പ്രായാധിക്യവും ആരോഗ്യസുരക്ഷാ വെല്ലുവിളികളും സമാന്തരമായി നിരീക്ഷിക്കേണ്ട പ്രശ്നങ്ങളാണ്. മനുഷ്യരുടേത് മാത്രമല്ല, വനസമ്പത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും പക്ഷിമൃഗാദികളുടെയും സുരക്ഷിത ഭാവി ഉറപ്പാക്കാനുള്ള ബാധ്യത രാഷ്ട്രീയ ഭരണകൂടങ്ങളുടേതാണെന്ന് ഇന്ത്യയിലെ പരമോന്നത നീതിപീഠം വിധിച്ചത് ഏതാനുംനാള്‍ മുമ്പാണ്. ഇന്ത്യയുടെ ജനസംഖ്യ, ചൈനയെ കടത്തിവെട്ടി 144.17 കോടിയിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍, ഈ വര്‍ധനവിനാനുപാതികമായി മുതിര്‍ന്ന ജനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരിക്കുമെന്നത് ഉറപ്പാണല്ലോ. മാത്രമല്ല, മധ്യവയസ്കരുടെ എണ്ണവും യുവജനങ്ങളുടേതിനോടൊപ്പം ഉയര്‍ന്നിട്ടുണ്ടാകും. രോഗാതുരതയുടെ കാര്യത്തില്‍ വിവിധ പ്രായങ്ങളിലുള്ളവരെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ള പ്രശ്നങ്ങളായിരിക്കും നേരിടേണ്ടിവരിക. കാലാവസ്ഥാ വ്യതിയാനം പുതിയ മാനങ്ങളിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍, ആരോഗ്യപ്രശ്നങ്ങളുടെ ആഴവും പരപ്പും വര്‍ധിച്ചിട്ടുണ്ടാകുമെന്നതിലും സംശയമില്ല. ഇത്തരമൊരു പൊതുസ്ഥിതിവിശേഷം കണക്കിലെടുക്കുമ്പോഴാണ് ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സിന്റെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുക. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് മാമാങ്കത്തിനു മുമ്പും അതിന്റെ ഭാഗമായും നിരവധി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും മാത്രമല്ല, പ്രാദേശിക പാര്‍ട്ടികളും ആവര്‍ത്തിച്ചു നല്‍കിയ വാഗ്ദാനങ്ങളില്‍ ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് സുരക്ഷാ പദ്ധതികളാണ് മുന്തിയ ഇടം കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ മിക്കവാറും എല്ലാ പാര്‍ട്ടി മാനിഫെസ്റ്റോകളിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് 70 വയസ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യമാണ്. ബിജെപിയാണെങ്കില്‍ നേരത്തെ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി ഈ വിഭാഗക്കാര്‍ക്കും ബാധകമാക്കുമെന്നാണ് പറഞ്ഞത്. ഈ ആരോഗ്യ പദ്ധതിയുടെ പുതിയ പേര് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന എന്നാണ്.
കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആവര്‍ത്തിച്ച് അവകാശപ്പെട്ടിരിക്കുന്നത് ഇത് ആരോഗ്യ സുരക്ഷയുടെ പുതിയ അവതാരമാണെന്നത്രെ. ഈ മേഖലയില്‍ ലോകത്തുതന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ഫണ്ടോടുകൂടിയുള്ള ആരോഗ്യ സുരക്ഷാ പദ്ധതി കൂടിയാണെന്നും ഇതിലൂടെ ചികിത്സാ ചെലവില്‍ അഞ്ച് ലക്ഷം രൂപ വരെ 70 വയസ് പൂര്‍ത്തിയാക്കിയ ഓരോ പൗരനും ലഭ്യമാകുമെന്നുമാണ് പ്രഖ്യാപനം. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ജനസംഖ്യയുടെ 40 ശതമാനം വരുന്ന, സമൂഹത്തിലെ ഏറ്റവുമധികം ദാരിദ്ര്യം അനുഭവിക്കുന്നവിഭാഗം ഉള്‍പ്പെടുമെന്നും അവര്‍ പറയുന്നു. ഇന്നത്തെ നിലയില്‍ 12 കോടി ഗുണഭോക്താക്കളുമുണ്ടത്രെ! ഇത്രയും ഗുണഭോക്താക്കള്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു മുമ്പും അതിനുശേഷവും ആവശ്യമായി വരുന്ന ചെലവുകള്‍ ഈ ഫണ്ടില്‍ നിന്നും ലഭ്യമാക്കും. സ്ഥിരമായ ആശുപത്രി ചെലവുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെങ്കിലും നിലവിലുള്ള രോഗങ്ങള്‍ക്കാവശ്യമായ മുഴുവന്‍ ചെലവുകളും പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുമെന്ന മേന്മ ഒരു ബോണസ് എന്ന നിലയില്‍ കിട്ടുകയും ചെയ്തു.
പ്രായം ചെന്നവര്‍ക്ക് ആരോഗ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ബാധകമാക്കപ്പെടുന്നതോടെ കുടുംബങ്ങളുടെ ജീവിതത്തിലും അവര്‍ക്കാവശ്യമായി വന്നേക്കാവുന്ന ആശുപത്രി ധനകാര്യത്തിലും ഏതാനും തരത്തിലുള്ള സഹായങ്ങള്‍ ലഭ്യമാകുമെന്നും കാണാനാകും. ഇവിടെ പ്രസക്തമാകുന്ന ഘടകം ജനസംഖ്യാ ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ വിവിധ പ്രായവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണത്തില്‍ ഏല്പിക്കുന്ന ഏറ്റക്കുറച്ചിലുകളാണ്. മറ്റു ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച്, മധ്യവയസ്കരുടെ എണ്ണം ഇന്ത്യയില്‍ താരതമ്യേന കുറവാണ്. ജനസംഖ്യയുടെ 25 ശതമാനം പേരാണ് പൂജ്യം മുതല്‍ 14 വയസുള്ളവരുടെ വിഭാഗത്തിലുള്ളതെങ്കില്‍ 68 ശതമാനമാണ് 15 മുതല്‍ 65 വയസുവരെയുള്ളവരുടെ വിഭാഗത്തിലുള്ളത്. വെറും ഏഴ് ശതമാനമാണ് 65 വയസില്‍ കൂടുതലുള്ള വിഭാഗം. സ്വാഭാവികമായും ഈ വിഭാഗത്തിന്റെ ആരോഗ്യ സുരക്ഷാ ആവശ്യങ്ങളായിരിക്കും ഏറ്റവുമധികം ഗൗരവസ്വഭാവത്തോടെയുള്ളതായിരിക്കുക.
ഏതായാലും നിര്‍ദിഷ്ട ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാവി സംബന്ധമായ ചില കാര്യങ്ങളില്‍ വ്യക്തതയില്ല. ഇന്നത്തെ നിലയില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കുടുംബം ഒരു യൂണിറ്റ് എന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ തിട്ടപ്പെടുത്തുക. അങ്ങനെയെങ്കില്‍ 70 വയസും അതിലധികവും ഉള്ളവര്‍ അതേ കുടുംബത്തില്‍പ്പെട്ടവരായുണ്ടെങ്കില്‍ സമാനമായ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലേ? അങ്ങനെയെങ്കില്‍ അഞ്ച് ലക്ഷം ഇവര്‍ക്കെല്ലാം പ്രത്യേകം ലഭ്യമാകുമോ ഇല്ലയോ എന്നതില്‍ വ്യക്തതവേണം. പദ്ധതിയുടെ നിര്‍വചനത്തില്‍ വ്യക്തത ഇല്ലെന്നതിനാല്‍ത്തന്നെ ഇക്കാര്യം പ്രത്യേകം നിജപ്പെടുത്തേണ്ടതായിരിക്കുന്നു.
ഒരു കുടുംബത്തില്‍ 70 വയസു പൂര്‍ത്തിയാക്കിയ മുഴുവന്‍ അംഗങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ നിരക്കില്‍ ആശുപത്രി ചെലവുകള്‍ക്കായി ഇന്‍ഷുറന്‍സ് തുക ലഭ്യമാകുമെങ്കില്‍ പ്രസ്തുത കുടുംബാംഗങ്ങള്‍ക്കൊന്നും അമിതമായ ചികിത്സാ ചെലവ് ഏറ്റെടുക്കേണ്ടിവരികയില്ല. നേരേമറിച്ച് നിലവിലുള്ള അര്‍ഹരായ അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്ന മുറയ്ക്ക് അവര്‍ക്കുകൂടി ഈ അഞ്ച് ലക്ഷം രൂപയുടെ വിഹിതമാണ് കൊടുക്കേണ്ടിവരുന്നതെങ്കില്‍ ആ കുടുംബത്തിന് അധിക ബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നത് സ്വാഭാവികമാണല്ലോ. സ്വതവേ ധനകാര്യ ഞെരുക്കം നേരിട്ടുവരുന്ന ഏതൊരു കുടുംബത്തെയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യമായിരിക്കുമിത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തിവരുന്ന വ്യാപകമായ മാധ്യമ പരസ്യങ്ങളിലൂടെ സ്വന്തം പദ്ധതിയെന്ന പേരിലുള്ള ഈ കുടുംബ സുരക്ഷാ പദ്ധതി വഴി ജനങ്ങളെ വഞ്ചിക്കാന്‍ നടത്തിവന്നിട്ടുള്ള ‘ഗ്യാരന്റി‘യുടെ തനിരൂപമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് പരിശോധിക്കപ്പെടേണ്ട മറ്റൊരു കാര്യമുണ്ട്. ആശുപത്രികള്‍ സാധാരണഗതിയില്‍ സ്വാഗതം ചെയ്യുന്നത് ആരോഗ്യ സുരക്ഷാ പദ്ധതിക്കുകീഴില്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള രോഗികളെയായിരിക്കും. കാരണം, ഇവരില്‍ നിന്നും ചെലവ് ഈടാക്കുക എളുപ്പമായിരിക്കും. സംസ്ഥാന റവന്യു ബജറ്റ് വഴിയുള്ള സുരക്ഷയാണെങ്കില്‍ മുടക്കിയപണം തിരികെ കിട്ടുക കാലതാമസമുണ്ടാക്കാനിടയുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാണ് സുരക്ഷയെങ്കില്‍ ഇത്തരം അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനെയും അതിന്റെ ഫലപ്രാപ്തിയെയും പറ്റി വിമര്‍ശനമുണ്ടാവുക സ്വാഭാവികമാണ്. ഇത്തരമൊരു പദ്ധതിയിലൂടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്, പണത്തിന്റെ രൂപത്തിലുള്ള സഹായ കൈമാറ്റം സര്‍ക്കാരിന്റെ ഒരു വകുപ്പില്‍ നിന്നും മറ്റൊരു വകുപ്പിലേക്കാണെന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല, സര്‍ക്കാരുമായി സഹകരിക്കാന്‍ സന്നദ്ധമാകുന്ന സ്വകാര്യ ആശുപത്രികള്‍ വഴിയും സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിവരുന്നുണ്ട്. അതേ അവസരത്തില്‍ ഇന്‍ഷുറന്‍സ് തുക മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞാണ് ബന്ധപ്പെട്ട സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടുകയെങ്കില്‍ പദ്ധതി നടത്തിപ്പില്‍ നിന്നും അവ സ്വയം പിന്മാറാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യും. അതിന് അവരെ പ്രതിക്കൂട്ടിലാക്കേണ്ട കാര്യമില്ല. കാരണം ഒരു സാമൂഹ്യ കടപ്പാട് എന്നതിന്റെ പേരിലാണ് മുന്‍കൂര്‍ പണം കൈപ്പറ്റാതെ അത്തരം മാനേജ്മെന്റുകള്‍ സേവന രംഗത്ത് പങ്കാളികളാകുന്നത്. ഈ വസ്തുത തിരിച്ചറിയാതെ സ്വകാര്യ മാനേജ്മെന്റിനെ തള്ളിപ്പറയുന്നതിലും അര്‍ത്ഥമില്ല. ബാധ്യത ആരുതന്നെ ഏറ്റെടുത്താലും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആരോഗ്യ സുരക്ഷാ പദ്ധതി വിജയിപ്പിച്ചേ തീരൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.