അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ (എഐവൈഎഫ്) ദ്വൈവാര മുഖപത്രമായ ‘യൂത്ത് ലൈഫി‘ന്റെ പത്രാധിപരായി ചുമതല ഏറ്റെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് എൻ ചിദംബരത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം പാട്രിയറ്റ് ദിനപത്രത്തിലാണ് പ്രവർത്തിച്ചിരുന്നത്. യൂത്ത് ലൈഫിന്റെ മുൻ പത്രാധിപർ എന്ന നിലയിൽ അതിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചറിയാനും അതിന്റെ തുടർ പ്രവർത്തനങ്ങളിൽ സഹായം അഭ്യർത്ഥിക്കാനുമാണ് ഡൽഹി ഐടിഒയ്ക്ക് സമീപമുള്ള പാട്രിയറ്റ് ഓഫിസിൽ വച്ച് ആ കൂടിക്കാഴ്ച നടന്നത്. തുടർന്നിങ്ങോട്ടുള്ള ഏതാണ്ട് നാലുപതിറ്റാണ്ട്കാലം പാർട്ടി പ്രവർത്തകർ എന്നനിലയിലും പത്രപ്രവത്തകർ എന്നനിലയിലും ഊഷ്മളമായ സൗഹൃദമാണ് ഞങ്ങൾ പങ്കുവച്ചിരുന്നത്.
സഖാവ് സി കെ ചന്ദ്രപ്പൻ എഐവൈഎഫ് ജനറൽ സെക്രട്ടറി ആയിരുന്ന എഴുപതുകളുടെ ആരംഭത്തിലാണ് ചിദംബരം യൂത്ത് ലൈഫ് എഡിറ്ററായി ചുമതലയേറ്റ് ഡൽഹിയിലെ അസഫലി റോഡിലുള്ള എഐഎസ്എഫ്-എഐവൈഎഫ് ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്നത്. യൂത്ത് ലൈഫ് സ്ഥാപക എഡിറ്ററായിരുന്ന തമിഴ്‌നാട്ടുകാരനായ സഖാവ് എസ് കുണാളൻ അന്നത്തെ ചെക്കോസ്ലോവാക്യയുടെ തലസ്ഥാനമായിരുന്ന പ്രാഗിൽ പ്രവർത്തിച്ചിരുന്ന ഇന്റർനാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സിന്റെ (ഐയുഎസ്) ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതോടെയാണ് ചിദംബരത്തിന് ആ ചുമതല നൽകിയത്. അക്കാലത്ത് എസ്എഫ്- വൈഎഫ് സംഘടനകളുടെ മുഖപത്രമായിരുന്നു യൂത്ത് ലൈഫ്. പിൽക്കാലത്ത് എഐഎസ്എഫ് ‘സ്റ്റുഡന്റ് ആക്ഷൻ’ എന്നപേരിൽ സ്വതന്ത്രമായി ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റൊരു പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. അന്തരിച്ച സിപിഐ നേതാവ് അതുൽകുമാർ അഞ്ജാൻ ചീഫ് എഡിറ്ററായിരുന്ന സ്റ്റുഡന്റ് ആക്ഷന്റെ പത്രാധിപർ ഇപ്പോൾ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ പല്ലബ് സെൻഗുപ്ത ആയിരുന്നു.
എഐവൈഎഫ് സമാന്തരമായി ‘യുവവേദി’ എന്നപേരിൽ ഒരു ഹിന്ദി ദ്വൈവാരികയും പ്രസിദ്ധീകരിച്ചിരുന്നു. പിൽക്കാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന്റെ ബഹുജന ചിന്താകേന്ദ്രങ്ങളിൽ ഒന്നായിരുന്ന ‘ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നോണ്‍ അലയന്‍സ് സ്റ്റഡീസും, ന്യൂസ് ഫ്രം നോണ്‍ അലയന്‍സ് വേള്‍ഡ്’ എന്ന പ്രസിദ്ധീകരണവും സ്ഥാപിച്ച, ഉത്തർപ്രദേശിൽ നിന്നുള്ള യുവ നേതാവ് ഗോവിന്ദ് നാരായൺ ശ്രീവാസ്തവ് ആയിരുന്നു അക്കാലത്ത് യുവവേദിയുടെ എഡിറ്റർ. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന എസ് സുധാകർ റെഡ്ഡി, പിൽക്കാലത്ത് ബിഹാറിലെ ഖനിത്തൊഴിലാളികളുടെ നേതാവും പാർട്ടിയുടെ ധൻബാദ് ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ച അമരേന്ദ്ര നാരായൺ സിങ് എന്നിവരായിരുന്നു അക്കാലത്ത് എഐവൈഎഫ് പ്രസിഡന്റുമാർ. പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവുമായിരുന്ന സയ്യദ് അസീസ് പാഷ, ഡോ. ശംഭുശരണ്‍ ശ്രീവാസ്തവ്, അതുൽകുമാർ അഞ്ജാൻ, അമർജീത് കൗർ എന്നിവരായിരുന്നു എഐഎസ്എഫ് ഭാരവാഹികൾ. ഇരു സംഘടനകളുടെയും ചരിത്രത്തിലെ ഏറ്റവും ഊർജസ്വലമായ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു ചിദംബരം യുവജന‑വിദ്യാർത്ഥി കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നതെന്ന് സൂചിപ്പിക്കാനാണ് ഈ പശ്ചാത്തല വിവരണത്തിന് മുതിർന്നത്.
ചിദംബരം കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്നുവരുന്നത് എഐഎസ്എഫ് പ്രവർത്തകനായാണ്. യാഥാസ്ഥിതിക പശ്ചാത്തലത്തിൽനിന്നും വിദ്യാർത്ഥി പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ചിദംബരത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രൂപപ്പെടുത്തുന്നത് അക്കാലത്ത് തിരുവനന്തപുരത്തുകാരുടെ ‘ആശാനായി’ മാറിക്കഴിഞ്ഞിരുന്ന സഖാവ് കെ വി സുരേന്ദ്രനാഥ് ആയിരുന്നു. പരമ്പരാഗത രീതികൾക്കുപകരം ജില്ലയിലെ കർഷകത്തൊഴിലാളികളുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള സ്ഥിതിവിവര പഠനമടക്കം വിവിധ പ്രവർത്തനങ്ങൾക്ക് ആശാൻ ചിദംബരത്തെ നിയോഗിച്ചു. വിദ്യാർത്ഥി കാലഘട്ടത്തിൽ എഐഎസ്എഫ് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ച അദ്ദേഹം പഠനത്തെ തുടർന്ന് യുവജന രംഗത്തേക്ക് ചുവടുമാറി. അവിടെനിന്നാണ് സഖാവ് ചന്ദ്രപ്പൻ ചിദംബരത്തെ കണ്ടെത്തിയത്. രാജ്യത്തെ യുവജന‑വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കിടയിലും യുവജനരംഗത്തെ പ്രവണതകൾ നിരീക്ഷിക്കുന്നവർക്കിടയിലും ശ്രദ്ധ പിടിച്ചുപറ്റിയ യൂത്ത് ലൈഫിനെ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും അവകാശ സമരങ്ങളുടെ സംഘാടകനും പ്രക്ഷോഭകനുമായി വളര്‍ത്തിയെടുക്കുന്നതിനു പിന്നിലെ മുഖ്യ ചാലകശക്തിയായിരുന്നു ചിദംബരം. അക്കാലയളവിൽ അസഫലി റോഡിലെ വിദ്യാർത്ഥി-യുവജന കേന്ദ്രത്തെ ഊർജസ്വലമായി നിലനിര്‍ത്തുന്നതിൽ ചിദംബരം നിർണായക പങ്കാണ് വഹിച്ചിരുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭട്ടിൻഡ കോൺഗ്രസിനെ തുടർന്നുള്ള കാലയളവിലാണ് ചിദംബരം പത്രപ്രവർത്തനം ഒരു പ്രൊഫഷനായി തിരഞ്ഞെടുത്ത് എടത്തട്ട നാരായണൻ പത്രാധിപരായി, അരുണ അസഫ് അലിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പാട്രിയറ്റിൽ ചേരുന്നത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് പാട്രിയറ്റ് പ്രസിദ്ധീകരണം അവസാനിപ്പിക്കുംവരെ അദ്ദേഹം അതിൽ തുടർന്നു. പിന്നീട് ബിസിനസ് ആന്റ് പൊളിറ്റിക്കൽ ഒബ്സർവർ, ഇക്കണോമിക് ടൈംസ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ടൈംസിൽനിന്ന് വിരമിച്ചശേഷം ചിദംബരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖവാരിക ന്യൂ ഏജിന്റെ പത്രാധിപസമിതിയിൽ അംഗമായി, പ്രതിഫലം ഒന്നുംവാങ്ങാതെ, പ്രവർത്തിച്ചുവരികയായിരുന്നു. സിപിഐയുടെ സമുന്നത നേതാക്കളായിരുന്ന എസ് എ ഡാങ്കേ, സി രാജേശ്വര്‍ റാവു, ഇന്ദ്രജിത് ഗുപ്ത, എ ബി ബര്‍ധന്‍, എസ് സുധാകര്‍ റെഡ്ഡി, ഡി രാജ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരുന്നു ചിദംബരം. ഈ നേതാക്കളുടെ പ്രസ്താവനകള്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ഒരു പത്രപ്രവർത്തകൻ എന്നതിലുപരി പ്രതിബദ്ധതയുള്ള പാർട്ടി കേഡർ എന്നനിലയിൽ ചിദംബരം പാർട്ടിക്കും പാർട്ടി കേന്ദ്രത്തിനും നിസ്തുല സേവനമാണ് കാഴ്ചവച്ചത്. വിദ്യാർത്ഥി-യുവജന കേന്ദ്രത്തിലെ ദീർഘകാലത്തെ പ്രവർത്തന പരിചയം പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ എത്തുന്ന പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ചിദംബരത്തെ ഒരു സുപരിചിത മുഖമാക്കി. നാട്ടിലെത്തുമ്പോഴൊക്കെ മുടങ്ങാതെ ജനയുഗം സന്ദർശിക്കാനും ഞങ്ങളോടൊപ്പം സമയം ചെലവിടാനും ചിദംബരം ശ്രദ്ധിച്ചിരുന്നു. സ്നേഹധനനും പ്രവര്‍ത്തനനിരതനുമായ ഒരു സഖാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.