കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പകരംവയ്ക്കാനില്ലാത്ത ബഹുജന സംവാദ പരിപാടിയാണ് ‘നവകേരള സദസ്’. 36ദിവസങ്ങൾ, 136 വേദികൾ, 28 പ്രഭാത സദസുകൾ, 27 വാർത്താ സമ്മേളനങ്ങൾ, ആറുലക്ഷത്തിൽപ്പരം നിവേദനങ്ങൾ, തലസ്ഥാനത്തിന് പുറത്ത് അഞ്ച് മന്ത്രിസഭാ യോഗങ്ങൾ, മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു വാഹനത്തിൽ നടത്തിയ സഞ്ചാരം… ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ ഈ പരിപാടിക്കുണ്ട്. എറണാകുളം ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിൽ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ ബഹുജന സദസുകൾ ചേരുന്നതോടെ 140 മണ്ഡലങ്ങളിലെയും പര്യടനം പൂർത്തിയാകും.
തലസ്ഥാന നഗരത്തിലെ വട്ടിയൂർക്കാവില്‍ ജനസഹസ്രങ്ങളെ സാക്ഷിയാക്കി 23ന് നവകേരള യാത്രയുടെ പര്യടനം അവസാനിച്ചപ്പോൾ, കേരളത്തിലെ പ്രമുഖ വലതുപക്ഷ പത്രം ചോദിക്കുകയാണ്, ‘എന്തിനായിരുന്നു ഈ നവകേരള സദസ്? എന്തുനേട്ടമാണ് അതുകൊണ്ട് ഈ നാടിനുണ്ടായത്? അല്ലെങ്കിൽ, ആർക്കാണ് എന്തെങ്കിലും നേട്ടമുണ്ടായത്?’ ഈ യാത്രയ്ക്കിടയിലാകെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളുണ്ടായിരുന്നു. അതിലൊന്നും ചോദിക്കാൻ തയ്യാറാകാതിരുന്ന ചോദ്യങ്ങൾ, അല്ലെങ്കിൽ അവരുടെ ലേഖകർ ചോദിക്കാതെ വിട്ടവ, മുഖപ്രസംഗം എന്ന പേരിൽ അവതരിപ്പിക്കുകയാണ്. “1923ൽ പിറവികൊണ്ടത് മുതൽ ഇന്നുവരെ ഈ പത്രം ഇറക്കിയിട്ട് എന്ത് നേട്ടമാണ് നാടിനുണ്ടായത്, അല്ലെങ്കിൽ ആർക്കാണ് എന്തെങ്കിലും നേട്ടമുണ്ടായത് “എന്ന മറുചോദ്യം ഒത്ത മറുപടിയാണ്. പക്ഷെ ആ മറുപടി മാതൃഭൂമിത്തരമായിപ്പോകും. ഒരു സംശയവുമില്ലാതെ പറയാം, ജനാധിപത്യ ഭരണനിർവഹണത്തിന്റെ ഉദാത്തമായ ഒരധ്യായമാണ് നവകേരള സദസ് എഴുതിച്ചേർത്തത്. അതിനോട് മുഖം തിരിച്ചു നിൽക്കുകയാണ് പത്രം ചെയ്തത്.
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിനെക്കുറിച്ച് അനേകം കല്പിത കഥകൾ പ്രചരിപ്പിച്ചു. മാധ്യമ പ്രവർത്തകർ നേരിട്ട് ബസിൽക്കയറി കാണൂ എന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിൽ അഭ്യർത്ഥിച്ചു. മാതൃഭൂമിക്കാരനും കയറി. പക്ഷെ എന്താഡംബരമാണ് കണ്ടത് എന്ന് എഴുതിയില്ല. തുടക്കം മുതൽ നെഗറ്റീവ് വാർത്തകളും കാർട്ടൂണുകളും ദുഃസൂചനകളും പ്രസിദ്ധീകരിച്ച് നവകേരള സദസിന് പ്രചാരം നൽകുന്നതിൽ മുൻപന്തിയിൽ തന്നെ മാതൃഭൂമി ഉണ്ടായിരുന്നു. ആ അർത്ഥത്തിൽ നവകേരള സദസിന്റെ വിജയത്തിൽ ആ പത്രത്തിനും ഒരു പങ്കുണ്ട് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. അവർ പക്ഷേ ഇപ്പോഴാണ് ‘പന്തി’യിലെ പക്ഷഭേദം കാണുന്നത്. ഇത്തരം പരിപാടികൾ ആർക്കെങ്കിലും എന്തെങ്കിലും വിളമ്പാനുള്ളതാണ് എന്ന് തോന്നിപ്പോകുന്നത് ഒരു കുറ്റമല്ല. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷം കൊടുമ്പിരിക്കൊള്ളുമ്പോൾ കൊല്ലപ്പെട്ടവരുടെ സ്കോർ ബോർഡ് തയ്യാറാക്കി, ഇനിയും ചോര ഒഴുകട്ടെ എന്ന ആഗ്രഹം പരസ്യപ്പെടുത്തിയ പത്രത്തിന്റെ ജനിതകഘടന തന്നെ ആരെങ്കിലും വിളമ്പുന്നത് വാരിവലിച്ച് തിന്നാനുള്ള അത്യാഗ്രഹം അടങ്ങിയതാണ്.
പ്രഭാത സദസുകളിൽ പങ്കെടുത്ത ഏതാനും പേരോട് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് സംവദിച്ചതാണ് കുറ്റം. എവിടെ നിന്നെങ്കിലും വലിഞ്ഞുകയറി വന്നവരല്ല പ്രഭാത യോഗങ്ങൾക്കെത്തിയത്. സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് അവിടെ അണിനിരന്നത്. അതിൽ കലാ-സാംസ്കാരിക നായകരുണ്ട്, തൊഴിലാളികളുണ്ട്, ആശാ വർക്കർമാരുണ്ട്, ഹരിത കർമ്മ സേനാംഗങ്ങളുണ്ട്, മുതിർന്ന പൗരന്മാരുണ്ട്, വിദ്യാർത്ഥികളുണ്ട്, കർഷകനും കർഷകത്തൊഴിലാളിയുമുണ്ട്. കക്ഷി രാഷ്ട്രീയത്തിന്റെ വേർതിരിവില്ലാതെ, സമൂഹത്തിലെ എല്ലാ ധാരകളെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്രാതിനിധ്യം ആണ് പ്രഭാത യോഗങ്ങളിലുണ്ടായത്. അതിൽ അനർഹരായ ആരെങ്കിലും പങ്കെടുത്തെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നതിനു പകരം, ക്ഷണിക്കപ്പെട്ട് യോഗങ്ങൾക്കെത്തിയവരെയാകെ അവഹേളിക്കുന്നത് എന്തുതരം മാധ്യമ മര്യാദയാണ് എന്ന വിശദീകരണം ഇവരില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
മണ്ഡലങ്ങളിൽ നടന്ന ബഹുജന സദസുകൾ ഏകമുഖമായിരുന്നു എന്നാണ് മറ്റൊരു ആക്ഷേപം. ഓരോ സദസിലെയും കുറഞ്ഞ പങ്കാളിത്തം 15,000ത്തിനും മേലെയാണ്. അരലക്ഷത്തിലേറെ ജനങ്ങൾ എത്തിയ പരിപാടികളുമുണ്ട്. അവരോട് സംസാരിക്കുന്നത്, ജനാധിപത്യത്തിന്റെ ഏതളവുകോൽ വച്ചാണ് ഏകമുഖം” ആകുന്നത്? മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കേൾക്കാൻ എത്തുന്നവരാണ് ആ ജനക്കൂട്ടം. ആർക്കെങ്കിലും എന്തെങ്കിലും നിവേദനമോ നിർദേശമോ പരാതിയോ നൽകാനുണ്ടെങ്കിൽ അത് സ്വീകരിച്ച് രേഖപ്പെടുത്തി രശീതി നൽകുന്നതിനുള്ള സൗകര്യം ഓരോ കേന്ദ്രത്തിലും ഒരുക്കിയിരുന്നു. ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തിൽ ലഭിച്ചത് 9,774 ഉം തൊടുപുഴയിലേത് 9,434 ഉം നിവേദനങ്ങളാണ്. നിവേദനം നൽകാൻ ഇത്രയേറെ പേർ വന്നെങ്കിൽ, സദസിൽ പങ്കെടുത്തവരുടെ ആകെ എണ്ണം ഊഹിക്കാവുന്നതേയുള്ളൂ.
‘പരാതികൾ സ്വീകരിക്കലല്ല പ്രധാനകാര്യം’ എന്ന് മുഖ്യമന്ത്രി പറഞ്ഞതിലാണ് പത്രത്തിന് കുണ്ഠിതം. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് ജനങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ, സ്വാഭാവികമായും നിവേദനങ്ങൾ നൽകാനുണ്ടാകും. അവയാകെ കൈനീട്ടി വാങ്ങി, “നമുക്ക് ശരിയാക്കാം” എന്ന വാഗ്ദാനവും നൽകി നിഷ്ക്രമിക്കുന്ന ഭരണാധികാരികളെ പരിചയപ്പെട്ടതിന്റെ നൊസ്റ്റാൾജിയ ആകും മുഖപ്രസംഗകാരനെ ബാധിച്ചത്. ഇവിടെ ആറേകാൽ ലക്ഷത്തോളം നിവേദനങ്ങൾ കിട്ടിയതിൽ അപ്പോൾ തന്നെ പരിശോധന തുടങ്ങുന്നു-ഒന്നൊന്നായി പരിഹരിക്കപ്പെട്ടതിന്റെ വാർത്തകൾ വരുന്നു. മാതൃഭൂമി തന്നെ സമ്മതിക്കുന്നുണ്ട്: ‘ലഭിച്ച പരാതികളിൽ ചിലത് യുക്തിസഹമായിരിക്കണമെന്നില്ല’ എന്ന്. ആളുകൾ തങ്ങളുടെ എല്ലാ സങ്കടങ്ങളും വിശ്വാസമുള്ള സർക്കാരിനോട് പറയും. അതില്‍ സ്വീകാര്യമായ നിവേദനങ്ങളിൽ സമയബന്ധിതമായി നടപടി ഉണ്ടാകുന്നുണ്ട്.
യൂത്ത് കോൺഗ്രസ് ബസിന് മുന്നിൽ ചാടാനെത്തിയപ്പോൾ പിടിച്ചുമാറ്റിയത് “രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്” മഹാപരാധമായും പത്രം കാണുന്നു. യൂത്ത് കോൺഗ്രസോ കെഎസ്‌യുവോ കോൺഗ്രസ് തന്നെയോ നവകേരള സദസിനെതിരെ എന്തെങ്കിലും സമരം പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് ബഹിഷ്കരണം പ്രഖ്യാപിച്ചു. തങ്ങളുടെ എംഎൽഎമാർക്ക് വേദിയിലെത്തി സ്വന്തം സംഭാവനകൾ വിവരിക്കാനും നവകേരള സദസിൽ അണിചേർന്നുകൊണ്ട് ജനങ്ങളെ ശത്രുപക്ഷത്തേക്ക് തള്ളിവിടാതിരിക്കാനുമുള്ള വിവേകം അങ്ങനെ കോൺഗ്രസ് കൈവിട്ടു. അത് അവരുടെ കാര്യം. എന്നാൽ ഓടുന്ന വണ്ടിക്കു നേരെ പാഞ്ഞടുക്കുന്നതും കുറുകെ ചാടുന്നതും അവരുടെ കാര്യമല്ല‑മന്ത്രിമാരുടെ സുരക്ഷയുടെ മാത്രം പ്രശ്നവുമല്ല. അവിവേക പ്രകടനം കൊണ്ട് അപകടമുണ്ടാക്കാതെ നോക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്, മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കുണ്ട്, നാടിനെ സ്നേഹിക്കുന്ന എല്ലാവർക്കുമുണ്ട്. ഒരു ഷൂ ബസിന് നേരെ എറിഞ്ഞാൽ എന്താണ് കുഴപ്പം എന്ന ചോദ്യം മാതൃഭൂമിയടക്കമുള്ളവർ നേരിട്ടും അല്ലാതെയും ചോദിച്ചിട്ടുണ്ട്. ഷൂ എന്നല്ല, ഒരു കടലാസു കഷ്ണം പോലും ഓടുന്ന വാഹനത്തിനു നേരെ എറിഞ്ഞാൽ ഉണ്ടാകാവുന്ന ആപത്ത് അറിയാത്തതു കൊണ്ടാകില്ലല്ലോ ഈ മൗനം. അത്തരക്കാരെ പിന്തിരിപ്പിക്കുകയും ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്യുന്നതിനെ ‘രക്ഷാപ്രവർത്തനം’ എന്നല്ലാതെ എന്തുവിളിക്കാനാണ് മാതൃഭൂമിക്ക് തോന്നുന്നത്?
തദ്ദേശ‑സഹകരണസ്ഥാപനങ്ങളിൽനിന്ന് പണംചോദിച്ചതാണത്രെ മറ്റൊരു കുറ്റം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇന്നാട്ടിലെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമല്ല എന്നും പറയുമോ? സ്കൂൾമതിലുകൾ പൊളിച്ചെന്ന് മറ്റൊരാരോപണം. സത്യത്തിൽ നവകേരള സദസ് നടന്ന മൈതാനങ്ങൾ മിക്കതും അപര്യാപ്തങ്ങളാണ്. അത്ര വലിയ ജനക്കൂട്ടത്തെ താങ്ങാനാകാത്തവ. അതുകാരണം ചിലേടത്ത് മതിൽ പൊളിക്കേണ്ടി വന്നിട്ടുണ്ട്. അവ സമയബന്ധിതമായി പൂർവ സ്ഥിതിയിൽ ആക്കുകയും ചെയ്തിട്ടുണ്ട്. മട്ടന്നൂരിലെ വേദിയിൽ കെ കെ ശൈലജ എംഎൽഎയോട് മുഖ്യമന്ത്രി മുഷിഞ്ഞു സംസാരിച്ചു എന്നത് ഇക്കൂട്ടര്‍ കത്തിക്കാൻ നോക്കി പരാജയപ്പെട്ട വിഷയമാണ്. അധ്യക്ഷ പ്രസംഗം നീണ്ടപ്പോൾ മന്ത്രിമാർക്ക് സംസാരിക്കാനുള്ള സമയം കുറഞ്ഞു എന്നത് മുഖ്യമന്ത്രി വേദിയിൽ ചൂണ്ടിക്കാട്ടിയതിനെ മുഖ്യമന്ത്രി-ശൈലജ ഭിന്നതയായി ഉയർത്തിക്കൊണ്ടുവരാനാണ് മാതൃഭൂമി ശ്രമിച്ചത്. അവരിരുവരും തന്നെ പൊളിച്ചിട്ടും മാതൃഭൂമിക്ക് മാത്രം നേരം പുലർന്നിട്ടില്ല.
‘ഗവർണറെയും പ്രതിപക്ഷ നേതാവിനെയും എന്തിന്, ഇടുക്കിയിലെ അശരണയായ മറിയക്കുട്ടിയെവരെ ശകാരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളവേദിയെ ദുരുപയോഗപ്പെടുത്തി’ എന്ന രാഷ്ട്രീയ ആരോപണവും മാതൃഭൂമി ഉന്നയിക്കുന്നു. നവകേരള സദസിനെ ആക്രമിക്കാം, ഷൂ എറിയാം, പ്രതിപക്ഷ നേതാവിന് അസഭ്യം വിളിച്ച് പറയാം, ഭരണഘടനാ സ്ഥാനത്തിരുന്നുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന് പച്ചയായ രാഷ്ട്രീയം പറയാം, മുഖ്യമന്ത്രിയെ ഭര്‍ത്സിക്കാം. മറിയക്കുട്ടിയെ തെറ്റിധരിപ്പിച്ചു യുഡിഎഫിന് രാഷ്ട്രീയ ആയുധമാക്കാം. അതിനൊന്നും സർക്കാർ ഭാഗത്തു നിന്ന് മറുപടി ഉണ്ടാകാൻ പാടില്ലെന്ന്. ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് മറുപടി പറയുക എന്നത് ജനാധിപത്യത്തിലെ അനിവാര്യമായ അവകാശമല്ലേ പത്രാധിപരെ?
നവകേരള സദസ് തുടങ്ങി അവസാനിക്കുന്നതുവരെ മാതൃഭൂമി അതിനെക്കുറിച്ച് നല്ലതു പറഞ്ഞിട്ടില്ല. പിആർഡി കൊടുത്ത പരസ്യത്തിൽ മാത്രമാണ് പോസിറ്റീവ് കാര്യങ്ങൾ വന്നത്. ശാപവും പരിഹാസവും ശകാരവും മാത്രമായിരുന്നു പത്രത്തിന്റെ സംഭാവന. എല്ലാം ജനങ്ങൾ തള്ളുക മാത്രമല്ല, കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും ഉജ്വലമായ ബഹുജന മുന്നേറ്റമായി നവകേരള സദസ് മാറുകയും ചെയ്തു. സ്വയം പരാജയം സമ്മതിച്ചു നന്നാവാൻ ഒന്ന് ശ്രമിച്ചുനോക്കുന്നതിനു പകരം, പിന്നെയും ഉപദേശവുമായി സർക്കാരിന് മുന്നിലേക്ക് ചെല്ലാൻ ചില്ലറ തൊലിക്കട്ടി പോരാ. എന്ത് ഗുണമുണ്ടായി എന്ന് ജനങ്ങൾ വിലയിരുത്തുന്നുണ്ട്. എന്നാൽ ദോഷമുണ്ടായ ഒരു കൂട്ടരുണ്ട്- വിലക്കും ബഹിഷ്കരണവും തള്ളിക്കളഞ്ഞ് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ നവകേരള സദസിനെത്തിയ യുഡിഎഫുകാർ അനേകമാണ്. അവരെ പുറത്താക്കിയ വാർത്തകൾ വലതുമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിലൂടെ യുഡിഎഫ് ചെയ്തത്, നവകേരള സദസ് എന്ന മഹാ ജനമുന്നേറ്റം തങ്ങളുടെ ശത്രുക്കളുടേതാണ് എന്ന് സ്ഥാപിക്കലാണ്. ആർക്കാണ് ദോഷമെന്ന് വിമർശനമുന്നയിച്ച മാധ്യമങ്ങൾ ആഴത്തിൽ തന്നെ പരിശോധിക്കട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.