19 December 2024, Thursday
KSFE Galaxy Chits Banner 2

കൃഷിയിലെ ബിഗ് ഡാറ്റ: സാധ്യതയും വെല്ലുവിളിയും

സജി ജോണ്‍
October 15, 2022 5:45 am

ഭക്ഷ്യസുരക്ഷയെപ്പറ്റിയുള്ള ആകുലത ലോകമെങ്ങും വ്യാപിക്കുന്നതിനിടെ കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഗവേഷണസ്ഥാപനമായ ഇടിസി ഗ്രൂപ്പ് കഴിഞ്ഞ സെപ്റ്റംബർ 26 ന് പ്രസിദ്ധീകരിച്ച, ‘ഫുഡ് ബാരൺ 2022’ എന്ന റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ള ചില വസ്തുതകൾ ആശങ്ക വർധിപ്പിക്കുന്നതാണ്. വിത്തും വളവും കീടനാശിനികളും കാര്‍ഷിക യന്ത്രങ്ങളും ഉൾപ്പെടെയുള്ള ഉല്പാദനോപാദികളുടെ നിർമ്മാണവും വിതരണവും നിയന്ത്രിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെയും (ബിഗ് അഗ്രി) ഭക്ഷ്യോല്പാദന‑വിതരണ ശൃംഖലയിൽ പിടിമുറുക്കിയിരിക്കുന്ന ‘ബിഗ് ഫുഡ്’ ഭീമന്മാരുടേയും കൈകളിലേക്ക്, കർഷകരെയും ഉപഭോക്താക്കളെയും സംബന്ധിച്ചുള്ള വിവരശേഖരം (ബിഗ് ഡാറ്റ) വലിയതോതിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ‑കാർഷിക സംഘടനയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ സമിതിയുടെ അൻപതാം പ്ലീനറി സമ്മേളനത്തിന് മുന്നോടിയായിട്ടാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ‘ബിഗ് അഗ്രി-ബിഗ് ഫുഡ്’ കുത്തകകൾ തങ്ങളുടെ ബിസിനസ് തന്ത്രങ്ങൾ ഒരുക്കുന്നത്, കർഷകരുടെയും ഉപഭോക്താക്കളുടെയും വിവരശേഖരമായ ‘ബിഗ് ഡാറ്റ’യെ അടിസ്ഥാനപ്പെടുത്തിയാണ്. ആപ്പിൾ, അലിബാബ, ആമസോൺ, ഐബിഎം, ഗൂഗിൾ, ബൈഡു, മൈക്രോസോഫ്റ്റ് തുടങ്ങിയ ബിഗ് ഡാറ്റ കോർപറേറ്റുകളുമായി കൈകോർത്ത്; ബെയർ, ദീരേ, കോർട്ടിവ, സിൻജന്റ, നുട്രിൻ തുടങ്ങിയ ബിഗ് അഗ്രി കുത്തകകൾ, തങ്ങളുടെ ബിസിനസ് പൂർണമായും ബിഗ് ഡാറ്റ പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയാണ്‌. ബെയർ ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ‘ഫീൽഡ് വ്യൂ‘വിൽ ഉള്ളത് 23 രാജ്യങ്ങളിൽ നിന്നുള്ള 78.2 മില്യൺ ഹെക്ടർ കൃഷിയിടങ്ങളുടെ വിവരശേഖരണമാണ്. മൈക്രോസോഫ്റ്റിന്റെയും ആമസോണിന്റെയും ക്ലൗഡ്‌ സെർവറുകളിലേക്കാണ് ഇവ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക യന്ത്രങ്ങളുടെ കമ്പനിയായ ‘ദീരേ & കമ്പനി’ ഇപ്പോൾ മെക്കാനിക്കൽ എൻജിനീയർമാരേക്കാൾ കൂടുതലായി റിക്രൂട്ട് ചെയ്യുന്നത് സോഫ്റ്റ്‌വേർ എൻജിനീയർമാരെയാണ്. ഭക്ഷ്യധാന്യ വിതരണ ശൃംഖലയുടെ എല്ലാ കണ്ണികളും ‘ബ്ലോക്ക് ചെയിൻ ഡിജിറ്റല്‍ ടെക്‌നോളജി‘യുടെ കൈപ്പിടിയിൽ ഒതുങ്ങുകയാണ്.

കർഷകരിൽ നിന്നും കൃഷിയിടത്തിൽ നിന്നുമുള്ള വിവരശേഖരണം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും കൃത്രിമബുദ്ധിയുടെയും സഹായത്തോടെ അപഗ്രഥിച്ച്, അവയെ കാർഷിക‑ഭക്ഷ്യമൂല്യ ശൃംഖലയുടെ വിവിധ തലങ്ങളിലെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ബിഗ് ഡാറ്റയുടെ സാംഗത്യം. കൃഷിയിടത്തിന്റെ വിസ്തൃതിയുൾപ്പെടെയുള്ള വിവരങ്ങൾ, കാലാവസ്ഥ, മണ്ണിലെ പോഷകനിലവാരം, രാസവള‑കീടനാശിനികളുടെ ഉപയോഗം, ഇൻഷുറൻസ്- ക്രെഡിറ്റ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ് കൃഷിയിലെ ബിഗ് ഡാറ്റ. സ്മാർട്ട്-ഡിജിറ്റൽ‑കൃത്യത കൃഷിയുടെ അവിഭാജ്യ ഘടകമായി ഇതു മാറ്റിയിട്ടുണ്ട്. കൃഷി ലാഭകരമാക്കുന്നതിനൊപ്പം ഇതര തൊഴിൽമേഖലകളിലേക്കുള്ള കർഷകരുടെ പ്രവാസം അവസാനിപ്പിക്കുവാനും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുവാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ബിഗ് ഡാറ്റ‑ഡിജിറ്റൽ ടെക്നോളജിയുടെ സഹായത്തോടെ ഭക്ഷ്യവിതരണ ശൃംഖലയിലെ ഭക്ഷ്യനഷ്ടം ഒഴിവാക്കിയാൽ, പ്രതിവർഷം 155 മുതൽ 405 ബില്യൺ ഡോളർ വരെ ലാഭിക്കുവാൻ കഴിയുമെന്നാണ് നിഗമനം. സ്മാർട്ട് കൃഷിയിലേക്കും സ്മാർട്ട് കൃഷിയുടെ ഭാഗമാകുന്ന സെൻസർ, ക്ലൗഡ്‌ കമ്പ്യൂട്ടിങ്, ഡ്രോൺ, റോബോട്ട് തുടങ്ങിയ സാങ്കേതിക വ്യാപാര മേഖലകളിലേക്കും വലിയതോതിൽ നിക്ഷേപം ഒഴുകിയെത്തുവാൻ ഇതിടയാക്കുമെന്നും കണക്കുകൂട്ടപ്പെടുന്നു.

 


ഇതുകൂടി വായിക്കു; കാര്‍ഷിക മേഖലയുടെ പ്രശ്‌നം കൃഷി ചെയ്യാത്തവനെയും ബാധിക്കുന്നുണ്ട് | P Prasad | Cpi State Conference


ടെക്നോളജിയും കൃത്രിമബുദ്ധിയും അരങ്ങുവാഴുന്ന ഡിജിറ്റൽ യുഗത്തിൽ, കൃഷിയിലെ വിവരശേഖരണവും ഡിജിറ്റലൈസേഷനും ഒഴിവാക്കപ്പെടേണ്ടതോ എതിർക്കപ്പെടേണ്ടതോ അല്ല. എന്നാൽ കർഷകരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരശേഖരണം എങ്ങനെ സംരക്ഷിക്കപ്പെടുമെന്നതും കർഷകർക്ക് എപ്രകാരം പ്രയോജനപ്പെടുമെന്നതും പ്രധാനമാണ്. ഏതാണ്ട് 608 മില്യൺ കർഷക കുടുംബങ്ങളാണ്, ലോകത്തിനുവേണ്ട 80ശതമാനം ഭക്ഷ്യോല്പന്നങ്ങളും കൃഷി ചെയ്യുന്നത്. ഈ കർഷകരിൽ 70 ശതമാനവും ഒരു ഹെക്ടറിൽ താഴെമാത്രം കൃഷിഭൂമിയുള്ളവരാണ്. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള കർഷകർ ഏതാണ്ട് 84 ശതമാനമാണ്. എന്നാൽ അവരുടെ കൈവശമുള്ള കൃഷിയിടം 12 ശതമാനം മാത്രമാണ്. വിത്തിന്റെയും മറ്റ് നടീൽ വസ്തുക്കളുടെയും നിയന്ത്രണവും വലിയൊരളവുവരെ (80–90ശതമാനം) നമ്മുടെ കർഷകരിൽ സുരക്ഷിതമാണ്. കൃഷിയിടത്തിലെ ഏതു പുത്തൻ സാങ്കേതികവിദ്യയും കർഷകരെ ഉൾക്കൊള്ളിച്ചും അവർക്ക് അനുഭവഭവേദ്യമാക്കിയുമാണ് പ്രയോഗവല്ക്കരിക്കേണ്ടത്. സാങ്കേതിക വിദ്യകൾക്കായുള്ള മുതൽമുടക്കോ, അതുപയോഗപ്പെടുത്തുന്നതിലുള്ള സാങ്കേതിക ജ്ഞാനത്തിന്റെ കുറവോ കൃഷിയും കൃഷിഭൂമിയും ഉപേക്ഷിച്ചു പോകുവാൻ പ്രേരിതമാകരുത്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ, കാർഷിക‑ഭക്ഷ്യമേഖലയെ വിരലിലെണ്ണാവുന്ന കോർപറേറ്റ് കുത്തകകൾ കൈപ്പിടിയിലൊതുക്കുന്ന ചിത്രമാണ് നാമിന്നു കാണുന്നത്. സിൻജെന്റ, ബെയർ, ബിഎഎസ്എഫ്, കോർട്ടിവ എന്നീ നാലു കമ്പനികളാണ് മൊത്തം വിത്ത് കച്ചവടത്തിന്റെ 50 ശതമാനവും കീടനാശിനി വിപണിയുടെ 62 ശതമാനവും നിയന്ത്രിക്കുന്നത്. വിത്ത് വ്യാപാരത്തിന്റെ 23 ശതമാനവും ബെയറിന്റെ കുത്തകയാണ്. കാര്‍ഷിക യന്ത്ര വ്യവസായത്തിൽ 50 ശതമാനവും നിയന്ത്രിക്കുന്നത് വെറും ആറ് കമ്പനികളാണ്. ദീരേ ആന്റ് കമ്പനി മാത്രം സ്വന്തമാക്കിയിരിക്കുന്നത് മൊത്തം വ്യാപാരത്തിന്റെ 18ശതമാനമാണ്. വ്യാവസായികരാജ്യങ്ങളിലെല്ലാം കോർപറേറ്റുകളാണ് കാർഷികമേഖലയെ നിയന്ത്രിക്കുന്നത്. ബിഗ് ഡാറ്റായുടെ സഹായത്തോടെ, കൃഷി പരിപാലനമുറകൾ മനുഷ്യസഹായമില്ലാതെ തീരുമാനിക്കപ്പെടുകയും അനുവർത്തിക്കപ്പെടുകയും ചെയ്യുന്നു. അത്തരം കൃഷിയിടങ്ങളിൽനിന്ന് പാവപ്പെട്ട കർഷകർ ആട്ടിയോടിക്കപ്പെടുകയാണ്. പ്രധാനപ്പെട്ട ഉല്പാദന രാജ്യങ്ങളിലൊന്നായ അമേരിക്കയിൽ, ജനസംഖ്യയുടെ 1.5ശതമാനം മാത്രമാണ് കർഷകരായുള്ളത്.

ആഗോള നയത്തിന്റെ ചുവടുപിടിച്ച്, ബിഗ് ഡാറ്റയിൽ അധിഷ്ഠിതമായ ‘ഡിജിറ്റൽ ഇക്കോസിസ്റ്റം’ കാഴ്ചപ്പാടുമായി ഇന്ത്യയും മുന്നോട്ടു പോകുകയാണ്. കാര്യശേഷിയുടെയും ഉല്പാദനക്ഷമതയുടെയും മെച്ചപ്പെട്ട തലത്തിലേക്ക് കാർഷികമേഖലയെ ഉയർത്തി, കർഷകക്ഷേമവും വരുമാനവർധനവും ഉറപ്പാക്കുകയാണ് ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ‘ദേശീയ കാർഷിക വിവര സഞ്ചയത്തി‘നൊപ്പം നൂതന സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഇടപെടലുകളും കോർത്തിണക്കി, ‘നാഷണൽ അഗ്രി സ്റ്റാക്ക്’ എന്ന പേരിലാണ് രാജ്യം, കാർഷിക ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലേക്കുള്ള വഴിയൊരുക്കുന്നത്. ഇതുപ്രകാരം, ഓരോ കർഷകനും തിരിച്ചറിയൽ നമ്പർ നല്കുകയും; വ്യക്തിഗത വിവരങ്ങൾ, കൃഷിഭൂമിയുടേയും കൃഷി ഉല്പന്നങ്ങളുടെയും വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ ദേശീയ വിവര സഞ്ചയത്തിന്റെ ഭാഗമായി മാറുകയും അവ ആധാർ കാർഡുമായി ബന്ധപ്പെടുത്തുകയും ചെയ്യും. കാർഷിക മൂല്യ ശൃംഖലയിൽ ആവശ്യമായിവരുന്ന എല്ലാ സ്മാർട്ട് സേവനങ്ങളും, കർഷകർക്കും ഉപഭോക്താക്കൾക്കും ലഭ്യമാക്കുന്നതിനുള്ള ഏകീകൃത പ്ലാറ്റ്ഫോം ആയി ‘അഗ്രിസ്റ്റാക്ക്’ മാറും. അതാതു സംസ്ഥാനത്തെ ഭൂവിവരങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തുവാനും കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നു. ‘അഗ്രിസ്റ്റാക്ക്’ പദ്ധതികളുടെ ഭാഗമായി, നിരവധി സ്വകാര്യ കമ്പനികളുമായി കേന്ദ്ര കൃഷിമന്ത്രാലയം ഇതിനകം ധാരണാപത്രത്തിൽ എത്തിയിട്ടുണ്ട്. ആറു സംസ്ഥാനങ്ങളിലെ 100 വില്ലേജുകളിൽ, ക്ലൗഡ്‌ കമ്പ്യൂട്ടിങ് സംവിധാനത്തിലൂടെ, കാര്യശേഷിയുള്ള ‘സ്മാർട്ട് കൃഷി ഇന്റെർഫേസ്’ സൃഷ്ടിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ട് ഏറ്റെടുത്തിട്ടുള്ളത് ‘മൈക്രോസോഫ്റ്റ്’ കമ്പനിയാണ്. ഭക്ഷ്യ‑കാർഷികമൂല്യ ശൃംഖലയിലെ ഡിജിറ്റൽ ഉപയോഗം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോജക്റ്റ് ഏറ്റെടുത്തിരിക്കുന്നത് ‘ആമസോൺ വെബ് ഇന്ത്യ ലിമിറ്റഡ്’ ആണ്. കൃഷിഭൂമി വിവരശേഖരണത്തിലൂടെ ‘അഗ്രിക്കൾച്ചർ ജിയോ ഹബ്’ സ്ഥാപിക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത് ‘ഇഎസ്ആർഐ ടെക്നോളജീസ് ലിമിറ്റഡ്’ എന്ന കമ്പനിയെയാണ്.


ഇതുകൂടി വായിക്കു; മോഡിഭരണത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുന്നു


 

നിരവധി കർഷക സംഘടനകളും ‘ഡിജിറ്റൽ അവകാശ’ സംരക്ഷണ സംഘടനകളും ഈ പദ്ധതികൾക്കെതിരെ വലിയ എതിർപ്പ് ഉയർത്തിയിരുന്നു. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സ്വകാര്യ കമ്പനികളുമായി സർക്കാർ ധാരണാപത്രത്തിൽ എത്തിയിട്ടുള്ളതെന്ന് ഇവർ ആരോപിക്കുന്നു. ‘അഗ്രിസ്റ്റാക്ക്’ പ്ലാറ്റ്‌ഫോമിനു വേണ്ടിയുള്ള വ്യക്തിഗത വിവരശേഖരണം സ്വകാര്യ കമ്പനികളുടെ കൈകളിൽ എത്തിച്ചേരുന്നതിലാണ് ഇവരുടെ പ്രധാന ആശങ്ക. പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരുന്ന ‘സ്വകാര്യ വിവര സംരക്ഷണ’ ബില്ലിൽ പോലും, കർഷകരുടെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തെപ്പറ്റി ഒന്നും സൂചിപ്പിച്ചിരുന്നില്ല. വ്യക്തിഗത വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനൊപ്പം; സ്വന്തംപേരിൽ കൃഷിയിടമില്ലാത്ത കർഷകർ കളത്തിനു പുറത്താകുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കർഷക പ്രക്ഷോഭത്തെ തുടർന്ന് പിൻവലിക്കപ്പെട്ട കാർഷിക നിയമങ്ങളിൽ ഏറ്റവും വിവാദമായതും കർഷകർ ഏറെ ഭയപ്പെട്ടതും, കരാർ കൃഷിയുമായി ബന്ധപ്പെട്ട നിയമമാണ്. കൃഷിഭൂമി കോർപറേറ്റുകളുടെ കൈകളിലേക്ക് എത്തപ്പെടുമെന്നും കൃഷിയിടത്തിൽ നിന്നും തങ്ങൾ ആട്ടിയോടിക്കപ്പെടുമെന്നുമാണ് കർഷകർ ഭയപ്പെട്ടത്. കേരളം പോലെയുള്ള ചുരുക്കം സംസ്ഥാനങ്ങൾ ഒഴിച്ച് മിക്കയിടത്തും സ്വകാര്യ‑ബഹുരാഷ്ട്ര കുത്തകകൾ കരാർ കൃഷിയുമായി മുന്നേറുകയാണ്. അതിനിടയിലാണ് ‘ഡിജിറ്റൽ ഇക്കോസിസ്റ്റം നിർമ്മിതി’ കർഷകരിൽ ആശങ്കയുണർത്തുന്നത്. ഏതാണ്ട് 140 മില്യൺ ഹെക്ടര്‍ കൃഷിയിടങ്ങളാണ് ഇന്ത്യയിലുള്ളത്. 86 ശതമാനം കർഷകരും അഞ്ചേക്കറിൽ താഴെ ഭൂമിയുള്ളവരാണ്. ബിഗ് ഡാറ്റയിലധിഷ്ഠിതമായ കൃത്യതാ കൃഷിയും ഡിജിറ്റൽ ഫാമിങ്ങും സ്മാർട്ട് മെഷീനുകളും ജിപിഎസും ജിഐഎസും സെൻസറുകളും ഡ്രോണുകളുമൊക്കെ തങ്ങളുടെ ഫാമുകളിലേക്ക് ഉപയോഗപ്പെടുത്തുന്നതിന് ഗ്രാമീണ കർഷകർ യഥാസമയം സജ്ജരാക്കപ്പെടുന്നുണ്ടോ എന്നത് പ്രധാനമാണ്. എളുപ്പത്തിൽ സ്വായത്തമാക്കാനാകാത്ത സാങ്കേതിക വിദ്യകളുടെ നിയന്ത്രണത്തിലേക്ക് കൃഷിയിടങ്ങൾ ഞൊടിയിട മാറിയാൽ, കൃഷിഭൂമി കോർപറേറ്റ് കുത്തകൾക്ക് അടിയറ വയ്ക്കുവാൻ കർഷകർ നിർബന്ധിതരാകാം. കൃഷിയിലെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾപോലും കുത്തകകളുടെ കൈകളിൽ എത്തപ്പെടുന്ന സ്ഥിതിയുമുണ്ടാകാം.

ലോകമെങ്ങും ഭക്ഷ്യവില വലിയതോതിൽ ഉയരുന്നതിനുള്ള പ്രധാന കാരണം, കാർഷിക മൂല്യശൃംഖല ചുരുക്കം ചില കുത്തകകളിലേക്കു മാത്രമായി ഒതുങ്ങുന്നതാണ്. ഭക്ഷ്യോല്പാദന‑വിതരണമേഖലയിലെ ചെറുകിട ബിസിനസുകാരും, കർഷകർക്കൊപ്പം കോർപറേറ്റ് കുത്തകകളുടെ തന്ത്രങ്ങളിൽപ്പെട്ട് ഞെരിഞ്ഞമരുകയാണ്. കോവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും റഷ്യ‑ഉക്രെയ്ൻ യുദ്ധവുമെല്ലാം ഭക്ഷ്യോല്പാദനത്തെയും ഭക്ഷ്യവിതരണത്തെയും പ്രതിസന്ധിയിലാക്കിയപ്പോൾ, വൻകിട കുത്തകകൾക്ക് അത് ലാഭം കൊയ്യുവാനുള്ള അവസരമായി മാറിയെന്നാണ് ‘ഫുഡ് ബാരൺ 2022’ റിപ്പോർട്ട് പറയുന്നത്. സാങ്കേതികവിദ്യ എന്നത് ആരെയും ഒഴിവാക്കുവാനല്ല, മറിച്ച് ഏവരെയും ഉൾക്കൊള്ളുവാനുള്ള മാർഗമാകണം. കർഷകരെ പൂർണമായി ഉൾക്കൊള്ളിച്ചും അവർക്ക് ആത്മവിശ്വാസം പകർന്നും അവരെ സജ്ജമാക്കിയുമാകണം ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലേക്കുള്ള പ്രയാണം. സ്മാർട്ട്-ഡിജിറ്റൽ പദ്ധതികളുടെ ആത്യന്തിക പ്രയോജനം കിട്ടേണ്ടത് കർഷകർക്കു തന്നെയാകണം. കർഷകരുടെ വ്യക്തിഗത വിവരങ്ങൾ ഏതു സാഹചര്യത്തിലും പരിരക്ഷിക്കപ്പെടണം. ജനസംഖ്യയിൽ 58ശതമാനം പേർക്ക് തൊഴിലും, മൊത്തം ആഭ്യന്തര ‌ഉല്പാദനത്തിന്റെ 20 ശതമാനവും പ്രദാനം ചെയ്യുന്ന കാർഷികമേഖലയുടെയും കർഷകരുടെയും താല്പര്യങ്ങൾ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തുമല്ലാതെ രാജ്യത്ത് കാർഷിക പരിഷ്കാരങ്ങൾ സാധ്യമല്ലെന്ന തിരിച്ചറിവ് ഭരണകൂടത്തിന് നിശ്ചയമായും ഉണ്ടാകേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.