23 December 2024, Monday
KSFE Galaxy Chits Banner 2

ഉക്രെയ്‍നിലെ സാമ്രാജ്യത്വ യുദ്ധം വേണ്ട

Janayugom Webdesk
March 2, 2022 7:00 am

കുത്തകകൾക്കും ബൂർഷ്വാ വർഗങ്ങൾക്കുമെതിരെയും സാമ്രാജ്യത്വ യുദ്ധത്തിനെതിരായ വർഗസമരം ശക്തിപ്പെടുത്തുന്നതിനും സോഷ്യലിസത്തിന് വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം വേണമെന്ന് ലോക കമ്മ്യൂണിസ്റ്റ്, തൊഴിലാളിവര്‍ഗ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. ഉക്രെയ്‍നിലെ സാമ്രാജ്യത്വ സംഘർഷം സോഷ്യലിസത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമഫലമാണ്. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനു ശേഷം രൂപപ്പെട്ട ജനങ്ങളുടെ ദാരുണമായ അവസ്ഥയുടെ അനന്തരഫലങ്ങളിലൊന്നാണിത്. വർഷങ്ങളായി സോവിയറ്റ് യൂണിയനെതിരെ പോരാടുകയും അതിന്റെ പിരിച്ചുവിടലിന്റെ 30ാം വാർഷികം ആഘോഷിക്കുകയും ചെയ്ത ബൂർഷ്വാ, അവസരവാദ ശക്തികൾ തൊഴിലാളികളുടെയും ജനങ്ങളുടെയും ചരിത്രപരമായ നേട്ടങ്ങളെ തകർക്കാനും മുതലാളിത്തത്തിന്റെ പുനഃസ്ഥാപനവുമാണ് ലക്ഷ്യമിടുന്നത്. വർഗചൂഷണത്തിന്റെയും സാമ്രാജ്യത്വ യുദ്ധങ്ങളുടെയും യുഗത്തിലേക്ക് സോവിയറ്റ് യൂണിയൻ രാജ്യങ്ങള്‍ എത്തിയെന്ന് തുറന്നുകാട്ടപ്പെടുന്നു.

ഉക്രെയ്‍നിലെ സംഭവവികാസങ്ങൾ വിപണിയുടെ നിയന്ത്രണത്തിനായി റഷ്യയുമായുള്ള യുഎസ്, നാറ്റോ, യുറോപ്യന്‍ യൂണിയന്‍ എന്നിവയുടെ കടുത്ത മത്സരവുമായും മേഖലയിലെ അവരുടെ ഇടപെടലുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ‘ജനാധിപത്യ പ്രതിരോധം, സ്വയം പ്രതിരോധം, തങ്ങളുടെ സഖ്യങ്ങൾ തിരഞ്ഞെടുക്കാനുള്ള രാജ്യത്തിന്റെ അവകാശം, ചേരിചേരാനയം പാലിക്കൽ’ എന്നിങ്ങനെയുള്ള ന്യായവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് സാമ്രാജ്യത്വ ശക്തികൾ ഫാസിസത്തെ മന:പൂർവം മറച്ചുവയ്ക്കുന്നു. ഉക്രെയ്‍നിലെ ഫാസിസ്റ്റ്, ദേശീയവാദ ശക്തികളുടെ പ്രവർത്തനത്തെയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയെയും റഷ്യൻഭാഷ സംസാരിക്കുന്നവരോടുള്ള വിവേചനത്തെയും ഡോൺബാസിലെ ഉക്രെയ്ന്‍ സായുധ ആക്രമണങ്ങളെയും അപലപിക്കുന്നു.


ഇതുകൂടി വായിക്കാം;കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും


യൂറോ-അറ്റ്ലാന്റിക് ശക്തികൾ അവരുടെ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഫാസിസ്റ്റ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള ഉക്രെയ്‍നിലെ പ്രതിലോമ രാഷ്ട്രീയ ശക്തികളെ ഉപയോഗപ്പെടുത്തുന്നതിനെയും അപലപിക്കുന്നു. അതോടൊപ്പം ലെനിൻ, ബോൾഷെവിക്കുകൾ, സോവിയറ്റ് യൂണിയൻ എന്നിവയ്ക്കെതിരായ കമ്മ്യൂണിസ്റ്റ് വിരുദ്ധ വാചാടോപങ്ങൾ തങ്ങളുടെ പദ്ധതികളെ ന്യായീകരിക്കാൻ റഷ്യൻ നേതൃത്വം അവലംബിക്കുന്നതും അപലപനീയമാണ്. സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ യൂണിയനായിരുന്ന സോവിയറ്റ് യൂണിയനിലെ സോഷ്യലിസത്തിന്റെ മഹത്തായ സംഭാവനയെ കളങ്കപ്പെടുത്താൻ ഇതുകൊണ്ടൊന്നും കഴിയില്ല. ഡോൺബാസിലെ പീപ്പിൾസ് റിപ്പബ്ലിക്കുകളുടെ സ്വാതന്ത്ര്യം തുടക്കത്തിൽ അംഗീകരിക്കാനും പിന്നീട് സ്വയം പ്രതിരോധം എന്ന വ്യാജേന സൈനിക ഇടപെടലിലേക്ക് പോകാനുമാണ് റഷ്യൻ ഫെഡറേഷന്‍ തീരുമാനിച്ചത്. സൈനികവൽക്കരണം ആ പ്രദേശത്തെ ജനങ്ങളെയോ സമാധാനത്തെയോ സംരക്ഷിക്കാൻ വേണ്ടിയല്ല, മറിച്ച് ഉക്രേനിയൻ പ്രദേശത്തെ റഷ്യൻ കുത്തകകളുടെ താല്പര്യങ്ങളും പാശ്ചാത്യ കുത്തകകളുമായുള്ള അവരുടെ കടുത്ത മത്സരവും പ്രോത്സാഹിപ്പിക്കാനാണ്.

റഷ്യയിലെയും ഉക്രെയ്നിലെയും കമ്മ്യൂണിസ്റ്റുകളോടും ജനങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ബൂർഷ്വാസികള്‍ വളർത്തിയെടുക്കുന്ന ദേശീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ ഞങ്ങൾ അവരുടെ പക്ഷത്ത് നിലകൊള്ളുകയും ചെയ്യുന്നുവെന്ന് പ്രസ്താവന തുടര്‍ന്നു. സമാധാനത്തോടെ ജീവിക്കുകയും സോവിയറ്റ് യൂണിയന്റെ ചട്ടക്കൂടിൽ സംയുക്തമായി അഭിവൃദ്ധി പ്രാപിക്കുകയും ചെയ്ത ഇരു രാജ്യങ്ങളിലെയും അയല്‍രാജ്യങ്ങളിലെയും ജനങ്ങൾക്ക് കുത്തകകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന സാമ്രാജ്യത്വത്തോടോ സഖ്യത്തോടോ ഒപ്പം നിൽക്കാൻ കഴിയില്ല. ‘സൈനിക പദ്ധതികളും ആക്രമണാത്മക ആയുധ സംവിധാനങ്ങളും ഇല്ലാത്ത നാറ്റോ സഖ്യം, സമാധാനത്തിന് അനുകൂലമായ യൂറോപ്യന്‍ യൂണിയന്‍ അഥവാ സമാധാനപരമായ ബഹുധ്രുവ ലോകം’ മുതലായ പ്രചരണങ്ങള്‍ ഏറെ അപകടകരമാണ്. ഈ പ്രചരണങ്ങള്‍ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. മുതലാളിത്ത വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സമാധാനപരമായ സാമ്രാജ്യത്വം എന്ന ധാരണ വളർത്തിയെടുക്കാനുള്ള ശ്രമം. നാറ്റോയും യൂറോപ്യന്‍ യൂണിയനും ഏതൊരു മുതലാളിത്ത അന്തർദേശീയ യൂണിയനെയും പോലെ, ജനങ്ങൾക്ക് അനുകൂലമല്ലാത്ത, തൊഴിലാളികളുടെയും ജനങ്ങളുടെയും അവകാശങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന പ്രതിലോമപരമായ സ്വഭാവമുള്ള ചൂഷക സഖ്യങ്ങളാണെന്നതാണ് സത്യം.

നാറ്റോയിലൂടെയും യൂറോപ്യൻ യൂണിയനിലൂടെയും റഷ്യയിലൂടെയും, വിവിധ വ്യാജ ന്യായങ്ങൾ ഉപയോഗിച്ച് ജനങ്ങളെ സാമ്രാജ്യത്വ യുദ്ധത്തിന്റെ ഇരകളാകാന്‍ വശീകരിക്കുന്ന ബൂർഷ്വാ ശക്തികളുടെ കുപ്രചരണത്തിനെതിരെ പോരാടാൻ ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ സാമ്രാജ്യത്വ പദ്ധതികളിൽ നിന്നും സഖ്യങ്ങളിൽ നിന്നും രാജ്യങ്ങളെ വേർപെടുത്തുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനും സൈനിക താവളങ്ങൾ അടച്ചുപൂട്ടാനും ആവശ്യപ്പെടുന്നു. സാമ്രാജ്യത്വ യുദ്ധത്തിനെതിരായ വർഗസമരം ശക്തിപ്പെടുത്തുന്നതിനും കുത്തകകൾക്കും ബൂർഷ്വാ വർഗങ്ങൾക്കുമെതിരെ സ്വതന്ത്ര പാത രൂപപ്പെടുത്തുന്നതിനുമുള്ള വർഗസമരം ശക്തിപ്പെടുത്തേണ്ടതുണ്ട്; സോഷ്യലിസത്തിന് അത് ആവശ്യവുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ 33 കമ്മ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ട്ടികളും 22 യുവജന സംഘടനകളും മൂന്ന് കമ്മ്യൂണിറ്റി സംഘടനകളുമാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.