22 December 2024, Sunday
KSFE Galaxy Chits Banner 2

ജസ്റ്റിസ് യു എൽ ഭട്ട്: മികവുറ്റ ന്യായാധിപനായിത്തീര്‍ന്ന കമ്മ്യൂണിസ്റ്റ്

അഡ്വ. രാധാകൃഷ്ണൻ പെരുമ്പള
June 8, 2024 4:56 am

ജസ്റ്റിസ് യു എൽ ഭട്ട് വിടവാങ്ങുമ്പോൾ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്ക് തിളക്കമാർന്ന സംഭാവനകൾ നൽകിയ ഒരു ന്യായാധിപന്റെ ജീവിതത്തിനു മാത്രമല്ല വിരാമമിടുന്നത്, മറിച്ച് ഉത്തര കേരളത്തിലെ കമ്മ്യൂണിറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉജ്വല അധ്യായങ്ങൾ എഴുതിച്ചേർത്ത ഒരു ജനനേതാവിന്റെ ജീവിതത്തിനു കൂടിയാണ്. ഉത്തര കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത പേരാണ് ഉള്ളാൾ ലക്ഷ്മിനാരായണ ഭട്ട് എന്ന യു എൽ ഭട്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് മുമ്പും ശേഷവും കാസർകോട്ടെ ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയ നേതാവായിരുന്ന സമാദരണീയനായിരുന്ന അദ്ദേഹം കാസർകോടിന്റെ രാഷ്ട്രീയസാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നു. മികച്ച അഭിഭാഷകനും ആകർഷകമായ പ്രസംഗശൈലിയുടെ ഉടമയുമായിരുന്നു. നല്ലൊരു അഭിനേതാവായിരുന്ന ഭട്ട് കന്നട, തുളു നാടകങ്ങളിലും യക്ഷഗാനങ്ങളിലും വിവിധ വേഷങ്ങളണിഞ്ഞ് അഭിനയിച്ചു. ദീർഘകാലം കാസർകോട് പഞ്ചായത്തു പ്രസിഡന്റായും പിന്നീട് നഗരസഭയായി ഉയർന്നപ്പോൾ അഡ്വൈസറി ബോർഡ് ചെയർമാനായും പ്രവർത്തിച്ചു. 1933 ൽ ഇന്നത്തെ ആന്ധ്രാപ്രദേശിൽപ്പെടുന്ന വിസിയനഗറിൽ ജനിച്ച യു എൽ ഭട്ട് ഏഴാം വയസിൽ അച്ഛന്റെ ആകസ്മിക മരണത്തോടെ മംഗലാപുരത്തിനടുത്ത ഉള്ളാളിലുള്ള അമ്മവീട്ടിലേക്ക് താമസം മാറ്റി. കോളജ് വിദ്യാർത്ഥിയായിരിക്കേ പുസ്തകങ്ങളിലൂടെ മാർക്സിസ്റ്റ് ചിന്താഗതിയിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് മദ്രാസ് ലോ കോളജിൽ നിയമപഠനത്തിനു ചേർന്നതോടെ മദ്രാസ് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ (എഐഎസ്എഫ്) സജീവ പ്രവർത്തകനായി. വൈകാതെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം നേടി. തന്റെ ബന്ധുവും കർണാടകയിലെ പാർട്ടി നേതാവുമായിരുന്ന ബി വി കക്കില്ലായ, മദ്രാസിലെ പാർട്ടി നേതാവായ എകെഎസ് അയ്യങ്കാർ എന്നിവരുടെ സ്വാധീനം കൂടി തന്റെ രാഷ്ട്രീയ നിലപാടിന്റെ രൂപീകരണത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്.
1954ൽ നിയമബിരുദം നേടി ആ വർഷം തന്നെ മദ്രാസ് ഹൈക്കോടതിയിൽ എൻറോൾ ചെയ്ത് അഭിഭാഷകനായി ഒരു വർഷത്തിലേറെക്കാലം പ്രവർത്തിച്ചു. പിന്നീട് കാസർകോട്ടേക്ക് താമസം മാറ്റിയ അദ്ദേഹം 1956ൽ കാസർകോട് കേന്ദ്രമാക്കി അഭിഭാഷകവൃത്തിയും പൊതുപ്രവർത്തനവും ആരംഭിച്ചു. എകെഎസ് അയ്യങ്കാരുടെ കത്തുമായി കാസർകോട് പാർട്ടി കേന്ദ്രത്തിലെത്തിയ അദ്ദേഹം തൊഴിലാളി യൂണിയനുകളുടെയും കർഷകസംഘത്തിന്റെയും ചുമതലകൾ ഏറ്റെടുത്തു. 1956ലെ തെരഞ്ഞെടുപ്പിൽ കാസർകോട് ലോക്‌സഭാ മണ്ഡലം സിപിഐ സ്ഥാനാർത്ഥിയായ എകെജിയുടെ തെരഞ്ഞെടുപ്പ് ചീഫ് ഏജന്റായി യു എൽ ഭട്ടിനെയാണ് ചുമതല ഏൽപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ എകെജി ഗംഭീരമായി വിജയിച്ചു. അത്തരം ചുമതലകളേറ്റെടുത്ത് നിസ്വാർത്ഥവും ത്യാഗപൂർണവുമായ പ്രവർത്തനങ്ങളിലൂടെ യു എൽ ഭട്ട് ഈ മേഖലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവായി. 

1961ൽ കേരള പിഎസ്‌സി പരീക്ഷയിൽ മുൻസിഫ് തസ്തികയിലേക്ക് ഉയർന്ന റാങ്കോടെ സ്ഥാനം നേടിയെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ നിയമനം നിഷേധിച്ചു. പൊലീസ് വെരിഫിക്കേഷനിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജോലി നിഷേധം. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പിന്റെ സന്ദർഭത്തിൽ സിപിഐ കാസർകോട് താലൂക്ക് സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം, പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യത്തിൽ ഏർപ്പെട്ടു. 1970ൽ ജില്ലാ ജഡ്ജിയായി നിയമനം ലഭിക്കുന്നതുവരെ പാർട്ടി ചുമതലയിൽ പ്രവർത്തിച്ചു. 1968ൽ ജില്ലാ ജഡ്ജിമാരുടെ ഒഴിവിലേക്ക് ഹൈക്കോടതിയുടെ സെലക്ട് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിലും യു എൽ ഭട്ട് ഉൾപ്പെട്ടിരുന്നു. പക്ഷേ ഈ നിയമനവും നടന്നില്ല. സി അച്യുതമേനോൻ മുഖ്യമന്ത്രിയായതോടെ ഹൈക്കോടതി സെലക്ട് കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റിന് ശാപമോക്ഷം ലഭിച്ച് 1970ൽ ജില്ലാ ജഡ്ജിയായി നിയമനം ലഭിച്ച യു എൽ ഭട്ട് കേരളത്തിലെ വിവിധ ജില്ലാ കോടതികളിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.
1980ൽ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി ഉയർത്തപ്പെട്ട്, 1991 ൽ അവിടെ ചീഫ് ജസ്റ്റിസായി. പിന്നീട് ഗുവാഹട്ടി, മധ്യപ്രദേശ് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസായി. 1995ൽ ഡൽഹിയിൽ കസ്റ്റംസ് എക്സൈസ് ആന്റ് ഗോൾഡ് കൺട്രോൾ അപ്പലറ്റ് ട്രൈബ്യൂണലിൽ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം മൂന്നു വർഷത്തെ സേവനത്തിനുശേഷം ബംഗളൂരുവിലേക്ക് താമസം മാറ്റി. വിരമിച്ചതിനുശേഷം സുപ്രിം കോടതിയിൽ സീനിയർ അഭിഭാഷകനായി അംഗീകാരം ലഭിച്ചെങ്കിലും ചുരുക്കം കേസുകൾ മാത്രമേ കൈകാര്യം ചെയ്തുള്ളൂ. 

ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ രാഷ്ട്രീയപ്രവർത്തനം നടത്തിയ കാലത്ത് യാഥാസ്ഥിതികരായ കുടുംബാംഗങ്ങളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്ന അദ്ദേഹത്തിന് അധികാരികളിൽ നിന്നും ഒട്ടേറെ തിക്താനുഭവങ്ങളുമുണ്ടായി. മുന്‍സിഫ് നിയമനം നിഷേധിക്കപ്പെട്ടതും ജില്ലാ ജഡ്ജി നിയമനം വൈകിയതും ചെറിയ ഉദാഹരണങ്ങൾ മാത്രം. സർവീസിലിരിക്കെ അധികാര കേന്ദ്രങ്ങളുടെയും മറ്റു കമ്മ്യൂണിസ്റ്റു വിരുദ്ധരുടെയും നോട്ടപ്പുള്ളിയായിരുന്നു അദ്ദേഹം. അസാമാന്യമായ സ്വഭാവദാർഢ്യവും സത്യസന്ധതയും നിർഭയമായ നിലപാടുകളും പലർക്കും അസ്വീകാര്യമായിരുന്നു. എന്നാൽ ഏറ്റെടുത്ത ചുമതലകൾ ഏറ്റവും ഭംഗിയായി നിർവഹിച്ച ജസ്റ്റിസ് യു എൽ ഭട്ട് ഇന്ത്യൻ ജുഡീഷ്യറിയിൽ മികവിന്റെ പുതുചരിത്രങ്ങൾ സൃഷ്ടിച്ചു. പക്ഷേ എല്ലാ യോഗ്യതകളുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും മികച്ച ജഡ്ജിമാരിലൊരാളെന്ന ശ്രദ്ധ നേടിയിട്ടും സുപ്രിം കോടതി ജഡ്ജിയായി ഉയർത്താതിരിക്കുന്നതിൽ നിക്ഷിപ്ത താല്പര്യക്കാർ വിജയിച്ചു. ഈ സംഭവം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സുപ്രിംകോടതി ജഡ്ജി നിയമനത്തിന് പുതുതായി സ്ഥാപിതമായ കൊളീജിയം സംവിധാനത്തിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് ജസ്റ്റിസ് യു എൽ ഭട്ട് എന്ന് പരക്കെ അഭിപ്രായമുയർന്നിരുന്നു. സുപ്രിം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥകളെയെല്ലാം അട്ടിമറിച്ചുകൊണ്ട് സ്ഥാപിതമായ കൊളീജിയം സംവിധാനം ഇപ്പോഴും വിവാദങ്ങളുടെ വിളനിലമായി നിൽക്കുമ്പോൾ ജസ്റ്റിസ് ഭട്ടിന്റെ വിഷയം പ്രസക്തമായി തുടരുകയാണ്.
“ഇവിടത്തെ ജുഡീഷ്യറിക്ക് ഫ്യൂഡൽ വ്യവസ്ഥയുമായി വലിയ അകലമില്ലെന്ന” അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം വലിയ സംവാദത്തിന് കളമൊരുക്കിയിരുന്നു. ‘ഒരു ചീഫ് ജസ്റ്റിസിന്റെ കഥ’ എന്ന തന്റെ ആത്മകഥാഗ്രന്ഥത്തിൽ തന്റെ നിലപാടിന് ആധാരമായ ജുഡീഷ്യറിയിലെ അനാരോഗ്യകരമായ ഒട്ടേറെ പ്രവണതകളെ അദ്ദേഹം വിവരിക്കുന്നുണ്ട്. ജഡ്ജിയായി ജുഡീഷ്യറിയിൽ ഉന്നത പദവികളിൽ പ്രവർത്തിക്കുമ്പോഴും തന്റെ രാഷ്ട്രീയാദർശങ്ങളിലോ ലോകവീക്ഷണത്തിലോ മാറ്റം വരുന്ന സാഹചര്യങ്ങളുണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് യു എൽ ഭട്ട് കരുതുന്നു. ഒരു വിപ്ലവ രാഷ്ട്രീയപാർട്ടിയുടെ മുഖ്യ ചുമതലയിലിരിക്കെ ജില്ലാ ജഡ്ജിയായി നിയമിക്കപ്പെട്ട ഏകവ്യക്തി താനായിരുന്നുവെന്ന് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞിരുന്നു. സിപിഐയുടെ കാസർകോട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു അക്കാലത്ത് ഭട്ട്. 

കുഞ്ഞാപ്പു മാസ്റ്റർ, എം രാമണ്ണറൈ, ഡോ. എ സുബ്ബറാവു, എം രാമപ്പ മാസ്റ്റർ, എൻ ജി കമ്മത്ത്, കെ കുഞ്ഞിക്കണ്ണൻ തുടങ്ങിയ നേതാക്കളോടൊപ്പമുള്ള അന്നത്തെ പ്രവർത്തനം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നുവെങ്കിലും മനഃസംതൃപ്തി നൽകുന്നതായിരുന്നു. പൊതു സമ്മേളനങ്ങൾ, രാത്രികാല കമ്മിറ്റി യോഗങ്ങൾ, തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ, ജനകീയ പ്രശ്നങ്ങൾ ഉയർത്തിയുള്ള സമരങ്ങൾ, ജന്മിമാരുടെയും ഗുണ്ടകളുടെയും ആക്രമണങ്ങൾ, പ്രതിഷേധ പരിപാടികൾ, അറസ്റ്റ്, പൊലീസ് കേസ്, വിചാരണ നേരിടൽ, വിദൂര ഗ്രാമങ്ങളിലെ പാർട്ടി കേന്ദ്രങ്ങളിൽ യോഗങ്ങളിൽ പങ്കെടുക്കാനുള്ള യാത്രകൾ, പൊതുയോഗം നടത്തണമെങ്കിൽ മൈക്ക്സെറ്റും ചുമന്നുള്ള യാത്രകൾ എല്ലാം അദ്ദേഹം തെളിമയോടെ ഓർമ്മയിൽ സൂക്ഷിച്ചിരുന്നു. ആദ്യകാലത്തെ രാഷ്ട്രീയ പ്രവർത്തനം തന്നെപ്പോലുള്ള വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ത്രസിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. എന്നാൽ ഒരു മുഴുവൻ സമയ പ്രവർത്തകനാകാൻ കുടുംബത്തിലെ സാഹചര്യങ്ങൾ അനുവദിച്ചില്ല. ജോലി ചെയ്തു വരുമാനമുണ്ടാക്കുക അത്യാവശ്യമായിരുന്നു. അഭിഭാഷകവൃത്തിയും പാർട്ടി പ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.