23 December 2024, Monday
KSFE Galaxy Chits Banner 2

ഇല്ലാതാകുന്ന വിവരാവകാശം

യെസ്‌കെ
October 13, 2023 4:23 am

‘ആര്‍ടിഎ‌െ’ അഥവാ വിവരാവകാശ നിയമം ‘ആര്‍ഐപി’ (റെസ്റ്റ് ഇന്‍ പീസ്) അവസ്ഥയിലേക്ക് മാറിയിരിക്കുന്നു എന്ന് കഴിഞ്ഞദിവസമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. നിയമം പ്രാബല്യത്തില്‍ വന്ന് 18 വര്‍ഷം തികയുന്നതിനോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിയമം ദുർബലപ്പെടുത്താൻ കര്‍ശനവ്യവസ്ഥകൾ ഇല്ലാതാക്കാനാണ് നരേന്ദ്ര മോഡിയുടെ കീഴിലുള്ള സർക്കാർ നിരന്തരം ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് കുറിച്ചു. ഇതില്‍ ഒട്ടും അതിശയോക്തിയില്ല. രാജ്യത്തെ വിവരാവകാശ കമ്മിഷനുകളുടെ നിലവിലെ സാഹചര്യം ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നു.
രാജ്യത്തെ 29 വിവരാവകാശ കമ്മിഷനുകളിൽ മിക്കവയും നിര്‍ജീവാവസ്ഥയിലാണെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. അതില്‍ നാലെണ്ണം പൂർണമായി പ്രവർത്തനരഹിതമാണെന്നും സതാർക്ക് നഗ്രിക് സംഗതൻ (എസ്എൻഎസ്) എന്ന സംഘടനയുടെ റിപ്പോർട്ട് പറയുന്നു. ഝാർഖണ്ഡ്, തെലങ്കാന, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ വിവരാവകാശ കമ്മിഷനില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഝാർഖണ്ഡിലും രണ്ട് വർഷമായി ത്രിപുരയിലും കമ്മിഷന്‍ ഇല്ല. ഒക്ടോബർ 11നാണ് എസ്എൻഎസ് വിവരാവകാശ കമ്മിഷനുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉൾപ്പെടെ ആറെണ്ണം നിലവിൽ തലവന്‍മാരില്ലാത്തവയാണ്. മുഖ്യ വിവരാവകാശ കമ്മിഷണർ ഒക്ടോബർ മൂന്നിനാണ് സ്ഥാനമൊഴിഞ്ഞത്.

 


ഇതുകൂടി വായിക്കൂ; ബിഹാറിലെ ജാതി സെന്‍സസും ബിജെപിയുടെ ഭീതിയും


ബിജെപി ഭരണം നിലനില്‍ക്കുകയും അഞ്ച് മാസത്തോളമായി വംശീയ കലാപം തുടരുകയും ചെയ്യുന്ന മണിപ്പൂരില്‍ 56 മാസമായി മേധാവിയില്ലാതെയാണ് കമ്മിഷന്‍ പ്രവർത്തിക്കുന്നത്. നിയമത്തിൽ വ്യവസ്ഥയില്ലാത്ത രീതിയില്‍ മറ്റൊരു ഉദ്യോഗസ്ഥനെ ആക്ടിങ് കമ്മിഷണറായി നിയമിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢില്‍ 2022 ഡിസംബർ മുതലും മഹാരാഷ്ട്രയില്‍ ഇക്കഴിഞ്ഞ ഏപ്രിൽ മുതലും ബിഹാറില്‍ മേയ് മുതലും പഞ്ചാബില്‍ കഴിഞ്ഞ മാസം മുതലും മുഖ്യ വിവരാവകാശ കമ്മിഷണര്‍മാരില്ല. നിയമം നടപ്പാക്കിയ യുപിഎ സര്‍ക്കാര്‍ അവരുടെ ഭരണകാലത്ത് ഈ നിയമത്തെ നേർപ്പിക്കാൻ ശ്രമിച്ചെങ്കിലും ജനകീയമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചു. എന്നാല്‍ മോഡി സര്‍ക്കാര്‍ വ്യവസ്ഥകള്‍ തങ്ങള്‍ക്കനുകൂലമാകും വിധത്തില്‍ രണ്ട് തവണ നിയമം ഭേദഗതി ചെയ്തു. ആദ്യം 2019ലും രണ്ടാമതായി ഈ വർഷം ഡാറ്റാ സുരക്ഷാ നിയമം വഴിയും. ഇതേക്കുറിച്ചും ജയറാം രമേശ് കുറിക്കുന്നുണ്ട്. ‘ചരിത്രപ്രധാനമായ വിവരാവകാശ നിയമത്തിന്റെ 18-ാം വാർഷികമാണ് ഇന്ന്. 2014 വരെ ഈ നിയമം രാജ്യത്ത് പല മാറ്റങ്ങൾക്കും കാരണമായിത്തീര്‍ന്നു. മോഡി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിയമത്തെ ദുർബലപ്പെടുത്താനും വ്യവസ്ഥകൾ ഇല്ലായ്മ ചെ യ്യാനും, തനിക്കുവേണ്ടി ചെണ്ടകൊട്ടുന്നവരെ കമ്മിഷണർമാരാക്കാനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ആർടിഐ വഴിയുള്ള വെളിപ്പെടുത്തൽ പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതായി മാറിയപ്പോഴാണ് നിയമഭേദഗതികൾ കൊണ്ടുവരുന്നത്. ഈ ഭേദഗതികളിൽ ചിലതിനെതിരെ സുപ്രീം കോടതിയിൽ ഹര്‍ജികളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്’.
2005ൽ നിലവിൽ വന്ന വിവരാവകാശ നിയമം സുതാര്യതയിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള രാജ്യത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെട്ടത്. പൗരന്മാരുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവർത്തകരുടെയും ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭരണകൂടത്തില്‍ നിന്ന് വിവരങ്ങൾ ആവശ്യപ്പെടാൻ വ്യക്തികളെ പ്രാപ്തരാക്കുന്ന ശക്തമായ ഉപകരണമാണിത്. പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയ്ക്കായി സർക്കാർ അധികാരികളിൽ നിന്ന് വിവരങ്ങൾ തേടാനുള്ള അവകാശം ഇത് ജനങ്ങള്‍ക്ക് നൽകുന്നു. സർക്കാർ നയങ്ങൾ, ചെലവ്, തീരുമാനമെടുക്കൽ പ്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ അറിയാനും സർക്കാരിനെ ഉത്തരവാദപ്പെടുത്താനും ഇതുവഴി കഴിയും.

 


ഇതുകൂടി വായിക്കൂ; നാവുകള്‍ പിഴുതെടുക്കുന്ന കറുത്തകാലം


 

വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി നൽകണമെന്ന് നിയമം അധികാരികളെ ചുമതലപ്പെടുത്തി. പാലിക്കാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തും. സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരുമാണ് വിവരാവകാശ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നത്. ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്തുകൊണ്ടുവരാനും അഴിമതി തുറന്നുകാട്ടാനുമുള്ള ശക്തമായ ഒരു ഉപകരണമായി ഈ നിയമം നിലകൊണ്ടു. ഭൂമിയുടെ അവകാശം, പരിസ്ഥിതി സംരക്ഷണം, പൊതു ഫണ്ടുകളുടെ ദുരുപയോഗം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ആഴത്തിലിറങ്ങാന്‍ ഇത് പ്രവർത്തകരെ പ്രാപ്തരാക്കുകയും അതുവഴി സാമൂഹിക മാറ്റത്തിന് ഉത്തേജനം നൽകുകയും ചെയ്തു. വിവരാവകാശ അപേക്ഷകളുപയോഗിച്ച് മാധ്യമപ്രവർത്തകർ നിരവധി അഴിമതികൾ പുറത്തുകൊണ്ടുവന്നു. ഇതുവഴിയാണ് 2 ജി സ്പെക്ട്രം ക്രമക്കേടും കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിലെ അഴിമതിയും വെളിപ്പെട്ടത്. 2019ലെ ഒരു വിവരാവകാശ അപേക്ഷയാണ് കർഷക ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. മഹാരാഷ്ട്രയിൽ ആറ് വർഷത്തിനിടെ 15,000 കർഷകർ ആത്മഹത്യ ചെയ്തുവെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ‘നിർദിഷ്ട നിയമനിർമ്മാണം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം അംഗീകരിക്കപ്പെട്ട വിവരാവകാശം പ്രാബല്യത്തിൽ വരുത്തുന്നതിന് ഫലപ്രദമായ ചട്ടക്കൂട് നൽകും’ എന്നാണ് 2004ലെ വിവരാവകാശ ബില്ലിന്റെ ലക്ഷ്യപ്രസ്താവനയിൽ പറയുന്നത്. നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം പൗരന്മാരെ ശാക്തീകരിക്കുക, സര്‍ക്കാരിന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുക, അഴിമതി തടയുക, ജനാധിപത്യത്തെ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടിയുള്ളതാക്കുക എന്നതായിരുന്നു. ഭരണനിർവഹണ ഉപകരണങ്ങളായ ഉദ്യോഗസ്ഥരില്‍ ആവശ്യമായ ജാഗ്രത പുലർത്താനും ഭരിക്കുന്നവരെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാനും അത് സജ്ജവുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ 2019ലെ വിവരാവകാശ ഭേദഗതി ബില്ല് നിയമത്തെ ദുർബലപ്പെടുത്തുന്നതും വിവരാവകാശ കമ്മിഷണർമാരുടെ നിലയ്ക്കും അധികാരത്തിനും സ്വയംഭരണത്തിനും തടസം സൃഷ്ടിക്കുന്നതുമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
മോഡി സര്‍ക്കാരിന്റെ 2019ലെ ഭേദഗതി, സംസ്ഥാനങ്ങളുടെ പരമാധികാര അധികാരത്തിന്മേൽ കടന്നുകയറുന്നതുമായിരുന്നു. വിവരാവകാശ കമ്മിഷണർമാരുടെ പദവി നിർണയിക്കുന്നതിൽ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം കേന്ദ്രം തട്ടിയെടുക്കുകയായിരുന്നു. സംസ്ഥാന കമ്മിഷണർമാരുടെ പദവിയും പ്രവര്‍ത്തനാധികാരവും കേന്ദ്രം നിർദേശിക്കുന്നതായി മാറി. പാർലമെന്റിന് പോലും ഭേദഗതി ചെയ്യാൻ കഴിയാത്ത ഭരണഘടനയുടെ അടിസ്ഥാനശിലയായ ഫെഡറലിസത്തിനു തന്നെ എതിരാണിത്. അങ്ങനെ ജനാധിപത്യത്തിനും ഫെഡറലിസത്തിനും വിരുദ്ധമായി അധികാരങ്ങള്‍ കവര്‍ന്ന് സുതാര്യമായ ഒരു സംവിധാനത്തെ തകര്‍ത്ത മോഡി സര്‍ക്കാരിന്റെ പുതിയ ചിത്രമാണ് നാഥനില്ലാത്ത, നിരര്‍ത്ഥകമായ നിലവിലെ വിവരാവകാശ കമ്മിഷനുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.