5 May 2024, Sunday

‘ഇന്ത്യ’യുടെ വിജയം അനിവാര്യമാണ്

സത്യന്‍ മൊകേരി
വിശകലനം
November 1, 2023 4:15 am

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏതുവിധേനയും ജയിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ അടവുകളുമെടുത്ത് ഉപയോഗിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘ്പരിവാർ സംഘടനകളും. ജനകീയ വിഷയങ്ങൾ ഉയർത്തി വിജയം കൈവരിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ ജനങ്ങളെ വിവിധതലങ്ങളിൽ ഭിന്നിപ്പിച്ച് വിജയിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രാജ്യത്ത് വളർന്നുവരുന്ന ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിൽ പൂർണമായും പരാജയപ്പെട്ട പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള, കാെണ്ടുപിടിച്ച ശ്രമങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്.
ദേശീയ ബോധം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ സൈന്യം രാജ്യത്തെ സംരക്ഷിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ ദേശാഭിമാനപരമാണ്. സൈന്യത്തിന് എന്നും ഇന്ത്യൻ ഭരണഘടനയോടും ജനാധിപത്യ സംവിധാനങ്ങളോടും കൂറുപുലർത്തിയ പാരമ്പര്യമാണുള്ളത്. ഭരണരംഗത്തെ രാഷ്ട്രീയ നേതൃത്വം മാറിയാലും ഇന്ത്യൻ സൈന്യം ഭരണഘടനയോടുള്ള കൂറ് എക്കാലവും ഉയർപ്പിടിച്ചിട്ടുണ്ട്. അതിന് ഭംഗം വരുത്തുന്നതിനുള്ള നടപടികളും പ്രധാനമന്ത്രി സ്വീകരിക്കുകയാണ്.
രാഷ്ട്രീയ താല്പര്യങ്ങൾക്കായി സൈന്യത്തെ പരുവപ്പെടുത്തുവാൻ നരേന്ദ്രമോഡി അധികാരത്തിൽ വന്നതു മുതൽ ശ്രമം തുടങ്ങിയതാണ്. വിമാനാപകടത്തിൽ കൊല്ലപ്പെട്ട ജനറൽ റാവത്തിനെ ഉപയോഗിച്ചുകൊണ്ടാണ് ആ നീക്കങ്ങൾ നടത്തിയത്. മൂന്ന് സൈനിക വിഭാഗങ്ങളെയും ഏകോപിപ്പിച്ച്, ഒരു കമാൻഡറുടെ കീഴിൽ കൊണ്ടുവന്നത് ആ നീക്കത്തിന്റെ തുടക്കമായിരുന്നു. ഈ കമാൻഡിങ്ങിലൂടെ ഇന്ത്യൻ സൈന്യത്തെ തങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ച് ചലിപ്പിക്കാൻ കഴിയുമെന്ന രാഷ്ട്രീയ അജണ്ട സൈന്യത്തിലും നടപ്പിലാക്കാനാണ് സംഘ്പരിവാർ ആസൂത്രണം ചെയ്തത്.


ഇതുകൂടി വായിക്കൂ: പ്രക്ഷോഭങ്ങള്‍ വ്യാപകമാക്കണം; കരുത്തരാകണം


പുതിയ പദ്ധതിയായ ഉത്ഭവ്, സൈന്യത്തിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനായി വിഭാവനം ചെയ്തതിന്റെ ഭാഗമാണ്. പുരാതനകാലത്തെ യുദ്ധതന്ത്രങ്ങളും ചരിത്രവും സൈന്യത്തെ പഠിപ്പിക്കുക എന്നതിലൂടെ പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നത് ഹിന്ദുത്വ അജണ്ട സൈന്യത്തിലും പ്രാവർത്തികമാക്കലാണ്. പ്രതിരോധ ബജറ്റിൽ നിന്നും വലിയതോതിൽ പണം ഉത്ഭവ് പദ്ധതിക്കായി ചെലവഴിക്കുന്നു. ഇന്ത്യൻ സൈന്യത്തിൽ പഠന ഗവേഷണ വിഭാഗം വിപുലപ്പെടുത്തി പുരാണ യുദ്ധതന്ത്രങ്ങൾ ചികഞ്ഞെടുത്ത് സൈന്യത്തെ പഠിപ്പിക്കുന്നതിലൂടെ ഹിന്ദുത്വ ആശയത്തിൽ അധിഷ്ഠിതമായി സൈന്യത്തെ രൂപാന്തരപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുവാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. 2014ൽ നരേന്ദ്രമോഡി അധികാരത്തിൽ വന്നതു മുതലുള്ള ഭരണനേട്ടങ്ങളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ വകുപ്പുകളിലെ എ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഇതിനായി രംഗത്തിറക്കുകയാണ് ചെയ്യുന്നത്.
രാജ്യത്തെ 765 ജില്ലകളിലെ 2.69ലക്ഷം വരുന്ന ഗ്രാമങ്ങളിലും ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി ‘വികസിത് ഭാരത് സങ്കല്പ് യാത്ര’ നടത്താനുള്ള പരിപാടികളാണ് പ്രഖ്യാപിച്ചത്. ഉയർന്ന ഉദ്യോഗസ്ഥരെ ‘രഥ പ്രഭാരി‘മാരായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. നവംബർ 20 മുതൽ ജനുവരി 25വരെയാണ് രഥയാത്ര നടത്തുന്നത്. സംഘ്പരിവാർ ആശയങ്ങൾ ഉള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി ‘രഥ പ്രഭാരി‘മാരായി നിശ്ചയിക്കാൻ നടപടികൾ തുടങ്ങി. രഥ യാത്രയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അത്രയും പണം അനുവദിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രഥ് യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: 2023 അവസാനം തെരഞ്ഞെടുപ്പിന് ‘ഇന്ത്യ’ തയ്യാറാകണം


സൈന്യം ഉൾപ്പെടെയുള്ള സുരക്ഷാ മേഖലകളിലെ ഉദ്യോഗസ്ഥർക്കും കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങളും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളും ഉയർത്തിക്കാണിക്കുന്ന പ്രചരണങ്ങൾ സംഘടിപ്പിക്കാൻ നിർദേശം നൽകിയെന്ന വാർത്തകളും‍ പുറത്തുവന്നിട്ടുണ്ട്. ഖജനാവിലെ പണം ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന ഇത്തരം നടപടിക്കെതിരായി ഇന്ത്യാ മുന്നണി ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങൾ തുടർച്ചയായി മുന്നോട്ടു കൊണ്ടുപോകുകയാണ് ഭരണകൂടം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ പ്രശ്നങ്ങൾ ചർച്ചയായാൽ പരാജയം ഉറപ്പാണെന്ന് സംഘ്പരിവാർ സംഘടനകൾക്കറിയാം.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി രൂപാന്തരപ്പെടുത്തി, ചർച്ചകൾ ആ വഴിക്ക് തിരിച്ചുവിടുന്നു. ഭരണഘടനയുടെ ആമുഖത്തിൽതന്നെയുള്ളതാണ് ‘ഇന്ത്യ’ എന്ന പേര്. രാജ്യത്തിന്റെ പ്രധാന പ്രശ്നമാണോ ഇന്ത്യയെ ഭാരതം എന്നാക്കി മാറ്റുന്നത്. ജി20 സമ്മേളന വേദികളിൽ ഇന്ത്യയെ ഭാരതം എന്നാക്കി മാറ്റിയിരുന്നു. ഇപ്പോൾ പാഠപുസ്തകങ്ങളിലും ഇന്ത്യയെ മാറ്റി ഭാരതം എന്നാക്കാനുള്ള നീക്കങ്ങളാണ് എൻസിഇആർടിയിലൂടെ നടത്തുന്നത്. സംഘ്പരിവാർ അനുഭാവികളായ എൻസിഇആർടി ഉദ്യോഗസ്ഥരെ അതിനായി ഉപയോഗിക്കുകയാണ്. എൻസിഇആർടി പാഠപുസ്തക ഉപദേശകസമിതി നൽകിയ ശുപാർശ അതാണ് വ്യക്തമാക്കുന്നത്, ഇന്ത്യയുടെ ചരിത്രത്തിൽ ഹിന്ദു രാജാക്കന്മാരുടെ യുദ്ധവിജയത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും അത് പരിഹരിക്കാൻ പാഠപുസ്തകങ്ങളിൽ ഹിന്ദു രാജാക്കൻമരുടെ വിജയഗാഥകൾക്ക് കൂടുതൽ ഇടം ഉണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്ര പഠനരീതിതന്നെ മാറ്റിമറിക്കാൻ തീരുമാനങ്ങളെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളിൽ ഹിന്ദുത്വ ബോധം രൂപപ്പെടുത്തുവാൻ ആവശ്യമായ തരത്തിൽ പാഠപുസ്തകങ്ങളെ മാറ്റുകയും പുതിയ തലമുറയെ ഹിന്ദുത്വ അടിസ്ഥാനത്തിൽ വളർത്തിക്കൊണ്ടുവരാനുമുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.


ഇതുകൂടി വായിക്കൂ: ഇന്ത്യ എന്ന സമൂര്‍ത്ത ആശയം


ചരിത്രത്തെ മാറ്റിമറിക്കുന്നതിന് നടത്തിവരുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രരൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ പേരിലുള്ള നെഹ്രു മ്യൂസിയത്തിന്റെ പേര് മാറ്റിയത് ചർച്ചയായതാണ്. വിവിധ സ്ഥലങ്ങളുടെ നൂറ്റാണ്ടുകളായുള്ള നാമങ്ങൾ മാറ്റി ഹിന്ദുത്വബോധം ഉയർത്തിപ്പിടിക്കുന്നതിനാവശ്യമായ പേരുകൾ നൽകുന്നതിനുള്ള പ്രവർത്തനത്തിലാണ് മോഡി ഭരണകൂടം.
ഇന്ത്യയുടെ മഹാനായ പുത്രൻ രവീന്ദ്രനാഥ് ടാഗോറിന്റെ പേര് ശാന്തിനികേതനത്തിൽ നിന്നും മായ്ക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. ’ ശാന്തിനികേതൻ ലോക പൈതൃക പട്ടികയിൽ ഐക്യരാഷ്ട്രസഭ ഉൾപ്പെടുത്തിയത് വലിയ അംഗീകാരമാണ്. ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച മാർബിൾ ഫലകത്തിൽ നിന്ന് രവീന്ദ്രനാഥ് ടാഗോറിനെ ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും വൈസ് ചാൻസലറുടെയും പേരുകൾ ഫലകത്തിൽ സ്ഥാനം പിടിച്ചപ്പോൾ ശാന്തി നികേതനൻ സ്ഥാപിച്ച രാജ്യത്തിന്റെ അഭിമാനപുത്രനായ വിശ്വപൗരൻ രവീന്ദ്രനാഥ ടാഗോറിന്റെ പേർ ഫലകത്തിൽ ഉൾപ്പെടുത്തിയില്ല. രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയാണിത്. ഈ അനീതികളെയെല്ലാം തിരുത്തിയെഴുതിയാൽ മാത്രമേ രാജ്യത്തിന് ശരിയായ ദിശയിൽ മുന്നോട്ടുപോകാൻ കഴിയൂ. 2024ലെ തെരഞ്ഞടുപ്പ് ജനാധിപത്യവിശ്വാസികൾക്ക് അതിനുള്ള അവസരമാണ്. ‘ഇന്ത്യ’യുടെ വിജയം അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.