22 December 2024, Sunday
KSFE Galaxy Chits Banner 2

ആഗോള കുടിയേറ്റത്തിലെ ദിശാമാറ്റങ്ങള്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
July 17, 2024 4:30 am

പിന്നിട്ട കാല്‍ നൂറ്റാണ്ടിനിടയില്‍ ആഗോള കുടിയേറ്റ പ്രക്രിയയുടെ വലിപ്പത്തിലും ഘടനയിലും നിരവധി സുപ്രധാനമായ മാറ്റങ്ങള്‍ ഉണ്ടായതായാണ് ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ‘ലോക കുടിയേറ്റ റിപ്പോര്‍ട്ട് 2024’ എന്ന രേഖ വ്യക്തമാക്കുന്നത്.‍ കുടിയേറ്റ ജനസംഖ്യ 1970ല്‍ 84 ദശലക്ഷവും 1995ല്‍ 161 ദശലക്ഷവുമായിരുന്നത് 2020ല്‍ 281 ദശലക്ഷമായി വളര്‍ന്നു. ഇത് ലോക ജനസംഖ്യയില്‍ നാലാം സ്ഥാനത്തുള്ള രാജ്യമായ ഇന്തോനേഷ്യയുടേതിന് തുല്യമാണ്. ഇതോടെ, ആഗോള ജനസംഖ്യയില്‍ കുടിയേറ്റക്കാര്‍ 3.6 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. കുടിയേറ്റക്കാരിലേറെയും ചെന്നെത്തിയത് വികസിത യൂറോപ്യന്‍ രാജ്യങ്ങളായ വടക്കേ അമേരിക്കന്‍ ഓഷിയാനിയ മേഖലയിലേക്കായിരുന്നു. അതേസമയം നിയന്ത്രിത കുടിയേറ്റം നടന്നത് ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ മേഖലകളിലേക്കും. കുടിയേറ്റക്കാര്‍ക്കിടയില്‍ വന്‍തോതില്‍ ലിംഗവ്യത്യാസവും കാണാനായെങ്കിലും കൂടുതല്‍ വര്‍ധനവ് പുരുഷന്മാരുടേതായിരുന്നു. ഇത് 2000–20 കാലയളവില്‍ 50.6ല്‍ നിന്ന് 57.9 ശതമാനത്തിലേക്കുയര്‍ന്നു. അതേയവസരത്തില്‍ യുഎസ്, കാനഡ, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളിലേക്ക് സ്ത്രീകളായിരുന്നു പുരുഷന്മാരേക്കാളേറെ കുടിയേറിയത്. കുടിയേറ്റക്കാരായ കുട്ടികളുടെ എണ്ണത്തില്‍ രണ്ടര പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത് കുത്തനെയുള്ള ഇടിവാണ് എന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്. 16 ശതമാനത്തില്‍ നിന്ന് 10.1 ശതമാനത്തിലേക്കായിരുന്നു ഇടിവ്. നിയമാനുസൃതമായി കുടുംബങ്ങളുടെ കുടിയേറ്റത്തില്‍ നല്ല നിയന്ത്രണം ഉണ്ടായിട്ടുണ്ടെന്നാണ് ഇതിന്റെ സൂചന.

മെച്ചപ്പെട്ട ജീവിത നിലവാരം തേടിയും ഉയര്‍ന്ന നേട്ടങ്ങള്‍ ലക്ഷ്യമിട്ടുമാണ് കുടിയേറ്റത്തില്‍ വന്‍ വര്‍ധനവുണ്ടായത്. 169 ദശലക്ഷം കുടിയേറ്റക്കാരുള്ള മധ്യപൂര്‍വേഷ്യയില്‍ അറബി രാജ്യങ്ങളാണ് വലിയൊരു പങ്ക് വഹിക്കുന്നത്. പണിയെടുക്കുന്ന തൊഴിലാളികള്‍ ഇവിടങ്ങളിലെ ജനസംഖ്യയുടെ 41.45 ശതമാനമാണെന്ന് കണക്കുകള്‍ പറയുന്നു. സ്വാഭാവികമായും പിന്നിട്ട കാല്‍ നൂറ്റാണ്ടിനിടെ ഈ വിഭാഗക്കാര്‍ വഴി ലഭ്യമാകുന്ന വിദേശ നാണ്യം ഏഴിരട്ടിയോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. 1995ല്‍ 12,800 കോടി ഡോളറായിരുന്നത് 2020ല്‍ 83,100 കോടി ഡോളറിലേക്കെത്തി. ഈ തുക മൊത്തം പ്രത്യക്ഷ വിദേശ മൂലധന നിക്ഷേപത്തെക്കാള്‍ അധികമാണ്.
വേള്‍ഡ് മെെഗ്രേഷന്‍ റിപ്പോര്‍ട്ട് 2024ല്‍ കാണാന്‍ കഴിയുന്ന അതിപ്രധാനമായൊരു കാര്യം കുടിയേറ്റ പ്രക്രിയ നടക്കുന്നത് ദരിദ്ര രാജ്യങ്ങളില്‍ നിന്നും സമ്പന്ന രാജ്യങ്ങളിലേക്കെന്നതിനുപകരം, വിവിധ സമ്പന്ന രാജ്യങ്ങള്‍ക്കിടയില്‍ത്തന്നെ നടക്കുന്നുവെന്നതാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍, 1995നും 2020നും ഇടയ്ക്ക് കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി കാണുന്നു. റഷ്യന്‍ റിപ്പബ്ലിക്കിന് പകരക്കാരായി കുടിയേറ്റത്തിന്റെ പ്രഭവസ്ഥാനത്ത് ഇന്ത്യയാണ് എത്തിയത്. എന്നിരുന്നാല്‍ത്തന്നെയും ആഗോള കുടിയേറ്റ കണക്കെടുത്താല്‍ ഇന്ത്യയുടെ പങ്ക് 4.4ല്‍ നിന്ന് 6.3 ശതമാനത്തിലേക്കു മാത്രമാണെത്തിയത്. മെക്സിക്കോ, ഇതേ മാനദണ്ഡം വച്ച് നോക്കിയാല്‍ രണ്ടാം സ്ഥാനത്തുണ്ട്. 60 ശതമാനം വര്‍ധനവോടെ 11.1 ദശലക്ഷത്തിലേക്കായിരുന്നു വര്‍ധന. റഷ്യന്‍ ഫെഡറേഷനാണെങ്കില്‍ ഇതേ കാലഘട്ടത്തില്‍ 10.7 ദശലക്ഷത്തിലേക്കു താണ് മൂന്നാം സ്ഥാനത്തെത്തി. 

ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ പ്രശ്നം ഇപ്പോള്‍ പ്രസക്തിയാര്‍ജിച്ചത് കുവെെറ്റിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തില്‍ നടന്ന തീപിടിത്ത ദുരന്തത്തില്‍ക്കൂടിയാണ്. കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കുടിയേറ്റക്കാര്‍ക്കാണ് ജീവഹാനിയുണ്ടായത്. കോവിഡ് ഗുരുതരവും വ്യാപകവുമായതോടെയും ആയിരക്കണക്കിന് കേരളീയരടക്കമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പണിയും വരുമാനവും ത്യജിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ തേടി വിദേശ സര്‍വകലാശാലകളിലും കോളജുകളിലും ഗവേഷണ സ്ഥാപനങ്ങളിലും എത്തുന്നത്. ഇവരുടെ എണ്ണം 2023ല്‍ 22 ലക്ഷം വരെ എത്തിയിരിക്കുന്നു. 2018ല്‍ നടന്ന മെെഗ്രേഷന്‍ സര്‍വേയിലേത് 21 ലക്ഷമായിരുന്നു. കേരളത്തിന്റെ കാര്യം പരിഗണിക്കാം. കേരള മെെഗ്രേഷന്‍ സര്‍വേ 2023 (കെഎംഎസ്) നടത്തിയത് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫെെനാന്‍സ് ടാക്സേഷന്‍ (ജിജെഎഫ്‌ടി) എന്ന സ്ഥാപനം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെെഗ്രേഷന്‍ ഡെവലപ്മെന്റ് (ഐഐഎംഎഡി) എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയായിരുന്നു. 2018നും 23നും ഇടയില്‍ വിദേശത്ത് നിന്നുള്ള വരുമാനം 85,092 കോടിയില്‍ നിന്നും 2,16,893 കോടിയിലെത്തിയെന്നായിരുന്നു ഈ സര്‍വേയുടെ സുപ്രധാനമായ കണ്ടെത്തല്‍. 154.9 ശതമാനം വര്‍ധന. സംസ്ഥാനത്ത് നിന്നും വെളിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ഇതേ കാലയളവില്‍ 43,378.6 കോടിയുമായിരുന്നു. ഇതിനര്‍ത്ഥം സംസ്ഥാനത്തിനകത്തേക്കുള്ള വരുമാനത്തിന്റെ 20ശതമാനത്തോളം വെളിയിലേക്ക് ഒഴുകുന്നു എന്നാണ്. ഇത്തരമൊരു പ്രവണതയെ കേരള സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും ഇതിലൂടെ വ്യക്തമാകുന്നു.
വിദേശരാജ്യങ്ങളില്‍ കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 2018നും 23നും ഇടയ്ക്കുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ 1,29,763ല്‍ നിന്നും ഇരട്ടിയായി ഉയര്‍ന്ന് 2.5ലക്ഷം വരെയായിരിക്കുന്നു. കോവിഡനന്തര കാലയളവിലെ പ്രകടമായ പ്രവണതയാണിത്. 2023ലെ കേരള മൈഗ്രേഷന്‍ സര്‍വേയുടെ മറ്റൊരു പ്രധാന കണ്ടെത്തല്‍, വിദേശത്തേക്ക് കുടിയേറുന്നവരില്‍ 11.3 ശതമാനം ഇവിടെനിന്നാണ് എന്നാണ്. വിദ്യാര്‍ത്ഥികളില്‍ ഏറെയും 17വയസുകാരാണെന്നതും ശ്രദ്ധേയമായ പ്രവണത തന്നെയാണ്. വിദ്യാര്‍ത്ഥി കുടിയേറ്റക്കാരില്‍ ബഹുഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് ഗള്‍ഫിതര രാജ്യങ്ങളെയാണെന്നത് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ വൃത്തങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

ഇന്റര്‍നാഷണല്‍ ഇ­ന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്മെന്റ് എ­ന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഡോ. ഇരുദയ രാജന്‍, ഗു­ലാ­ത്തി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോ­ര്‍ട്ട് ജൂണ്‍ 14ന് ഔ­ദ്യോഗികമായി പുറത്തിറക്കിയതിനുശേഷം പറഞ്ഞത്, ഈ മേഖലയില്‍ സംസ്ഥാ­ന സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്നാണ്. കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ ആന്തരഘടനാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. മാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടുന്ന ചെറുപ്പക്കാര്‍ സ്വന്തം നാടുകളിലേക്കുതന്നെ തിരികെയെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതിനവരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ പശ്ചാത്തലം ഇവിടെ സജ്ജമാക്കണമെന്നും ഡോ. ഇരുദയ രാജന്‍ സംസ്ഥാന മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സജീവശ്രദ്ധ പതിയേണ്ട മറ്റൊരുകാര്യം വനിതകളുടെ കുടിയേറ്റത്തിലെ ത്വരിതഗതിയിലുള്ള വര്‍ധനവാണെന്നും ഡോ. രാജന്‍ സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.
ഡോ. ഇരുദയ രാജന്റെ അഭിപ്രായം ആഗോളതലത്തില്‍ ആദ്യത്തെ 10 രാജ്യങ്ങളില്‍ ഇന്ത്യയാണ് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ റെക്കോഡ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണ്. സ്വാഭാവികമായും ബഹുവിധ സ്വഭാവമുള്ള ഇത്തരമൊരു പ്രക്രിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തൃപ്തികരമായി ഏറ്റെടുക്കാനും പരിഹരിക്കാനും ഇന്ത്യന്‍ ഭരണകൂടത്തിന് കഴിയുന്നുണ്ടോ എന്നത് നാം ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണ്. വിദേശത്ത് തൊഴില്‍തേടി പോകുന്നവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യ പ്രോത്സാഹനവും വലിയൊരു പരിധിവരെ നമുക്ക് നല്‍കാന്‍ കഴിയുന്നുണ്ട്.
ഇന്ത്യന്‍ സര്‍ക്കാര്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അംഗരാജ്യങ്ങളുമായി മാത്രമല്ല, നിരവധി യൂറോപ്യന്‍ രാജ്യങ്ങളുമായും കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായും മനുഷ്യവിഭവ കൈമാറ്റങ്ങള്‍ക്കും മറ്റും ധാരണാപത്രങ്ങളില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം കുടിയേറ്റ പ്രക്രിയ സുഗമമാക്കുകയും അതിന് സന്നദ്ധരാകുന്നവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുകയാണ്. എന്നാല്‍, ഇത്തരം ധാരണകളുടെ പൂര്‍ണമായ പ്രയോജനം നമുക്ക് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. കാരണം, അവ നടപ്പാക്കുന്നതില്‍ സംഭവിച്ചിട്ടുള്ള അപാകതകളുമാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്യേക ഊന്നല്‍ നല്‍കേണ്ടത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും തിരികെയെത്തുന്നവര്‍ക്കുള്ള പുനരധിവാസം ഒരുക്കാനാണ്. കാരണം ഗള്‍ഫ് മേഖലയിലേക്ക് കൂടുതലായും കുടിയേറിപ്പാര്‍ക്കുന്നത് കേരളീയരാണെന്നതു തന്നെ. പ്രവാസികള്‍ക്ക് മതിയായ ആശ്വാസ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. ഇക്കാര്യം ബോധ്യപ്പെട്ടത് കോവിഡിനു ശേഷമുള്ള കാലയളവിലാണ്. തൊഴില്‍നഷ്ടവും സംരംഭങ്ങള്‍ അടച്ചുപൂട്ടലുകളും വേതനം വെട്ടിക്കുറയ്ക്കല്‍ നടപടികളും ആയിരക്കണക്കിന് പ്രവാസികളെയാണ് ദുരിതത്തിലാക്കിയത്.
ഇന്ത്യയെപ്പോലെ കുടിയേറ്റക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കുടിയേറ്റ നിയന്ത്രണ – ക്ഷേമകാര്യങ്ങള്‍ക്കായി പുതിയൊരു നിയമംതന്നെ തയ്യാറാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. കുടിയേറ്റത്തൊഴിലാളികളുടെ ഭാവി സുരക്ഷിതമാക്കാന്‍ പര്യാപ്തമായ നിയമവ്യവസ്ഥയുടെ അഭാവം ഗുരുതരമായൊരു വീഴ്ചതന്നെയാണ്. ഓരോ സംസ്ഥാനവും പ്രവാസികളുടെ താല്പര്യ സംരക്ഷണാര്‍ത്ഥം പ്രത്യേകം സംഘടനാ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കേണ്ടതാണ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി പ്രവര്‍ത്തിക്കുന്ന നോണ്‍ റെസിഡന്റ് കേരളെെറ്റ്സ് അഫയേഴ്സ് വകുപ്പിനു (നോര്‍ക്ക) സമാനമായി സംഘടനാ സംവിധാനങ്ങള്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളും പരിഗണിക്കാവുന്നതാണ്. അതുപോലെതന്നെ ഒന്നാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലയളവില്‍ 2016ല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കപ്പെട്ട, വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിലവിലുണ്ടായിരുന്ന മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടത് അനിവാര്യമാണ്. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന്റെ പ്രസക്തി പതിന്മടങ്ങ് വര്‍ധിച്ചിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.