22 January 2026, Thursday

സംഘ്പരിവാർ വർഗീയതയ്ക്കെതിരെ ജനാധിപത്യ സമൂഹം ഉണരണം

പി സുധീർ
March 9, 2025 4:50 am

രാജ്യത്തെ ജനങ്ങള്‍ക്കിടയിലും ഭരണകൂടത്തിലും സംഘ്പരിവാര്‍ അനുയായികളുടെ എണ്ണം വർധിക്കുന്നതും രാഷ്ട്രീയത്തിൽ അവര്‍ കലര്‍ത്തുന്ന കൊടും വർഗീയ വിഷവുമാണ് മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നില്‍. കുട്ടികളും നവജാതശിശുക്കളും വരെ ആക്രമികളുടെ ലക്ഷ്യങ്ങളാകുന്നുവെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. അതിദാരുണമാണ് ഈ വസ്തുത.
മഹാരാഷ്ട്രയിലെ സിന്ധ്ദുർഗിലെ മാൽവാനിൽ, ഫെബ്രുവരി 25ന് 15 വയസുള്ള ഒരു മുസ്ലിം ബാലനെ പൊലീസ് പിടികൂടി. മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. അവരുടെ ചെറിയ ആക്രിക്കട ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. വിശ്വഹിന്ദു പരിഷത്തിൽപ്പെട്ട ഒരാൾ ഫയൽ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെല്ലാം ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരിക്കുന്നതിനിടെ ആണ്‍കുട്ടി ‘പാകിസ്ഥാൻ അനുകൂല’ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് അതുവഴി കടന്നുപോകുമ്പോൾ താന്‍ കേട്ടുവെന്നാണ് അയാളുടെ പരാതി. പരാതി അവ്യക്തമായിരുന്നിട്ടും, ഒരു തരത്തിലുള്ള അന്വേഷണവും നടത്താതെ, പൊലീസ് ആ ബാലന്റെ വീട്ടിലെത്തി, ഭയന്നുവിറച്ച കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി. പ്രായപൂർത്തിയാകാത്തതിനാൽ അവനെ നിരീക്ഷണ കേന്ദ്രത്തിലേക്കയച്ചു. മാതാപിതാക്കളെ ജയിലിലടച്ചു. 

ഭാരതീയ ന്യായ സന്‍ഹിത സെക്ഷൻ 196 (മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 197 (കുറ്റപ്പെടുത്തലുകൾ, ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ വാദം), 3 (5) (പൊതു ഉദ്ദേശ്യത്തോടെ ഒന്നിലേറെ വ്യക്തികൾ ചെയ്യുന്ന പ്രവൃത്തി) എന്നിവ പ്രകാരം അവർക്കെതിരെ കുറ്റം ചുമത്തി. ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ സമാന രീതിയില്‍ ഈ നിയമം ദുരുപയോഗിക്കപ്പെടുന്നു. എന്നാല്‍ ഇതേ കുറ്റകൃത്യങ്ങളിൽ യഥാർത്ഥത്തിൽ പ്രതികളായ ഹിന്ദു വിദ്വേഷപ്രചാരകർ രക്ഷപ്പെടുന്നു.
ഉത്തർപ്രദേശിൽ നിന്നുള്ള ഈ കുടുംബത്തെ പ്രദേശത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം ആളുകൾ അടുത്ത ദിവസം, ഒരു മോട്ടോർ സൈക്കിൾ ജാഥയും നടത്തി. അവരുടെ ആക്രിക്കട അതേദിവസം തന്നെ ഇടിച്ചുനിരത്തി.
മാതാപിതാക്കൾക്ക് ജാമ്യം നൽകുകയും കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തെങ്കിലും, അവരുടെ ഭയപ്പാടുകൾ അവസാനിച്ചിട്ടില്ല. കുടുംബത്തിന്റെ ഉപജീവനമാർഗം നഷ്ടപ്പെട്ടു. മാനസികാഘാതവും ഭയവും മൂലം സംസാരിക്കാൻ പോലും കുട്ടിക്ക് കഴിയുന്നില്ല. കുട്ടിയുടെ അച്ഛൻ സംശയാസ്പദമായ വ്യക്തിയാണെന്നും, ജിഹാദിയാണെന്നും, ജില്ലയിൽ നിന്ന് പുറത്താക്കാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ആരോപിച്ചുകൊണ്ട്, ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പ്രാദേശിക ബിജെപി എംഎൽഎ നിലേഷ് റാണെ ശ്രമിക്കുകയും ചെയ്യുന്നു.

കൊച്ചുകുട്ടികൾ ക്രൂരമായ വർഗീയ ആക്രമണങ്ങൾക്ക് ഇരയാകുന്നു എന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. മനുഷ്യത്വരഹിതവും നിയമാനുസൃതമല്ലാത്തതുമായ രീതിയിൽ കുടുംബത്തെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയും വന്യമാണ്. അനുമതിയില്ലാതെ ബുൾഡോസറുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള സുപ്രീം കോടതിയുടെ വിധി ലംഘിച്ച് പിതാവിന്റെ കട പൊളിച്ചുമാറ്റിയ മുന്‍സിപ്പൽ അധികൃതരുടെയും അവിശുദ്ധ കൂട്ടുകെട്ട് അത്യന്തം ആശങ്കാജനകവുമാണ്. മാൽവാനിലെ കടന്നുകയറ്റത്തിന് തൊട്ടുപിന്നാലെ അതിലും ഭയാനകമായ ഒരു സംഭവം മാർച്ച് രണ്ടിന് അരങ്ങേറി. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ഇംറാന്റെ വീട്ടിൽ രാത്രി വൈകി പൊലീസ് റെയ്ഡ് നടത്തി. ഇംറാന്റെ ഭാര്യ റസിദ ഒരു മാസം പ്രായമുള്ള തന്റെ കുഞ്ഞ് അലിഷാദയോടൊപ്പം ഉറങ്ങുകയായിരുന്നു. റസിദയെ വീട്ടിന് പുറത്തേക്ക് പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയി. മറ്റുചില പൊലീസുകാർ കിടക്കയിൽ ചാടിക്കയറി കുട്ടിയെ ചവിട്ടിയരച്ചു. പിഞ്ചുകുഞ്ഞ് തൽക്ഷണം മരിച്ചു. വാറണ്ടോ മുൻകൂർ നോട്ടീസോ ഇല്ലാതെയാണ് പൊലീസ് വീട്ടില്‍ അതിക്രമിച്ചു കയറിയത്.
ഇമ്രാൻ കുടുംബത്തിന് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമില്ല. എന്നിട്ടും പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും വാദം കേൾക്കാൻ പോലും ഉദ്യോഗസ്ഥര്‍ സന്നദ്ധമായില്ല. അടുത്തദിവസം നിരവധി ഗ്രാമവാസികൾ എസ്‌പി ഓഫിസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നിരപരാധിയായ ഒരു കുഞ്ഞിനെതിരെ ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യം ചെയ്യാൻ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വർഗീയ വിദ്വേഷം പ്രേരിപ്പിച്ചുവെന്നത് അത്യന്തം അപകടകരമായ ഒരു സൂചനയാണ്.

ഇടതുപക്ഷ നേതാവ് കിഷൻ പരീഖിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മാർച്ച് നാലിന് കുടുംബത്തെ സന്ദർശിക്കുകയും പൊലീസ് നടത്തിയ ഈ ക്രൂരമായ കുറ്റകൃത്യം സ്ഥിരീകരിക്കുകയും ചെയ്തു. കുറ്റക്കാരായ പൊലീസുകാരെ ഉടൻ അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഭരണഘടനാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുത്തരവുകൾ ലംഘിക്കാൻ മടിയില്ലാതാകുകയും കുട്ടികൾക്കും ശിശുക്കൾക്കും നേരെ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, അവർക്കെതിരെ പൊതുജന രോഷം ഉയരേണ്ടതുണ്ട്. സംഘ്പരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ഫലപ്രദമായ എതിർപ്പ് ഉയര്‍ത്തേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി ആൽവാറിലെ പാവപ്പെട്ട മുസ്ലിം കുടുംബത്തിന് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
(ഐപിഎ)

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.