15 November 2024, Friday
KSFE Galaxy Chits Banner 2

സംസ്ഥാനങ്ങളുടെ വികസനത്തിന് കേന്ദ്ര ഫണ്ട് വേഗത്തിലാക്കണം

ഡോ. ഗ്യാന്‍ പഥക്
June 13, 2024 4:57 am

ജൂണിൽ സംസ്ഥാനങ്ങൾക്ക് 1,39,750 കോടി രൂപ നികുതി വിഹിതം അനുവദിക്കാൻ കേന്ദ്രം അനുമതി നൽകി. ഇത് സംസ്ഥാന സർക്കാരുകളുടെ വികസനം ത്വരിതപ്പെടുത്താൻ പ്രാപ്തമാക്കുമെന്ന്, വലിയ സഹായം ചെയ്യുന്നുവെന്ന മട്ടില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രസ്താവനയും പുറത്തുവന്നു. ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ടുകളും നികുതി വിഹിതവും കൃത്യസമയത്ത് അനുവദിക്കാതെയും വെട്ടിക്കുറച്ചും കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഭരണകൂടങ്ങളുടെ കഴുത്തിനുപിടിച്ച് ഞെരുക്കുകയാണ്. എന്നിട്ട് ഉദാരമായ സമീപനമാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും അവകാശപ്പെടുന്നു. യാഥാര്‍ത്ഥ്യം അതല്ല, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം അനുവദിച്ചുകൊണ്ട് കേന്ദ്രധനകാര്യ മന്ത്രാലയം വലിയ വായ്ത്താരിയാണ് നടത്തിയത്. സംസ്ഥാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും മൂലധന ചെലവിനും ഈ തുക സഹായകമാകുമെന്നായിരുന്നു മന്ത്രാലയത്തിന്റെ അവകാശവാദം. യാഥാര്‍ത്ഥ്യവുമായി ഇതിന് പുലബന്ധം പോലുമില്ല. 2024–25ലെ ഇടക്കാല ബജറ്റ് വിഹിതം അനുസരിച്ച് 2024 ജൂണ്‍ 10 വരെ 12,19,783 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കേണ്ടിയിരുന്നത്. പകരം 2,79,500 കോടി മാത്രമാണ് രണ്ട് തവണയായി നല്‍കിയത്. ഇത്രയും തുക വികസനപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരുകളുടെ മറ്റ് ചെലവുകള്‍ക്കും പര്യാപ്തമല്ല.

കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് 15-ാം ധനകാര്യകമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് മുമ്പ് കേന്ദ്ര നികുതികളുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം എന്നാണ് 14-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തില്‍ വലിയ കുറവുണ്ടായി. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 32 ശതമാനമായി വെട്ടിക്കുറച്ചു. ധനകാര്യകമ്മിഷന്‍ ശുപാര്‍ശ ചെയ്തതിലും ഒമ്പത് ശതമാനം കുറവാണിത്. 2023–24 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിലും 32 ശതമാനമായിരുന്നു നികുതി വിഹിതം. 

വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സംസ്ഥാനങ്ങളുടെ മൂലധന ചെലവുകള്‍ക്കും കേന്ദ്രനികുതി വിഹിതത്തിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് പറയുന്ന ധനമന്ത്രാലയം, നികുതി വിഹിതം വെട്ടിക്കുറയ്ക്കുക മാത്രമല്ല, വളരെ വൈകിയാണ് തുക അനുവദിക്കുന്നതും. വെട്ടിക്കുറച്ച വിഹിതം 14 തവണകളായാണ് നല്‍കുന്നത്. സംസ്ഥാനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കേന്ദ്രം നികുതി വിഹിതം വേഗം അനുവദിക്കുകയാണ് വേണ്ടത്. കാലതാമസം വരുത്താന്‍ പാടില്ല.
ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രഫണ്ട് കൃത്യസമയത്ത് നല്‍കുന്നില്ലെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര‑സംസ്ഥാന പങ്കാളിത്തമുള്ള പദ്ധതികളിലും കേന്ദ്രപദ്ധതികളിലും ഫണ്ട് അനുവദിക്കുന്നതില്‍ പക്ഷപാതപരമായ നിലപാടാണ് നരേന്ദ്ര മോഡി ഭരണകൂടം സ്വീകരിക്കുന്നത്. ഇത് സംസ്ഥാനങ്ങള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. “ഭരണഘടനാ പരമായി, ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് കൃത്യമായി നല്‍കാതിരിക്കുകയും കേന്ദ്രത്തിന് തോന്നുമ്പോള്‍ അനുവദിക്കുകയും ചെയ്തിട്ട് അതിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കുകയുമാണ് ധനകാര്യമന്ത്രാലയം” എന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തിയിരുന്നു. 

കേന്ദ്രഫണ്ടും നികുതി വിഹിതവും വിതരണം ചെയ്യുന്നതിലും മോഡി സര്‍ക്കാര്‍ സ്വജനപക്ഷപാതം കാണിക്കുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 10ന് അനുവദിച്ച വിഹിതം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഉത്തര്‍പ്രദേശിനാണ് ഏറ്റവും കൂടുതല്‍ വിഹിതം ലഭിച്ചത്, 25,000 കോടി രൂപ. ബിഹാറിന് 14,000 കോടി, മധ്യപ്രദേശിന് 10,000 കോടി. ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയാണ് ഭരിക്കുന്നത്. കര്‍ണാടക, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം 5,096 കോടി, 2,690 കോടി, 5,700കോടി, 10,513 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്ര ഫണ്ടും നികുതി വിഹിതവും വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ഈ സംസ്ഥാന സര്‍ക്കാരുകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും രാജ്യവ്യാപകമായി ശ്രദ്ധനേടുകയും ചെയ്തിരുന്നു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കോടതി അനുകൂലനിലപാടെടുത്തെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ഇത്തരത്തില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ ബുദ്ധിമുട്ടിച്ചിട്ടാണ് മോഡി സര്‍ക്കാര്‍ വലിയ ഉദാരസമീപനമാണ് സ്വീകരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. കൊടുക്കാനുള്ള പണം സമയത്ത് നല്‍കാതെ ഒരു ഗഡു കൂടി അധികമായി അനുവദിച്ചെന്ന് തള്ളിമറിച്ചത്. 

പല സംസ്ഥാനങ്ങളും ഫണ്ട് കിട്ടാതെ പ്രതിസന്ധിയിലാണ്. പദ്ധതികള്‍ക്കുള്ള ഫണ്ടുകളും നികുതി വിഹിതവും കേന്ദ്രം കൃത്യമായി പക്ഷപാതമില്ലാതെ, വേഗത്തില്‍ അനുവദിക്കണം. അതുപോലെ ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 41 ശതമാനം നികുതി വിഹിതവും നല്‍കണം. ചരക്ക് സേവന നികതി (ജിഎസ്‌ടി) വരുമാന കണക്കുകള്‍ ജൂണ്‍ ഒന്നിനാണ് കേന്ദ്രം പുറത്തുവിട്ടത്. അതനുസരിച്ച് 2024 മേയില്‍ യുപിയുടെ സംഭാവന മാത്രം 9,091 കോടിയാണ്. ബിഹാര്‍ 1,521 കോടി, മധ്യപ്രദേശ് 3,402 കോടി. ഏറ്റവും കൂടുതല്‍ നികുതി വിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങളും ഇത് തന്നെയാണ്. കര്‍ണാടക 11,889 കോടിയും കേരളം 2,594 കോടിയും തമിഴ്‌നാട് 9,768 കോടിയും പശ്ചിമബംഗാള്‍ 5,377 കോടിയും ജിഎസ്‌ടി പിരിച്ച് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വപ്നം കണ്ട വികസിത് ഭാരത് എന്ന സങ്കല്പം സാക്ഷാത്ക്കരിക്കുന്നതിന് സംസ്ഥാനങ്ങളില്‍ വളര്‍ച്ചയും വികസനവും ലക്ഷ്യമിടുന്ന പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. എന്നിട്ടാണ് നികുതി വിഹിതം അനുവദിക്കുന്നതില്‍ അലംഭാവം കാട്ടുന്നത്. സംസ്ഥാനങ്ങളുടെ മൂലധനച്ചെലവിനായി 50 കൊല്ലത്തേക്ക് പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി 2024–25 കാലത്തും തുടരുമെന്നും ഇതിന്റെ അടങ്കല്‍ തുക 1.3 ലക്ഷം കോടി രൂപയാണെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നിട്ടും കേന്ദ്ര നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിലും കുറഞ്ഞ വിഹിതം അനുവദിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാവില്ല.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.