18 November 2024, Monday
KSFE Galaxy Chits Banner 2

പിആര്‍ വര്‍ക്ക് കൊണ്ട് വികസനം ഉണ്ടാകില്ല

പ്രൊഫ. കെ അരവിന്ദാക്ഷൻ
June 21, 2023 4:11 am

അടവും തന്ത്രവും അതിവിദഗ്ധമായ പിആര്‍ വര്‍ക്കിലൂടെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ അപാര കഴിവുള്ളൊരു രാഷ്ട്രീയ നേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോഡി എന്ന ബിജെപി നേതാവ്. താന്‍ എന്നും പാവപ്പെട്ടവരുടെ പടത്തലവനാകാനാണ് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും വിജയം നേടുകയും ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം മന്‍ കി ബാത്ത് പരിപാടികളിലൂടെ നിരവധിവട്ടം നമ്മെ പറ‍ഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്. ആകര്‍ഷണീയമായൊരു അവതരണ ശൈലി കൈമുതലായുള്ള മോഡിക്ക് ജനമനസുകളെ തന്നിലേക്കാകര്‍ഷിക്കാന്‍ അനിതരസാധാരണമായ പാടവവുമുണ്ട്. എന്നാല്‍ ഇത്തരമൊരു ശൈലി ഒരു പരിധിക്കപ്പുറം വിജയിക്കുകയില്ല. വിശിഷ്യ, ഇന്ത്യയെപ്പോലൊരു രാജ്യത്ത്. ഏറ്റവുമൊടുവിലത്തെ മോഡി ‘ഗിമ്മിക്ക്’ ആയി വിശേഷിപ്പിക്കാവുന്ന ഒന്നാണ് 2047 ആകുന്നതോടെ ഇന്ത്യ ‌വികസ്വരരാജ്യ പദവയില്‍ നിന്നും വികസിത രാജ്യപദവിയിലേക്കെത്തും എന്നത്. ഈ പ്രഖ്യാപനം വെറും സാങ്കല്പികം മാത്രമാണ്. 2022 ആകുന്നതോടെ ഇന്ത്യയിലെ കര്‍ഷക സമൂഹത്തിന്റെ വരുമാനം ഇരട്ടിയായി വര്‍ധിക്കുമെന്നും രാജ്യത്തിന്റെ ഉല്പാദനമേഖല 25 ശതമാനം വര്‍ധനവു കൈവരിക്കുമെന്നും 2023ല്‍ രാജ്യം ഒരു ലക്ഷംകോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി കുതിച്ചുയരുമെന്നും മറ്റും കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മോഡി നടത്തിയ പ്രഖ്യാപനങ്ങളായിരുന്നു. നോട്ട് നിരോധനത്തിലൂടെ സമ്പദ്‌വ്യവസ്ഥയില്‍ കള്ളപ്പണം അപ്പാടെ തുടച്ചുനീക്കപ്പെടുമെന്ന പ്രഖ്യാപനവും പാളിപ്പോയിരിക്കുന്നു.
നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ അധികാരത്തില്‍ തുടരുന്നതിനായി മാധ്യമങ്ങള്‍ വഴി പരസ്യപ്രചരണത്തിന് 44.22 കോടിയാണ് 2022 ഡിസംബര്‍ ഒന്നിനും 2023 മാര്‍ച്ച് 29നും ഇടയില്‍ മാത്രം ബിജെപിയുടെ ബസവ്‍ രാജ് ബൊമ്മെെ സര്‍ക്കാര്‍ ചെലവാക്കിയത് എന്ന വിവരമാണ് ആര്‍ടിഐ വൃത്തങ്ങള്‍ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ കരാറുകാരുടെ സംഘടന അതിന്റെ പ്രസിഡന്റും ബിജെപി നേതാവുമായ വ്യക്തിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് രേഖാമൂലം നല്‍കിയ പരാതിയില്‍ സംസ്ഥാനത്തുള്ളത് 40 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഗത്യന്തരമില്ലാതെ ആരോപണവിധേയനായ മന്ത്രിയെ രാജിവയ്പിച്ചു. എന്നിട്ടും പാര്‍ട്ടിക്ക് രക്ഷകിട്ടിയില്ല. ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ബിജെപിക്ക് ഏറ്റുവാങ്ങേണ്ടതായി വന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി ആഴ്ചകളോളം നടത്തിയ റോഡ് ഷോകള്‍ക്കും പാര്‍ട്ടിയെ രക്ഷിച്ചെടുക്കാനായില്ല. ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപ്രതീക്ഷിതമായ വിജയം നേടാനും കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പു ഫലം നല്കുന്ന പാഠം വ്യക്തമാണ്; ഇന്ത്യയിലെ സമ്മതിദായകര്‍ നിത്യജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആത്മാര്‍ത്ഥത പ്രകടമാക്കുന്നവര്‍ക്കു മാത്രമേ പിന്തുണ നല്‍കുകയുള്ളു. മത‑ജാതി അധിഷ്ഠിത പ്രചരണങ്ങളിലും ഗിമ്മിക്കുകളിലും അവരെ തളച്ചിടാമെന്ന് കരുതുന്നത് ഗുണം ചെയ്യില്ലെന്നുംകര്‍ണാടകയിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

 


ഇതുകൂടി വായിക്കു; വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ നിലപാടുള്ളവര്‍ക്ക് ചുറ്റികകളും വാള്‍മുനകളും


വികസന പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം പോരാ. അവയുടെ ഫലം ജനങ്ങളിലേക്കെത്തിക്കുകകൂടി വേണം. ഇതില്‍ ആദ്യഭാഗം ഇന്ത്യയില്‍ നന്നായി നടക്കുന്നുണ്ട്. പ്രഖ്യാപനങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. എന്നാല്‍, പ്രഖ്യാപിക്കപ്പെടുന്നതിന്റെ നേരിയ ഒരംശമെങ്കിലും സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ പ്രതിഫലിക്കപ്പെടുന്നില്ല. 1947 മുതല്‍ 2047 വരെയുള്ള 100 വര്‍ഷക്കാലം എന്നത് അത്രയ്ക്ക് നിസാരമായൊരു കാലാവധിയൊന്നുമല്ല. പിന്നിട്ട 75 വര്‍ഷക്കാലയളവില്‍ എന്തു നേടിയെന്നതുമായി അവശേഷിക്കുന്ന 25 വര്‍ഷക്കാലയളവില്‍ എന്തു നേടാനാകുമെന്നത് തുലനം ചെയ്തുനോക്കാന്‍ അഗാധ പാണ്ഡിത്യമൊന്നും ആവശ്യമില്ല. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതുകൊണ്ടോ, സ്വര്‍ണനിര്‍മ്മിത ചെങ്കോല്‍ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനോട് ചേര്‍ത്തു സ്ഥാപിച്ചതുകൊണ്ടോ രാജ്യത്തിന്റെ ജിഡിപി വളരില്ല. 1947നും 2023നും ഇടയ്ക്ക് നേടിയെടുക്കാന്‍ കഴിയാത്തത് 2047ല്‍ എത്തുന്നതോടെ നേടിയെടുക്കാന്‍ കഴിയുമെന്ന് ആര്‍ക്കാണ് വിശ്വസിക്കാനാവുക? മനുഷ്യ വികസന സൂചികയുടെ കാര്യമെടുത്താല്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ മെച്ചപ്പെട്ട ചിത്രമാണ് രേഖപ്പെടുത്തി കാണുന്നത്. പിന്നിട്ട കാല്‍ നൂറ്റാണ്ടിനിടയില്‍ ഈ മേഖലയില്‍ ഇന്ത്യയുടേത് സാമാന്യം തരക്കേടില്ലാത്തൊരു നേട്ടമാണ്. 2023ല്‍ ഈ സ്കോര്‍ 0.633 ആയിരുന്നത് 2047 ആകുന്നതോടെ 0.800 വരെയായി ഉയരാനാണ് സാധ്യത കാണുന്നത്. ഇക്കാര്യത്തിലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ അവകാശവാദം തീര്‍ത്തും വിശ്വസനീയമാണെന്ന നിഗമനത്തിലല്ല ആഗോള ഏജന്‍സികളെന്നത് വേറൊരുകാര്യം.
ഉന്നത നിലവാരം പുലര്‍ത്തുന്ന വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തുന്നതിന് പരിഗണിക്കപ്പെടുന്ന മറ്റൊരു അളവുകോല്‍ നിര്‍മ്മിതോല്പന്നങ്ങളുടെ കയറ്റുമതി പട്ടികയില്‍ ഹൈ-ടെക് ഉല്പന്നങ്ങളുടെ പങ്ക് എത്രയാണെന്നതാണിത്. ഇപ്പോള്‍ ഇന്ത്യയുടെ പങ്ക് ബ്രസീലിനോടും റഷ്യയോടും സമാനമായ നിലയില്‍ 10 ശതമാനമാണ്. ആഗോള ശരാശരി 20 ശതമാനമാണെങ്കില്‍ ചൈനയുടേത് 30 ശതമാനം വരെയാണ്. ഇന്ത്യക്ക് ആഗോളതലത്തിലുള്ളത് നാലാം സ്ഥാനമാണെന്ന് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഗവേഷകരില്‍ ചിലര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയും ഇന്ത്യയുടെ റാങ്ക് ഒമ്പതില്‍ ഒതുക്കിനിര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയെ 2047ല്‍ ഏതു ഗ്രൂപ്പിലായിരിക്കും ഉള്‍പ്പെടുത്തപ്പെടുക എന്നത് തികച്ചും ആശങ്കാജനകം തന്നെയാണെന്ന് കരുതേണ്ടിവരുന്നു.

 


ഇതുകൂടി വായിക്കു;  കോവിന്‍ വിവരച്ചോര്‍ച്ച സത്യം മറയ്ക്കാന്‍ ശ്രമം


 

ദാരിദ്ര്യത്തിന്റെ സ്ഥിതിയില്‍ ഇന്ത്യയുടെ സ്ഥാനം ‘പരമ ദാരിദ്ര്യം’ നേരിടുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ്. അതായത് പ്രതിദിന ആളോഹരി വരുമാനം 2.15 ഡോളര്‍ മാത്രം. എന്നാല്‍ ഭരണാധികാരി വര്‍ഗം അവകാശപ്പെടുന്നത് നാം താണ–ഇടത്തരം വരുമാന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യമാണെന്നാണ്. അങ്ങനെയെങ്കില്‍, ആളോഹരി വരുമാനം 3.65 ഡോളറെങ്കിലും ആയിരിക്കണം. രൂപയുടെ വിനിമയമൂല്യം പരിഗണിച്ചാല്‍ ഒരു നാലംഗ കുടുംബത്തിന്റെ പ്രതിമാസ വരുമാനം 10,400 രൂപയായിരിക്കും. ഈ അളവുകോലാണ് സ്വീകരിക്കപ്പെടുന്നതെങ്കില്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന് വ്യക്തമാകും. രാജ്യം ഉയര്‍ന്ന–ഇടത്തരം വരുമാന രാജ്യങ്ങളുടെ വിഭാഗത്തില്‍ എത്തിപ്പെട്ടാല്‍പ്പോലും പ്രതിദിന ആളോഹരി വരുമാനം 6.85 ഡോളര്‍ മാത്രമായിരിക്കും. 2047ല്‍ വികസിത രാജ്യപദവിലെത്തിയാല്‍ത്തന്നെ രാജ്യത്തിന് വലിയ പ്രയോജനമൊന്നുമില്ല. ഇതിനോടകം തന്നെ ലോക ബാങ്കിന്റെ കണക്കില്‍, ആഗോളതലത്തില്‍ 80 രാജ്യങ്ങള്‍ വികസിത പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യക്ക് താണ വരുമാന രാജ്യങ്ങളോടൊപ്പമാണ് നല്‍കപ്പെട്ടിരിക്കുന്ന സ്ഥാനം. മനുഷ്യ വികസനത്തില്‍ നാം സാമാന്യം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനു ശേഷവും ഇതാണ് സ്ഥിതിയെന്നോര്‍ക്കുക. യുഎന്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റേതാണ് ഈ നിഗമനം. ഇതിലേറെ വിചിത്രമായ ഒരു കണ്ടെത്തല്‍ ദാരിദ്ര്യത്തിന്റെ ഉച്ചാടനമെന്ന അതിപ്രധാനമായ ലക്ഷ്യമെടുത്താല്‍, ഇന്ത്യയുടെ റെക്കോഡ് ഒട്ടുംതന്നെ തൃപ്തികരമല്ല എന്നതാണ്.

ഇത് അനുദിനം വഷളായി വരികയാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. വികസന മുരടിപ്പും തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയും ഒരുവശത്ത് ശക്തമായി തുടരുമ്പോള്‍ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പാരമ്പര്യത്തിന്റെയും പ്രാദേശിക ചിന്തയുടെയും പേരില്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തെറിയുന്ന കാഴ്ചയാണ് രാജ്യത്ത് കാണാന്‍ കഴിയുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത് കാല്‍ ആഘോഷിക്കേണ്ടത് ഈവിധത്തിലാണോ എന്ന് ഒരിക്കലെങ്കിലും പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും അമിത് മാളവ്യയെപ്പോലുള്ള സംഘ്പരിവാര്‍ ബുദ്ധിജീവികളും ചിന്തിക്കേണ്ടതാണ്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത് സവര്‍ക്കറുടെ ജന്മദിനമായിരുന്നു എന്നത് യാദൃച്ഛികതയൊന്നുമായിരുന്നില്ല. ലോക്‌സഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപത്ത് ചെങ്കോല്‍ സ്ഥാപിച്ച ചടങ്ങും കരുതിക്കൂട്ടി ചെയ്തതായിരുന്നു. രാജ്യത്തെ ഒന്നായി കാണണമെന്നും രാജ്യതാല്പര്യങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും കൂടെക്കൂടെ ആഹ്വാനം നടത്തുന്ന മോഡിയും അമിത് ഷായും ഇതിനു നേര്‍വിപരീത ദിശയിലേക്കാണ് രാജ്യത്തെയും ജനതയെയും നയിക്കുന്നതെന്നതിന് ഉത്തമോദാഹരണമാണിതെല്ലാം. ഗുസ്തി മത്സരത്തില്‍ ഒളിമ്പിക്സ് വരെയുള്ള ആഗോള മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ വനിതകള്‍ അടക്കമുള്ളവരുടെ സുപ്രീം കോടതിവരെ അംഗീകരിച്ച ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള സമാധാനപരമായ സമരത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം തന്നെ അടിച്ചമര്‍ത്തിയത് മോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ? സര്‍ക്കാരിന് വേണ്ടാത്ത മെഡലുകള്‍ തങ്ങള്‍ക്കും ആവശ്യമില്ലെന്ന പ്രഖ്യാപനത്തോടെ അവ നദിയില്‍ ഒഴുക്കാന്‍ കായിക താരങ്ങള്‍ എടുത്ത സാഹസികമായ തീരുമാനം താല്‍ക്കാലികമായി മാത്രമാണ് നിര്‍ത്തിവച്ചിരിക്കുന്നതെന്നോര്‍ക്കുക. ഈ സാഹചര്യത്തില്‍ മോഡി ഭരണകൂടത്തിന്റെ ലക്ഷ്യം തീര്‍ത്തും സാങ്കല്പികം മാത്രമായി പരിണമിക്കുമെന്നുതന്നെ ഉറപ്പാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.