5 November 2024, Tuesday
KSFE Galaxy Chits Banner 2

സാമൂഹ്യക്ഷേമ പെൻഷനും സാമൂഹ്യ സുരക്ഷയും

കാനം രാജേന്ദ്രൻ
കേരളത്തോടുള്ള കേന്ദ്ര അവഗണന ‑2
September 30, 2023 4:15 am

പാർശ്വവൽക്കരിക്കപ്പെട്ടതും ദുർബലവുമായ ജനവിഭാഗങ്ങളുടെ ക്ഷേമവും സാമ്പത്തികസ്ഥിരതയും ഉറപ്പാക്കുന്നതിൽ കേരളത്തിലെ സാമൂഹ്യസുരക്ഷാ പെൻഷനുകൾ നിർണായക പങ്കുവഹിക്കുന്നു. ഉൾക്കൊള്ളൽ, പുരോഗമന സമീപനം, ദുർബലജനതയുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള സ്വാധീനം എന്നിവയ്ക്ക് പേരുകേട്ടതാണ് പെൻഷൻ മാതൃക. സമഗ്രവും ഫലപ്രദവുമായ പെൻഷൻ സംവിധാനത്തിലൂടെ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാനം. പുരോഗമനപരമായ സാമൂഹിക നയങ്ങൾക്ക് പലപ്പോഴും പ്രശംസിക്കപ്പെടുന്ന കേരളം, മുതിര്‍ന്നവ്യക്തികൾക്കും വിധവകൾക്കും ഭിന്നശേഷിക്കാരായ പൗരന്മാർക്കും സാമ്പത്തിക സഹായം നൽകുന്ന സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. വർധിച്ചുവരുന്ന ജീവിതച്ചെലവിനനുസൃതമായി പെൻഷൻ തുക കാലാനുസൃതമായി പരിഷ്കരിക്കുന്നു. ഈ പുരോഗമന സമീപനം, ഗുണഭോക്താക്കൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നികത്താൻ കഴിയുന്ന തലത്തിലാണെന്ന് ഉറപ്പാക്കുകയും മാന്യമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഫലപ്രദമായ സാമൂഹ്യക്ഷേമ പരിപാടികൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളത്തിന്റെ സാമൂഹ്യസുരക്ഷാ പെൻഷൻ.
ഭരണഘടനയുടെ അനുച്ഛേദം 280 അനുസരിച്ച് 1951ൽ സ്ഥാപിതമായതാണ് ധനകാര്യ കമ്മിഷൻ. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം എങ്ങനെ വിതരണം ചെയ്യണമെന്നതും സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റ് ഇൻ എയ്ഡുകളുടെ തത്വങ്ങളും കമ്മിഷൻ നിർണയിക്കുന്നു. ഭരണഘടനയാണ് ഈ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾക്ക് ആധാരമായിരിക്കുന്നത്. എങ്കിലും ഓരോ സാഹചര്യത്തിലും രാഷ്ട്രപതി നിശ്ചയിക്കുന്ന മറ്റു പ്രധാന കാര്യങ്ങളും പരിഗണനാ വിഷയത്തിൽ ഉൾപ്പെടുത്തുമെന്നുള്ള വ്യവസ്ഥ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ അടുത്ത കാലങ്ങളിലായി കേന്ദ്ര സർക്കാരുകൾ ധനകാര്യ കമ്മിഷനുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ തുടങ്ങി. അതിന്റെ പ്രതിഫലനമാണ് ധനഉത്തരവാദിത്ത ബജറ്റ് മാനേജ്മെന്റ് നിയമവും ധനകാര്യ കമ്മിഷന്റെ ധനവിതരണത്തിന്റെ രീതിശാസ്ത്രത്തിലെ മാറ്റവും പ്രകടമാക്കുന്നത്. നിലവിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തങ്ങൾ പിന്തുടരുന്ന തീവ്ര നവലിബറൽ നയങ്ങളുടെ പൂർത്തീകരണത്തിനായി ഇന്ത്യയിലെ മുഴുവൻ സർക്കാർ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തുകയും സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ കവർന്നെടുക്കുന്ന നിലയിലേക്ക് മാറുകയും ചെയ്യുന്നു.

 

 


ഇതുകൂടി വായിക്കൂ; യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര തൊഴില്‍മേള


 

പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്നു നിർവഹിക്കുന്ന മൊത്തം ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. എന്നാൽ മൊത്തം വരുമാനത്തിന്റെ 37.6 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുക. വലിയ അസന്തുലിതാവസ്ഥയാണിത് സൃഷ്ടിക്കുന്നത്. കേന്ദ്ര നികുതികളുടെ പങ്ക് സംസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്നതാണ്. ഇവയെ സെസ്, സർചാർജ് എന്നിവയാക്കിയ തന്ത്രപരമായ സമീപനത്തിലൂടെ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട കേന്ദ്രത്തിന്റെ സഞ്ചിത വരുമാനത്തിൽ ഇടിവ് വന്നു. 2009–10ൽ മൊത്തം നികുതി വരുമാനത്തിൽ സെസ്, സർചാർജ് എന്നിവയുടെ വിഹിതം 6.5 ശതമാനമായിരുന്നത് 2021–22ൽ 19 ശതമാനമായി ഉയർന്നു. ഇതുമൂലം കേന്ദ്ര നികുതി വരുമാനത്തിൽ നിന്നുള്ള കേരളത്തിന്റെ വിഹിതം ഏതാണ്ട് പകുതിയായി കുറഞ്ഞു. സന്തുലിതാവസ്ഥ സാമ്പത്തിക കാര്യത്തിൽ സൃഷ്ടിക്കാൻ വേണ്ടിയുള്ള ധനകമ്മിഷനുകളുടെ സിദ്ധാന്ത പ്രകാരം സംസ്ഥാനത്തിനു കിട്ടേണ്ട വരുമാനത്തിൽ കുറവ് വരുന്നത് കണ്ടില്ലെന്നു വയ്ക്കുന്നു.

 

 

 

15-ാം ധനകാര്യ കമ്മിഷൻ വിഹിതവും കേരളത്തിന്റെ പ്രത്യേക പ്രശ്നങ്ങളും ധന ഫെഡറലിസം, വികസന ആവശ്യങ്ങൾ, സംസ്ഥാനത്തിന്റെ വികസന വെല്ലുവിളികൾ എന്നിവയുടെ സങ്കീർണമായ പരസ്പരബന്ധത്തെ പ്രതിനിധീകരിക്കുന്നു. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക സ്രോതസുകളുടെ നീതിപരമായ വിതരണം നിർണയിക്കുന്നതിൽ ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമ്മിഷൻ നിർണായക പങ്കുവഹിക്കുന്നു. കേരളത്തിന് ധനകാര്യ കമ്മിഷനിൽ നിന്ന് ലഭിക്കുന്ന വിഹിതവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളുണ്ട്. 15-ാം ധനകാര്യ കമ്മിഷന്റെ പ്രധാന ചുമതല കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിൽ നികുതി വരുമാനവും ഗ്രാന്റുകളും വിതരണം ചെയ്യാൻ ശുപാർശ ചെയ്യുന്നു എന്നതാണ്. ഫിക്സൽ ഇക്വിറ്റി, കാര്യക്ഷമത, വിവിധ സംസ്ഥാനങ്ങളുടെ വ്യത്യസ്ത ആവശ്യങ്ങൾ എന്നിവ സന്തുലിതമാക്കുക എന്നിവയാണ് പ്രാഥമിക ലക്ഷ്യങ്ങൾ. വിഹിതം നിർണയിക്കാൻ ജനസംഖ്യ, വരുമാന ദൂരം, ജനസംഖ്യാപരമായ മാറ്റങ്ങൾ, വനവിസ്തൃതി തുടങ്ങിയ മാനദണ്ഡങ്ങൾ കമ്മിഷൻ ഉപയോഗിക്കുന്നു. ഇത് ജനസംഖ്യാ നിയന്ത്രണമുള്‍പ്പെടെയുള്ള പുരോഗതി കേരളം വർഷങ്ങൾക്ക് മുമ്പ് കൈവരിച്ചതിനാൽ ധനകമ്മിഷന്റെ സാമ്പത്തിക വിഹിത രീതിശാസ്ത്രം കേരളത്തിന് പ്രതികൂലമായി വരുന്നു.

സംസ്ഥാനങ്ങൾക്ക് വീതം വച്ച് നൽകുന്ന ഡിവിസിബിൾ പൂളിൽ നിന്നും 3.875 ആയിരുന്നു സംസ്ഥാന വിഹിതം. പതിനഞ്ചാം കമ്മിഷൻ അനുവദിച്ചതാകട്ടെ 1.925 ശതമാനവും. കേന്ദ്ര അവഗണനയ്ക്ക് ഇതില്പരം ഉദാഹരണം വേറെ വേണോ. ജിഎസ്‌ടി നടപ്പിലായതുമൂലം സംസ്ഥാനങ്ങളുടെ തനത് വരുമാനത്തിന്റെ നല്ലൊരു ഭാഗം വിട്ടുനൽകേണ്ടതായി വന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ താരിഫ് എന്ന രീതിയിൽ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിച്ചതും ”ഓഫ്ബജറ്റ്” വായ്പകൾ കടമെടുപ്പിന്റെ പരിധിയിൽ കൊണ്ടുവന്നതും സംസ്ഥാനത്തിന്റെ സ്ഥിതി വഷളാക്കി. ഉയർന്ന വികസനച്ചെലവും പരിമിതമായ റവന്യു ഉല്പാദന ശേഷിയും കാരണം കേരളം സാമ്പത്തിക പരിമിതികളെ അഭിമുഖീകരിക്കുന്നു. സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി സംസ്ഥാനം ബജറ്റിന്റെ ഒരു പ്രധാന ഭാഗം നീക്കിവയ്ക്കുന്നു. മാനവവികസനത്തോടുള്ള ഈ പ്രതിബദ്ധത പ്രശംസനീയമാണെങ്കിലും ബജറ്റ് കമ്മി, കടമെടുക്കൽ തുടങ്ങിയവ സംസ്ഥാനത്തെ ധനകാര്യ പ്രതിസന്ധിയിലേക്ക് നയിക്കുന്നു.


ഇതുകൂടി വായിക്കൂ; സ്വപ്നാടനത്തിന് യവനിക


 

കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിൽ കേരളം ഗണ്യമായ സംഭാവന നൽകുന്നുണ്ട്. പ്രവാസി തൊഴിലാളികളിൽ നിന്നുള്ള പണം, ഉയർന്ന പ്രതിശീർഷ വരുമാനം, ശക്തമായ സേവന മേഖല തുടങ്ങിയ ഘടകങ്ങളാണ് ഇതിന്റെ ശക്തമായ വരുമാനശേഖരണ ശേഷിക്ക് കാരണം. എന്നിരുന്നാലും, ധനകാര്യ കമ്മിഷന്റെ വിഹിതത്തിൽ ഗണ്യമായ പരിഗണന പ്രതിഫലിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു. ആരോഗ്യ സംരക്ഷണം, സാമൂഹ്യസുരക്ഷ, പെൻഷനുകൾ എന്നിവയ്ക്കായി സംസ്ഥാനത്തിന് അധിക വിഭവങ്ങൾ ആവശ്യമാണ്. സംസ്ഥാനത്ത് പ്രായമായവരുടെ ജനസംഖ്യ വർധിക്കുന്നതിനാൽ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് ഭാവിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതായി വരും. പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേന്ദ്ര സർക്കാരിനോട് 2025–26ൽ റവന്യുക്കമ്മി 2.8 ശതമാനമാക്കാനും, ധനക്കമ്മി നാല് ശതമാനമാക്കാനും, കടബാധ്യത 56.6 ശതമാനമാക്കാനുമാണ് നിർദേശിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരുകളോട് തങ്ങളുടെ ധനക്കമ്മി 2022–23 സാമ്പത്തിക വർഷത്തിൽ 3.5 ശതമാനമാകണമെന്നും, പിന്നീടുള്ള വർഷങ്ങളിൽ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമായി നിർത്തണമെന്നുമാണ് കമ്മിഷൻ ആവശ്യപ്പെടുന്നത്. എന്നാൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് ഘടനാപരമായ പരിഷ്കരണവുമായി മുന്നോട്ട് പോയാൽ 0.5 ശതമാനം അധികവായ്പ അനുവദിക്കുമെന്ന് ധനകാര്യ കമ്മിഷൻ അറിയിക്കുന്നു. ഇത് സ്വകാര്യവൽക്കരണത്തിലേക്കുള്ള വഴിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കേരളം അതിന് തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാരിന്റെ റവന്യുക്കമ്മി 4.1 ശതമാനവും ധനക്കമ്മി 6.4 ശതമാനവും, ആകെ കടം ദേശീയ വരുമാനത്തിന്റെ 57 ശതമാനവുമാണെന്നതാണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യം മറച്ചുവച്ചാണ് കേന്ദ്ര സർക്കാർ കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ കടമെടുക്കൽ പരിധിപോലും ഉയര്‍ത്താതെ വികസന മുരടിപ്പിലേക്ക് നയിക്കുന്നത്.
(അവസാനിക്കുന്നില്ല)

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.