ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമൂഹത്തിന്റെ പരിച്ഛേദമായെത്തുന്ന വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ജാത്യാധിഷ്ഠിതമായൊരു സമൂഹത്തിന്റെ പരിച്ഛേദം കൂടിയാണവർ. അതുകൊണ്ടുതന്നെ ക്രൂരമായ ജാതി വിവേചനങ്ങളും സവർണ, സാമ്പത്തിക ഔന്നത്യ ബോധത്തിൽ നിന്നുടലെടുക്കുന്ന അഹംബോധവും പ്രകടിപ്പിക്കപ്പെടുന്നുവെന്നാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഐഐടികളിൽ മാത്രം ആറു പേരാണ് വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്തത്. മദ്രാസ് ഐഐടിയിൽ ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ആന്ധ്രാ സ്വദേശി പുഷ്പക് ശ്രീസായ് (21) ആണ് ഹോസ്റ്റൽ മുറിയിൽ തുങ്ങിമരിച്ചത്. മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയായ പുഷ്പകിന്റെ മരണ കാരണം പോസ്റ്റുമോർട്ടവും മറ്റു നടപടികളും പൂർത്തിയാകുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്താൽ മാത്രമേ വ്യക്തമാകുകയുള്ളൂ. ഫെബ്രുവരിയിൽ ഇതേ കാമ്പസിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്(എംഎസ്) വിദ്യാർത്ഥി സ്റ്റീവൻ സണ്ണി ആത്മഹത്യ ചെയ്തിരുന്നു. ഇവിടെ മറ്റൊരു വിദ്യാർത്ഥി ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിലുമായിരുന്നു. കർണാടക സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തിന്റെ പ്രതീകമായി രോഹിത് വെമുലയും, ഇപ്പോഴും നീതിക്കായി പൊരുതിക്കൊണ്ടിരിക്കുന്ന അവന്റെ അമ്മയും നമ്മുടെ മുന്നിലുണ്ട്.
മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി ആത്മഹത്യയെ തുടർന്ന് വിദ്യാർത്ഥികൾ സംഘടിതമായി രാത്രി മുഴുവൻ പ്രതിഷേധം നടത്തി. രാവിലെ ഏഴുമണിവരെയായിരുന്നു പ്രതിഷേധം. ജാതി വിവേചനം, മാനസിക സമ്മർദം, സാമ്പത്തികമായ പരിമിതികൾ എന്നിവ ആത്മഹത്യാകാരണമായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. അതുകൊണ്ട് വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് അധ്യാപകരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ലെന്ന ആരോപണവും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു. വിദ്യാർത്ഥികളോട് സഹാനുഭൂതിയോടെ പെരുമാറുന്ന സമീപനം പലപ്പോഴും ഉണ്ടാകുന്നില്ല. ഐഐടിയുടെ ഡയറക്ടർ വിദ്യാർത്ഥികളെ നേരിട്ടുകണ്ട് പ്രശ്നങ്ങൾ മനസിലാക്കണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. എന്തായാലും വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഡയറക്ടർ കെ വീഴിനാഥൻ പ്രശ്ന പരിഹാരത്തിനുള്ള ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. മാനസികാരോഗ്യ കൗൺസിലിങ്ങിന് കാമ്പസിൽ ഒരാളെ ചുമതലപ്പെടുത്തുമെന്നും ഏത് സമയത്തും ഫോണിൽ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 12 നാണ് ബോംബെ ഐഐടിയിലെ ദളിത് വിദ്യാർത്ഥി ദർശൻ സോളങ്കി ആത്മഹത്യചെയ്തത്. കഴിഞ്ഞ വർഷം പശ്ചിമ ബംഗാളിൽ ഖരഗ്പൂർ ഐഐടിയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവവും വിവാദമായതാണ്. ഈ വിഷയത്തിൽ ഡയറക്ടർക്കെതിരെ കൽക്കട്ട ഹൈക്കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തിരുന്നു. മികച്ച കഴിവുകളുള്ള കുട്ടികൾ വിവിധ സാമൂഹിക‑സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വരുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും സ്വതന്ത്രമായി ഇടപഴകാൻ കഴിയില്ലെന്നും അതിനനുസരിച്ച് കൗൺസിലിങ് സെഷനുകൾ സംഘടിപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ വിധത്തിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലപ്പോഴും വിവാദങ്ങളിൽ നിറയുന്നുണ്ട്.
ദളിത് വിദ്യാർത്ഥി ദർശൻ സോളങ്കി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബോംബെ ഐഐടിയിൽ നടന്ന സർവേ അവിടെ നടക്കുന്ന ജാതി വിവേചനത്തിന്റെ നേർചിത്രം പുറത്തുകൊണ്ടുവരുന്നുണ്ട്. വിചിത്രമായ വെളിപ്പെടുത്തലുകളാണ് ഇവിടെയുണ്ടായിരിക്കുന്നത്. ജാതി അറിയണമെങ്കിൽ പ്രവേശന പരീക്ഷയിലെ റാങ്ക് അറിയുകയെന്നതായിരുന്നു രീതി. പ്രവേശനം നേടിയ വിദ്യാർത്ഥി കുറഞ്ഞ റാങ്കിലുള്ളതാണെങ്കിൽ ദളിത് — ആദിവാസി വിഭാഗങ്ങളിൽ നിന്നാണ് എന്ന് നിശ്ചയിക്കുകയും വിവേചനം കാട്ടുകയും റാഗിങ്ങിനിരയാക്കുകയും ചെയ്യുന്നുവെന്നാണ് സർവേയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറഞ്ഞിരിക്കുന്നത്. മറ്റൊരു പ്രധാന പ്രശ്നം സാമ്പത്തികമായ ഉച്ചനീചത്വമാണ്. അതിസമ്പന്ന കുടുംബങ്ങളിൽ നിന്നെത്തുന്നവരും പിന്നാക്ക സാമ്പത്തിക പരിസരങ്ങളിൽ നിന്നെത്തുന്നവരും തമ്മിലുള്ള വിവേചനവും ഉന്നത സ്ഥാപനങ്ങളിൽ നടക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക ട്യൂഷൻ കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ മാനസിക പിന്തുണ ലഭിക്കുന്നു. ഈ സൗകര്യമില്ലാതെ പോകുന്നവർക്ക് മാനസിക സമ്മർദമേറുന്നു. ഇത് ഒരുവിഭാഗം വിദ്യാർത്ഥികളെ പിരിമുറുക്കത്തിലാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്ന വിധത്തിലുള്ള അന്തരീക്ഷം കാമ്പസുകളിൽ സൃഷ്ടിക്കപ്പെടണം. അധ്യാപകർ വിദ്യാർത്ഥികൾക്ക് വഴികാട്ടിയാണെന്ന നിലയിൽ ഉയരണം. ആത്യന്തികമായി നമ്മുടെ സമൂഹത്തിൽ രൂഢമൂലമായിരിക്കുന്ന ജാതി വിവേചന മാനസികാവസ്ഥ വേരോടെ പിഴുതെറിയുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.