22 December 2024, Sunday
KSFE Galaxy Chits Banner 2

കുട്ടികൾ സ്വപ്നങ്ങൾ നെയ്തെടുക്കട്ടെ

റെനി ആന്റണി
June 11, 2024 4:52 am

അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതൽ എല്ലാ വർഷവും ജൂൺ 12 അന്തർദേശീയ ബാലവേലവിരുദ്ധ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം നമുക്ക് നമ്മുടെ പ്രതിബദ്ധതകൾക്കായി പ്രവർത്തിക്കാം; ബാലവേല അവസാനിപ്പിക്കുക (Let’s act on our Com­mit­ments, End Child Labour) എന്നതാണ്. സ്കൂളിൽ പോകേണ്ട പ്രായത്തിലുള്ള ഒരു കുട്ടിയെ തൊഴിലെടുപ്പിക്കുന്നതിലൂടെ മാനസികമായോ ശാരീരികമായോ ധാർമ്മികമായോ ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ബാലവേല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയെ തടസപ്പെടുത്തുകയും അവരുടെ അവകാശങ്ങളും ഉത്തമ താല്പര്യങ്ങളും നിഷേധിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക വിപത്താണ് ബാലവേല. ഇതിന്റെ ദോഷങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിനാണ് ബാലവേല വിരുദ്ധദിനാചരണം ലക്ഷ്യം വയ്ക്കുന്നത്.
കുട്ടികൾ ചെയ്യുന്ന എല്ലാ ജോലികളും ബാലവേലയായി കാണേണ്ടതില്ല. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാത്ത, കഠിനവും അപകടകരവുമല്ലാത്ത, വ്യക്തിത്വ വികസനത്തെ പ്രതികൂലമായി ബാധിക്കാത്തതും സ്കൂൾ വിദ്യാഭ്യാസത്തെ തടപ്പെടുത്താത്തതുമായ ജോലികളിൽ പങ്കെടുക്കുന്നത് ബാലവേലയായി കണക്കാക്കാൻ പറ്റില്ല. മാതാപിതാക്കളെ സഹായിക്കുന്നതും കുടുംബവ്യാപാരത്തില്‍ സഹകരിച്ച് പ്രവർത്തിക്കുന്നതും അവധികാലങ്ങളിൽ പോക്കറ്റ് മണി സമ്പാദിക്കുന്നതുമെല്ലാം കുട്ടികളുടെ വികസനത്തിനും അവരുടെ കുടുംബ ക്ഷേമത്തിനും കാരണമാകുന്നു. വിവിധങ്ങളായ ശേഷികൾ വികസിപ്പിക്കുന്നതിനും, ജീവിത പാഠങ്ങൾ മനസിലാക്കുന്നതിനും ഇത് സഹായിക്കുന്നു. 

യൂറോപ്പിലെ വ്യവസായ വിപ്ലവത്തിന്റെ വിജയത്തിന് പിന്നിൽ ആയിരക്കണക്കിന് കുട്ടികളുടെ കണ്ണീരും വിയർപ്പുമുണ്ടായിരുന്നുവെന്ന് കാണാവുന്നതാണ്. ബ്രിട്ടനിലെ വിവിധ ഫാക്ടറികളിൽ, ഖനികളിൽ, ഭക്ഷണശാലകളിൽ, കൃഷിയിടങ്ങളിൽ എല്ലാം കുറഞ്ഞ ശമ്പളത്തിന് കുട്ടികൾ പരമാവധി ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ കുട്ടിത്തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. സിഗരറ്റ് ഫാക്ടറികൾ, ഖനികൾ, തുണിമില്ലുകൾ, മദ്യനിർമ്മാണ ശാലകൾ എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് ജോലി ചെയ്തിരുന്നത്. മുതലാളിത്ത സാമ്പത്തിക വളർച്ചയുടെ പിന്നിലുള്ള ബാലരോദനങ്ങൾ തിരിച്ചറിഞ്ഞ് ബാലവേലയ്ക്കെതിരെ 19-ാം നൂറ്റാണ്ടിൽ തന്നെ കാൾ മാർക്സ് ശക്തമായി പ്രതികരിച്ചിരുന്നു. ബ്രിട്ടന്റെയും അമേരിക്കയുടെയും സാമ്പത്തിക അടിത്തറ കുട്ടികളുടെ രക്തം കൊണ്ടാണ് പണിതുയർത്തിയിട്ടുള്ളതെന്നാണ് മാർക്സ് പറഞ്ഞത്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 16 കോടി കുട്ടികൾ ലോകത്താകമാനം ബാലവേല ചെയ്യുന്നു. അതായത് 10 കുട്ടികളിലൊരാൾ. ഇതിൽ പകുതിയോളം പേർ ഖനി, ഫാക്ടറി, സർക്കസ്, പടക്കനിർമ്മാണ കമ്പനികൾ തുടങ്ങിയ അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. യൂനിസെഫിന്റെ കണക്കുകൾ പ്രകാരം ജനസംഖ്യാനുപാതത്തിൽ ഏറ്റവുമധികം കുട്ടികൾ തൊഴിലെടുക്കുന്ന രാജ്യമാണ് ഇന്ത്യ. 2011ലെ സെൻസസ് പ്രകാരം തൊഴിലെടുക്കുന്ന കുട്ടികളുടെ എണ്ണം 1.2കോടിയിലേറെയാണ്. അഞ്ചിനും 14നുമിടയിൽ പ്രായമുള്ള ഈ കുട്ടികളിൽ 56 ലക്ഷത്തോളം ആൺകുട്ടികളും 45 ലക്ഷത്തിലേറെ പെൺകുട്ടികളുമുണ്ട്. ഏതാണ്ട് 80 ലക്ഷം കുട്ടികൾ ഗ്രാമങ്ങളിലും 20 ലക്ഷം കുട്ടികൾ നഗരങ്ങളിലും ജോലി ചെയ്യുന്നു. ഇന്ത്യയിലെ ഓരോ 11 കുട്ടികളിലും ഒരാൾ ബാലവേലയുടെ ഇരയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സാങ്കേതികമായ അറിവ് അധികം വേണ്ടാത്ത മിക്ക ജോലികളിലും കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണം ഇന്ത്യയിൽ കുറഞ്ഞുവരികയാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഫാക്ടറികളിലും, ഖനികളിലും, പടക്ക നിർമ്മാണ ശാലകളിലും, ഭക്ഷണശാലകളിലും, സമ്പന്ന വീടകങ്ങളിലും, എല്ലാം എരിഞ്ഞുതീരുന്ന ലക്ഷക്കണക്കിനു ബാല്യങ്ങളെ ഇന്നും കേരളമൊഴിച്ചുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് പല തൊഴിലിടങ്ങളിലും നടക്കുന്നത്. ശാരീരിക മാനസിക പീഡനങ്ങൾക്കു പുറമെ ലൈംഗിക അതിക്രമണങ്ങൾക്കും ഇവർ ഇരകളാകുന്നു. ചെറുപ്രായത്തിലുണ്ടാവുന്ന ഈ അരക്ഷിതാവസ്ഥ കുട്ടികളുടെ സമഗ്ര വളർച്ചയേയും ഭാവിജീവിതത്തെയും തകർക്കുന്നതോടൊപ്പം രാഷ്ട്ര പുനർനിർമ്മാണത്തിനായി വികസിക്കേണ്ട മനുഷ്യവിഭവ സ്രോതസിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു.
സാർവത്രിക വിദ്യാഭ്യാസം നടപ്പാക്കാത്ത സംസ്ഥാനങ്ങളിൽ, എല്ലാ കുട്ടികൾക്കും സ്കൂൾ പ്രവേശനം ലഭ്യമാക്കാത്തത് ബാലവേല വർധിക്കാൻ കാരണമാകുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വേണ്ടെന്ന ധാരണ രാജ്യത്ത് ചിലയിടങ്ങളിലെങ്കിലും നിലനിൽക്കുന്നതിനാൽ അവിടങ്ങളിലെ നല്ലൊരു ശതമാനം പെൺകുട്ടികളും സ്കൂളുകളിൽ എത്തുന്നില്ല. കുട്ടികളെ സ്കൂളിലയച്ചാൽ തങ്ങളുടെ കന്നുകാലികളെ ആരു നോക്കും, എന്ന ബിഹാറി കർഷകരുടെ നിഷ്കളങ്കമായ ചോദ്യങ്ങളിലാണ് രാജ്യത്തെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ വഴിമുട്ടി നിൽക്കുന്നത്. 

യൂനിസെഫിന്റെ കണക്കിൽ ഇന്ത്യയിലെ ബാലവേലക്കാരിൽ 80 ശതമാനവും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ബാലവേല ചെയ്യുന്നവരിൽ പകുതിയും. ആകെ കുട്ടിത്തൊഴിലാളികളിൽ 20 ശതമാനവും ബിഹാറിലാണ്.
ബാലവേലയുടെ പ്രധാന കാരണങ്ങളിലൊന്നു ദാരിദ്ര്യം തന്നെയാണ്. കുടുംബം കടുത്ത പട്ടിണി നേരിടുമ്പോൾ മാതാപിതാക്കളെ സഹായിക്കാനായി പല കുട്ടികളും തൊഴിലെടുക്കാൻ നിർബന്ധിതരാകുന്നു. മാതാപിതാക്കളുടെ നിരക്ഷരതയും കാരണമാണ്. വിദ്യാഭ്യാസത്തിന്റെ മഹത്വത്തെ കുറിച്ചൊന്നും ചിന്തിക്കാൻ ആ പാവങ്ങൾക്കു കഴിയാറില്ല. വിശപ്പ് എന്ന യാഥാർത്ഥ്യം മാത്രമേ അവർക്കറിയൂ. ഇത്തരം ദരിദ്രമേഖലകളിൽ കുട്ടികളെ കരാർ ജോലികൾക്കും മറ്റും ഏർപ്പെടുത്തുന്ന മാഫിയ സംഘങ്ങളുമുണ്ട്. മുതിർന്നവർക്കു കൊടുക്കുന്നതിനെക്കാൾ കുറഞ്ഞ കൂലിയും ഭക്ഷണവും നൽകിയാൽ മതി എന്നതുകൊണ്ട് പല ഉടമകളും കുട്ടികളെ ജോലിക്കുനിർത്താൻ തയ്യാറാണ്. ഉറക്കെ കരയാൻ പോലും പേടിയുള്ള കുട്ടികൾ ശമ്പളത്തിനു വേണ്ടി വാദിക്കില്ല എന്നതും ആകർഷക ഘടകമാണ്.
1989ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ലോക ബാലവേല വിരുദ്ധ ദിനം പ്രഖ്യാപിച്ചത്. അന്തർദേശീയ തലത്തിൽ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്റര്‍നാഷണൽ ലേബർ ഓർഗനൈസേഷനും ബാലവേലയ്ക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 1992ൽ നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി 100ലധികം രാഷ്ട്രങ്ങൾ നടപ്പാക്കി വരുന്നു. ബാലവേല നിരോധനവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യതയും, കുട്ടികൾക്കായി പ്രത്യേക അവകാശങ്ങളും നിയമപരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 (എ) കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആർട്ടിക്കിൾ 24 കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത് കർശനമായി വിലക്കുന്നു. 

1986ലെ ബാലവേല നിരോധന നിയമം 14 വയസ് തികയാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്നു. വഴിയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ, മോട്ടലുകൾ, സ്പാകൾ തുടങ്ങിയ ഇടങ്ങളിൽ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് ഈ നിയമം വിലക്കുന്നു. 1987ൽ രാജ്യം ബാലവേലയ്ക്കെതിരായി ദേശീയ നയം ആവിഷ്കരിച്ചു. 1996 ഡിസംബർ 10ന് സുപ്രീം കോടതി ബാലവേല ഇല്ലാതാക്കുന്നതിനായി വിധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിൽ ആറ് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു. 2015ലെ ബാലനീതി നിയമപ്രകാരം കുട്ടികളെ സ്കൂളിൽ അയയ്ക്കാതെ കഠിനമായ ജോലി ചെയ്യിക്കുന്നതും ഏതെങ്കിലും തരത്തിൽ ചൂഷണം ചെയ്യുന്നതും അഞ്ച് വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ കടത്തിവിടുന്നതിനായി കുട്ടികളെ ഉപയോഗിക്കുന്നവർക്കുള്ള ശിക്ഷ ഏഴ് വർഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയുമാണ്.
കുട്ടികള്‍ ശാരീരിക‑മാനസിക പീഡനങ്ങൾക്ക് വിധേയമാകുന്നതരം പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന രക്ഷിതാക്കൾക്ക് മൂന്നു വർഷം വരെ ജയിലും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഐക്യരാഷ്ട്രസഭ 1989ൽ അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി (യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ്) കുട്ടികളുടെ അതിജീവനം, സംരക്ഷണം, വികസനം എന്നീ അടിസ്ഥാന അവകാശങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു. ഈ ഉടമ്പടി പ്രകാരം ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ബാധിക്കുന്ന എല്ലാത്തരം ജോലികളിൽ നിന്നും കുട്ടികൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നു.
2012 ജൂൺ 12ന് കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ബാലവേല നിർമ്മാർജനത്തിൽ ഇന്ത്യ തന്നെ മാതൃകയായ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. ബാലവേല നിയമപരമായി നിരോധിക്കുകയും ക്രിമിനൽ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. ബാലവേല, ബാലഭിക്ഷാടനം എന്നിവ ഇല്ലാതാക്കി ‘തെരുവ് ബാല്യ വിമുക്ത കേരളം’ എന്ന ലക്ഷ്യത്തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘ശരണ ബാല്യം’. ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികൾ, തെരുവിൽ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികൾ, കുട്ടിക്കടത്തിന് വിധേയരാകുന്ന കുട്ടികൾ, സ്കൂൾ പഠനം ഉപേക്ഷിച്ച കുട്ടികൾ, തുടർച്ചയായി സ്കൂളിൽ ഹാജരാകാത്ത കുട്ടികൾ എന്നിവരെ കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാത്രവുമല്ല ബാലവേലയോ ബാല ചൂഷണമോ നടക്കുന്ന വിവരം അറിയിക്കുന്ന വ്യക്തിക്ക് വനിതാ ശിശു — വികസന വകുപ്പ് 2500 രൂപ പാരിതോഷികമായും നൽകിവരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.