23 December 2024, Monday
KSFE Galaxy Chits Banner 2

കോവിഡിന്റെ രാഷ്ട്രീയം ഒരു തുടര്‍ക്കഥ

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 1, 2022 6:00 am

കോവിഡിന്റെ പുതിയ തരംഗം ഒമിക്രോണ്‍ അതിതീവ്രതയോടെ വ്യാപിക്കുമ്പോഴും ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ നേരിയ ലാഞ്ഛനപോലും കാണാന്‍ കഴിയുന്നില്ല. വാക്സിനേഷന്റെ രാഷ്ട്രീയവല്ക്കരണവും അധികാര സ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ ധാര്‍ഷ്ട്യവും പഴയപടി തുടരുന്നു. ഭരണഘടനാ സ്ഥാപനങ്ങളില്‍ ഏറ്റവുമധികം അധികാരം കയ്യാളുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങള്‍ക്കു ചുറ്റും എന്തു നടക്കുന്നു എന്ന് ഒരുവട്ടമെങ്കിലും ചിന്തിക്കാതെ രാജ്യത്തെ നിര്‍ണായക രാഷ്ട്രീയ പ്രാധാന്യമുള്ള യു പി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റമില്ലാതെ നടത്താനുള്ള ഉറച്ച തീരുമാനത്തിലുമാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ലോക്ഡൗണിന് സമാനമായൊരു സാഹചര്യമാണ് ഏതാനും നാളുകള്‍ക്കു മുമ്പുതന്നെ നിലനിന്നുവരുന്നതെന്നോര്‍ക്കുക. വാരാന്ത്യ കര്‍ഫ്യൂവിനുപുറമെ ഹോട്ടലുകളും റസ്റ്റോറന്റുകളും മറ്റു ഭക്ഷണ വില്പന ശാലകളും അടഞ്ഞുകിടക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ളവ ഭാഗികമായും പ്രവര്‍ത്തനം നിലച്ച മട്ടിലാണ്. 

ഇത്രയെല്ലാം നിയന്ത്രണങ്ങളുണ്ടായിട്ടും രോഗവ്യാപനത്തിന്റെ വേഗത കുറയുന്ന ലക്ഷണവുമില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിഞ്ഞ മട്ടില്ല. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്താന്‍ അനുമതിയുണ്ട്; അവയില്‍ ആയിരത്തി­ലധികം പേര്‍ പങ്കെടുക്കരുതെന്നു മാത്രം. അതേ അവസരത്തില്‍ വിവാഹ ചടങ്ങോ, മതപരമായ ആചാരങ്ങളോ ശവസംസ്കാര ചടങ്ങുകളോ ആണെങ്കില്‍ പരമാവധി 20 പേരില്‍ കൂടുതല്‍ പങ്കെടുക്കുകയും ചെയ്യരുത്. ഈ പരിധികള്‍ ലംഘിച്ചാല്‍ നിയമ നടപടികള്‍ക്ക് വിധേയരാവേണ്ടിവരും. ഈ വേര്‍തിരിവിന് പറയുന്ന കാരണം ആരോഗ്യപ്രശ്നമാണെന്നതാണ് രസകരമായി കാണേണ്ടത്. അര്‍ത്ഥശൂന്യമായ നിലപാടാണ് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റേത്. ഇലക്ഷന്‍ കമ്മിഷന്‍ വെറുമൊരു കേന്ദ്രസര്‍ക്കാര്‍ വകുപ്പിന്റെ പദവിയിലേക്കു സ്വയം തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. മോഡി സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി സിഇസി തരംതാണിരിക്കുന്നു. ദേശീയ – പ്രാദേശിക ഭരണകൂടങ്ങളുടെ നിരുത്തരവാദപരമായ രോഗപ്രതിരോധ നടപടികള്‍ക്ക് കടിഞ്ഞാണിടാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷവും കമ്മിഷന്‍ തയ്യാറാകുന്നില്ല. ഈവിധമുള്ള ഇരട്ടത്താപ്പു നയസമീപനം കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയും ധാര്‍ഷ്ട്യവുമാണ് വെളിവാക്കുന്നത്. മറ്റൊരുവിധത്തില്‍ ഇത് അതിഗുരുതരമായ പകര്‍ച്ചവ്യാധിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാനുള്ള പ്രവണതയുമാണ്. ഹിന്ദു ധാര്‍മ്മികതയെപ്പറ്റി ഉച്ചത്തില്‍ വിളിച്ചുകൂവുന്ന മോഡി — സംഘപരിവാര ശക്തികളുടെ‍ സമീപനത്തിന് എന്ത് ധാര്‍മ്മിക നീതീകരണമാണുള്ളത്. 

2020 മാര്‍ച്ചില്‍ മറ്റു രാജ്യങ്ങളെല്ലാം, ഒരു പക്ഷെ, ബ്രസീല്‍ ഒഴികെ മഹാമാരിയെ നേരിടാന്‍ തയാറെടുക്കുമ്പോള്‍ മോഡി സര്‍ക്കാര്‍ തീര്‍ത്തും അലംഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. പലപ്പോഴും അര്‍ത്ഥശൂന്യമായ ജല്പനങ്ങള്‍ നടത്താറുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പോലും കോവിഡ് ഉയര്‍ത്തുന്ന ഭീഷണിയെപ്പറ്റി മു­ന്നറിയിപ്പുമായി രംഗത്തെത്തിയപ്പോള്‍ അന്ന് കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന ഡോ. ഹര്‍ഷവര്‍ധന്‍ അതെല്ലാം അതിശയോക്തിപരവും അനാവശ്യവുമായ ആശങ്കാ പ്രകടനങ്ങളാണെന്ന് വിശേഷിപ്പിച്ച് അവഗണിക്കുകയാണുണ്ടായത്. പ്രശസ്തനായൊരു ഡോക്ടര്‍ കൂടിയായിരുന്ന ഡോ. ഹര്‍ഷവര്‍ധന്‍ ആരോഗ്യമന്ത്രിയായിരിക്കെ കോവിഡിന് വഴിയൊരുക്കുന്ന വൈറസ് തീര്‍ത്തും നിയന്ത്രണ വിധേയമാണ് എന്ന അവകാശവാദം മുഴക്കുകകൂടി ചെയ്തിരുന്നു. രാഹുല്‍ഗാന്ധി ഇതിനോട് നടത്തിയ പ്രതികരണം രസകരമായിരുന്നു. ‘ഏതു നിമിഷവും വെള്ളത്തില്‍ മുങ്ങിപ്പോകുമെന്നുറപ്പുള്ള ടൈറ്റാനിക്കിന്റെ ക്യാപ്റ്റന്‍ യാത്രക്കാരോട് തന്റെ കപ്പല്‍ ഒരിക്കലും മുങ്ങിപ്പോകില്ലെന്നു’ വെറും വാക്കു പുലമ്പി അവരെ ആശ്വസിപ്പിക്കുന്നതുപോലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാക്കുകള്‍. 

ആരോഗ്യമന്ത്രി രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടത് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ അനാവശ്യമായ ആശങ്കയിലാക്കരുത്, പരിഭ്രാന്തിയിലാക്കരുത് എന്നായിരുന്നു. ഇതിനിടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കോവിഡ് ഉയര്‍ത്തുന്ന മാരകമായ സാധ്യതകളെപ്പറ്റി ആഗോളതലത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുന്നറിയിപ്പെന്ന നിലയില്‍ കത്തെഴുതിയിരുന്നു. ഈ വിധത്തിലുള്ള വാക്പോരുകളും കത്തിടപാടുകളും നടന്ന സമയത്തെല്ലാം‍ കോവിഡ് വ്യാപനം അതിവേഗം തുടര്‍ന്നു എന്നുകൂടി ഓര്‍ക്കണം. ആഗോള ദൃശ്യമാധ്യമങ്ങള്‍ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ അനിയന്ത്രിതമായ മരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍‍ പുറത്തുവിട്ടതോടെയാണ് മോഡി ഭരണകൂടത്തിന് നേരിയ തോതിലെങ്കിലും ബോധോദയമുണ്ടായത്. അന്നും ഡോ. ഹര്‍ഷവര്‍ധന്‍ അവകാശപ്പെട്ടത് കോവിഡ് പ്രതിരോധമൊരുക്കുന്നതില്‍ മോ‍ഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിനുതന്നെ ഒരു മാതൃക സൃഷ്ടിച്ചിരിക്കുന്നു എന്നാണ്. അതിനിടെ ഡെല്‍റ്റാ വകഭേദം രണ്ടാംതരംഗം ആഞ്ഞടിക്കാന്‍ തുടങ്ങി. അതോടെ വാക്സിനുകളുടെ കാര്യത്തില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലായി. 2021 ഏപ്രില്‍ മാസത്തോടെ വാക്സിന്‍ക്ഷാമ പ്രതിസന്ധി ഗുരുതരമായി. എന്നാല്‍, അടിയന്തര നടപടികളിലൂടെയും രാഷ്ട്രീയമായ സമവായത്തിലൂടെയും പരിഹരിക്കുന്നതിനു പകരം സംഘപരിവാര്‍ ശക്തികള്‍ മോഡി ഭരണകൂടത്തിന്റെ അറിവോടെ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയ്ക്കുള്ള ബാധ്യത ബിജെപിയിതര സംസ്ഥാന ഭരണകൂടങ്ങള്‍ക്കുമേല്‍ കെട്ടിവയ്ക്കനാണ് വ്യഗ്രത കാട്ടിയത്. 

ഈ വിഭാഗം ഭരണകൂടങ്ങള്‍ ലഭ്യമായ വാക്സിനുകളുടെ കാര്യക്ഷമമവും സമയബന്ധിതവുമായ വിതരണം നടത്തുന്നതില്‍ പരാജയപ്പെട്ടു എന്ന കുറ്റം ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ നടത്താനാണ് സമയം കണ്ടെത്തിയത്. ഡോ. ഹര്‍ഷവര്‍ധന്‍ തന്റെ മോഡി ഭക്തിയും സംഘപരിവാര്‍ വിധേയത്വവും ആവര്‍ത്തിച്ച് ഉറപ്പാക്കാന്‍ ലക്ഷ്യമാക്കി മഹാരാഷ്ട്ര ഭരണകൂടത്തിനെതിരെ കുതിരകയറാനും മടിച്ചുനിന്നില്ല. സ്വന്തം ധാര്‍ഷ്ട്യവും അലംഭാവവും മറച്ചുവയ്ക്കാന്‍ മഹാരാഷ്ട്രയിലെ ശിവസേന – കോണ്‍ഗ്രസ് — എന്‍സിപി സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന ഉദ്ധവ് താക്കറെയുമാണ് ഭരണനിര്‍വഹണ വീഴ്ചയുടെ ഫലമായി രോഗസ്ഥിതി വഷളാക്കിയതെന്ന കുറ്റാരോപണത്തിനും മടിച്ചുനിന്നില്ല. രണ്ട് മാസങ്ങള്‍ക്കുശേഷം ഡോ. ഹര്‍ഷവര്‍ധന് മന്ത്രിസ്ഥാനം നഷ്ടമായി. അദ്ദേഹം മോഡി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെ വാനോളം പുകഴ്ത്താനും ബിജെപി — സംഘപരിവാര്‍ ശക്തികളുടെ ശത്രുക്കളെ പരമാവധി സംരക്ഷിക്കാനും രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിച്ചെങ്കിലും വാക്സിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. കൂടുതല്‍ ജനങ്ങള്‍ മരണത്തിന് ഇരയായി. നിതി ആയോഗിലെ ആരോഗ്യ വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ. വി കെ പോള്‍ മരണ നിരക്കുയരുന്നതിന് മാസ്കുകള്‍ ധരിക്കാതെ നിരത്തിലിറങ്ങിയവരെ കുറ്റപ്പെടുത്തുക കൂടി ചെയ്തു. ഒരിക്കല്‍പോലും വാക്സിന്‍ ദൗര്‍ലഭ്യം ഉണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയതുമില്ല. ഡോ. പോള്‍ തന്റെ അസംബന്ധ ജടിലമായ ജല്പനങ്ങള്‍ ഇവിടംകൊണ്ട് നിര്‍ത്തിയില്ല.

ഒരു ഘട്ടമെത്തിയപ്പോള്‍ അദ്ദേഹം അവകാശപ്പെട്ടത് 2020 മെയ് മാസമാകുമ്പോഴേക്കും മഹാമാരിയെ മെരുക്കിയെടുക്കാനാകും എന്നായിരുന്നു. മോഡി മന്ത്രിസഭയുടെ അഴിച്ചുപണിയോടെ, പുതിയൊരു ആരോഗ്യമന്ത്രി ചുമതലക്കാരനായി വന്നു. അപ്പോഴേക്കും ഔഷധ നിര്‍മ്മാണ കമ്പനികള്‍ പ്രത്യേക താല്പര്യമെടുത്ത് അവര്‍ക്ക് വീണുകിട്ടിയ പുതിയ അവസരം പരമാവധി മുതലാക്കാനായി വാക്സിന്‍ ഉല്പാദനവും ലഭ്യതയും ഉയര്‍ത്തി. പ്രായപൂര്‍ത്തിയായ പൗരന്മാരില്‍ 70 ശതമാനം പേര്‍ക്ക് രണ്ടുവട്ടം വാക്സിനേഷന്‍ ഏറെക്കുറെ പൂര്‍ത്തീകരിക്കാനായി. മോഡിയുടെ ധാരണ, കിണ്ണം കൊട്ടിയും വെളിച്ചം കാട്ടിയും കൈകള്‍ കൊട്ടിയും കൊറോണയെ തുരത്തിയോടിക്കാമെന്നായിരുന്നല്ലോ. ഇതില്‍ ഏതെങ്കിലും മാറ്റം വരാന്‍ ഗംഗാനദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരങ്ങള്‍ ഒഴുകി നടക്കുന്ന സ്ഥിതിയുണ്ടാവേണ്ടി വന്നു. ആസ്ട്രാ സെനക്ക് വാക്സിന്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന വിദേശ നിര്‍മ്മിത വാക്സിന്റെ വ്യാപകമായ തോതിലുള്ള വിനിയോഗത്തിന് തുടക്കത്തില്‍ മോഡി സര്‍ക്കാര്‍ വലിയ താല്പര്യം പ്രകടമാക്കാതിരുന്നത്, കോവാക്സിന്‍ എന്ന ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ വിപണിയിലെത്തും വരെ കാത്തിരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നോ എന്ന സംശയവും നിലനിന്നിരുന്നു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയും ദേശീയതയുടെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് യഥാര്‍ത്ഥ ദേശീയതയെന്ന് അംഗീകരിക്കുന്നവര്‍ക്കു മാത്രമേ മോഡി സര്‍ക്കാരിന്റെ ഈ നയസമീപനത്തെ അംഗീകരിക്കാന്‍ കഴിയൂ. ഏതായാലും കോവിഷീല്‍ഡും കൊവാക്സിനും ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചത് ഒരുമിച്ചായിരുന്നു. 

രണ്ടിന്റെയും വരവ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മോഡി പറഞ്ഞത് രണ്ട് വാക്സിനുകളും ഇന്ത്യന്‍ ആണെന്നായിരുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ കോവിഷീല്‍ഡ് ഇന്ത്യന്‍ ആകുന്നത് ഇവിടെ ബോട്ട്‌ലിങ് നടക്കുന്നു എന്ന കാരണത്താല്‍ കൊക്കക്കോള ഇന്ത്യനാണെന്ന് അവകാശപ്പെടുന്നതിനു തുല്യമാണ്. ബൂസ്റ്റര്‍ ഡോസിന്റെ കാര്യത്തിലും ഇന്ത്യയില്‍ മോഡി ഭരണകൂടത്തിന്റെയും ഐസിഎംആറിന്റെയും പച്ചക്കൊടി കിട്ടുന്നത് മറ്റു രാജ്യ ഭരണകൂടങ്ങള്‍ തീരുമാനങ്ങളെടുത്തതിനു ശേഷമാണ്. ഇതിനുള്ള കാരണമായി പറഞ്ഞുകേട്ടിരുന്നത് നമുക്ക് ഇതു സംബന്ധമായ ഗവേഷണ പരിശോധനകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടില്ലെന്നതാണ്. ഇത് ഒരു പരിധിവരെ ശരിയായിരിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോഡി പരീക്ഷണ ഫലങ്ങള്‍ പുറത്തുവരുന്നതുവരെ കാത്തിരിക്കാതെ, ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ചതെന്തിനുവേണ്ടിയായിരുന്നു എന്ന പ്രശ്നം ഉദിക്കുന്നു. ഈ ഘട്ടത്തിലാണ് യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മിസോറാം, ഗോവ എന്നീ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളുമായി ബൂസ്റ്റര്‍ ഡോസ് പ്രഖ്യാപനത്തിനുള്ള പ്രസക്തി പരിശോധിക്കപ്പെടേണ്ടത്. 

ഇവിടെയും രാഷ്ട്രീയം കടന്നുവരുന്നു. ചുരുക്കത്തില്‍ ഇന്ത്യയിലെ കോവിഡിനെതിരായ യുദ്ധത്തില്‍ നിരവധി ഘടകങ്ങളുടെ സ്വാധീനം പ്രകടമാണ്. രാഷ്ട്രീയം, ബ്യൂറോക്രസി, അലംഭാവം, ഇരട്ടത്താപ്പ് അങ്ങനെ നിരവധി അനഭിലഷണീയ പ്രവണതകള്‍. ഇതോടൊപ്പം തന്നെ സംഘപരിവാറിന്റെ ഇടുങ്ങിയ ദേശീയതാവാദവുമുണ്ട്. ഇതിന്റെയൊക്കെ ആഘാതം വന്നുപതിക്കുന്നത് ഇന്ത്യന്‍ ജനതയ്ക്കുമേലുമാണ്. കാരണം വാക്സിനുകളുടെ പേരില്‍ നടക്കുന്ന കൊള്ളതന്നെ. വെറും 50 രൂപ മാത്രം ചെലവില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു ഡോസ് വാക്സിന്റെ വിലയാണിപ്പോള്‍ 150 രൂപയില്‍ നിന്നും 1000 രൂപവരെയായി ഉയര്‍ന്നിരിക്കുന്നതെന്നുതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.