29 September 2024, Sunday
KSFE Galaxy Chits Banner 2

സാര്‍വദേശീയ തൊഴിലാളി ദിനം; യോജിച്ച പോരാട്ടങ്ങള്‍ക്കായുള്ള പ്രതിജ്ഞ

അമര്‍ജീത് കൗര്‍
എഐടിയുസി ജനറല്‍ സെക്രട്ടറി
May 1, 2023 4:30 am

തൊഴിലാളികളെ മൃഗങ്ങളായല്ല മനുഷ്യരായാണ് പരിഗണിക്കേണ്ടതെന്ന ആവശ്യം സ്ഥാപിക്കുന്നതിനുവേണ്ടി നമ്മുടെ പൂർവികരായ തൊഴിലാളികളും സംഘടനകളും സഹിച്ച മഹത്തായ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലാണ് മേയ്ദിനം. മറ്റൊരർത്ഥത്തിൽ മാനവരാശിയുടെ ചരിത്രത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത് എന്നതിന്റെയും ഓർമ്മ പുതുക്കലാണത്. നിശ്ചിത ജോലിസമയത്തിനു വേണ്ടി — എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, വിനോദത്തിനായി എട്ടു മണിക്കൂർ – എന്നിങ്ങനെ തൊഴിലാളികളുടെ ആവശ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഫലിച്ചു. 1866ൽ ഇന്ത്യയിലും ഇതേ ആവശ്യങ്ങളുന്നയിക്കപ്പെട്ടു, 1886 മേയ് ഒന്നിനായിരുന്നു ചിക്കാഗോയിൽ തൊഴിലാളികളുടെ പ്രതിഷേധ സമരം ആരംഭിച്ചത്. പ്രതിഷേധത്തെ തകർക്കുന്നതിനു വേണ്ടി നടത്തിയ വെടിവയ്പിലും പിന്നീട് അറസ്റ്റ് ചെയ്ത് ശിക്ഷിച്ചും രക്തസാക്ഷികളായവരുടെ സ്മരണാർത്ഥമാണ് തൊഴിലാളി സംഘടനകളുടെ ആഗോള സമ്മേളനത്തിൽ വച്ച്, മേയ് ദിനം ആചരിക്കുന്നതിനുവേണ്ടി തീരുമാനിച്ചത്. ഇന്ത്യയിൽ എഐടിയുസിയുടെ നേതൃത്വത്തിൽ 1923 ഇപ്പോഴത്തെ തമിഴ്‌നാട്ടിൽ ആയിരുന്നു ആദ്യത്തെ മേയ്ദിനാചരണം നടന്ന എം ശിങ്കാരവേലു ചെട്ടിയാർ ആയിരുന്നു അതിനു നേതൃത്വം നൽകിയത്.
ലോകത്താകെയുള്ള തൊഴിലാളികൾ ഗുരുതരമായ സാഹചര്യങ്ങളെ നേരിടുമ്പോഴാണ് ഇത്തവണ നാം മേയ്ദിനം ആചരിക്കുന്നത്. നിശ്ചിത തൊഴിൽ സമയം, പണിമുടക്കാനുള്ള അവകാശം തുടങ്ങി ദീർഘകാലത്തെയും ഐതിഹാസികവുമായ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്നു. കൂട്ടായ വിലപേശലിനെ തളർത്തുന്നതിന് തൊഴിലാളികളുടെ സംഘടിത രൂപങ്ങളെയും അവരുടെ അവകാശങ്ങളെയും കടന്നാക്രമിക്കുക എന്നുള്ളതാണ് കോർപറേറ്റ് സർക്കാരുകൾ മുഖ്യ ഉപകരണമാക്കി ഉപയോഗിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളിൽ കടന്നുകയറിയാണ് കുത്തക മുതലാളിത്തം അവരുടെ ലാഭം വർധിപ്പിച്ചു കൊണ്ടിരിക്കുന്നതും.

 


ഇതുകൂടി വായിക്കു; മെയ് ദിനം നീണാൾ വാഴട്ടെ


2024ൽ ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സംഭവവികാസങ്ങളും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഈ വർഷത്തെ മേയ്ദിനാചരണത്തിന് പ്രസക്തിയും പ്രാധാന്യവും വളരെ അധികമാണ്. ഒന്നര നൂറ്റാണ്ടിലധികം നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത തൊഴിലാളി അവകാശങ്ങൾ, അധികാരത്തിലിരിക്കുന്ന ആർഎസ്എസ് — ബിജെപി നേതൃത്വത്തിൽ നരേന്ദ്രമോഡി പ്രധാനമന്ത്രിയായുള്ള സർക്കാർ പിന്തുടരുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾ കൊണ്ട് വലിയ കടന്നാക്രമണങ്ങളെ അഭിമുഖീകരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയാകട്ടെ പൂർണമായും തകർച്ചയെ നേരിടുകയും ചെയ്യുന്നു.
ധാന്യങ്ങൾ, പയറുവർഗങ്ങൾ, പാചക വാതകം, പാൽ എന്നിങ്ങനെ അവശ്യ വസ്തുക്കളുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പതിനഞ്ച് ശതമാനം വർധിച്ചതോടെ സമ്പദ് വ്യവസ്ഥ കൂടുതൽ തകർന്നു. വിലക്കയറ്റത്തിനനുസരിച്ച് വേതനത്തിലും വരുമാനത്തിലും വർധനവുണ്ടാകാത്തതിനാൽ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന ചെലവുകൾ സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത വിധം ഉയർന്നിരിക്കുന്നു. ഇതൊരു വശത്താണെങ്കിൽ മറുവശത്താകട്ടെ ബജറ്റിലൂടെ കോർപറേറ്റുകൾക്ക് ധാരാളം ഇളവുകൾ അനുവദിക്കുന്നു. അതേ സമയം വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി/പട്ടികവർഗ ക്ഷേമം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവക്കുള്ള ബജറ്റ് വിഹിതം കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 30 ശതമാനം കണ്ട് കുറച്ചു. വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ കാര്യവും തഥൈവ. കാർഷികോല്പന്നങ്ങളുടെ താങ്ങുവില മെച്ചപ്പെടുത്തു വാനുള്ള ഒരു നിർദേശവും ബജറ്റിലില്ല.
കേവലം ആലങ്കാരിക പദങ്ങൾ കൊണ്ടുള്ള ജാലവിദ്യയാണ് കേന്ദ്ര ബജറ്റിലുടനീളം കാണാനാവുക. തന്റെ അവസാനത്തെ സമ്പൂർണ ബജറ്റിനെ ധനമന്ത്രി നിർമ്മലാ സീതാരാമൻ വിശേഷിപ്പിക്കുന്നത് ““അമൃത കാല ബജറ്റ്” എന്നാണ്. എന്നാൽ അവരുടെ ബജറ്റ് പ്രസംഗം അപ്പാടെ അസത്യജടിലമായിരുന്നു. അവർ അവതരിപ്പിച്ച കണക്കുകൾ സത്യത്തിൽ നിന്നും അനേക കാതം അകലെയാണ് നിലകൊള്ളുന്നത്.
എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, സാമ്പത്തിക ഉന്നതി, യുവജനശക്തി, ഹരിത വികസനം, വികസനം എല്ലാവരിലും എത്തിക്കൽ, അടിസ്ഥാന സൗകര്യവികസനം, സാധ്യതകളുടെ പരമാവധി പ്രയോജനം എന്നിങ്ങനെ ബജറ്റ് വിഭാവനം ചെയ്യുന്ന “സപ്തർഷി’ പദ്ധതികളാകട്ടെ തികച്ചും അന്തസാര ശൂന്യവുമാണ്.
പഴയ പെൻഷൻ പദ്ധതി, എല്ലാവർക്കും സാമൂഹ്യ സുരക്ഷ സ്കീം തൊഴിലാളികളെ സ്ഥിരപ്പെടുത്തൽ, അസംഘടിത‑കാർഷിക തൊഴിലാളികൾക്ക് മിനിമം വേതനം, കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തൽ തുടങ്ങി അധ്വാനിക്കുന്നവരെ സംബന്ധിച്ച പ്രശ്നങ്ങളൊന്നും ബജറ്റ് ചർച്ച ചെയ്യുന്നില്ല. രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉല്പാദനത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നവർ 94 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളാണ്. ഇവരെ കേന്ദ്ര ബജറ്റ് പാടേ അവഗണിച്ചു.  ഓരോ വർഷവും എട്ട് ദശലക്ഷം തൊഴിലന്വേഷകർ തൊഴിൽ വിപണിയിൽ എത്തിച്ചേരുമ്പോഴും തൊഴിലില്ലായ്മ അതിന്റെ ഏറ്റവും ഉയർന്ന നിരക്കായ 34 ശതമാനത്തിലെത്തി നിൽക്കുന്നു. തൊഴിലില്ലായ്മ വർധിക്കുന്നത് ഗൗരവതരമായ ആശങ്കയുണർത്തുന്നു. ആരോഗ്യ മേഖലയിലെ ചെലവുകൾ കുറയുന്നത് ജനങ്ങളുടെ ദാരിദ്യ്രം വർധിപ്പിക്കും. കാർഷിക മേഖലയിലെ ചെലവാകട്ടെ കർഷകർക്ക് പണം ദാനം നൽകുന്നതിൽ മാത്രമായി ചുരുങ്ങി.


ഇതുകൂടി വായിക്കു;ലോക തൊഴിലാളി ദിനം ആഘോഷിച്ചു


ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതോടെ അഡാനി സാമ്രാജ്യത്തിന്റെ പതനമാരംഭിച്ചു. അഡാനി കമ്പനികളിൽ നിക്ഷേപം നടത്തിയ പൊതുമേഖല സ്ഥാപനങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 60 ശതമാനത്തിലധികം കയ്യടക്കിയിരിക്കുന്നത് കേവലം അഞ്ച് ശതമാനം വരുന്ന കോടീശ്വരന്മാരുടെ കൈവശമാണെന്ന് 2023 ജനുവരി 16‑ന് പ്രസിദ്ധീകൃതമായ ““ഓക്സ്ഫാം ഇൻഡ്യ”യുടെ അസമത്വ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട ഭരണകക്ഷിയായ ബിജെപി വർഗീയ വിദ്വേഷത്തിന്റെയും വിഭജന വാദത്തിന്റേയും മുദ്രാവാക്യമായ “ഹിന്ദുരാഷ്ട്ര”വാദവുമായി മുന്നോട്ട് പോകുന്നു. ആയിരം വർഷങ്ങൾക്ക് ശേഷം ഹിന്ദു ഉണർന്നു എന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവന അക്രമ പ്രവർത്തനങ്ങളിലേർപ്പെടാൻ വർഗീയ ഭ്രാന്തന്മാർക്ക് കൂടുതൽ ധൈര്യം പകരുന്നതാണ്.
വർഗീയാക്രമണങ്ങൾ നടത്തുന്ന സംഘങ്ങൾ വളരുകയാണ്. ഗോ സംരക്ഷണ സേനയുടെ പേരിലുള്ള അക്രമി സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഭരണാധികാരികളും പൊലീസും കൂട്ടു നിൽക്കുന്നുവെന്ന് ഹരിയാനയിൽ ഈയിടെയുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ പിന്തിരിപ്പൻ സമീപനം വരും തലമുറയെ യാഥാർത്ഥ്യങ്ങളിൽ നിന്നും അകറ്റി അന്ധരാക്കും. അപ്പോൾ വികാരപരമായ വിഷയങ്ങളിൽ മിഥ്യകൾ പ്രചരിപ്പിക്കാനും വർഗ്ഗീയ വിദ്വേഷം വളർത്താനും കലാപങ്ങൾ സൃഷ്ടിക്കാനും ഈ ദുഷ്ട ശക്തികൾക്ക് വളരെ എളുപ്പമാകും.
പൊതുമേഖല സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പരസ്യമായി തുടരുകയാണ്. ഇത് വികസന പ്രക്രിയയെ പിന്നോട്ടടിക്കുന്നത് കൂടാതെ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, സിബിഐ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തും യുഎപിഎ പോലുള്ള കരിനിയമങ്ങൾ പ്രയോഗിച്ചും പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ നിരന്തരം തടസപ്പെടുത്തിയത് ഭരണകക്ഷി അംഗങ്ങളായിരുന്നുവെന്നത് പാർലമെന്ററി ജനാധിപത്യത്തെ പരിഹാസ്യമാക്കിയിരിക്കുന്നു.
മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും കണ്ണുവെട്ടിക്കാൻ കോടതി മുമ്പാകെ മുദ്രവച്ച കവറുകളിൽ വിവരങ്ങൾ നൽകുന്നത് കേന്ദ്ര സർക്കാരിന്റെ മറ്റൊരു തന്ത്രമായിരുന്നു. ഇതിനെതിരെ ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്വാഭാവിക നീതി നിഷേധത്തിനെതിരായ താക്കീതായി. ഭരണകക്ഷി തന്നെയാണ് ഭരണഘടനയെ നിരന്തരം ആക്രമിക്കുന്നതെന്ന വസ്തുത ഏവർക്കും അറിയാം. എങ്കിലും ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധൻഖറും നിയമ മന്ത്രി കിരൺ റിജുജുവും തങ്ങളുടെ പ്രസ്താവനകളിലൂടെ നടത്തുന്ന ഭരണഘടന ധ്വംസനങ്ങൾ ആശങ്കയുണർത്തുന്നു.
കൊളോണിയൽ ശക്തികളുടേയും ദുഷ്പ്രഭുക്കളുടേയും പ്രാദേശിക ചൂഷകരുടേയും അടിച്ചമർത്തലിനെതിരെയും ജനാധിപത്യ‑ട്രേഡ് യൂണിയൻ അവകാശങ്ങൾക്കുമായുള്ള പോരാട്ടത്തിലൂടെയുമാണ് ഇന്ത്യൻ തൊഴിലാളി വർഗx പരിണമിച്ച് ഇന്നത്തെ നിലയിലെത്തിയത്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും തൊഴിലവകാശങ്ങളും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് തൊഴിലാളി പ്രസ്ഥാനങ്ങൾ.
ബിജെപി-ആർഎസ്എസ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങൾക്കെതിരേ ജനുവരി 30ലെ ദേശീയ കൺവെൻഷൻ തീരുമാനങ്ങൾ പ്രകാരം മുന്നോട്ട് പോകാനും സർക്കാരിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാനും ക്രൂരമായ ഈ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കാനുമുള്ള പോരാട്ടങ്ങളും പ്രവർത്തനങ്ങളും ഏറ്റെടുക്കുകയാണ് നമ്മുടെ കടമയും കർത്തവ്യവും. അതിനായുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രതിജ്ഞ പുതുക്കിക്കൊണ്ടാവണം ഈ വർഷത്തെ മേയ്ദിനാചരണം സംഘടിപ്പിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.