25 December 2024, Wednesday
KSFE Galaxy Chits Banner 2

കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളി

കെ രാജന്‍
റവന്യൂ വകുപ്പ് മന്ത്രി
November 16, 2024 4:30 am

ചൂരൽമലയിലെ ദുരന്തം നടന്നിട്ട് 109 ദിവസം പിന്നിടുകയാണ്. സമീപ ഭൂതകാലം കണ്ടതിൽവച്ച് ഏറ്റവും വലിയ ദുന്തങ്ങളിൽ ഒന്നായിരുന്നു ചൂരൽമലയിലേത് എന്ന കാര്യം വിശദീകരിക്കേണ്ടതില്ല. 254 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം. 47 പേരെ മരിച്ചവരുടെ കൂട്ടത്തിലോ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലോ എന്ന് നാം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു ഇതെന്ന് എല്ലാ വിഭാഗം ആളുകളും പ്രഖ്യാപിച്ച അനുഭവം. എന്നാൽ മൂന്നരമാസം കഴിഞ്ഞിട്ടും ചൂരൽമലയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനോ അവരുടെ നഷ്ടം നികത്താനോ കഴിയുന്ന ഒരു നടപടിക്കും കേന്ദ്ര സർക്കാർ തയ്യാറായില്ല എന്ന വസ്തുത, ഏറ്റവും ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ദുരന്തമുണ്ടായ ഉടനെ തന്നെ ദേശീയ ദുരന്തനിവാരണ അതോറിട്ടിയുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി തന്നെ ഓഗസ്റ്റ് 10ന് നേരിട്ടെത്തി ചൂരൽമലയിലും ബെയ്‌ലി പാലവും വെള്ളാർമല സ്കൂളും മേപ്പാടി ആശുപത്രിയുമെല്ലാം സന്ദർശിച്ചു. കല്പറ്റയിലെ കളക്ടറേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥന്മാരുമായും ആശയവിനിമയം നടത്തി. കേരളത്തിന് കൂടുതൽ സഹായങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ഉണ്ടായത്. 1979ൽ ഗുജറാത്തിലുണ്ടായ ഒരു മഹാദുരന്തവുമായി താൻ ചൂരൽമല ദുരന്തത്തെ താരതമ്യപ്പെടുത്തുകയാണെന്നും ആ ദുരന്തഭൂമിയിൽ വോളണ്ടിയറായി പ്രവർത്തിച്ച ഓർമ്മയാണ് മനസിൽ നിറയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞതോടെ പ്രതീക്ഷ വർധിച്ചു. കേരളത്തിന് എല്ലാവിധത്തിലുള്ള സഹായങ്ങളും ലഭ്യമാക്കും എന്നുകൂടി പ്രഖ്യാപിച്ചാണ് അദ്ദേഹം മടങ്ങിയത്.
ദുരന്തത്തെക്കുറിച്ച് പഠിക്കാൻ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) എത്തുകയും ചൂരൽമലയിലെ നഷ്ടത്തിന്റെ പ്രാഥമിക കണക്കെടുക്കുകയും വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് സമർപ്പിക്കാൻ കേരളത്തോട് നിർദേശിക്കുകയും ചെയ്തു. അതനുസരിച്ച് ഓഗസ്റ്റ് ഒമ്പതിന് മെമ്മോറാണ്ടത്തിന്റെ കരട് ഐഎംസിടിയുടെ മുന്നിൽ അവതരിപ്പിച്ചു. വിശദമായ പരിശോധനകൾക്കുശേഷം ഓഗസ്റ്റ് 17ന് 1,202 കോടി രൂപയുടെ നഷ്ടത്തെ സംബന്ധിച്ച വിശദാംശങ്ങളോടെ നിവേദനം കേന്ദ്രത്തിന് സമർപ്പിച്ചു. 

കേന്ദ്രത്തിൽ നിന്നുള്ള അനുകൂല നടപടി വൈകിയതോടെ കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ വീണ്ടും അഭ്യർത്ഥിച്ചു. എല്ലാവിധത്തിലുള്ള സഹായങ്ങളും അന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധി കെ വി തോമസും കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും സഹായങ്ങൾ മാത്രമല്ല, മൂന്ന് പ്രധാനമായ ആവശ്യങ്ങൾ ആദ്യനിവേദനം മുതൽ ഉന്നയിച്ചിരുന്നു. ആദ്യത്തേത്, മേപ്പാടി-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്ത പ്രതികരണ നിധി(എൻഡിആർഎഫ്)യുടെ മാനദണ്ഡം അനുസരിച്ച് ഡിസാസ്റ്റർ ഓഫ് സിവിയർ നേച്ചർ ആയി പ്രഖ്യാപിക്കണം എന്നതാണ്.
എൻഡിആർഎഫ് മാനദണ്ഡം നാല് വിധത്തിലാണ് ദുരന്തങ്ങളെ പ്രഖ്യാപിക്കുക. സാധാരണ നിലയിൽ വലിയ പ്രയാസങ്ങളില്ലാത്ത ദുരന്തങ്ങളെ എൽ‑സീറോയിലും ജില്ലകൾക്കകത്തു തന്നെ പരിഹരിക്കപ്പെടാവുന്ന ദുരന്തങ്ങളെ എൽ-വൺ വിഭാഗത്തിലും സംസ്ഥാനങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്ന വിധത്തിലുള്ള നിവാരണ പ്രവർത്തനങ്ങളേ ഉള്ളൂവെങ്കിൽ എൽ-2വിലും പെടുത്തും. എൽ‑3 എന്നാൽ ഡിസാസ്റ്റർ ഓഫ് സിവിയർ നേച്ചറാണ്. അത് സംസ്ഥാനത്തിന് മാത്രം നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലുള്ള ദുരന്തങ്ങളാണ്. നിർബന്ധമായും കേന്ദ്ര സഹായത്താലും കൂടി പരിഹരിക്കേണ്ട വിധത്തിലുള്ളവയാകും. ഈ വിഭാഗത്തിൽപ്പെടുത്തിയാൽ പുനരധിവാസത്തിന് കൂടുതൽ തുക വിവിധ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും കണ്ടെത്താൻ സംസ്ഥാന സർക്കാരിന് സാധിക്കും. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് കൂടുതൽ സഹായം നൽകേണ്ടതായും വരും.
രണ്ടാമത്തെ ആവശ്യം, ദുരന്ത നിവാരണ നിയമത്തിന്റെ സെക്ഷൻ 13 പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിട്ടിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ വായ്പകളും എഴുതിത്തള്ളണം എന്നതായിരുന്നു. ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദുരന്ത പ്രതികരണ നിധിയിൽ നിന്നും അടിയന്തര അധിക സഹായം അനുവദിക്കണമെന്നായിരുന്നു മൂന്നാമത്തെ ആവശ്യം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന് നൽകിയ മറുപടിയിൽ ഈ മൂന്ന് കാര്യത്തെക്കുറിച്ചും ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. അദ്ദേഹം വിവരിക്കുന്നത് എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും നിലവിലെ മാനദണ്ഡപ്രകാരം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്നാണ്. ഇങ്ങനെ വരാതിരിക്കാനാണ് ഡിസാസ്റ്റർ ഓഫ് സിവിയർ നേച്ചർ വിഭാഗത്തിൽ ചൂരൽമലദുരന്തത്തെ പെടുത്തണം എന്ന് നിവേദനങ്ങളിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ തെറ്റായ കണക്കുകളാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറയുന്നത്. 

കേരളത്തിനുള്ള എസ്ഡിആർഎഫിന്റെ ഈ വർഷത്തേക്കുള്ള സർക്കാർ വിഹിതം കേന്ദ്രം നൽകിയിട്ടുണ്ട് എന്നാണ് കത്തിൽ പറയുന്നത്. അതിൽ പ്രത്യേകതയൊന്നുമില്ല, ഒരു സാധാരണ പ്രക്രിയ മാത്രം. 2024–25 വർഷത്തിൽ എസ്ഡിആർഎഫിന്റെ സംസ്ഥാനത്തിനുള്ള വിഹിതം 15-ാം ധനകാര്യ കമ്മിഷന്റെ നിർദേശപ്രകാരം 291.20 കോടി രൂപ രണ്ട് ഘട്ടങ്ങളിലായി കേന്ദ്രം നൽകിയിട്ടുണ്ട്. ആ പണം ചൂരൽമലയിലെ ദുരന്തബാധിതർക്ക് ഉപയോഗിക്കാൻ കഴിയുന്ന അധികസഹായമല്ല. ചൂരൽമലയുടെ പുനരധിവാസത്തിന് കേരളം ആവശ്യപ്പെടുന്നത് എസ്ഡിആർഎഫിന്റെ മാനദണ്ഡത്തിനപ്പുറമുള്ള അധിക സഹായമാണ്.
എസ്ഡിആർഎഫ് എല്ലാ സംസ്ഥാനങ്ങൾക്കും ദുരന്തങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും സാധാരണ നിലയിൽ നൽകുന്ന ഒന്നാണ്. കേരളത്തിൽ 394 കോടി രൂപ ബാക്കിയുണ്ടെന്ന് കേന്ദ്ര മന്ത്രി പറയുന്നു. എസ്ഡിആർഎഫിലെ തുക ഒരിക്കലും ലാപ്സായി പോകുന്നതല്ല. അത് തുടർച്ചയായി അക്കൗണ്ടിൽ ഉണ്ടായിക്കൊണ്ടേയിരിക്കും. അതുപയോഗിച്ചുകൊണ്ടാണ് കേരളത്തിൽ ഉണ്ടാവുന്ന ചെറുതും വലുതുമായ എല്ലാ ദുരന്തങ്ങൾക്കും ദുരന്തനിവാരണ നിയമപ്രകാരം സഹായങ്ങൾ ലഭ്യമാക്കുന്നത്. തിരുവനന്തപുരത്തെ മഴക്കെടുതി മുതൽ കാസർകോട് നീലേശ്വരം വെടിക്കെട്ടപകടത്തിൽപ്പെട്ടവരുടെ ചികിത്സാ സഹായം ഉൾപ്പെടെ നൽകുന്നത് അതില്‍ നിന്നാണ്. മരണമുണ്ടായാൽ കൊടുക്കാൻ കഴിയുന്ന ഏറ്റവും കൂടിയ സംഖ്യ നാല് ലക്ഷം രൂപയാണ്. അംഗവൈകല്യമുൾപ്പെടെ ഓരോ സംഭവങ്ങൾക്കും കൊടുക്കാനാവുന്ന തുകയും നിശ്ചയിച്ചിട്ടുണ്ട്. ഒരു ഫ്ലഡ് റോഡിന് കിലോമീറ്ററിന് പരമാവധി 75,000 രൂപയാണ്. വീട് തകർന്നാല്‍ 1.30 ലക്ഷം രൂപ വരെയാണ് കൊടുക്കാനാവുക. എസ്ഡിആർഎഫിന്റെ തുക ഉപയോഗിച്ച് നികത്താനാവുന്ന ഒരു ദുരന്തമല്ല മേപ്പാടി-ചൂരൽമല ഉരുൾപൊട്ടൽ.
എസ്ഡിആർഎഫിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി തന്നെ നിരവധി തവണ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. റവന്യു മന്ത്രി എന്ന നിലയിൽ ഞാൻ തന്നെ നേരിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പലതവണ കണ്ട് അഭ്യർത്ഥന നടത്തിയിട്ടുണ്ട്. കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലും, കേരളം ആവശ്യപ്പെട്ട പ്രശ്നങ്ങളോട് കൃത്യമായ മറുപടി നൽകണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ ഭരണഘടനയുടെ വിവിധ വകുപ്പുകളെ ഉദ്ധരിച്ചുകൊണ്ടാണ് നിർബന്ധമായും കേരളത്തിലുള്ള സഹായം ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോടതി പറഞ്ഞത്. സെക്ഷൻ 13 പ്രകാരം കടങ്ങൾ എഴുതിത്തള്ളണമെന്നും സിക്കിം, ഹിമാചൽപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് അനുവദിച്ചതുപോലെ ആവശ്യമായ സഹായം അടിയന്തരമായി നൽകണമെന്നും കോടതി നിർദേ ശിച്ചിരുന്നു. അടുത്ത ഹിയറിങ്ങിൽ വിവരം നൽകാം എന്നുപറഞ്ഞ് ഓരോതവണയും കേന്ദ്ര സർക്കാർ രക്ഷപ്പെടുന്നതല്ലാതെ ഒരുവിധത്തിലും ഉചിതമായ മറുപടി നൽകിയില്ല. ഇന്നലെയും നവംബർ 15നും കോടതിയിൽ കേന്ദ്ര അഭിഭാഷകൻ ഇതുതന്നെ ആവർത്തിച്ചു.
ഐഎംസിടിയുടെ സന്ദർശനം തന്നെ ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാവുന്ന എൽ-3വിഭാഗത്തിലുള്ളതാണ് എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ്. ഐഎംസിടിയുടെ മുന്നിൽ രണ്ട് കാര്യങ്ങൾ മാത്രമേ തിട്ടപ്പെടുത്താനുള്ളു. ഒന്ന് ഡിസാസ്റ്റർ സിവിയർ നേച്ചർ വിഭാഗത്തിൽപ്പെടുത്താമോ എന്നത്. രണ്ട് അങ്ങനെയാണെങ്കിൽ എന്താണ് കേരളത്തിന് അധിക സഹായം എന്ന് നിശ്ചയിക്കൽ. ഈ രണ്ട് കാര്യങ്ങളും 109 ദിവസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രം പരിഗണിച്ചിട്ടില്ല എന്നത് ഏറ്റവും സങ്കടകരവും ആശങ്കാജനകവുമാണ്.
കേന്ദ്ര സർക്കാരിന്റെ സമീപനം കേരളത്തോടുള്ള നിഷേധ നിലപാടിന്റെ ഭാഗമെന്നാണ് മനസിലാക്കേണ്ടത്. ഓഖിയും, 2018ലെ പ്രളയവും എൽ‑3 പട്ടികയിൽപ്പെടുന്ന ദുരന്തമായാണ് പ്രഖ്യാപിച്ചത്. ചൂരൽമല ദുരന്തത്തെ അങ്ങനെ കാണുന്നില്ല എന്ന നിലപാട്, എതിർ രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന ദുരന്തങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല എന്നതിന്റെ തെളിവാണ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദുരന്ത നിവാരണ സഹായം ലഭ്യമാക്കുന്നതിന് കേന്ദ്രത്തിനെതിരെ തമിഴ്‌നാട്, കർണാടക സർക്കാരുകൾക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കയ്യിലെടുത്ത് ഓമനിച്ചുകൊണ്ട് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട രണ്ടര വയസുകാരി നൈസ ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നത് എന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അറിയുന്നുണ്ടാവില്ല. നൈസയെപ്പോലെ നൂറുകണക്കിന് കുട്ടികളും നിരാലംബരായ മനുഷ്യരും ഇപ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു നാടാണ് ചൂരൽമല. അവിടുത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ ഒരു കാരണവശാലും ഒറ്റപ്പെടുത്തില്ല. ഇപ്പോൾ തന്നെ എസ്ഡിആർഎഫിനു പുറമെ ധാരാളം സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കും അംഗവൈകല്യം വന്നവർക്കും ക്യാമ്പുകളിൽ താമസിക്കുന്നവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എസ്ഡിആർഎഫിനു പുറമെയുള്ള അധിക സഹായം, മാറ്റിപ്പാർപ്പിച്ചവർക്കു നൽകുന്ന വീട്ടുവാടക, അടിയന്തര സഹായങ്ങൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് നൽകിവരുന്നത്. ഇവിടേക്ക് വിമാനങ്ങളും കേന്ദ്രസേനയുടെ സൗകര്യങ്ങളും അയച്ചതിനെക്കുറിച്ച് കേന്ദ്ര സഹമന്ത്രി കത്തിൽ വിവരിക്കുന്നുണ്ട്. കേരളം ആവശ്യപ്പെടാതെ ചിലത് ചെയ്തു എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ നൽകിയ കേന്ദ്ര സേവനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനവും മന്ത്രിസഭയുമെല്ലാം ഏറ്റവും നന്ദിയോടെയാണ് സ്മരിച്ചത്. ഇവിടെ സേവനമനുഷ്ഠിച്ച വിമാനങ്ങൾക്കുള്ള വാടക എസ്ഡിആർഎഫിൽ നിന്നുതന്നെ കൊടുക്കേണ്ടി വരും എന്നത് 2018ലെ അനുഭവങ്ങൾകൊണ്ട് കേരളത്തിന് ബോധ്യമുള്ള കാര്യമാണ്. എന്നാൽ കേന്ദ്രസംഘം കേരളം ആവശ്യപ്പെടാതെതന്നെ വന്നു എന്നതും പ്രധാനമന്ത്രി വന്നതും കേന്ദ്ര ആഭ്യന്തര സഹമന്ത്രി വളരെ അഭിമാനത്തോടെ പരാമർശിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില്ല. ഒരു ദുരന്തം നടന്നാൽ കേരളം ആവശ്യപ്പെട്ടാൽ മാത്രമേ സംഘത്തെ അയയ്ക്കൂ എന്നതാണോ ജനാധിപത്യം?
ഇതൊരു ഭരണഘടനയെ ആസ്പദമാക്കിയുള്ള രാജ്യമാണ്. അതൊരു ഫെഡറൽ തത്വത്തിനും അംഗീകാരം കൊടുക്കുന്നുണ്ട്. ദുരന്തമുണ്ടായാൽ ഒരു ഫെഡറൽ സംസ്ഥാനത്തെ കരകയറ്റിയെടുക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്. ഇപ്പോഴും കേരളം പ്രതീക്ഷയിലാണ്. കോടതി ഇടപെടലുകൾ നടക്കുന്നു. ഐഎംസിടിയുടെ പരിശോധനകൾക്ക് ശേഷം സഹായം ചെയ്യാമെന്ന സൂചനകളുണ്ട്. പക്ഷെ ഇത്രയേറെ കാലതാമസം ഉണ്ടാകുന്നതിന് ഒരു ന്യായീകരണവുമില്ല.
ശ്രുതിയെ നമുക്കറിയാം. ഒറ്റപ്പെട്ടവരുടെ കൂട്ടത്തിൽ കേരളം ഏറെ ദുഃഖത്തോടെ തേങ്ങിയ ഒരു പെൺകുട്ടിയാണ്. അവള്‍ക്ക് ജോലി കൊടുക്കാൻ സർക്കാർ തീരുമാനിച്ചു. പക്ഷെ, ശ്രുതിയെപ്പോലെ 10 സ്ത്രീകളും അഞ്ച് പുരുഷന്മാരും 18 വയസിൽ താഴെയുള്ള ആറ് കുട്ടികളും ഉൾപ്പടെ 21 പേർക്ക് ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ആരും ബാക്കിയില്ല. മരിച്ചുപോയ 57 പേർക്കുള്ള നഷ്ടപരിഹാരം കൊടുക്കാൻ രക്തബന്ധമുള്ള ഒരാളും ജീവിച്ചിരിപ്പില്ല.
ദുരന്ത ഭൂമിയിലും നമ്മളെ ഒറ്റപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണ്. കേവല രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറത്ത് കേരളത്തിന്റെ അവകാശം സംരക്ഷിക്കാൻ ഭരണ‑പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടായ്മ അനിവാര്യമാണ്. കേന്ദ്രത്തിന്റെ സഹായം ലഭ്യമാകുന്നില്ല എന്ന ഓരോ വാർത്തയും നിരാശരും നിരാലംബരുമായ ഓരോ ദുരന്തബാധിതരുടെയും മനസിൽ കനത്ത അഗ്നിയാണ് കോരിയിടുന്നത്. ഒരുകാര്യം സംസ്ഥാന സർക്കാരിന് വേണ്ടി പറയുന്നു; എന്തെല്ലാംവിധത്തിൽ സഹായങ്ങൾ ഇല്ലായ്മ ചെയ്യാൻ മുതിർന്നാലും ലോകത്തുള്ള മുഴുവൻ മലയാളികളെയും കൂട്ടി അവസാനത്തെ ദുരന്തബാധിതനെയും പുനരധിവസിപ്പിക്കും. അതിനുള്ള ആർജവം കേരളത്തിനുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.