26 December 2024, Thursday
KSFE Galaxy Chits Banner 2

ബസ്‌മതി അരിയിലെ രാഷ്ട്രീയം

തീർത്ഥങ്കര മിത്ര
October 3, 2024 4:32 am

ഇന്തോ-പാകിസ്ഥാൻ അതിർത്തിക്ക് ഇരുവശത്തുമുള്ള ജനങ്ങൾക്ക് കായിക മത്സരങ്ങൾ ഉൾപ്പെടെ പൊതുവായ ഇഷ്ടങ്ങളുണ്ട്. കളിക്കാർ കളിക്കളങ്ങളില്‍ അവരുടെ വൈദഗ്ധ്യം പരസ്പരം തെളിയിക്കുന്നു. ഇതോടൊപ്പം സുഗന്ധിയായ ബസ്‌മതിഅരിയുടെ ഉല്പാദനത്തിലും ഈ മത്സരം പ്രകടമാണ്. ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ബസ്‌മതി അരിക്ക് കയറ്റുമതിയില്‍ മുൻതൂക്കം ലഭിക്കുന്നതിന്, അതിന്റെ കുറഞ്ഞ കയറ്റുമതി വില (എംഇപി) കഴിഞ്ഞദിവസം സർക്കാർ എടുത്തുകളഞ്ഞു. എംഇപി നീക്കം ചെയ്തതിന് ശേഷം വില്പന 10 മുതൽ 12 ശതമാനം വരെ ഉയർന്നു. ഒറൈസ സറ്റിവ എന്നും വിളിക്കുന്ന ബസ്‌മതി, സുഗന്ധവും നീളവുമുള്ള നേർത്ത അരിയാണ്. വിശപ്പകറ്റുന്ന അതിന്റെ ഗന്ധത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ ബസ്‌മതിയുടെ 65 ശതമാനവും ഇന്ത്യയിൽനിന്നാണ്. ബാക്കി പാകിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും കയറ്റുമതി ചെയ്യുന്നു. 1766ൽ പഞ്ചാബി കവി വാസിർ ഷായുടെ ഹീർ രഞ്ജയിലാണ് ബസ്‌മതിയെക്കുറിച്ചുള്ള ആദ്യ പരാമർശം കണ്ടെത്തിയിട്ടുള്ളത്. ബസ് മതി അരി നൂറ്റാണ്ടുകളായി ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യ കഴിഞ്ഞാൽ പാകിസ്ഥാനാണ് ബസ്‌മതി അരിയുടെ വലിയ ഉല്പാദകര്‍. 

ഇറാൻ, സൗദി അറേബ്യ, യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന വിപണികളിൽ മത്സരിക്കാൻ, കയറ്റുമതിയിലെ ഉയർന്ന വിലനിലവാരം ഇന്ത്യൻ വ്യാപാരത്തിന് പരിമിതിയായിരുന്നു. എംഇപി നീക്കം ചെയ്തത് ഇതിന് ഒരു പരിധിവരെ പരിഹാരമാകും. മികച്ച മത്സരനിരക്കിൽ കൂടുതൽ ബസ്‌മതി കയറ്റുമതി ചെയ്യാൻ കഴിയുമെന്നും വിപണിവരുമാനം വർധിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കാം. കർഷകർ പുതിയ വിളവെടുപ്പിന് തയ്യാറെടുക്കുന്ന സമയത്താണ് എംഇപി നീക്കം ചെയ്യാനുള്ള തീരുമാനം. മണ്ണിൽ വിയർപ്പൊഴുക്കുന്നവർ അവരുടെ ഉല്പന്നങ്ങൾക്ക് സുഗമമായ വില്പനയും മികച്ച വിലയും പ്രതീക്ഷിക്കുക സ്വാഭാവികം. എംഇപിയുടെ കുറവിനോടൊപ്പം ഇന്ധനം, രാസവളം തുടങ്ങി ഉല്പാദനച്ചെലവിലെ വർധനവിനും നഷ്ടപരിഹാരം നൽകുമെങ്കിൽ കർഷകർക്ക് മികച്ച ആദായം പ്രതീക്ഷിക്കാം. ആഗോള പ്രീമിയം അരി വിപണിയില്‍ ഇന്ത്യയുടെ വിഹിതം വർധിപ്പിക്കുന്നതോടൊപ്പം, എംഇപി പിൻവലിച്ചത് കർഷകരെ ഉല്പാദനച്ചെലവിൽ നിന്നും കടത്തിൽ നിന്നും കരകയറാനും സഹായിക്കും. കയറ്റുമതിക്കാർക്കും കർഷകർക്കും ഇത് വലിയ നേട്ടമായിരിക്കും ഉണ്ടാക്കുക. ഇന്ത്യൻ ബസ്‌മതി അരിയുടെ തറവില ടണ്ണിന് 1,200 ഡോളറുണ്ടായിരുന്നത് 950 ഡോളറായി കുറഞ്ഞു. മത്സരാധിഷ്ഠിത ആഗോള വിപണിയിൽ കയറ്റുമതിക്കാർക്ക് പ്രതികൂലമായിരുന്നു ഉയര്‍ന്ന വിലനിലവാരം. 

അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ പങ്ക് തിരിച്ചുപിടിക്കാനുള്ള വലിയ തന്ത്രത്തിന്റെ ഭാഗമാണ് എംഇപി ഒഴിവാക്കാനുള്ള തീരുമാനം എന്ന് സർക്കാർ അവകാശപ്പെടുന്നു. ബസ‌്മതി അരിയുടെ തനതായ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മുന്തിയഅരികളുടെ വിപണിയിൽ ഇന്ത്യക്ക് പ്രധാന സ്ഥാനമാണുള്ളത്. എന്നാൽ ആഗോള ഡിമാൻഡ് മുതലാക്കാനുള്ള വഴി വില നിയന്ത്രണങ്ങൾ തടഞ്ഞു. എംഇപി കുറഞ്ഞതോടെ താങ്ങാനാവുന്ന നിരക്കിൽ സ്റ്റോറുകളിൽ എത്തുമെന്നതിനാൽ കൂടുതൽ ആളുകൾക്ക് വാങ്ങാനുമാകും. വലിയൊരു വിഭാഗം കർഷകർക്ക്, പ്രത്യേകിച്ച് സാമ്പത്തികമായി ദുർബലരായവർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുകയും നിലവിലുള്ള സ്റ്റോക്കുകൾ ഒഴിവാക്കാനാവുകയും ചെയ്യും. എംഇപി ലഘൂകരിക്കുന്നതിലെ രാഷ്ട്രീയ പ്രാധാന്യവും കണക്കിലെടുക്കേണ്ടതാണ്. അടുത്തിടെ ഉള്ളിയുടെ കയറ്റുമതി നിയന്ത്രണങ്ങളുടെ വെളിച്ചത്തിൽ കേന്ദ്രസർക്കാർ കർഷക സമൂഹത്തിന്റെ ശക്തമായ ഉപരോധം നേരിട്ടു. തങ്ങളുടെ ജീവിതത്തെക്കാൾ അന്താരാഷ്ട്ര വ്യാപാരത്തിന് സർക്കാർ മുൻഗണന നൽകുന്നതായി സംശയമുയര്‍ന്ന കർഷകർ പ്രക്ഷോഭത്തിനിറങ്ങി.
ഈ സാമ്പത്തിക വർഷം ഏപ്രിൽ‑മേയ് മാസങ്ങളിൽ 122.7 ദശലക്ഷം ഡോളർ വിലമതിക്കുന്ന ബസ്‌മതി ഇതര വെള്ള അരി ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. കയറ്റുമതി 2021–22ൽ 200കോടി ഡോളറും 2022–23ൽ 220 കോടി ഡോളറും 2023–24ൽ 852.53 ദശലക്ഷം ഡോളറും ആയിരുന്നുവെന്ന് സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. കർഷകർ ഒരു പ്രധാന വോട്ട് ബാങ്കാണ്. സാമ്പത്തിക നേട്ടത്തിനപ്പുറമുള്ള ഈ യുക്തിയും എംഇപി പിൻവലിക്കുന്നതിലുണ്ട്. ഗ്രാമീണ മണ്ഡലങ്ങളിൽ നിന്ന് സർക്കാരിനുമേൽ വർധിച്ചുവരുന്ന സമ്മർദവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഒറ്റനോട്ടത്തിൽത്തന്നെ ഇതൊരു തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് വ്യക്തമാണ്. 

(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.