26 December 2024, Thursday
KSFE Galaxy Chits Banner 2

കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 18, 2024 4:32 am

അഭ്യസ്തവിദ്യരായ ഇന്ത്യയിലെ യുവജനങ്ങള്‍, തൊഴില്‍തേടി വിദേശത്തെത്തിയതിനു ശേഷം എന്തുകൊണ്ടാണ് സ്വന്തം നാട്ടിലേക്ക് തിരികെവരാന്‍ സന്നദ്ധരാകാത്തത് എന്ന ചോദ്യം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആവര്‍ത്തിച്ചുകേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായല്ലോ. എന്താണ് ഇതിനുള്ള കാരണമെന്നതിന് ഈയിടെ പ്രസിദ്ധീകരിച്ച ലോകബാങ്കിന്റെ ഒരു പഠനറിപ്പോര്‍ട്ട് വ്യക്തത വരുത്തുന്നുണ്ട്. ഒന്നാമത് വിദേശരാജ്യങ്ങളില്‍ കിട്ടുന്ന തൊഴിലുകള്‍ക്ക് ഇന്ത്യയിലേതിനെ അപേക്ഷിച്ച് 100ശതമാനം അധിക വരുമാനമാണ് ലഭിക്കുന്നത്. രണ്ട് സ്വന്തം നാട്ടില്‍ വരുമാനം സമാനമായ നിലവാരത്തിലെത്തണമെങ്കില്‍ 20 വര്‍ഷത്തിലേറെക്കാലം കാത്തിരിക്കേണ്ടതായി വരുന്നു. വേതനത്തിലുള്ള ഭീമമായ ഈ അന്തരവും അതിനാവശ്യമായി വരുന്ന കാലവിളംബവും നിസാരമായി കാണരുതെന്നാണ് ലോകബാങ്ക് പറയുന്നത്. ലോകബാങ്കിന്റെ ഈ പഠനറിപ്പോര്‍ട്ടിന്റെ ശീര്‍ഷകം ‘കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, സമൂഹങ്ങള്‍’ എന്നാണ്. വിവിധ വികസ്വര രാജ്യങ്ങള്‍ തമ്മില്‍ ഈ വിഷയത്തില്‍ അന്തരങ്ങളും കാണാന്‍ കഴിയും. കുടിയേറ്റക്കാരായ ഇന്ത്യക്കാര്‍ക്ക് വരുമാനത്തിലുണ്ടാകുന്ന വര്‍ധന 118ശതമാനമാണെങ്കില്‍ ബംഗ്ലാദേശില്‍ നിന്നും ഘാനയില്‍ നിന്നും ഉള്ളവര്‍ക്ക് കിട്ടുന്ന വരുമാനവര്‍ധന യഥാക്രമം 210, 153ശതമാനം എന്നിങ്ങനെയാണ്. സാമ്പത്തിക നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കുടിയേറ്റത്തിനു പിന്നിലുള്ള മുഖ്യചാലകശക്തി തൊഴിലിന്റെ പ്രഭവസ്ഥാനവും ലക്ഷ്യസ്ഥാനവും തമ്മില്‍ വേതനനിരക്കുകളിലുള്ള അന്തരമാണെന്നതില്‍ സംശയമില്ല. കാനഡയിലെ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് മെക്സിക്കോയിലെ ഡ്രൈവര്‍ക്ക് കിട്ടുന്നതിന്റെ അഞ്ചിരട്ടി വേതനമാണ് കിട്ടുക. ജീവിതച്ചെലവ് കണക്കിലെടുത്തതിനുശേഷവും ഈ അന്തരം അതേപടി നിലനില്‍ക്കുന്നു. ജര്‍മ്മനിയിലെ നഴ്സുമാര്‍ക്കാണെങ്കില്‍ ഫിലിപ്പൈന്‍സിലെ നഴ്സുമാരുമായി തുലനം ചെയ്യുമ്പോള്‍ ഇതിലുമധികം വ്യത്യാസമാണത്രെ വരുമാനനിരക്കുകളില്‍ കാണാന്‍ കഴിയുക.
മൊത്തത്തിലുള്ള നേട്ടങ്ങള്‍ കണക്കിലെടുത്താല്‍ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്കാണ് അധിക വരുമാനവും തൊഴിലുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടാവുക. എങ്കിലും വിദഗ്ധ തൊഴിലാളികളുടെ വരുമാനവും ഒട്ടും മോശപ്പെട്ട നിലവാരത്തിലായിരിക്കില്ല. വരുമാനവര്‍ധനവും ഒട്ടും മോശമാവില്ല. ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കുടിയേറുന്ന അവിദഗ്ധ തൊഴിലാളികളുടെ വേതനവരുമാന നിരക്കുകളില്‍ തന്നെ 493ശതമാനത്തോളം വര്‍ധനവാണുള്ളത്. അതേയവസരത്തില്‍ വേതനനിലവാരം നന്നേ താഴ്ന്ന നൈജീരിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടേത് ഏറ്റവും ഉയര്‍ന്ന 1,500ശതമാനം വേതനവര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്ന് ലോകബാങ്ക് കണ്ടെത്തിയിരിക്കുന്നു. 

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുറഞ്ഞ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ കുടിയേറ്റസ്ഥിതി നോക്കാം. ബെഹറിന്‍, കുവൈറ്റ്, ഒമാന്‍, മസ്കറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ വരുമാന – വേതനവര്‍ധന 118ശതമാനം വരെയാണെന്ന് കാണുന്നു. യുഎഇയില്‍ മാത്രമുള്ളവരുടെ മാത്രമാണെങ്കില്‍ 298ശതമാനമാണ്. ഇത്തരം കണക്കുകൂട്ടലുകളില്‍ ക്രയശേഷി തുല്യത കണക്കിലെടുക്കുക പതിവില്ല. കാരണം ഇവിടങ്ങളില്‍ പണിയെടുക്കുന്ന ഇന്ത്യന്‍ വംശജര്‍ അവരുടെ ഭൂരിഭാഗം വരുമാനവും സ്വന്തം രാജ്യത്തേക്കുതന്നെ അയച്ചുകൊടുക്കുകയാണ്. ഏതാണ്ട് 85ശതമാനം ഇന്ത്യക്കാരും അവരുടെ വരുമാനം ചെലവിടുന്നത് സ്വന്തം രാജ്യത്തുതന്നെയാണ്. ഇത് നിസാരമായൊരു ഘടകമല്ല.
വരുമാനത്തില്‍ വന്‍തോതിലുള്ള അന്തരം അനുഭവപ്പെടുക, താണ വരുമാന വിഭാഗത്തിലുള്ള തൊഴിലാളികള്‍, ഉയര്‍ന്ന വരുമാനമുള്ള തൊഴില്‍മേഖലകളില്‍ പണിയെടുക്കുന്ന രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്ന അവസരത്തിലാണ്. അതേ അവസരത്തില്‍ ഇന്ത്യയില്‍ത്തന്നെ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാകുന്ന തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വരുമാനം ഇവിടെ നിന്നുതന്നെ നേടിയെടുക്കണമെങ്കില്‍ 24വര്‍ഷക്കാലയളവില്‍ അതിനനുസൃതമായ സാമ്പത്തിക വികസനം സ്വന്തം രാജ്യം കൈവരിക്കേണ്ടിവരികതന്നെ ചെയ്യും. എന്നാല്‍, ബംഗ്ലാദേശിലേയോ ഘാനയിലേയോ ഒരു തൊഴിലാളി സ്വന്തം ജന്മദേശത്തുതന്നെ തൊഴിലെടുക്കാനാണ് തീരുമാനിക്കുകയെങ്കില്‍ 43വര്‍ഷക്കാലത്തേക്കുള്ള സാമ്പത്തിക വളര്‍ച്ചയും ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു തൊഴിലാളിക്കാണെങ്കില്‍ ഈ ലക്ഷ്യത്തിലെത്താന്‍ സ്വന്തം സമ്പദ്‌വ്യവസ്ഥ 78വര്‍ഷക്കാലത്തേക്ക് അത്യധ്വാനവും ചെയ്യേണ്ടതായി വരുമെന്നാണ് ലോകബാങ്ക് പറയുന്നത്.
സ്വന്തം രാജ്യങ്ങളിലേക്കുതന്നെ തിരികെയെത്തുന്ന കുടിയേറ്റത്തൊഴിലാളികള്‍ 40ശതമാനത്തോളം മാത്രമാണെന്ന് ലോകബാങ്ക് പഠനം വെളിവാക്കിയിട്ടുണ്ട്. ഇതിന്റെ തോത് ആശ്രയിച്ചിരിക്കുന്നത് ലക്ഷ്യസ്ഥാനമേതെന്നതിനെ ആശ്രയിച്ചായിരിക്കും. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളാണെങ്കില്‍ കുടിയേറ്റക്കാര്‍ മുഴുവനായും സ്വന്തം നാടുകളിലേക്കുതന്നെ മടങ്ങും. ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കൗണ്‍സില്‍ ആന്റ് ഡെവലപ്മെന്റ് (ഒഇസിഡി) രാജ്യങ്ങളാണെങ്കില്‍ 20 മുതല്‍ 50ശതമാനം കുടിയേറ്റക്കാരായിരിക്കും മടങ്ങുക. അതും 10വര്‍ഷക്കാലത്തിനകം. അവര്‍ മറ്റിടങ്ങളിലേക്ക് കുടിയേറുകയും ചെയ്തേക്കാം. യുഎസിന്റെ കാര്യത്തില്‍ മടക്കയാത്രയ്ക്ക് തയ്യാറാകുന്നവര്‍ 20ശതമനമായിരിക്കും. ഇവരിലേറെയും ഉയര്‍ന്ന വരുമാനം നേടുന്ന രാജ്യങ്ങളായ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരുമാനമായിരിക്കും.
താല്‍ക്കാലിക കുടിയേറ്റക്കാര്‍ ഏതാനും വര്‍ഷം വിദേശത്ത് പണിയെടുത്തതിനു ശേഷം സ്വന്തം ഇഷ്ടപ്രകാരം തിരികെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇവിടത്തെ പൊതുസ്ഥിതി നേരിയ തോതിലെങ്കിലും മെച്ചപ്പെട്ടിരിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടേക്കാം. അതുപോലെതന്നെ വിദഗ്ധ തൊഴിലാളികള്‍ക്കാണെങ്കില്‍ അവര്‍ കുടിയേറ്റത്തിന് ഒരുമ്പെടുന്നതിന് മുമ്പ് സ്വന്തം നാട്ടില്‍ കിട്ടിയിരുന്ന വേതനത്തെക്കാള്‍ മെച്ചപ്പെട്ട വേതനനിലവാരം ഇവിടത്തെ തൊഴിലാളികള്‍ക്ക് പില്‍ക്കാലത്ത് ലഭിക്കുന്നതായും അനുഭവപ്പെടാനിടയുണ്ട്. ഇത്തരമൊരു മാറ്റം ഉണ്ടാകുന്നതിനുള്ള കാരണം പ്രധാനമായും സ്വന്തം നാടിന് ഇതിനിടെ കൈവരിക്കാനായ സാമ്പത്തിക പുരോഗതിയുടെ ഫലമായിരിക്കും. 

ഇത് കുടിയേറ്റ ജനതയില്‍ ഒരു ഭാഗത്തിന്റെ മാത്രം അനുഭവമാണ്. അതായത് സ്വന്തം ഇഷ്ടാനുസരണം മടങ്ങിയെത്തുന്നവരുടേതു മാത്രം. എന്നാല്‍, തങ്ങളുടേതല്ലാത്തതും തികച്ചും ബാഹ്യമായതുമായ സാഹചര്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് വിദേശത്തുനിന്നും തിരികെയെത്തുന്നവര്‍ ചിന്തിക്കുന്നത് ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വിധത്തിലായിരിക്കും. അവര്‍ അന്യനാട്ടിലേക്ക് കുടിയേറ്റത്തിന് ഒരുമ്പെട്ടത് ഇവിടെ നിലവിലിരുന്ന മോശപ്പെട്ട സാമ്പത്തിക – സാമൂഹ്യ സാഹചര്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നായിരിക്കണമല്ലോ. വിദേശത്ത് ഇതിലും മെച്ചപ്പെട്ടൊരു അന്തരീക്ഷമുണ്ടായിരിക്കുമെന്ന പ്രതീക്ഷയിലുമായിരിക്കും. മറിച്ചായിരുന്നു സ്ഥിതിയെങ്കില്‍ തൊഴില്‍ തേടിയുള്ള കുടിയേറ്റം എന്നൊരു പ്രതിഭാസം തന്നെ നിലവിലുണ്ടാകുമായിരുന്നില്ലല്ലോ.
നമ്മുടെ രാജ്യത്തുനിന്നും തൊഴില്‍ തേടി മാത്രമല്ല, മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍കൂടി പ്രതീക്ഷിച്ചുകൊണ്ട് ക്രമാതീതമായി വര്‍ധിച്ചുവരുന്ന കുടിയേറ്റം, വിദേശ ഇക്കോസിസ്റ്റം തൊഴിലിനോടൊപ്പം ഉന്നത വിദ്യാഭ്യാസ — ഗവേഷണ മേഖലകള്‍ക്കുകൂടി അനുയോജ്യമായൊരു സംവിധാനമാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം സവിശേഷതകള്‍ ഇന്നും തുടരുകയാണ്. ഇക്കാരണത്താലായിരിക്കണമല്ലോ, ലോകബാങ്ക് റിപ്പോര്‍ട്ടില്‍ യുഎസ്, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിവര്‍ഷം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്ന കുടിയേറ്റക്കാര്‍ വെറും രണ്ടുശതമാനം മാത്രമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരികള്‍ക്ക് ഇതില്‍ നിന്നും പലതും പഠിക്കാനുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.