22 December 2024, Sunday
KSFE Galaxy Chits Banner 2

അഭിവാദ്യമർപ്പിക്കേണ്ടത് പൗരന്മാർക്ക്

എം ശ്രീധര്‍ ആചാര്യലു
June 12, 2024 4:23 am

പ്രവചിച്ചതുപോലെ 400+ സീറ്റുകൾ നേടാനായില്ലെങ്കിലും, മൂന്നാം തവണയും അധികാരം നിലനിർത്തുന്നതിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിജയിച്ചു. 2024ലെ തെരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ നേട്ടം, രാജ്യത്തെ വോട്ടർമാർ കൂട്ടായ ബോധ്യത്തോടെ ഭരണഘടനയെ സംരക്ഷിച്ചു എന്നതാണ്. മിനർവ മിൽസ് കേസിൽ മുൻ ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ ശക്തമായ കുറിപ്പുകൾ ഓർക്കാവുന്നതാണ്. “ജനങ്ങൾക്ക് ചിന്ത, ആവിഷ്കാരം, വിശ്വാസം, ആരാധന എന്നിവയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ബാധ്യത ഭരണഘടന നമുക്ക് നൽകുന്നു; പദവിയുടെയും അവസരങ്ങളുടെയും സമത്വവും വ്യക്തിയുടെ അന്തസും എന്തുവില കൊടുത്തും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും.” രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, ഈ അടിസ്ഥാന ഭരണഘടനാമൂല്യങ്ങൾ മറന്നാൽ എന്ത് സംഭവിക്കും?
തെരഞ്ഞെടുപ്പ് കാലത്ത് ഭരണഘടന ഉയര്‍ത്തിക്കാണിച്ച് ബി ആർ അംബേദ്കറെ ഓര്‍മ്മിപ്പിക്കുന്നത് ഒരു ട്രെൻഡായി മാറിയിരുന്നു. ചില നേതാക്കൾ പറഞ്ഞു- “ഇത് (ഭരണഘടന) വെറുമൊരു പുസ്തകമല്ല, ഗുരുനാനാക്കിന്റെയും മറ്റ് മഹാന്മാരുടെയും ചിന്തകളെ പ്രതിഫലിപ്പിക്കുന്നു.” മറ്റുചിലർ പറഞ്ഞത് “ബിജെപിയും ആർഎസ്എസും അതിനെ ആക്രമിക്കുമ്പോൾ അവർ രാജ്യത്തിന്റെ ചരിത്രത്തെയും ഹൃദയത്തെയും ആക്രമിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അംബേദ്കറുടെ ഭരണഘടന സംരക്ഷിക്കുക എന്നതാണ്.” തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനുള്ളില്‍ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും ‘ഭരണഘടന’യെ നിരന്തരം പരാമർശിച്ചു. അതിലെ മാറ്റങ്ങളെയും നിലനിർത്തലിനെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെപ്പോലുള്ള ചിലർ പൊതുറാലികളിൽ ഭരണഘടനയുടെ പകർപ്പ് പ്രതീകാത്മകമായി ഉയര്‍ത്തുകയും, ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ രക്ഷിക്കാനുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിശകലനവിദഗ്ധരായ യാമിനി അയ്യരും നിലാഞ്ജൻ സർക്കാറും ദി ഹിന്ദു ദിനപ്പത്രത്തിൽ എഴുതി: “ഭരണഘടനാ തത്വങ്ങളും സാധാരണ നിയമങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം വോട്ടർമാർ മനസിലാക്കണം. ഭരണഘടനാ തത്വങ്ങൾ മൗലികാവകാശങ്ങളെ രൂപപ്പെടുത്തുന്നതും ഓരോ പൗരനും അനുസരിക്കേണ്ട ഉന്നതമായ ക്രമവുമാണ്. സാധാരണ നിയമങ്ങളാകട്ടെ, സമൂഹത്തെ നിയന്ത്രിക്കുന്ന, പലപ്പോഴും ഭരണഘടനാ തത്വങ്ങളാൽ നയിക്കപ്പെടുന്നവയാണ്.”

സാധാരണ നിയമങ്ങൾ, ഭരണകൂടം നിർബന്ധിതമായി ഉപയോഗിക്കുകയും പലപ്പോഴും പൗരന്മാരോട് വിവേചനം കാണിക്കുകയും സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് ആരെ വിവാഹം കഴിക്കാം, ഇന്റർനെറ്റ് ഉപയോഗിക്കാമോ, എന്ത് കഴിക്കാം എന്നിങ്ങനെയുള്ള നിയമങ്ങൾ ചില ഉദാഹരണങ്ങളാണ്. ഈ നിയമങ്ങളെ വെല്ലുവിളിക്കാനും മാറ്റാനും കഴിയും. ഭരണഘടനാ മൂല്യങ്ങൾ വിവേചനപരമായ നിയമങ്ങളെ വെല്ലുവിളിക്കുന്നതിനുള്ള അടിസ്ഥാനമാകുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം എന്ന ആശയം പരാമർശിക്കവേ, രാഹുൽ ഗാന്ധി പറഞ്ഞു: “സ്ഥിതി അപകടകരമാണ്. അവർ അംബേദ്കറുടെ ഭരണഘടന പൊളിച്ച് വലിച്ചെറിയും”. ഇന്ത്യയുടെ ഭരണഘടന മാറ്റുക എന്നത് ഈ രാഷ്ട്രം സ്ഥാപിച്ച അതിന്റെ തത്വങ്ങളെത്തന്നെ വെല്ലുവിളിക്കലാണ്. ഈ ആശയമാണ് ബിജെപിയുടെ ജാതിമത രാഷ്ട്രീയമായി വോട്ടർമാർക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിൽ വിവരിച്ചിരിക്കുന്ന പ്രതിജ്ഞ നടപ്പിലാക്കേണ്ടത് നമ്മുടെ കടമയാണ്. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഗവർണറോ മുഖ്യമന്ത്രിയോ ആകട്ടെ, ആ പ്രതിജ്ഞയ്ക്ക് മുകളിലേക്ക് വളരാൻ ആരെയും ഒരു ഇന്ത്യന്‍ പൗരൻ അനുവദിക്കരുത്. ഒരര്‍ത്ഥത്തില്‍ പ്രതിപക്ഷമായ ഇന്ത്യ സഖ്യം ഇന്ത്യയെയും അതിന്റെ ജനാധിപത്യത്തെയും രക്ഷിച്ചുവെന്ന് പരാമർശിക്കാം. ഈ തെരഞ്ഞെടുപ്പ് ഏകാധിപതികളുടെ പരാജയമാണ്. ആന്ധ്രാപ്രദേശില്‍ തോറ്റ ജഗൻ മോഹൻ റെഡ്ഡി ഏകാധിപതിയായി വിലയിരുത്തപ്പെട്ടിരുന്നു. ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും, എണ്ണത്തില്‍ കുറവുണ്ടായത് ഏകാധിപത്യ ഭരണത്തിന് തടസമായി. ആരാധന മാത്രം പോരാ. ഗംഗ വൃത്തിയാക്കാതെ ആരതി നടത്തിയിട്ട് കാര്യമില്ല. പാർലമെന്റിനു മുന്നിൽ വീണുകിടക്കുക, സാഷ്ടാംഗം പ്രണമിക്കുക, പുഷ്പാഞ്ജലി, ശ്രദ്ധാഞ്ജലി എന്നിവ ചെയ്യുന്നത് നല്ലതാണ്, പക്ഷേ അതിലും പ്രധാനം ഭരണഘടനയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുക എന്നതാണ്. തെരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ ‘ഭരണഘടന’യുടെ സംരക്ഷണത്തിനായുള്ള പോരാട്ടമായിരുന്നു. അതിന്റെ ആവശ്യകത വളരെ വലുതാണെന്ന് വോട്ടർമാർ മനസിലാക്കിയിട്ടുമുണ്ട്. എൻഡിഎയുടെ മൂന്നാം വട്ടം ചരിത്രപരമാണെന്ന് ഉറപ്പിച്ച പ്രധാനമന്ത്രി, വോട്ടെടുപ്പിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തവും അംഗീകരിച്ചു. താന്‍ ദൈവിക ശക്തിയാൽ “അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് സ്വയം വിശേഷിപ്പിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടങ്ങൾ, അയോധ്യയെ ചുറ്റിപ്പറ്റി സൃഷ്ടിച്ച കോലാഹലങ്ങൾ, ഭരണഘടന ദുരുപയോഗം ചെയ്യൽ തുടങ്ങി നിരവധി ക്രമക്കേടുകളുണ്ടായി. രാമരാജ്യത്തിന്റെ ദുർവ്യാഖ്യാനത്തില്‍ നിന്നും മുതലെടുപ്പില്‍ നിന്നും ശ്രീരാമൻ ജനങ്ങളെ രക്ഷിച്ചതായി ഇപ്പോള്‍ തോന്നുന്നു. 

ജനങ്ങൾ ബിജെപിയെ മൂന്നാം തവണയും ജയിപ്പിച്ചു, എന്നാൽ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പും നൽകി. തെലുഗുദേശം പാർട്ടി (ടിഡിപി), ജനതാദൾ (യുണൈറ്റഡ്) എന്നിവയുടെ ജീവന്‍രക്ഷാ പിന്തുണയെ എൻഡിഎ സർക്കാരിന് ആശ്രയിക്കേണ്ടിവരുന്നു എന്നതാണ് യാഥാർത്ഥ്യം. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യറി എന്നീ മൂന്ന് ‘എസ്റ്റേറ്റു‘കൾ ഭരണകക്ഷിയുടെ പിടിയിലായിരുന്ന കാലത്ത് സജീവമായ ‘ഫോർത്ത് എസ്റ്റേറ്റി‘ന്റെ അഭാവത്തിൽ, ഊർജസ്വലവും ഉത്തരവാദിത്തമുള്ളതുമായ പ്രതിപക്ഷമായിരുന്നു ഏക പ്രതീക്ഷ. മാധ്യമങ്ങൾ ക്രൂരമായി നിയന്ത്രിക്കപ്പെട്ടു. ജുഡീഷ്യറി ഇപ്പോഴും പൊതുതാല്പര്യ വ്യവഹാരങ്ങളിൽ ആശ്രയിക്കാവുന്ന അന്തിമ അഭയം പോലെയാണ്. എന്നാല്‍ കേസുകൾ കെട്ടിക്കിടക്കുന്നത് നീതി ലഭ്യതയ്ക്ക് വലിയ ഭീഷണിയാണ്. രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ നിന്നുള്ളവർ, ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ് നടത്തിയെന്നും, സമഗ്രമായ സഖ്യമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയതെന്നും പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ പാലിക്കേണ്ട സമയമാണിത്. സർക്കാരിനെ ചോദ്യം ചെയ്യാനുള്ള അധികാരം നിലനിർത്തുക എന്നതാണ് ഒരു നിർദേശം. നിർഭാഗ്യവശാൽ, 2014 മുതൽ അംഗീകൃത പ്രതിപക്ഷ നേതാവ് ഉണ്ടായിട്ടില്ല. പാർലമെന്റിന് സജീവവും ഉത്തരവാദിത്തമുള്ളതും പ്രതികരണശേഷിയുള്ളതുമായ പ്രതിപക്ഷം ആവശ്യമാണ്. അത് സർക്കാരിനെ തടയുക മാത്രമല്ല, അതിന്റെ ആശയങ്ങളും നയങ്ങളും പുനഃക്രമീകരിക്കുകയും ചെയ്യും. ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവിക്ക് ഇപ്പോൾ കോൺഗ്രസിന് അർഹതയുണ്ട്. ഭരണഘടനയെ രക്ഷിക്കാൻ, ‘സ്വേച്ഛാധിപത്യത്തെ’ തടയാന്‍ തുടർച്ചയായി പ്രവർത്തിക്കുന്ന ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. പാർലമെന്റില്‍ മാത്രമല്ല, എൻഡിഎയ്ക്കുള്ളിലും ശക്തമായ പ്രതിപക്ഷം വേണം. ആ സഖ്യത്തിലെ രണ്ട് പ്രധാന നേതാക്കളായ ചന്ദ്രബാബു നായിഡുവിലും നിതീഷ് കുമാറിലുമാണ് പ്രതീക്ഷ. 28 സീറ്റുകൾ നേടിയ അവർക്ക് ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ അധികാര സന്തുലിതാവസ്ഥ നിയന്ത്രിക്കാനാകും. ഇരു നേതാക്കളും മോഡിയെ ‌തള്ളിപ്പറഞ്ഞവരുമാണ്. 2018 മാർച്ചിൽ, എൻഡിഎയുടെ ആദ്യ ടേമിൽ അംഗമായിരുന്ന ടിഡിപി, ആന്ധ്രാപ്രദേശിന് ‘പ്രത്യേക പദവി’ നിഷേധിച്ചതിന്റെ പേരിൽ ബിജെപി ബന്ധം വിച്ഛേദിച്ചു. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിഡിപി മോഡി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയും പ്രതിപക്ഷവുമായി കൈകോർക്കുകയും ചെയ്തിരുന്നു. 2024ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻഡിഎയിലേക്ക് തിരിച്ചെത്തി. 2002ലെ ഗുജറാത്ത് വർഗീയ കലാപത്തെത്തുടർന്ന്, മോഡി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ആദ്യത്തെ എൻഡിഎ സഖ്യകക്ഷിയാണ് ടിഡിപി. 

അഗ്നിപഥ് പദ്ധതിയെ ‘പൊതു സൈന്യം’ എന്നാണോ അതോ ‘കർഷക സൈന്യം’ എന്നാണോ വിളിക്കേണ്ടതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിമർശനം ഉന്നയിച്ചിരുന്നു. ചിലര്‍ ‘സ്വകാര്യ സൈ ന്യം’ ആയി മാറിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഒഴിവാക്കേണ്ടതാണെന്നും ഒരു ‘പദ്ധതി’ ആയി പോലും നിർദേശിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിവീർ പദ്ധതിയിൽ വോട്ടർമാർ അസ്വസ്ഥരാണെന്ന് ജെഡിയു നേതാവും പാർട്ടിയുടെ പ്രധാന വക്താവുമായ കെ സി ത്യാഗിയും പറഞ്ഞു. പൊതുജനങ്ങൾ ചോദ്യം ചെയ്ത പദ്ധതി വിശദമായി ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്ന് തങ്ങളുടെ പാർട്ടി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന ഇപ്പോൾ ‘അഞ്ചാം എസ്റ്റേറ്റി‘ന്റെ-വോട്ടർമാരുടെ-കൈകളിലാണ്. മതത്തിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും കുലത്തിന്റെയും ഭാഷയുടെയും ചങ്ങലകളിൽ നിന്ന് സ്വയം മോചിതരായ പൗരന്മാരിൽ നിന്നുള്ള സന്ദേശം കൂടുതൽ വ്യക്തവും ശക്തവുമാണ് എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം മനസിലാക്കിത്തരുന്നത്. അധികാരത്തെ ചോദ്യം ചെയ്തും, ബിജെപിക്ക് കേവലഭൂരിപക്ഷം നൽകാതെയും, എക്സിക്യൂട്ടീവിന്റെ(മുഖ്യധാരാ ഫോർത്ത് എസ്റ്റേറ്റിനൊപ്പം സഞ്ചരിക്കുന്ന) സമ്പൂർണ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ എതിർക്കുകയും ചെയ്തുകൊണ്ട് അവരത് നടപ്പാക്കി. വോട്ടർക്ക് അഭിവാദ്യമർപ്പിക്കാനുള്ള സമയമാണിത്.
(ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.