26 April 2025, Saturday
KSFE Galaxy Chits Banner 2

ഹെഡ്ഗേവാറിന്റെ ജയിൽ വാസവും ആർഎസ്എസ് വ്യാജ പ്രചരണവും

ടി ടി ജിസ്‌മോൻ
സംസ്ഥാന സെക്രട്ടറി, എഐവെെഎഫ് 
April 16, 2025 4:40 am

1977ലെ ജനതാ പാർട്ടി ഭരണകാലത്ത് മൊറാർജി ദേശായി മന്ത്രിസഭയിലെ വാർത്താവിതരണ പ്രചാരണ മന്ത്രിയായിരുന്ന കാലത്താണ് എൽ കെ അഡ്വാനി രാജ്യത്തിന്റെ കേന്ദ്ര ദൃശ്യ‑ശ്രവ്യ മാധ്യമങ്ങളെല്ലാം സംഘ്പരിവാറിന്റെ ദേശവീക്ഷണത്തിനനുസരിച്ച് ഹിന്ദുത്വ രാഷ്ട്രീയ പ്രചരണത്തിനായി തുറന്നുകൊടുത്തത്. ഈ ആനുകൂല്യം ഉപയോഗിച്ചാണ് 1987, 88 വര്‍ഷങ്ങളില്‍ രാമാനന്ദ് സാഗർ സംവിധാനം ചെയ്ത 78 എപ്പിസോഡുള്ള ‘രാമായൺ’ എന്ന സീരിയൽ ദൂരദർശനിലൂടെ വ്യാപകമായി പ്രദർശിപ്പിച്ചത്. സീതയായി വേഷമിട്ട ദീപിക ചിക്കാലിയ യഥാർത്ഥ ജീവിതത്തിൽ ദൈവിക പരിവേഷത്തോടുകൂടി അവതരിപ്പിക്കുകയും വികൃതവും വ്യാജവുമായ ചരിത്രത്തെ ശിരസാവഹിക്കുന്ന തലമുറകളെ ഉല്പാദിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു അവർ. 1991ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണത്തിന് മു­ന്നിൽനിന്നത് ഈ ‘സീതാദേവി’യായിരുന്നല്ലോ! അന്നും ഇന്നും ഒരു ഭാഗത്ത് വിദ്യാഭ്യാസ വാർത്താവിനിമയ സംവിധാനങ്ങളെല്ലാം ഗീബൽസിയൻ ശൈലിയിൽ തങ്ങളുടെ ഫാസിസ്റ്റ് പ്രചരണത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നവർ തങ്ങൾക്കനുകൂലമല്ലാത്ത ചരിത്രസത്യങ്ങളെ പൊതുമനസിന്റെ ഓർമ്മയിൽ നിന്ന് തമസ്കരിക്കാനുള്ള ഗൂഢനീക്കങ്ങള്‍ നടത്തുന്നു. പാലക്കാട് നഗരസഭയുടെ ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാറുടെ പേര് നൽകാനുള്ള ശ്രമത്തിലൂടെ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വനയങ്ങളും നിലപാടുകളും നിയന്ത്രിക്കുന്ന അധികാര സ്രോതസായി നിലകൊള്ളുകയെന്ന ആർഎസ്എസ് ഒളിയജണ്ട തന്നെയാണ് പുറത്തുവരുന്നത്. 

1930–40 കാലഘട്ടത്തിൽ ഇന്ത്യയിൽ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭം അലയടിച്ചപ്പോൾ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുക്കരുതെന്നും സാമ്രാജ്യത്വ ഭരണകൂടത്തോട് അനുരഞ്ജനപ്പെട്ടു പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത ബി എസ് മൂഞ്ചെയുടെ ശിഷ്യൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്ഥാപിച്ചാണ് നിലവിൽ പൊതുസമൂഹത്തിൽ നിന്നുമുയരുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാൻ സംഘ്പരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. 1930ലെ നിസഹകരണ പ്രസ്ഥാനത്തിൽ ഹെഡ്ഗേവാറിന്റെ പങ്കാളിത്തമുണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് സർക്കാരിനെതിരായ നിയമ ലംഘന സമരത്തെതുടർന്ന് അദ്ദേഹം ജയിൽവാസം അനുഭവിച്ചിരുന്നതായും ചൂണ്ടിക്കാട്ടിയാണ് സർ സംഘ് ചാലകിന്റെ ദേശസ്നേഹത്തെ സംബന്ധിച്ച് അനുയായികൾ വാചാലരാകുന്നത്.
2022 ഏപ്രിൽ രണ്ടിലെ ‘കേസരി’ വാരിക പറയുന്നത് കേൾക്കാം. “സംഘ സ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ‌1930ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ഠിച്ചിരുന്നു. എല്ലാം രാഷ്ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്നുവന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27ന് നാഗ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’യ്ക്ക് തുടക്കമിട്ടു. കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ച് തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്”
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ദുർബലമാക്കാൻ അരയുംതലയും മുറുക്കി രംഗത്തുണ്ടായിരുന്ന ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര കാലയളവിൽ നിശ്ചിതകാലം ജയിൽവാസം അനുഭവിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. എന്നാൽ 1921 ഓഗസ്റ്റ് 19 മുതൽ 1922 ജൂലായ് 12 വരെ അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസിലായിരിക്കുമ്പോൾ തന്നെ മുസ്ലിങ്ങളെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ഗാന്ധിജിയുടെ ആഹ്വാനം ഹെഡ്ഗേവാർ പലതവണ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതിനുശേഷം ആർഎസ്എസ് രൂപീകരിക്കുകയും നിസഹകരണ പ്രസ്ഥാനത്തിൽ സംഘടന എന്ന നിലയിൽ ആർഎസ്എസിനെ നേരിട്ട് പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരത്തിൽ വ്യക്തിപരമായി പങ്കെടുക്കുക വഴി ജയിലിൽ ഹിന്ദുത്വ അജണ്ടയ്ക്ക് പിന്തുണ നൽകാൻ സാധ്യതയുള്ളവരുമായുള്ള സമ്പർക്കം ലക്ഷ്യംവയ്ക്കുകയുമായിരുന്നു ഹെഡ്ഗേവാർ. 

ബംഗാളി ഹിന്ദു ദേശീയവാദികളുടെ പരിശ്രമത്താൽ രൂപീകൃതമായ ‘അനുശീലൻ സമിതി’ യിൽ ഹെഡ്ഗേവാറിനെ പരിശീലിപ്പിച്ച ഡോക്ടർ മൂഞ്ചെ, ഈ രഹസ്യ സംഘടനയിൽ അംഗമായിരിക്കെ ഹെഡ്ഗേവാറിന് ‘കൊക്കയി­ൻ’­ എന്ന പേരും മുമ്പ് നൽകിയിരുന്നു. ഫാസിസ്റ്റ് സംഘടനാ രീതിയുടെ കൗശലത്തിന്റെ ബാലപാഠം ഇവിടെ നിന്ന് അഭ്യസിച്ച ഹെഡ്ഗേവാർ സിദ്ധാന്തത്തിന്റെ പ്രയോഗവല്‍ക്കരണം ജയിൽജീവിതത്തിൽ കൃത്യമായിത്തന്നെ നടപ്പാക്കുകയായിരുന്നു.
സ്വാതന്ത്ര്യസമര കാലയളവിൽ അദ്ദേഹം അണികൾക്ക് നൽകിയ ഉപദേശം മേൽ വാദഗതിയെ അരക്കിട്ടുറപ്പിക്കുന്നുമുണ്ട്. “നൈമിഷികമായ ആവേശങ്ങളുടെയും പെട്ടെന്നുണ്ടാകുന്ന വികാരങ്ങളുടെയും പൊട്ടിത്തെറികളുടെയും പരിപാടികളിൽ നിന്നും സംഘം അകന്നുനിൽക്കേണ്ടതുണ്ട്. അത്തരം പരിപാടികളുമായുള്ള സഹകരണം സംഘത്തിന്റെ അടിസ്ഥാനത്തെ തന്നെ നശിപ്പിക്കാൻ മാത്രമേ ഉതകൂ”. മൂഞ്ചെയുടെ ഒരു പരാമർശം കൂടി കേൾക്കുമ്പോഴേ ഇന്ത്യൻ രാഷ്ട്രീയത്തിൽ അധികാരാരോഹണത്തിനുള്ള പഴുതുകൾ കണ്ടെത്തുന്നതിൽ വംശീയാധിപത്യമോഹങ്ങൾ മുഖമുദ്രയാക്കിയ ഫാസിസം നടത്തിയ അപകടകരമായ നീക്കങ്ങളുടെ തീവ്രത വെളിപ്പെടുകയുള്ളു. “ബാലില്ല സ്ഥാപനവും, ഈ സംഘടന ഒന്നടങ്കം തന്നെയും എന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നു. ഈ ആശയങ്ങളെല്ലാം ഇറ്റലിയുടെ സൈനിക പുനരുദ്ധാരണത്തിനുവേണ്ടി മുസോളിനിയാൽ ആവിഷ്കരിക്കപ്പെട്ടതാണ്. ഇറ്റലിക്കാർ ഇന്ത്യക്കാരെപ്പോലെ സ്നേഹം പ്രകടിപ്പിക്കുന്നവരും സമാധാനകാംക്ഷികളുമാണ്. അവർ രണധീരന്മാരോ യുദ്ധോത്സുകമായ സംസ്കാരത്തിൽ തല്പരരോ അല്ല. എന്നാൽ മുസോളിനി രാജ്യത്തിന്റെ ദൗർബല്യങ്ങൾ മനസിലാക്കി. 

ബാലില്ല പോലുള്ള സംഘടനകൾക്ക് രൂപം നൽകി. സൈനിക നടപടികളിലൂടെയല്ലാതെ ഇറ്റലിക്ക് ഒരു നല്ല ഭാവി സാധ്യമല്ല. ഫാസിസം തീർച്ചയായും ജനങ്ങൾക്കിടയിലെ ഐക്യം പുറത്തുകൊണ്ടുവരുന്നു. ഇന്ത്യക്ക്, വിശിഷ്യ ഹിന്ദു ഇന്ത്യക്ക്, ഹിന്ദുക്കളുടെ സൈനിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇത്തരം ചില സ്ഥാപനങ്ങൾ അത്യാവശ്യമാണ്. അങ്ങനെ വന്നാൽ സൈനിക പരിശീലനം നേടിയവരും, നേടാത്തവരും എന്ന വിവേചനം ഹിന്ദുക്കൾക്കിടയിൽ നിന്നും മാഞ്ഞുപോകും. ഡോ. ഹെഡ്ഗേവാറിന് കീഴിൽ രൂപീകരിച്ച നമ്മുടെ സംഘടനയായ ആർഎസ്എസ് സ്വതന്ത്രമായി വിഭാവനം ചെയ്യപ്പെട്ടതാണെങ്കിലും ഇതേതരത്തിലുള്ളതാണ്. ആർഎസ്എസിന്റെ മഹാരാഷ്ട്രയിലും പുറത്തുമുള്ള വളർച്ചയ്ക്കുവേണ്ടി ഞാനെന്റെ ശിഷ്ടജീവിതം ചെലവഴിക്കും.” (Marzia Caso­lari, Hindutva’s for­eign tie-up in the 1930s: Archival evi­dence, Eco­nom­ic & Polit­i­cal Week­ly, Jan­u­ary 22,2000, Page 220)
ഭരണ സംവിധാനത്തിനകത്ത് നുഴഞ്ഞുകയറുകയും സമസ്ത രാഷ്ട്രീയപ്രവർത്തനങ്ങളെയും ഹിന്ദുവല്‍ക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യം തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സത്തയെ കളങ്കപ്പെടുത്തിയ വ്യക്തിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിലൂടെ ആർഎസ്എസ് നടത്തുന്നത്. ഹിന്ദുക്കൾ ഒരു രാഷ്ട്രമാണെന്നും അതങ്ങനെ തന്നെ തുടരുന്നുവെന്നുമുള്ള വിഷലിപ്തമായ പ്രചരണത്തിന്റെ വക്താക്കൾ തങ്ങളുടെ വികലകാഴ്ചപ്പാടുകളുടെയും അധ്യാപനങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിൽ പ്രത്യയശാസ്ത്രപരമായ അടിത്തറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് മതേതര സമൂഹം ജാഗ്രതയോടെ കാണണം. മതാടിസ്ഥാനത്തിലുള്ള ദേശരാഷ്ട്ര രൂപീകരണമെന്ന പ്രഖ്യാപിത അജണ്ട ഉത്തരേന്ത്യൻ മാതൃകയിൽ നമ്മുടെ സംസ്ഥാനത്തും നടപ്പിൽവരുത്താനുള്ള നീക്കത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുക തന്നെ വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.