23 December 2024, Monday
KSFE Galaxy Chits Banner 2

മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ സുതാര്യതയും

ഇന്ന് ലോക പത്ര സ്വാതന്ത്ര്യദിനം
ഹബീബ് റഹ്‌മാന്‍
May 3, 2024 4:30 am

ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം 1993 മുതൽ എല്ലാ വർഷവും മേയ് മൂന്ന് ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. വാർഷിക ദിനമായ ഇന്ന് ലോകമൊട്ടുക്കും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഒട്ടനവധി പരിപാടികളാണ് ഐക്യരാഷ്ട്രസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ പ്രധാന്യം ലോകത്തെ ഉദ്ബോധിപ്പിക്കുക എന്നൊരു ഉദ്ദേശ്യംകൂടി ദിനാചരണത്തിനുണ്ട്. വാർത്തകൾ ശേഖരിച്ച് തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരണയോഗ്യമാക്കി വിവിധ തരം മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നവരാണ് പത്രപ്രവർത്തകർ. പത്രം, റേഡിയോ, ടെലിവിഷൻ, സമൂഹ മാധ്യമങ്ങൾ, മറ്റു വാർത്താവിനിമയ സംവിധാനങ്ങൾ എന്നിങ്ങനെ ഇന്ന് വാർത്തകളും അറിവുകളും കൈമാറാനുള്ള ഉപാധികൾ നിരവധിയാണ്. വാർത്തകളുടെ ശേഖരണത്തിലൂടെയും പ്രസിദ്ധീകരണത്തിലൂടെയുമാണ് പത്രപ്രവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നും ജനങ്ങളുടെ ശബ്ദമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സംവിധാനമാണ് മാധ്യമങ്ങൾ. ഭരണാധികാരികളും അധികാരിവർഗവും എങ്ങനെയായാലും ഒരു നാടിന്റെ യഥാർത്ഥ ചിത്രം നൽകുന്നത് അന്നാട്ടിലെ ദൃശ്യ‑ശ്രാവ്യ‑അച്ചടി-സമൂഹ മാധ്യമങ്ങളാണ്. എന്നാൽ ഈ അടുത്തകാലത്തായി അധികാരി വർഗത്തോടും പണ-പരസ്യദാതാക്കളോടും കൂടുതൽ ഒട്ടിച്ചേർന്നുനിൽക്കുന്ന പ്രവണത ദൃശ്യമാകാൻ തുടങ്ങിയിരിക്കുന്നു. ലോകത്തെയും ഉത്തരേന്ത്യയിലെയും പല ദൃശ്യ‑അച്ചടി മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് കോർപറേറ്റുകളോ അധികാര‑ഉദ്യോഗസ്ഥ വർഗമോ ആണെന്നത് പരസ്യമായ രഹസ്യമാണ്. പല വിഷയങ്ങളിലുമിപ്പോൾ മാധ്യമങ്ങൾ ആളും അർത്ഥവും നോക്കിയാണ് വാർത്ത കൊടുക്കുന്നത് എന്നത് മാധ്യമങ്ങളുടെ തന്നെ നിഷ്പക്ഷതയെ ഗുരുതരമായി ബാധിക്കുന്ന കാര്യമാണ്. ആരും തുണക്കെത്തിയില്ലെങ്കിലും മാധ്യമങ്ങളെങ്കിലും കാണുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുമെന്ന മനസ്സമാധാനവും ആത്മ വിശ്വാസവും കൂടി നഷ്ടപ്പെട്ടാൽ പിന്നെ ജനാധിപത്യത്തിന് എന്തർത്ഥം?


ഇതുകൂടി വായിക്കൂ: മാധ്യമ സ്വാതന്ത്ര്യം കൂപ്പുകുത്തുന്നു | JANAYUGOM EDITORIAL


 

 

മാധ്യമപ്രവർത്തനം ജനപക്ഷമാകണമെന്നും ജനകീയമാകണമെന്നും അഭിപ്രായമുള്ളവരാണ് മാധ്യമപ്രവർത്തകരിൽ ഏറിയ പങ്കും. പനമ്പള്ളി ഗോവിന്ദമേനോൻ മന്ത്രിയായിരിക്കെ രാഷ്ട്രീയരംഗത്തെ ഒരുവശം മാത്രം കാണുന്ന കാഴ്ചപ്പാടുകളെ, ‘ഏകലോചനം’ എന്ന് വിശേഷിപ്പിച്ചിരുന്നു. മാധ്യമങ്ങളിൽ ഒരു വിഭാഗത്തിന്റെ പ്രവർത്തനം ഇന്ന് ഈ രീതിയിലാണ്. ഏകപക്ഷീയമായി മാത്രം കാര്യങ്ങൾ ചെയ്യുകയും കാണേണ്ടത് കാണാതിരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രവണത വർധിച്ച് വരുന്നു. ആരെക്കുറിച്ചും എന്തിനെക്കുറിച്ചും വാർത്ത എഴുതാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവർത്തകനുണ്ട്. പക്ഷെ അത് സത്യസന്ധതയെയും നിഷ്പക്ഷതയെയും കളഞ്ഞുകുളിച്ചുകൊണ്ടായിക്കൂടാ. അത് മാധ്യമങ്ങളുടെ തന്നെ വിശ്വാസ്യതയ്ക്ക് കത്തിവയ്ക്കും.
ലോകമെമ്പാടും മാധ്യമപ്രവർത്തകർ ശാരീരിക ആക്രമണങ്ങൾക്കും കോടതി, പൊലീസ് നടപടികൾക്കും മറ്റുതരത്തിലുള്ള ഭരണകൂടങ്ങൾക്കുമൊക്കെ വിധേയരാകേണ്ടിവരുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഇന്ത്യയും യുഎസും അടക്കമുള്ള മിക്ക രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം ചുരുങ്ങി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധങ്ങളും ആഭ്യന്തര ശൈഥില്യങ്ങളും മനുഷ്യാവകാശ പൗരാവകാശ ലംഘനങ്ങളും നടന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലാവട്ടെ മാധ്യമസ്വാതന്ത്ര്യത്തേക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.

 


ഇതുകൂടി വായിക്കൂ: നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗം തയ്യാറാവണം


മാധ്യമസ്വാതന്ത്ര്യത്തിലെ ആഗോളസൂചികയിൽ നമ്മുടെ സ്ഥാനം 150-ാമത്തെതാണ് എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്. ലോകത്തെ ചില അവികസിത സർവാധിപത്യ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ ഈ പിൻനിര സ്ഥാനം എന്നത് നമ്മെ ഏറെ ദുഃഖിപ്പിക്കുന്നു. മാധ്യമപ്രവർത്തകർക്കെതിരായ ശാരീരികാക്രമണങ്ങളും നിയമനടപടികളും അധികാര കേന്ദ്രങ്ങളോടുള്ള മാധ്യമ സ്ഥാപനങ്ങളുടെ വിധേയത്വവും ഒക്കെയാണ് ഇന്ത്യയെ പട്ടികയിൽ പിറകോട്ടടിപ്പിച്ചത്. ഇന്ത്യയിൽ വർഷത്തിൽ ശരാശരി മൂന്നോ നാലോ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയോ അത്ര തന്നെയോ അതിൽ കൂടുതലോ പത്രപ്രവർത്തകരും എഴുത്തുകാരും ജയിലറക്കുള്ളിലാവുകയോ ചെയ്യുന്നുണ്ട് എന്നത് ഏറ്റവും വലിയ സ്വതന്ത്ര ജനാധിപത്യ മതേതര രാജ്യത്തിന് അപമാനമാണ്. എങ്കിലും മീഡിയാവണ്ണുമായും മറ്റും ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധികളും അനന്തര നടപടികളും പ്രതീക്ഷയ്ക്ക് വകനല്കുന്നതാണ്.
മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയുമൊക്കെ നിയന്ത്രിക്കാനും ഭയപ്പെടുത്താനും അവഹേളിക്കാനുമുള്ള ഏതു ശ്രമവും ജനാധിപത്യത്തിനും സ്വതന്ത്ര പത്രപ്രവർത്തനത്തിനും എതിരാണ്. പൗരസ്വാതന്ത്ര്യത്തിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്ന ഓരോരുത്തരുടെയും കടമയാണ് പത്ര സ്വാതന്ത്ര്യം നിലനിർത്തുക എന്നത്. ഈ മാധ്യമ സ്വാതന്ത്ര്യ ദിനം അത്തരമൊരു ചിന്തയ്ക്ക് ആക്കം കൂട്ടുന്നതാവട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.