22 December 2024, Sunday
KSFE Galaxy Chits Banner 2

അക്ഷരമുന്നേറ്റത്തിന്റെ ഏഴ് പതിറ്റാണ്ട്

സി ദിവാകരൻ
(ചെയർമാൻ, പ്രാഭാത് ബുക്ക് ഹൗസ്)
January 22, 2022 6:00 am

പ്രഭാത് സംഘർഷഭരിതവും സംഭവബഹുലവുമായ ഏഴു ദശാബ്ദങ്ങൾ പിന്നിടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും വേട്ടയാടുന്ന കാലത്ത് പ്രഭാത് ധീരമായി, ആവിധമുള്ള വെല്ലുവിളികളെ നേരിടാൻ മുന്നോട്ടുവന്നു. മാർക്സിസം ഉയർത്തിപ്പിടിക്കുന്ന ഉദാത്തമായ മാനവികതയുടെ പ്രകാശഗോപുരമായി കേരളത്തിന്റെ സാംസ്കാരികരംഗത്ത് നിലയുറപ്പിച്ചു. തിരിഞ്ഞുനോക്കുമ്പോൾ കേരളത്തിന്റെ സാംസ്കാരികരംഗത്ത് അഭിമാനകരമായ പങ്കുവഹിക്കാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ വീക്ഷണക്കാരുടെ വായനയെ തൃപ്തിപ്പെടുത്താനുതകുന്ന പാർട്ടി സാഹിത്യത്തിന്റെ വിപുലമായ ഒരു നിരതന്നെ പ്രഭാത് ബുക്ക് ഹൗസ് വഴി പുറത്തുവന്നു. മാർക്സും എംഗൽസും ലെനിനും മറ്റും രചിച്ച ഗ്രന്ഥങ്ങളെല്ലാം തന്നെ പ്രഭാത് പുറത്തിറക്കി. മാർക്സിന്റെയും എംഗൽസിന്റെയും തെരഞ്ഞെടുത്ത കൃതികളുടെ വാല്യങ്ങൾ തന്നെ പ്രസിദ്ധീകരിച്ചു. ഇതര നേതാക്കളുടെ ജീവിതത്തെയും വീക്ഷണങ്ങളെയും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും പ്രസിദ്ധം ചെയ്തു. പുരോഗമന സ്വഭാവമുള്ള മറ്റ് ഗ്രന്ഥങ്ങളിലേക്കും പ്രഭാത് ശ്രദ്ധിച്ചു. 1952 കാലത്ത് നവീന അച്ചടിയുമായി മലയാള പുസ്തകപ്രസാധന രംഗത്ത് പ്രത്യക്ഷപ്പെട്ട പ്രഭാത് ബുക്ക് ഹൗസ് ഒരു കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഗ്രന്ഥ പ്രസാധന സംരംഭമായാണ് ആദ്യം അറിയപ്പെട്ടത്. ആ രംഗത്തെ ഏറ്റവും പ്രബലമായ പ്രസാധകരുമായിത്തീർന്നു പ്രഭാത് ബുക്ക് ഹൗസ്. കോഴിക്കോട്ടുനിന്നും ആരംഭിച്ച ആ നൂതന സംരംഭം വൈകാതെ തിരുവനന്തപുരത്തേക്ക് മാറുകയും ചെയ്തു.

സോവിയറ്റ് യൂണിയനുമായുള്ള പുസ്തകപ്രസാധക കൂട്ടായ്മ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ ആരംഭിച്ചതോടെ വലിയൊരു കുതിച്ചുചാട്ടം തന്നെ നടത്തുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. വളരെ വിപുലമായ സോവിയറ്റ് ഗ്രന്ഥങ്ങളുടെ ശേഖരം മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവകാശം ലഭിച്ചതോടെ മലയാളികളുടെ വായനാസംസ്കാരംതന്നെ മറ്റൊരു തലത്തിലേക്കു പ്രതിഷ്ഠിക്കുവാൻ പ്രഭാത് ബുക്ക് ഹൗസ് കാരണക്കാരായി. അതുവരെ അടഞ്ഞുകിടന്ന ലോക വായനയുടെ വാതിലുകളാണ് മലയാളികൾക്ക് മുന്നിൽ തുറക്കപ്പെട്ടത്. ടോൾസ്റ്റോയ്, മാക്സിം ഗോർക്കി, ടർജനീവ്, ഷൊളഖോവ്, ലൂഷൂൺ, മയക്കോവ്സ്കി, പുഷ്കിൻ, ദസ്തയെവ്സ്കി എന്നിങ്ങനെ ലോകസാഹിത്യത്തിലെ മഹാന്മാരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ മലയാളഭാഷയിൽ പ്രസിദ്ധീകൃതമായി. അവയുടെ ഇംഗ്ലീഷ് പതിപ്പുകൾക്കൊപ്പമായിരുന്നു പരിഭാഷാ ഗ്രന്ഥങ്ങളും വായനക്കാരുടെ കൈകളിലെത്തിയത്.
യുക്തിഭദ്രമായ വായനയെ കുട്ടികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രഭാത് ബുക്ക് ഹൗസ് സോവിയറ്റ് പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ചേർന്ന് മലയാളത്തിൽ പുറത്തിറക്കിയ പുസ്തകങ്ങൾ വളരെ ശ്രദ്ധ നേടുകയുണ്ടായി. സോവിയറ്റ് ബാലസാഹിത്യകൃതികൾ ലോകമൊട്ടാകെ യുക്തിബോധമുള്ള തലമുറകളെ വാർത്തെടുത്തുവെന്ന ചരിത്രസത്യം നമുക്കും സാക്ഷ്യപ്പെടുത്താം. അറുപതുകൾ മുതൽ ഇങ്ങോട്ടുള്ള വിദ്യാർത്ഥി സമൂഹം സോവിയറ്റ് ബാലസാഹിത്യരചനകളുടെ ആരാധകരായി തീർന്നതിൽ അത്ഭുതമില്ല. പ്രഭാത് ബുക്ക് ഹൗസിലൂടെ മലയാളത്തിലെ ബാലസാഹിത്യകാരന്മാരുടെ നവീനഗ്രന്ഥങ്ങൾ ധാരാളമായി വായനക്കാരിലെത്തി. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന കഥകൾക്കുപകരം മാനസികവും ചിന്താപരവുമായ കഴിവുകളെ കുട്ടികളിൽ വളർത്തുന്നതിനും ശാസ്ത്രബോധവും യുക്തിവിചാരവും ഉദ്ദീപിപ്പിക്കുന്നതിനുതകുന്നതുമായ ബാലസാഹിത്യശാഖ പ്രഭാത് ബുക്ക് ഹൗസിന്റെ തനതു സംഭാവനയായി മലയാളസാഹിത്യം ഏറ്റുവാങ്ങി.

 


ഇതുംകൂടി വായിക്കാം;ജനുവരി 22; എഴുപതിന്റെ നിറവിൽ പ്രഭാത്


 

ഭൗമഗവേഷണം, ബാഹ്യാകാശപര്യവേക്ഷണം, സമുദ്രപഠനം എന്നിങ്ങനെ വിവിധ മേഖലകളെ സ്പർശിക്കുന്ന സയൻസ് ഫിക്ഷനുകൾ നോവലായും കഥയായും യാത്രാ വിവരണമായും പുറത്തിറക്കി ആ മേഖലയിലും പ്രഭാത് ബുക്ക് ഹൗസ് മലയാളത്തിൽ തുടക്കംകുറിച്ചു. റഷ്യൻ ഭാഷയിൽ നിന്നും നേരിട്ടുള്ള പരിഭാഷ നടത്തുന്നതിനായി റഷ്യൻ ഭാഷയും മലയാളവും നന്നായി വശമുള്ള പരിഭാഷാസംഘംതന്നെ പ്രവർത്തിക്കുകയുണ്ടായി. മികച്ച പുസ്തകങ്ങൾ മികവാർന്ന അച്ചടിയിൽ പ്രസിദ്ധീകരിക്കുന്നതിന് സോവിയറ്റ് സഹായത്തോടെ ശ്രമിക്കുമ്പോൾ അത് മലയാളികൾക്ക് ഒരു പുത്തൻ അനുഭവമായിത്തീർന്നു. ബാലസാഹിത്യകൃതികളിലെ മനോഹരമായ ചിത്രങ്ങൾ, നിറങ്ങളുടെ വർണഭംഗി ചോർന്നുപോകാതെ മേനിക്കടലാസിൽ അച്ചടിച്ച് പരമാവധി വിലകുറച്ച് പുസ്തകങ്ങൾ പുറത്തിറക്കിയതോടെ പരക്കെയുള്ള വായന കേരളത്തിൽ ഉണ്ടായി. ഇപ്പോഴും മികച്ച അച്ചടിയിൽ പരമാവധി വിലകുറച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രഭാത് ബുക്ക് ഹൗസ് ശ്രമിച്ചുവരുന്നു.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് മുതൽക്കൂട്ടായ ബൃഹത്തായ സമ്പൂർണകൃതികൾ അടുത്തകാലത്ത് പ്രഭാത് പ്രസിദ്ധീകരിക്കുകയുണ്ടായി. സി. അച്യുതമേനോൻ (15 വാള്യം), എൻ ഇ ബാലറാം (10 വാള്യം), കെ ദാമോദരൻ (10 വാള്യം) ഈ കൃതികൾ ചേർത്തുവച്ചാൽ കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ ചരിത്രം മാത്രമല്ല ദീർഘമായ ഒരു കാലഘട്ടത്തിന്റെ ആകെ ചരിത്രവും സംസ്കാരവുമാണ് അതിൽ പ്രതിഫലിക്കുന്നത്.
പ്രഭാത് എൻഡോവ്മെന്റ് സ്കീം, ഷെയർ, വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു വിജ്ഞാനശേഖരം, സമ്മാനപ്പെട്ടി, പുസ്തകോത്സവങ്ങൾ, സാംസ്കാരികോത്സവങ്ങൾ, പ്രഭാത് സാംസ്കാരിക സംഘം തുടങ്ങിയ പ്രോജക്ടുകളുമായി പ്രഭാത് തലയുയർത്തി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എല്ലാവിഭാഗം വായനക്കാർക്കും സ്വീകാര്യമായ നൂറുകണക്കിന് ഗ്രന്ഥങ്ങൾ ഓരോവർഷവും പ്രഭാത് പ്രസിദ്ധീകരിക്കുന്നു. വിഖ്യാത എഴുത്തുകാരുടെയും പുതിയ എഴുത്തുകാരുടെയും ഗ്രന്ഥങ്ങൾ അതിലുണ്ട്. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകുകയും ആധുനിക കാലത്തിനു ചേരുംവിധം നവീകരിക്കുകയും ചെയ്ത ശാസ്ത്രബോധമുള്ള വായന രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രഭാത് ബുക്ക് ഹൗസിനെ വായനക്കാർ ഹൃദയത്തോട് ചേർത്തുവച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. വായനക്കാരും എഴുത്തുകാരും നൽകുന്ന പിന്തുണയും പ്രോത്സാഹനവുമാണ് പ്രഭാത് ബുക്ക് ഹൗസിന്റെ ശക്തി എന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
പ്രഭാത് ബുക്ക് ഹൗസ് 70-ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ സമൃദ്ധമായ ഒരു പ്രസാധന ചരിത്രമാണ് ഓർത്തെടുക്കാനുള്ളത്. കോഴിക്കോട്ടുനിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സ്ഥിരമാക്കിയതോടെ മലയാള സാഹിത്യത്തിനും മലയാളവായനയ്ക്കും പകരം വയ്ക്കാനാകാത്ത സംഭാവനകൾ നൽകാൻ പ്രഭാത് ബുക്ക് ഹൗസിന് കഴിഞ്ഞു. അഭിമാനകരമായ ഈ നേട്ടങ്ങൾക്കൊപ്പം ഒട്ടനവധി പുതിയ എഴുത്തുകാരെ മലയാളക്കരയ്ക്കു സംഭാവന ചെയ്യുവാനും പ്രഭാത് ശ്രദ്ധിച്ചിട്ടുണ്ട്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.