ സീറ്റ് സിപിഐക്കായി മാറ്റി വയ്ക്കാമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ അനൗദ്യോഗികമായി പറയുകയും ചെയ്തിരുന്നു. അതുലിന്റെ രോഗാവസ്ഥ എല്ലാം തകിടം മറിച്ചു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക ബാലറ്റ് യുദ്ധത്തിന്റെ മധ്യത്തില്‍ നിന്നും ഒരു വീറുറ്റ പോരാളി പെട്ടെന്ന് വിടവാങ്ങി. ആ പോരാളി അതുല്‍ കുമാര്‍ അഞ്ജാന്‍ എന്ന പ്രിയങ്കരനായ സഖാവാണെന്നുള്ളത് നമ്മളെയെല്ലാം ദുഃഖത്തിലാഴ്‌ത്തുന്നു. അതുല്‍ കുമാര്‍ അഞ്ജാന്റെ സ്മരണ നമ്മോട് പറയുന്നത് കണ്ണീരൊഴുക്കി തലതാഴ്ത്തി ഇരിക്കാനല്ല. കര്‍ഷകരെയും തൊഴിലാളികളെയും ചവിട്ടിമെതിക്കുന്ന, മതേതരത്വവും ജനാധിപത്യവും തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നിവര്‍ന്നു നിന്ന് പോരാടുക എന്നതാണ് അതുല്‍ കുമാര്‍ അഞ്ജാന്‍ നമ്മെ ഏല്‍പ്പിച്ച ദൗത്യം. ഈ പോരാട്ടത്തില്‍ കൈകോര്‍ത്ത് നിന്നുകൊണ്ട് ആ ദൗത്യം നിറവേറ്റുമെന്നും കര്‍ഷക പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ നമ്മുടെ പങ്ക് നിര്‍വഹിക്കുമെന്നും നാം പ്രതിജ്ഞ ചെയ്യുന്നു.
പ്രിയ സഖാവേ ലാല്‍ സലാം…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.