അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) കൺവെൻഷന്റെ 2011ലെ തീരുമാന പ്രകാരം ജൂൺ 16 സാർവദേശീയ ഗാർഹിക തൊഴിലാളി ദിനമായി ആചരിക്കുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വീട്ടുജോലിക്കാരുടെ സുപ്രധാന സംഭാവനയെ അംഗീകരിച്ചുകൊണ്ട്, സ്ത്രീ-പുരുഷ തൊഴിലാളികൾക്ക് ഉയർന്ന പ്രതിഫലമുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കാനും പ്രായമായവർ, കുട്ടികൾ, അംഗപരിമിതർ മുതലായവരെ പരിചരിക്കുന്ന തൊഴിലിന് കൂടുതൽ വ്യാപ്തിയുണ്ടാക്കാനും ഇതുകൊണ്ട് സാധിച്ചിട്ടുണ്ട്. എങ്കിലും ഗാർഹിക തൊഴിൽ ഇന്നും പര്യാപ്തമായ രീതിയിൽ മൂല്യപ്പെടുത്താത്തതും, അദൃശ്യമായിത്തന്നെ തുടരുന്നതും, ഈ മേഖലയിൽ പണിയെടുക്കുന്നത് പ്രധാനമായും സ്ത്രീകളും പെൺകുട്ടികളുമാണ് എന്നതുകൊണ്ടാണ്. മാത്രമല്ല അവരിൽ ഭൂരിഭാഗവും പിന്നാക്ക സമുദായ അംഗങ്ങളോ, പ്രവാസികളോ ആണുതാനും. ഇവർ നീതിരഹിത നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിവേചനത്തിനും മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയമാകുന്ന ദുർബല വിഭാഗത്തിൽപ്പെടുന്നവരുമാണ്. വികസ്വര രാജ്യങ്ങളിൽ സംഘടിത മേഖലയിൽ പരിമിതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് ദേശീയ തൊഴിൽസേനയിൽ, ഗാർഹിക തൊഴിലാളികൾ പാർശ്വവൽക്കരിക്കപ്പെടുകയാണ്. ഗാർഹിക തൊഴിൽ എന്നത് പ്രത്യേക സാഹചര്യത്തിൽ നിർവഹിക്കപ്പെടുന്നതിനാൽ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ പൂർണമായി അനുഭവയോഗ്യമാക്കുന്നതിന്, പൊതുവായ മാനദണ്ഡങ്ങൾ അനുരൂപണം ചെയ്യേണ്ടതുണ്ട്. ഈ തലങ്ങളെയെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് ഐഎൽഒ, 2011ലെ കൺവെൻഷനിൽ ഗാർഹിക തൊഴിലാളി ദിനം ആചരിക്കാൻ തീരുമാനിച്ചത്.
13 വർഷങ്ങൾ പിന്നിടുമ്പോള്‍ ഗാർഹിക തൊഴിലാളികളുടെ അവസ്ഥ എന്താണെന്ന് മനസിലാക്കുന്നതിന് ഇത്തരം ദിനാചരണങ്ങൾ ഉതകുമെന്നതിൽ സംശയമില്ല. മാർച്ച് എട്ട്, സാർവദേശീയ വനിതാ ദിനം ഏറെ ആഘോഷത്തോടെയാണെങ്കിലും കച്ചവട സംസ്കാരത്തിന്റെ തള്ളിക്കയറ്റത്തിൽ കച്ചവടവൽക്കരിക്കപ്പെടുമ്പോഴും നിശബ്ദവും അദൃശ്യവുമായി പണിയെടുക്കുന്ന സ്ത്രീകളായ ഗാർഹിക തൊഴിലാളികളുടെ ദിനം ഒരു കൊട്ടിഘോഷവുമില്ലാതെ കടന്നു പോകുന്നു എന്നത് സ്ത്രീശാക്തീകരണത്തിന് മുറവിളി കൂട്ടുന്നവർ വിസ്മരിക്കാൻ പാടില്ല. കാരണം യഥാർത്ഥത്തിൽ ശാക്തീകരണം നടത്തേണ്ടതും തുടങ്ങേണ്ടതും നമ്മുടെ ഗൃഹങ്ങളിൽ നിന്നുതന്നെ. ഗാർഹിക തൊഴിലാളികളുടെ പണിയിടം മറ്റൊരാളുടെ ഗൃഹം എന്നതുകൊണ്ട് ഇതിന് പ്രാധാന്യമുണ്ട്.
ആഗോളതലത്തിൽ, ഏകദേശം 76 ദശലക്ഷം വീട്ടുജോലിക്കാരുണ്ട്, അവരിൽ 76 ശതമാനവും സ്ത്രീകളാണ്. അവരുടെ ജോലി വൃത്തിയാക്കൽ, പാചകം, സ്വകാര്യ വീടുകളിലെ കുട്ടികളെയും പ്രായമായവരെയും പരിപാലിക്കുക എന്നിവയാണ്. എന്നിരുന്നാലും, സുരക്ഷിതമല്ലാത്തതും ദുരുപയോഗം ചെയ്യുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ, കുറഞ്ഞ വേതനം, വളരെ ദൈർഘ്യമേറിയ സമയം, വിശ്രമ ദിവസങ്ങളോ അവധി ദിനങ്ങളോ ഇല്ലായ്മ, ആനുകൂല്യങ്ങളുടെയും സാമൂഹിക പരിരക്ഷയുടെയും അഭാവം എന്നിവ നിലനിൽക്കുന്നു. കുടിയേറ്റ ഗാർഹിക തൊഴിലാളികൾക്കും കുട്ടികളായ വീട്ടുജോലിക്കാർക്കും മോശം അവസ്ഥകൾ കൂടുതൽ സങ്കീർണമാകുന്നു. ആഗോളതലത്തിൽ, ഗാർഹിക തൊഴിലാളികളുടെ വേതനം ഗാർഹികേതര ജീവനക്കാരുടെ 56 ശതമാനം മാത്രമാണ്. വികസ്വര രാജ്യങ്ങളിലാകട്ടെ ഇത് മൂന്നിലൊന്നിൽ താഴെയാണ്. നമ്മുടെ രാജ്യത്തെ ഏകദേശം 4.8 ദശലക്ഷം ഗാർഹിക തൊഴിലാളികളിൽ 2.9 ദശലക്ഷവും സ്ത്രീകളാണ്. മൊത്തം വനിതാ തൊഴിലാളികള്‍ 3.5 ശതമാനം ഗാർഹിക ജോലികളിൽ ഏർപ്പെടുന്നു. കാർഷിക മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും കൂടുതൽ തൊഴിലാളികളെ ഉൾക്കൊള്ളുന്ന മേഖലയാണിത്. ഇതിൽത്തന്നെ 66 ശതമാവും നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഈ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം നാൾക്കുനാൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ 75 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇവരിൽ ഏറെപ്പേരും വിദ്യാഭ്യാസം കുറഞ്ഞവരും അവിദഗ്ധരായ തൊഴിലാളികളുമാണ്. അതുകൊണ്ടുതന്നെ സംഘടിതരല്ലാത്ത ഇവർ സ്വയം വിലപേശലിന് പ്രാപ്തരാകുന്നുമില്ല. ഇതിനുപുറമെ രണ്ട് ലക്ഷത്തോളം കുട്ടികള്‍ വീടുകളിലും ഭക്ഷണ ശാലകളിലും പണിയെ ടുക്കുന്നുണ്ട്. പലവിധ ചൂഷണങ്ങളിൽപ്പെട്ട് പ്രതികരിക്കാൻ സാധിക്കാതെ ജീവിതമാർഗം നഷ്ടപ്പെടാതിരിക്കാൻ എല്ലാം സഹിക്കുന്നവരാണിവർ. നമ്മുടെ ഗൃഹങ്ങളിൽ മികച്ച സാഹചര്യമൊരുക്കാൻ മൂകവും അദൃശ്യവുമായി പ്രവർത്തിക്കുന്ന ഇവരുടെ ആരോഗ്യ ശുചിത്വ പാലനത്തിന് നാം എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്ന് ചിന്തിക്കേണ്ടതല്ലേ? നമുക്കുവേണ്ടി ഭക്ഷണം പാകം ചെയ്യുകയും കുഞ്ഞുങ്ങളെയും മുതിർന്നവരെയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഇവരുടെ ആരോഗ്യവും വ്യക്തിശുചിത്വവും നമ്മൾ സംരക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചേയ്യേണ്ടതല്ലേ? ഇത്തരത്തിലുള്ള ഉത്തരവാദിത്തം എത്രപേർ മനസിലാക്കുന്നുണ്ട്? നമ്മൾ ചെയ്യുന്ന തൊഴിൽപോലെ തന്നെ ഗാർഹിക തൊഴിലാളിക്ക് തൊഴിലവകാശങ്ങൾ എത്രകണ്ട് നൽകുന്നു എന്നും ചിന്തിക്കേണ്ടതാണ്.
സംഘടിത മേഖല നേടിയിട്ടുള്ള തൊഴിലവസരങ്ങൾ, അവരുടെ ജോലികൾക്ക് വിഘാതം സംഭവിക്കാതെ പണിയെടുക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് നിഷേധിക്കുന്നത് എങ്ങനെ നീതീകരിക്കാൻ സാധിക്കും. എട്ട് മണിക്കൂർ ജോലിയും മിനിമം വേതനവും പ്രസവാവധിയും, മറ്റ് അവധികളുമെല്ലാം ഗാർഹിക തൊഴിലാളികൾക്കും അവകാശപ്പെട്ടതാണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു.
ഏറ്റവും ആശ്ചര്യമുള്ള കാര്യം ഇന്ത്യയിലെ ഗാർഹിക തൊഴിലാളികൾക്കായി ഒരു നിയമമില്ല എന്നതാണ്. ദേശീയ വനിതാ കമ്മിഷൻ 2008–10ൽ ഗാർഹിക തൊഴിലാളി (രജിസ്ട്രേഷൻ, സാമൂഹിക സുരക്ഷയും ക്ഷേമവും) ബില്ലിന് കരട് ഉണ്ടാക്കിയിരുന്നു. ഇതിൽ മിനിമം കൂലി, തൊഴിൽ സാഹചര്യം, നിയമലംഘനവും പിഴയും, ക്ഷേമനിധി തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ ഇന്നും അത് ശീതീകരണിയിൽ തന്നെയാണ്. ഗാർഹിക തൊഴിലാളികളുടെ കൃത്യമായ കണക്കിന്റെ അഭാവവും നിലനിൽക്കുന്നു. ഇവരെ ഗാർഹിക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തി പരിരക്ഷ നൽകേണ്ടതുണ്ട്. പല റിക്രൂട്ടിങ് ഏജൻസികളും അവരുടെ ലാഭത്തിനായി തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. കൃത്യമായ പരിശോധനകളുടെ അഭാവം ഇത്തരം ചൂഷണം നിർബാധം തുടരുവാൻ സഹായിക്കുന്നു എന്നതും വസ്തുതയാണ്. ഗാർഹിക തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭരണഘടനയുടെ നിർദേശകതത്വങ്ങൾ ഉപയോഗിക്കേണ്ടതാണ്. അനുച്ഛേദം 23: (മൗലിക അവകാശങ്ങൾ) — മനുഷ്യക്കടത്ത്, ഭിക്ഷാടനം മറ്റ് രൂപത്തിലുള്ള നിർബന്ധിത വേല എന്നിവ നിരോധിക്കുന്നു. അനുച്ഛേദം: 39 ആളുകളുടെ ആരോഗ്യവും ശക്തിയും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും, സാമ്പത്തിക പ്രയാസങ്ങളെ മുൻനിർത്തി തന്റെ പ്രായത്തിനും ആരോഗ്യത്തിനും ഉചിതമല്ലാത്ത ജോലി നിർബന്ധിച്ച് ചെയ്യിക്കുന്നത് തടയൽ പൗരൻ എന്ന നിലയിൽ ഗാർഹിക തൊഴിലാളികൾക്കും അവകാശപ്പെട്ടതാണ്. എന്നാൽ ദുർബലമായ സംഘടനാവൽക്കരണം ഇവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നത് പ്രയാസമേറിയതാകുന്നു. ശക്തമായ ഒരു സംഘടനാ സംവിധാനത്തിന്റെ അഭാവം മാന്യമായ വേതനത്തിനു വേണ്ടിയുള്ള വിലപേശൽ അധികാരത്തെ പരിമിതപ്പെടുത്തുന്നു. ഈ തൊഴിലാളികൾ നേരിടുന്ന ചൂഷണവും ശാരീരിക പീഡനവും അറുതിവരുത്താൻ മറ്റ് വ്യവസ്ഥാപിത മേഖലകളിൽ നിന്നും യാതൊരു പിന്തുണയും ലഭ്യമാകുന്നില്ല എന്നതും വാസ്തവമാണ്.
അതേസമയം കേരളത്തിൽ ഗാർഹിക തൊഴിലാളി ക്ഷേമനിധിയിലൂടെ അംഗങ്ങൾക്ക് ഏതാനും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. പെൻഷൻ, കുടുംബ പെൻഷൻ, പ്രസവാനുകൂല്യം, ചികിത്സാ സഹായം, വിദ്യാഭ്യാസാനുകൂല്യം, മരണാനന്തര ചെലവ്, മരണാനന്തര സഹായം തുടങ്ങിയവയാണ് ലഭ്യമാവുക. 18 നും 59 വയസിനും ഇടയിൽ പ്രായമുള്ള ഗാർഹിക തൊഴിലാളിക്ക് ക്ഷേമനിധിയിൽ അംഗമായി രജിസ്റ്റർ ചെയ്യാം. കാലങ്ങളായി ചൂഷണത്തിന് വിധേയരാകുന്നവരാണ് ഇന്ത്യയിലെ ഗാർഹിക തൊഴിലാളികൾ. നിരവധി സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ ഇവരെ ദുർബലപ്പെടുത്തുന്നു. ദൃഢമായ നിയമവ്യവസ്ഥയുടെ അഭാവവും, നിലനിൽക്കുന്ന നിയമ വ്യവസ്ഥയുടെ ദുർബലമായ നടപ്പാക്കലും ഈ അവസ്ഥയ്ക്ക് കാരണമാണ്. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ദേശീയ‑സംസ്ഥാന സർക്കാരുകൾ സമഗ്രമായ നയരൂപീകരണവും നിയമനിർമ്മാണവും നടത്തേണ്ടതാണ്. തൊഴിലാളികളുടെ അവകാശങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ശക്തമായി നേരിടേണ്ടതാണ്. ശാരീരിക പീഡനങ്ങൾ തടയുന്നതിനായി ഉയർന്ന അവബോധമുണ്ടാക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.