9 January 2025, Thursday
KSFE Galaxy Chits Banner 2

പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്ക് അവധി നല്‍കിയ തെരഞ്ഞെടുപ്പ്

പ്രത്യേക ലേഖകന്‍
November 6, 2023 4:18 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ‘ഡ്രസ് റിഹേഴ്സൽ’ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നാളെ തുടക്കമാവും. ഛത്തീസ്ഗഢ് നിയമസഭയിലേക്ക് ഭാഗികമായും മിസോറാം നിയമസഭയിലേക്ക് പൂർണമായും നാളെ വോട്ടെടുപ്പ് നടക്കും. ഈ മാസം 30ന് അഞ്ച് നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയാവും. ഡിസംബർ മൂന്നിനായിരിക്കും വോട്ടെണ്ണലും ഫലപ്രഖ്യാപനവും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഭിപ്രായ വോട്ടെടുപ്പുകളും പഠനങ്ങളും സമ്മിശ്ര പ്രതികരണമാണ് കാഴ്ചവയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രചാരണപ്രവർത്തനമാണ് ബിജെപി നടത്തിവരുന്നത്. സംസ്ഥാനങ്ങളിൽ ബിജെപി നേരിടുന്ന നേതൃത്വപരമായ പാപ്പരത്തവും അന്തച്ഛിദ്രങ്ങളും സംസ്ഥാന നേതൃത്വത്തിൽ അണികൾക്കും ജനങ്ങൾക്കുമുള്ള അവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ബിജെപിയുടെ ഏക ‘ഗ്യാരണ്ടി’ മോഡി മാത്രമാണ്. ഭാവി ഭരണത്തിനും പ്രചാരണത്തിലും പ്രകടനപത്രികയിലും പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾക്കുമുള്ള ഗ്യാരണ്ടി ബിജെപിയോ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരോ അല്ല. അതും മോഡി മാത്രം. തികച്ചും വ്യക്തികേന്ദ്രീകൃതമായ ഈ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളായിരിക്കും അടുത്തവർഷം നടക്കാൻപോകുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിശയും ശൈലിയും നിർണയിക്കുക.

തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയുടെ മുഖ്യ പ്രതിയോഗി കോൺഗ്രസാണ്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസാണ്. തെലങ്കാനയിൽ ഭരണം നടത്തുന്ന ബിആർഎസിനെ നേരിടുന്ന മുഖ്യ പ്രതിയോഗിയും കോൺഗ്രസാണ്. നാല്പത് സീറ്റുകൾ മാത്രമുള്ള മിസോറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് വെല്ലുവിളി ഉയർത്തുന്നതും കോൺഗ്രസ്‌ തന്നെ. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിന് നേതൃത്വം നൽകുന്ന മോഡി മിസോറാം പര്യടനംതന്നെ റദ്ദാക്കിയിരുന്നു. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തിൽ മോഡിയും ബിജെപിയും മിസോറാം എഴുതിത്തള്ളിയെന്നുവേണം വിലയിരുത്താൻ. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഗ്രൂപ്പ് പോരിന് താല്‍ക്കാലിക ശമനമായിട്ടുണ്ടെങ്കിലും സംസ്ഥാന കോൺഗ്രസിലെ ഭിന്നതയുടെ വേരോട്ടം ആഴത്തിലുള്ളതാണ്. എന്നാൽ ബിജെപിയിൽ വിജയരാജെ സിന്ധ്യയും ദേശീയനേതൃത്വവും തമ്മിൽ നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ കരിനിഴൽ ബിജെപിയുടെ സാധ്യതകൾക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. ഗെലോട്ടിന്റെ സാമൂഹ്യക്ഷേമപദ്ധതികൾ വലിയൊരളവ് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ ഭരണത്തിനെതിരായ വികാരം ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച സംഭവപരമ്പരയും ചൗഹാൻ ഭരണത്തിൽ സംസ്ഥാനത്ത് വ്യാപകമായിരുന്ന അഴിമതിയും ന്യൂനപക്ഷ വേട്ടയും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ക്ഷേമപദ്ധതി വാഗ്ദാനങ്ങളും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രയോജനപ്പെടുമെന്നാണ് നിരീക്ഷണം. ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ മോഡിയും ഷായും പ്രചാരണത്തിൽ രൂക്ഷമായ കടന്നാക്രമണമാണ് നടത്തിയത്. മതപരിവർത്തനം, മാവോവാദം, മഹാദേവ ബെറ്റിങ് ആപ്പ് വിവാദം എന്നിവയെല്ലാം ബിജെപി യഥേഷ്ടം പ്രയോഗിക്കുന്നുണ്ട്. ഭാഗേൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചൂതാട്ടക്കാരില്‍നിന്നുള്ള ഹവാലപ്പണം ഉപയോഗിക്കുന്നുവെന്നും ബിജെപി ആരോപിക്കുന്നു. ഇവിടെയും പല അഭിപ്രായ വോട്ടെടുപ്പുകളും പഠനങ്ങളും നേരിയ ഭൂരിപക്ഷത്തിനെങ്കിലും കോൺഗ്രസ് വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്.

 


ഇതുകൂടി വായിക്കു; ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സുപ്രീം കോടതി വിധി


തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ നേർക്കുനേരുള്ള പോരാട്ടമാണ് നടക്കുന്നത്. മോഡിയും ഷായുമടക്കം ബിജെപി നേതാക്കൾ സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നെങ്കിലും ഫലം വരുമ്പോൾ അവരുടെ സ്ഥാനം മൂന്നാമതോ, ഒരുപക്ഷെ എഐഎംഐഎമ്മിനു പിന്നിൽ നാലാമതായാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് വിവിധ അഭിപ്രായവോട്ടെടുപ്പുകളും പഠനങ്ങളും വിലയിരുത്തുന്നത്. ഇടതുപക്ഷത്തിന് താരതമ്യേന സ്വാധീനമുള്ള സംസ്ഥാനത്ത് സിപിഐയും കോൺഗ്രസുമായുള്ള സഖ്യ ചര്‍ച്ചകളില്‍ അന്തിമ ധാരണയായിട്ടില്ല സിപിഐ (എം) ആവശ്യപ്പെട്ട സീറ്റുകൾ നൽകാത്തതിനാൽ അവർ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മിസോറാമിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയേക്കും. ബിജെപി ചിത്രത്തില്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പാനന്തര കക്ഷിനിലയായിരിക്കും ആര് അവിടെ സർക്കാർ രൂപീകരിക്കും എന്ന് നിർണയിക്കുക.
കർണാടക തെരഞ്ഞെടുപ്പ് വിജയലഹരിയുടെ കെട്ടുവിടാത്ത അവസ്ഥയിലാണ് കോൺഗ്രസിന്റെ പലതലങ്ങളിലുമുള്ള നേതൃത്വം. ബിജെപിക്കെതിരെ ദേശീയതലത്തിൽ രൂപംകൊണ്ട ഇന്ത്യ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യംവച്ചുള്ളതാണെന്ന് അവർ വ്യാഖ്യാനിക്കുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് വിജയിക്കാമെന്നും സീറ്റുകള്‍ പങ്കുവയ്ക്കേണ്ടതില്ലെന്നുമാണ് അവരുടെ ധാരണ. കോൺഗ്രസ് നേതൃത്വം, പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയടക്കം പ്രകടിപ്പിക്കുന്ന വിവേകത്തിന് അത്തരക്കാർ വിലകല്പിക്കുന്നുമില്ല. കേന്ദ്രത്തിൽ അധികാരത്തിന്റെ അഭാവവും ബിജെപിയുമായുള്ള താരതമ്യത്തിൽ പാർട്ടിയുടെ ധനശേഷിക്കുറവും ആരെയും സ്വീകരിക്കാൻ വാതിൽതുറന്ന് കാവിപ്പരവതാനി വിരിച്ച് ബിജെപി നൽകുന്ന പ്രലോഭനവും കോൺഗ്രസ് നേതൃത്വത്തിന് അവഗണിക്കാനുമാകില്ല. അവയെല്ലാം പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകാതെ യോജിച്ച ഒരു പോർമുഖം തുറക്കുന്നതിന് വിഘാതമായി.


ഇതുകൂടി വായിക്കു; ‘ഇന്ത്യ’യുടെ വിജയം അനിവാര്യമാണ്


ബിജെപിയുടെ വിഭവശേഷിയും ആർഎസ്എസും സംഘ്പരിവാറും അവർക്കുനൽകുന്ന പേശിബലവും കേന്ദ്രഭരണം നൽകുന്ന അളവറ്റതും അനുപാതരഹിതവുമായ അധികാരവും ഭരണയന്ത്രത്തിലുള്ള സമ്പൂർണ സ്വാധീനവും അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടോ എന്നത് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് ശേഷം വിലയിരുത്തപ്പെടേണ്ട ഒന്നല്ല. വെള്ളം മുഴുവൻ ഒഴുകിപ്പോയശേഷം അണകെട്ടാൻ മുതിരുന്ന അവസ്ഥ പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ട പ്രതിപക്ഷ ഐക്യത്തിന് അനുഗുണമായിക്കൊള്ളണം എന്നില്ല. ഇന്ത്യ സഖ്യത്തിന് പ്രഥമഘട്ടത്തിൽ ലഭിച്ച വ്യാപകമായ സ്വീകാര്യതയും കക്ഷിരാഷ്ട്രീയത്തിന് ഉപരിയായി പൗരസമൂഹ സംഘടനകളിൽനിന്നുണ്ടായ അനുകൂല സമീപനവും പ്രയോജനപ്പെടുത്താനുള്ള അവസരമാണ് പാഴായത്. മുന്നണിയിൽ പങ്കുചേർന്ന പാർട്ടികൾ തമ്മിലുണ്ടായിരുന്ന ഊഷ്മളതയെയും കോൺഗ്രസിന്റെ സമീപനം തണുപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്പിനും ജനങ്ങളുടെ ഐക്യത്തിനും ഭീഷണിയായി മാറിക്കഴിഞ്ഞ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള യോജിച്ച ശ്രമത്തിനാണ് കോൺഗ്രസിന്റെ നിലപാട്, താല്‍ക്കാലികമായേക്കാമെങ്കിലും, തിരിച്ചടി ആയിരിക്കുന്നത്.
ഒരു ദശകത്തോളം നീണ്ട ബിജെപി ഭരണത്തെ അധികാരത്തിൽ നിന്ന് പുറത്താക്കി പകരം മറ്റൊന്നിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്ന കേവല ദൗത്യത്തിലുപരി അത് രാഷ്ട്രഗാത്രത്തിലാകെ ആഴത്തിൽ വേരോട്ടമുണ്ടാക്കിയ വർഗീയ വിഷത്തിൽനിന്നും പ്രതിലോമ സാമ്പത്തിക നയ സ്വാധീനത്തിൽനിന്നും രാജ്യത്തെ വിമോചിപ്പിക്കുകയെന്നത് പ്രതിപക്ഷ മതനിരപേക്ഷ ശക്തികളുടെ ഉത്തരവാദിത്തമാണ്. അത് ഒരു തെരഞ്ഞെടുപ്പുകൊണ്ട് കൈവരിക്കാവുന്ന ലക്ഷ്യമല്ല. അതിന് ബിജെപി ‑സംഘ്പരിവാർ പ്രത്യയശാസ്ത്രത്തിനും അവരുടെ സാമ്പത്തിക കാഴ്ചപ്പാടിനും പ്രവർത്തന പരിപാടിക്കും എതിരായ ദീർഘകാലം നീണ്ടുനിൽക്കുന്ന, ബോധപൂർവവും നിരന്തരവുമായ ശ്രമം കൂടിയേതീരൂ. ഇന്ത്യ സഖ്യത്തിലെ മുഖ്യ കക്ഷിയായ കോൺഗ്രസ് അത് അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊണ്ടിട്ടില്ലെന്നാണ് ഇപ്പോഴത്തെ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷികളോടുള്ള അവരുടെ സമീപനം വെളിവാക്കുന്നത്.

ആശയപരവും സാമ്പത്തിക നയപരവുമായ വിഷയങ്ങളിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രകടിപ്പിക്കുന്ന വീണ്ടുവിചാരം കൂടാതെയുള്ള സമീപനം ആ പാർട്ടിയുടെ മേല്പറഞ്ഞ വിഷയങ്ങളോടുള്ള കരുതലില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സൗജന്യ ഭക്ഷ്യധാന്യം, സ്ത്രീകൾക്ക് സൗജന്യ യാത്ര, വൈദ്യുതിക്കും പാചകവാതകത്തിനുമുള്ള ഇളവുകൾ, സ്ത്രീകൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം തുടങ്ങിയ ക്ഷേമപദ്ധതികൾ കടുത്ത ദാരിദ്ര്യവും പട്ടിണിയും സാമ്പത്തിക ദുരിതവും നേരിടുന്ന ഗണ്യമായ ഒരു ജനവിഭാഗത്തിന് ആശ്വാസകരംതന്നെ. അധികാരവും സമ്പദ്ഘടനയുടെ നിയന്ത്രണവും കൈവശമുള്ള ബിജെപിക്ക് കർണാടക അനുഭവത്തിന്റെ വെളിച്ചത്തിൽ അക്കാര്യങ്ങളിൽ കോൺഗ്രസിനോട് മത്സരിക്കാനാവും. അതാണ് അടുത്ത അഞ്ചുവർഷത്തേക്ക് 81 കോടി ജനങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യവിതരണം തുടരുമെന്ന മോഡിയുടെ വാഗ്ദാനം. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് പ്രതിരോധിക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. അവയൊന്നും നിലനിൽക്കാവുന്ന ബദൽ അല്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ബിജെപി തുടർന്നും ആ ദിശയിൽ തന്നെയായിരിക്കും കരുക്കൾ നീക്കുക. രാജ്യം ഇന്നെത്തിപ്പെട്ടിട്ടുള്ള രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ദുർഘട പ്രതിസന്ധിക്കു മുൻപിൽ മതേതര, ജനാധിപത്യ പ്രതിപക്ഷത്തിന് മുമ്പിൽ എന്ത് ബദലാണ് മുന്നോട്ടുവയ്ക്കാനുള്ളത് എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. രാഷ്ട്രീയമായും ആശയപരമായും സാമ്പത്തിക നയങ്ങളിലും വ്യക്തതയും വേറിട്ട കാഴ്ചപ്പാടും കർമപദ്ധതിയുമുള്ള ഒരു ബദൽ ശക്തിക്കെ ബിജെപിയെപ്പോലെ പ്രബലമായ ഒരു രാഷ്ട്രീയ പ്രതിയോഗിയെ നേരിടാനും പരാജയപെടുത്താനുമാവു. അത്തരമൊരു ബദലായി മാറാൻ കഴിയുമോ എന്നതാണ് ഇന്ത്യ മുന്നണി നേരിടുന്ന വെല്ലുവിളി. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള ഇപ്പോഴത്തെ തെരഞ്ഞെടുപ്പാണ് വരാൻപോകുന്ന പൊതു തെരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഐക്യത്തിന്റെ സൂചകമെങ്കിൽ ചരിത്രം എന്താണ് ഇന്ത്യൻ ജനതക്കായി കാത്തുവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളു. ഹിറ്റ്ലറുടെ ഫാസിസത്തെ തടയുന്നതിൽ ജർമനിയിലെ ജനാധിപത്യ പുരോഗമന ശക്തികൾക്ക് സംഭവിച്ച പരാജയത്തിന്റെ ചരിത്രത്തിൽനിന്നും പാഠമുൾക്കൊള്ളാൻ കോൺഗ്രസും ഇന്ത്യയിലെ മതേതര ജനാധിപത്യ പുരോഗമന ശക്തികളും ഇനിയും വൈകിക്കൂട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.