22 December 2024, Sunday
KSFE Galaxy Chits Banner 2

ഗുണമേന്മാ വിദ്യാഭ്യാസം എല്ലാവര്‍ക്കും

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
August 20, 2024 4:52 am

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിന് വിവിധങ്ങളായ പദ്ധതികളും തുടർപ്രവർത്തനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. സ്കൂൾപ്രായത്തിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിൽ വർഷങ്ങൾക്കുമുമ്പേ വിജയിച്ചതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അന്തർദേശീയ തലങ്ങളിൽ ‘ഏവർക്കും വിദ്യാഭ്യാസം’ എന്ന ആശയം ചർച്ച ചെയ്യുന്നതിനു മുമ്പേ കേരളം ഇത് ഏറ്റെടുക്കുകയും നവോത്ഥാനപ്രസ്ഥാനങ്ങളുടെയും ജനകീയസമരങ്ങളുടെയും പിൻബലത്തോടെ വിജയിപ്പിക്കുകയും ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിച്ചതിന്റെ കൂടി ഫലമായി രൂപപ്പെട്ടതാണ് ‘കേരള വികസന മാതൃക’.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ സംബന്ധിച്ച ചർച്ചകൾ എല്ലാ കാലത്തും ഉയർന്നുവരാറുണ്ട്. കേരളീയ സമൂഹവും ഈ ചർച്ചകൾക്ക് മുന്നിൽ നടന്നിട്ടുള്ളവരാണ്. എന്നാൽ ലോകത്തൊരിടത്തും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താനുള്ള ഒറ്റമൂലി ആരും കണ്ടെത്തിയിട്ടില്ല. പൊതുവിദ്യാഭ്യാസമേഖലയിലെ നമ്മുടെ നേട്ടങ്ങൾ വർഷങ്ങളായുള്ള നിരന്തര പരിശ്രമങ്ങളുടെ ഫലമായി ഉണ്ടായിവന്നതാണ്. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും വിദ്യാകിരണം പദ്ധതിയുടെയും ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ ഭൗതികസാഹചര്യ വികസനങ്ങളെ അക്കാദമിക മികവിലേക്ക് ഉപയോഗപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഇനി ഏറ്റെടുക്കേണ്ടത്. 

സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണം, മാറിയ സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിയുന്നവിധത്തിലും എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുമാണ് ഏറ്റെടുത്തിട്ടുള്ളത്. 2005ലെയും 2007ലെയും സമഗ്രമായ വിദ്യാഭ്യാസപരിഷ്കരണങ്ങളുടെ തുടർച്ചയാണിത്. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവച്ച വിമർശനാത്മക ബോധനശാസ്ത്രവും, ക്ലാസ്റൂം ബോധന സമീപനങ്ങളും ഈ പരിഷ്കരണത്തിന്റെയും ഭാഗമായിട്ടുണ്ട്. പാഠ്യപദ്ധതി പരിഷ്കരണം മുന്നോട്ടുവച്ച ഏറെ വിപ്ലവകരമായ രീതിശാസ്ത്രത്തെ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് ക്ലാസ്‌മുറികളിൽ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം അധ്യാപകർ ഏറ്റെടുത്തെങ്കിൽ മാത്രമേ വിജയത്തിലെത്തിക്കുവാൻ കഴിയൂ.
ഏതൊരു വിദ്യാഭ്യാസക്രമത്തിന്റെയും കേന്ദ്രം കുട്ടികളാണ്. ആധുനിക വിദ്യാഭ്യാസപ്രക്രിയയിൽ അതിന്റെ ഗുണമേന്മ നിശ്ചയിക്കുന്ന അടിസ്ഥാനഘടകമായി കണക്കാക്കുന്നത് കുട്ടികളുടെ പ്രകടനമികവാണെന്ന് യുനെസ്കോയുടെ ഗ്ലോബൽ മോണിറ്ററിങ് റിപ്പോർട്ട് പറഞ്ഞുവയ്ക്കുന്നു. വിദ്യാഭ്യാസമേഖലയിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരിക്കും കേരളം. പൊതുനിക്ഷേപത്തിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രാധാന്യം നൽകുന്നു. ജനകീയ ഇടപെടലുകളിലൂടെ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം നടപ്പിലാക്കാനും കഴിഞ്ഞു. വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി വികേന്ദ്രീകൃത പദ്ധതി ആരംഭിച്ചു. തൊണ്ണൂറുകളുടെ പകുതിയിൽ ജപ്പാനിൽ പരീക്ഷിച്ച് വിജയിച്ച ക്ലസ്റ്റർ സമ്പ്രദായവും കേരളം നടപ്പിലാക്കി.
വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിലെ സുതാര്യതയ്ക്കായി വിവിധ പോർട്ടലുകൾ ആവിഷ്കരിച്ചു. ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടുന്നതിന് ഏറെ മുമ്പുതന്നെ മെന്ററിങ്ങിന് പോർട്ടൽ സജ്ജമാക്കി. അധ്യാപക പരിശീലനപരിപാടികളും, മൂല്യനിർണയ രീതിശാസ്ത്രവും ശക്തമായ മോണിറ്ററിങ് സംവിധാനവും, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഡാറ്റാ ശേഖരണവും വിശകലനവും വകുപ്പിന്റെ പ്രവർത്തനങ്ങളിലുള്ള വേഗതയും സുതാര്യതയും എല്ലാം ഘട്ടംഘട്ടമായി നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി ഖാദർ കമ്മിറ്റി മുന്നോട്ട് വെച്ച നിർദേശങ്ങൾ പ്രായോഗികമാണെങ്കിൽ സർക്കാർ പരിഗണിക്കുകയും ചെയ്യും. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന രീതിയിൽ മൂല്യനിർണയ സംവിധാനങ്ങൾ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 2004–05ൽ ഗ്രേഡിലേക്കും നിരന്തര മൂല്യനിർണയ പ്രക്രിയയിലേക്കും പ്രവേശിച്ചു. വിഭാവനം ചെയ്ത രീതിയിലാണോ യഥാർത്ഥത്തിൽ അവ പ്രയോഗിക്കപ്പെട്ടതെന്നും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടണം എന്നതുമാണ് കാലഘട്ടത്തിന്റെ ആവശ്യം. മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കുമ്പോൾ പ്രധാനമായും മൂന്ന് കാര്യങ്ങൾ പരിഗണിക്കേണ്ടതായുണ്ട്. അതിൽ പ്രഥമസ്ഥാനത്തുള്ളത് നിരന്തര മൂല്യനിർണയ രീതിശാസ്ത്രത്തിന്റെ കാലോചിതമായ പരിഷ്കരണമാണ്. രണ്ടാമതായി പരീക്ഷാരീതിയുടെ പരിഷ്കരണവും മൂന്നാമതായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പരീക്ഷാ നടപടികൾ വിദ്യാർത്ഥി സൗഹൃദമായി മാറ്റേണ്ടതിന്റെ ആവശ്യകതയുമാണ്. 

പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമാണ് മൂല്യനിർണയ പ്രക്രിയ. പഠനാരംഭഘട്ടത്തിലും പഠനത്തോടൊപ്പവും നിരന്തരമായും സൂക്ഷ്മമായും നടത്തേണ്ട ഒന്നാണിത്. എല്ലാ കുട്ടികൾക്കും പഠനമികവുണ്ടാകുമെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് ഏറ്റവും സഹായകരമാകുന്നത് ഇത്തരം വിലയിരുത്തലാണ്. 21-ാം നൂറ്റാണ്ടിൽ ഓരോ കുട്ടിയും നേടേണ്ട ശേഷികളെ സംബന്ധിച്ച് യുനസ്കോ അടക്കമുള്ള അന്തർദേശീയ ഏജൻസികൾ തന്നെ വർഷങ്ങൾക്കു മുമ്പേ പറയുകയും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിമർശനാത്മക ചിന്ത, സഹവർത്തന നൈപുണി, ക്രിയേറ്റിവിറ്റി, ആശയവിനിമയശേഷി എന്നിവയും അടിസ്ഥാന സാക്ഷരതയായി ഇപ്പോൾ പരിഗണിക്കുന്ന മീഡിയ ലിറ്ററസിയും, ഇൻഫർമേഷൻ ലിറ്ററസിയും, ടെക്നോളജി ലിറ്ററസിയും, നേതൃത്വപാടവം, സാമൂഹ്യ‑സാംസ്കാരിക ബോധനം, ഏതൊരു സാഹചര്യത്തോടും പൊരുത്തപ്പെടാനും നിലനിൽക്കാനുമുള്ള ശേഷി എന്നിവയും ഓരോ കുട്ടിയും നേടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിരന്തരമൂല്യനിർണയത്തിൽ കാലാനുസൃത മാറ്റം അനിവാര്യമാണ്.
എല്ലാ കുട്ടികളെയും വിലയിരുത്തൽ നടത്തുന്നുവെന്നും പഠനപിന്തുണ ആവശ്യമുള്ളവർക്ക് അത് നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തുന്ന സംവിധാനം അധ്യാപകരെയും രക്ഷിതാക്കളെയും കൂടി വിശ്വാസത്തിലെടുത്ത് നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. നിരന്തര മൂല്യനിർണയത്തെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകേണ്ടതുണ്ട്. ഇവയെല്ലാം സമഗ്രമായി വിശദീകരിക്കുന്ന മാർഗരേഖ വികസിപ്പിക്കുകയും അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്യും. 

നമ്മുടെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ രാജ്യത്തിന് മാതൃകയായി സുതാര്യവും, രഹസ്യസ്വഭാവം നിലനിർത്തിയുമാണ് നടത്തപ്പെടുന്നത്. വകുപ്പുതല നടപടിക്രമങ്ങൾക്കപ്പുറത്ത് ചോദ്യപേപ്പർ നിർമ്മാണത്തിലെ അക്കാദമിക ഭാഗമാണ് ഇവിടെ പരിഗണിക്കുന്നത്. വ്യത്യസ്ത പഠനനിലവാരത്തിലുള്ള കുട്ടികളെ പരിഗണിക്കുമ്പോള്‍, എല്ലാവരും തോൽക്കുകയോ, എല്ലാവരും ജയിക്കുകയോ ചെയ്യാത്ത പരീക്ഷാപേപ്പറുകളില്‍ കുട്ടികളുടെ വിവിധ ചിന്താശേഷികളെ അളക്കാൻ ഉപയുക്തമാകുന്ന ചോദ്യങ്ങൾ അനിവാര്യമാണ്. വിമർശനചിന്തയും, വിശകലനനൈപുണിയും, പ്രശ്നപരിഹരണ ശേഷിയും, ക്രിയേറ്റിവിറ്റിയും, പഠിച്ച കാര്യങ്ങൾ വ്യത്യസ്ത സന്ദർഭങ്ങളിൽ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന കാര്യവും പരിശോധിക്കുന്ന ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.
ലോകത്താകമാനം പരീക്ഷാരീതിയിൽ വരുന്ന മാറ്റങ്ങളെ നമ്മളും പോസിറ്റീവായി സമീപിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ചും നിർമ്മിതബുദ്ധിയുടെ സഹായത്തോടെ പരീക്ഷകളെ സുതാര്യമാക്കാൻ കഴിയുമോ എന്ന പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ തുറന്നപുസ്തക പരീക്ഷ, ഓൺലൈൻ പരീക്ഷകൾ എന്നിവയും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ചോദ്യപ്പേപ്പർ നിർമ്മാണത്തിന്റെ വികേന്ദ്രീകൃത മാതൃക കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകുന്നതിനോടൊപ്പം മാർഗരേഖയും വികസിപ്പിക്കും. 

സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് സമ്പ്രദായം ഒരു കുട്ടിയുടെയും പ്രതീക്ഷകളെ തല്ലിക്കെടുത്താനല്ല, മറിച്ച് കുട്ടികളുടെ നല്ല ഭാവിയെ മുന്നിൽ കണ്ടുകൊണ്ടു മാത്രമാണ്. എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അവരുടെ കഴിവുകൾക്കനുസരിച്ച് ‘പഠിക്കാനും വളരാനും’ കഴിയുന്ന അക്കാദമികാന്തരീക്ഷം വിദ്യാലയങ്ങളിൽ ഒരുക്കിയതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടുള്ളത്. വർഷങ്ങളായി കേരളം, ടേം പരീക്ഷകളുടെ കാര്യത്തിൽ തുടരുന്ന രീതിശാസ്ത്രം മാത്രമേ ഇവിടെയും നടപ്പിലാക്കിയിട്ടുള്ളൂ.
എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള പരീക്ഷകളിൽ മിനിമം മാർക്ക് നിശ്ചയിക്കുന്നതിലൂടെ കുട്ടികളെ തോല്പിക്കാൻ പോവുകയാണെന്ന പ്രചരണം ചില കോണുകളിൽ നിന്ന് നടത്തുന്നത് ശരിയല്ല. ഓരോ പരീക്ഷയ്ക്കു ശേഷവും കുട്ടികളുടെ പേപ്പറുകൾ വിശകലനം നടത്തി സ്കൂൾ എസ്ആർജികൾ ചേർന്ന് പഠനപിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സമീകരണത്തോടെ മികവിലേക്ക് കൈപിടിച്ച് ഉയർത്തുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയും ഈ പ്രവർത്തനങ്ങൾ കർശനമായി നടപ്പിലാക്കുകയും പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ശേഷികൾ കുട്ടികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക എന്ന പ്രാഥമിക കടമ വിദ്യാഭ്യാസ വകുപ്പിലെ ഓരോരുത്തരും നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പാഠ്യപദ്ധതി നിശ്ചയിക്കുന്ന ശേഷികൾ ഓരോ ഘട്ടത്തിലും കുട്ടികൾ നേടുന്നുവെന്ന് ഉറപ്പുവരുത്തലാണ് ഇതിൽ പ്രധാനം. ഇതിനായി അക്കാദമികകലണ്ടർ പ്രകാരം നിശ്ചയിക്കുന്ന ദിനങ്ങളിൽ ക്ലാസ്റൂം മുഖാമുഖ പഠനത്തിന് സമയം ലഭിക്കുന്നുണ്ടെന്നും, ഓരോ ആഴ്ചയിലും സ്കൂൾ എസ്ആർജികൾ ചേർന്ന് പഠനപ്രവർത്തനങ്ങളുടെ വിലയിരുത്തലും അടുത്ത ആഴ്ചയിലേക്കുള്ള അക്കാദമിക പ്ലാനിങ്ങും നടത്തേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ ഓഫിസർമാരെയും ശാക്തീകരിക്കും. മോണിറ്ററിങ് സംവിധാനം ഡിജിറ്റിലൈസ് ചെയ്യുന്നതിനുവേണ്ടിയുള്ള പ്രാരംഭപ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി ജനകീയമായ പിന്തുണയും ഇടപെടലുകളുമാണ്. ജനകീയ പിന്തുണയോടെ അക്കാദമികമികവ് ഉയർത്തുക എന്ന ലക്ഷ്യം നേടിയെടുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. അതിനായി പിടിഎകളെയും എസ്എംസികളെയും ശാക്തീകരിക്കും. രക്ഷകർത്താക്കൾക്കായി നാല് ഘട്ടങ്ങളിലേക്ക് തയ്യാറാക്കിയ പുസ്തകം ഈ മാസം പ്രകാശനം ചെയ്യും. പിടിഎ അംഗങ്ങൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. വിദ്യാഭ്യാസപ്രക്രിയയിൽ ഓരോ രക്ഷകർത്താവും വഹിക്കേണ്ട പങ്കിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് പ്രധാനലക്ഷ്യം. നൊബേൽ ജേതാക്കളായ അഭിജിത് ബാനർജിയും എസ്തർ ഡുഫ്ലോയും സൂചിപ്പിച്ചത് ഇവിടെ പ്രസക്തമാണ്- “രക്ഷിതാക്കൾ വിദ്യാഭ്യാസത്തെക്കുറിച്ച് ശ്രദ്ധയുള്ളവരല്ലെങ്കിൽ, മേൽത്തട്ടില്‍ നിന്നുള്ള വിദ്യാഭ്യാസ യജ്ഞം വിഭവങ്ങളുടെ പാഴാക്കലായി മാറാന്‍ സാധ്യതയുണ്ട്.” 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.