ഭാവിയുടെ ഉന്നതതലം — ദി സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചർ- എന്ന പേരിലുള്ളൊരു ആഗോള ഉന്നതതല സമ്മേളനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 22,23 തീയതികളിൽ നടന്നു. ന്യൂയോർക്കിൽ അരങ്ങേറിയ ഈ ഉന്നതതലം ലക്ഷ്യമിട്ടത് മനുഷ്യസമൂഹത്തെ ആകെത്തന്നെ ബാധിച്ചുവരുന്നതും കൂടുതൽ ഗുരുതരമായി ബാധിക്കാനിടയുള്ളതുമായ പ്രശ്നങ്ങൾ ഏതു വിധേന കൈകാര്യം ചെയ്യാൻ കഴിയുമെന്നായിരുന്നു. സമ്മേളനങ്ങളുടെ ഭാഗമായി ദീർഘമായൊരു വിഷയവിവരപ്പട്ടികയും പുറത്തുവന്നിരുന്നു. സൈനിക ഏറ്റുമുട്ടലുകൾ മുതൽ കാലാവസ്ഥാവ്യതിയാനം വരെയും പകർച്ചവ്യാധികൾ മുതൽ മലിനീകരണം വരെയും വരുമാന വിതരണ അസമത്വങ്ങൾ മുതൽ വിവിധതരം വിവേചനങ്ങൾ വരെയും ഇക്കൂട്ടത്തിൽ ഇടം കണ്ടെത്തിയിരുന്നതാണ്. ഈ പട്ടിക വരുംനാളുകളിൽ ഇനിയും നീണ്ടുപോകാനാണ് സാധ്യത കാണുന്നത്. ഈ ഘട്ടത്തിൽ നാം സ്വയം ചോദിക്കേണ്ട ചോദ്യം, ഭാവി ജനസമൂഹത്തിന്റെ സുരക്ഷിത ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യമുണ്ടായിരുന്ന ഇത്തരം പ്രശ്നങ്ങൾ തുടർന്നും സൃഷ്ടിച്ചത് എന്തിനായിരുന്നു എന്നതാണ്.
പ്രകൃതിയോടൊപ്പമോ, ഒരു പരിധിവരെ പ്രകൃതിയെക്കാളേറെയോ ഉത്തരവാദിത്തമുള്ളത്, മനുഷ്യന് തന്നെയാണ്. അതുകൊണ്ടുതന്നെ നമുക്ക് ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിന് ധാർമ്മികബാധ്യത മാത്രമല്ല, നിയമപരമായ ബാധ്യത കൂടിയില്ലേ. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്തിട്ടുള്ള കാലാവസ്ഥാ സംബന്ധിയായ എല്ലാക്കാലത്തെയും സമ്മേളനവേദികളിൽ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ടിരിക്കുന്ന മുഖ്യവിഷയം മുൻതലമുറക്കാരായ മനുഷ്യസമൂഹം ചെയ്തുകൂട്ടിയിട്ടുള്ള കാലാവസ്ഥാവിരുദ്ധ വിക്രിയകളായിരുന്നു. കാലാവസ്ഥാ നീതിയും പരിഗണനയ്ക്കെടുക്കുമായിരുന്നു. എന്നാൽ, ഇതെല്ലാം തന്നെ വെറും വാചാടോപം മാത്രമായിരുന്നു എന്നാണ് ബോധ്യമായിരിക്കുന്നത്. സ്വന്തം കാര്യസാധ്യത്തിനായി നൽകിയ വാഗ്ദാനങ്ങളും ലക്ഷ്യപ്രഖ്യാപനങ്ങളും പ്രാവർത്തികമാക്കാത്തതിന്റെ പേരിൽ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയ നേതാവോ, നിയമപരമായ കുറ്റവിചാരണയ്ക്ക് വിധേയമാക്കപ്പെട്ട ചരിത്രം നമുക്ക് മുന്നിലില്ല.
ഈ വിഷയത്തിൽ യൂറോപ്യൻ ജേർണൽ ഓഫ് ഇന്റർനാഷണൽ ലാ എന്ന പ്രസിദ്ധീകരണത്തിൽ 2023ൽ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിൽ ഗൗരവതരമായൊരു വിവാദം നടന്നിരുന്നതാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന് കീഴിലുള്ള ലോ സ്കൂളിലെ, നിയമപഠനകലാശാലയിലെ സ്റ്റീഫൻ ഹം ഫ്രേയസന്റെ ലേഖനത്തിന്റെ ശീർഷകം തന്നെ ‘ഭാവിതലമുറകൾക്ക് വിരുദ്ധം’ എന്നായിരുന്നു. ഈ ലേഖനത്തോടുള്ള പ്രതികരണമെന്ന നിലയിൽ നെതർലൻഡ്സ്, ഇന്ത്യ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിയമവിദഗ്ധന്മാർ ‘ഭാവിതലമുറകളുടെ സംരക്ഷണാർത്ഥം’ എന്ന പേരിൽ മറ്റൊരു ലേഖനവും പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ലേഖനം എഴുതിയവരുടെ കൂട്ടത്തിൽ ആദ്യയാൾ യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാം ഫാക്കൽട്ടി അംഗവും ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിലെ നിയമകാര്യ വിദഗ്ധാംഗവുമായ വെവറിങ്കെ സിങ് ആയിരുന്നു. ഈ വനിതാ നിയമവിദഗ്ധ, ഭാവിതലമുറകൾക്കുള്ള മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കരടുരേഖ മാസ്ട്രിച്ച് കരാർ അനുസരിച്ചുള്ള തത്വങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട സമിതിയിലെ പ്രമുഖ അംഗം കൂടിയായിരുന്നു. സ്റ്റീഫൻ ഹംഫ്രേയ്സ് ചൂണ്ടിക്കാട്ടുന്നത്, ഭാവിതലമുറകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് വാദിക്കുന്നവരുടേത് വെറും വാചകമടി മാത്രമാണെന്നും അവർ ആരുംതന്നെ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആനുകാലിക യാഥാർത്ഥ്യങ്ങൾ കണക്കിലെടുക്കുന്നില്ലെന്നുമാണ്. അതായത്, നിലവിലുള്ള ഭരണവ്യവസ്ഥയുടെ കാഴ്ചപ്പാടിൽ, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നടപ്പാക്കുന്ന വികസനമാർഗങ്ങൾ ഇന്നത്തെ തലമുറയുടെ ഉയർന്ന ജീവിതതാല്പര്യങ്ങളും നിലവാരവും ഉറപ്പുവരുത്തുന്നതിനനുയോജ്യമായ നയങ്ങളായിരിക്കണമെന്നുതന്നെയാണ് വിവക്ഷിക്കുന്നത്. ഇതിനുനേരെ വിരുദ്ധമായൊരു നിലപാടാണ് സാർവദേശീയ നിയമകോടതി (ഐസിജെ)യുടെ കൂടി ആഭിമുഖ്യത്തിലുള്ള സമിതി സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ മുഖ്യവക്താക്കളായ വെവറിങ്കെ സിങ്ങും സംഘവും അഭിപ്രായപ്പെടുന്നത്, ഭാവിതലമുറകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്നത്തെ തലമുറയിലുള്ളവർക്ക് സാധ്യതയുണ്ടെന്നാണ്.
ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് നിയോഗിച്ചിരിക്കുന്ന ഈ സമിതി ഉന്നയിക്കുന്ന വാദഗതി, നിലവിലുള്ള ആഗോള നിയമവ്യവസ്ഥയനുസരിച്ച്, സമയമോ പ്രാദേശിക പരിഗണനകളോ, കണക്കിലെടുക്കാത്ത വിധത്തിലായിരിക്കണം, ഭാവിതലമുറകളെ ആകെത്തന്നെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന ദുരന്തങ്ങളിൽ നിന്നും സംരക്ഷിച്ചെടുക്കാൻ. ഇത്തരമൊരു സുരക്ഷാപദ്ധതി തയ്യാറാക്കുന്ന അവസരത്തിൽ ലോകത്തെമ്പാടുമുള്ള തദ്ദേശീയ ജനവിഭാഗങ്ങൾ കാലാവസ്ഥാ സംബന്ധമായി നിലനിർത്തിവന്നിരുന്ന വിശ്വാസങ്ങളും പൊതുധാരണകളും എന്തെന്ന് അന്വേഷിച്ച് കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യേണ്ടതാവശ്യമാണ്. എങ്കിൽ മാത്രമെ, ഭാവിതലമുറകളുടെ സംരക്ഷണം കാര്യക്ഷമമാക്കാൻ കഴിയൂ. മാത്രമല്ല, ഭാവിയിലേക്കുള്ളൊരു പദ്ധതിവിഭാവനം ചെയ്യുമ്പോൾ, അതിന് ഒരു ദീർഘകാല പരിപ്രേക്ഷ്യം അനിവാര്യമായിരിക്കും.
നാലോ, അഞ്ചോ തലമുറകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നത് മുൻനിർത്തിയുള്ളൊരു പദ്ധതി കൂടി ആയിരിക്കണം അത്. പദ്ധതി തയ്യാറാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി താണ വരുമാന വിഭാഗങ്ങളിലും ഇടത്തരം വരുമാന വിഭാഗങ്ങളിലും പെടുന്ന രാജ്യങ്ങളുടെ പരിസ്ഥിതി പ്രശ്നങ്ങൾ കൂടി കണക്കിലെടുക്കേണ്ടതാണ്. കൊളംബിയൻ ഹൈക്കോടതിയുടെ ചരിത്ര പ്രസിദ്ധമായൊരു വിധി പ്രസ്താവനത്തിൽ പറയുന്നത്, കൊളംബിയൻ ഭരണകൂടം ഭാവിതലമുറകളുടെ സംരക്ഷണാർത്ഥം എന്തെങ്കിലും നിയമനിർമ്മാണത്തിന് ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്, ‘കൊളംബിയൻ ആമസോൺ’ മേഖലയുടെ സംരക്ഷണത്തിനായി സമഗ്രമായൊരു പരിപാടി അതിന്റെ ഭാഗമാക്കുകതന്നെ വേണം എന്നാണ്. പാകിസ്ഥാൻ സുപ്രീം കോടതിയുടെ തീരുമാനം പരിസ്ഥിതിലോല പ്രദേശങ്ങളിൽ സിമന്റ് നിർമ്മാണ ഫാക്ടറികൾക്ക് അനുമതി നൽകരുതെന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിലൂടെയുള്ള തലമുറകളുടെ കോളനിവൽക്കരണം തടഞ്ഞുനിർത്തുന്നതിനുള്ള ഏകമാർഗം, എക്കാലത്തേക്കും ബാധകമായ ‘കാലാവസ്ഥാനീതി’ ഉറപ്പാക്കുക എന്നതാണ്.
ഇന്ത്യയിലാണെങ്കിൽ ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുള്ള ദുരന്തങ്ങൾക്ക് തടയിടാനായി പരിസ്ഥിതി സംരക്ഷണം വിവിധ മേഖലകൾക്ക് തുല്യമായ നിലയിൽ ഉറപ്പാക്കേണ്ടതാണെന്ന് പലകുറി കേന്ദ്ര — സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചിട്ടുള്ളതാണ്. എന്നാൽ, ഇതെല്ലാം ബധിര, കർണങ്ങളിൽ പതിച്ചിരിക്കുന്ന അനുഭവമാണുള്ളത്. കെനിയൻ ഹൈക്കോടതിയുടെ കർശനമായ നിർദേശം പരിശോധിക്കുമ്പോൾ പ്രകൃതിവിഭവ വിനിയോഗവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കാൾ മാർക്സിന്റേതായി രേഖപ്പെടുത്തിയിട്ടുള്ള ഉപദേശമാണ് ഓർമ്മവരിക. മാർക്സിന്റെ അഭിപ്രായത്തിൽ നമുക്ക് പ്രകൃതി അനുഗ്രഹിച്ച് നൽകിയിരിക്കുന്ന വിഭവങ്ങൾ നമ്മുടെ തലമുറയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല, അതെല്ലാം ഭാവിതലമുറകൾക്ക് കൂടി ഉള്ളതാണ്. ‘ഇന്നത്തെ തലമുറയ്ക്ക് നിയമപരമായി ചെയ്യാൻ കഴിയുക, സ്വന്തം ആരോഗ്യവും, ജീവിതനിലവാരവും സംരക്ഷിക്കുക എന്നത് ലക്ഷ്യമാക്കി പ്രകൃതിയുടെ വൈവിധ്യവും ഉല്പാദനക്ഷമതയും ശ്രദ്ധാപൂർവവും കാര്യക്ഷമവുമായ നിലയിൽ വിനിയോഗിക്കുക എന്നതുതന്നെയാണ്. അതേസമയം അതിന്റെ ഭാഗമായി ഭാവിതലമുറകളുടെ താല്പര്യങ്ങൾ കൂടി പരിഗണിക്കപ്പെടുകയും വേണം’ എന്നാണ് കെനിയൻ ഹൈക്കോടതിയുടെ നിർദേശം.
ദക്ഷിണാഫ്രിക്കൻ ഹൈക്കോടതി അനുശാസിക്കുന്നത്, വികസനകാര്യങ്ങളിൽ വിവിധ തലമുറകൾക്കിടയിലുള്ള സന്തുലിതാവസ്ഥ പരമാവധി നിലനിർത്തുകവഴി ഭാവിതലമുറകളുടെ മേൽ പരിസ്ഥിതി ആഘാതം പരിമിതപ്പെടുത്തുക എന്നാണ്. കാലാവസ്ഥാ നീതിയുമായി ബന്ധപ്പെട്ട ബഹുരാഷ്ട്ര ഉടമ്പടിയായ ‘മാസ്ട്രിച്ച് ട്രീറ്റി’ ഉയർത്തിപ്പിടിക്കുന്ന തത്വങ്ങൾ വിഭാവനം ചെയ്യുന്നത് സുസ്ഥിരവികസനവും കാലാവസ്ഥാനീതിയും ഭാവിതലമുറകളുടെ അവകാശങ്ങളും എന്തുവില നൽകിയും ഉറപ്പാക്കണമെന്നുതന്നെയാണ്.
‘യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമർ റൈറ്റ്സ്’ പോലുള്ള ആഗോള പ്രാധാന്യവും മനുഷ്യസമൂഹവും ശിരസാവഹിക്കാൻ ബാധ്യതയുമുള്ള പ്രഖ്യാപനങ്ങൾ കൊണ്ടൊന്നും ഉദ്ദേശിച്ചവിധത്തിലുള്ള നേട്ടങ്ങൾ കൈവരിക്കുക സാധ്യമാവില്ല. മനുഷ്യാവകാശ സംരക്ഷണം അതിന്റെ വൈവിധ്യം നിലനിർത്തിക്കൊണ്ടുതന്നെ യാഥാർത്ഥ്യമാക്കുക എന്നത് സ്ഥിരമായൊരു നിയമത്തിന്റെ ചട്ടക്കൂട് ഉണ്ടായതുകൊണ്ടോ, രാഷ്ട്രീയ ഭരണസംവിധാനത്തിന്റെ താൽക്കാലിക ഇടപെടലുകൾകൊണ്ടോ സാധ്യമായെന്നും വരില്ല. സ്ഥിരതയാർന്നൊരു സംവിധാനം വഴി ഉദ്ദേശിച്ച ഫലസിദ്ധി നേടാൻ മനുഷ്യസമൂഹം ഇന്നത്തെ പശ്ചാലത്തിൽ പ്രതീക്ഷിക്കേണ്ടതുമില്ല. മാറ്റങ്ങൾ അവയുടെ സ്വഭാവം ഏതുതന്നെയായിരുന്നാലും തുടർച്ചയായൊരു പ്രക്രിയയുടെ ഭാഗങ്ങളായിരിക്കുകയും ചെയ്യും. അവയുടെ തനിമയും പ്രസക്തിയും ഉറപ്പാക്കണമെങ്കിൽ അവ നിരന്തരമായ പുതുക്കലുകൾക്കും പുനർനിർവചനങ്ങൾക്കും ജാഗ്രവത്തായ മേൽനോട്ടത്തിനും വിധേയമാക്കപ്പെടേണ്ടിവരും.
മാറുന്ന തലമുറകളുടെ അവകാശങ്ങൾക്കും കാലാനുസൃത മാറ്റങ്ങൾ കൂടിയേ തീരൂ. അതെല്ലാം തുടർച്ചയായ പരിശോധനയ്ക്കും വ്യാഖ്യാനത്തിനും വിധേയമാക്കപ്പെടുകയും അതിനനുസൃതമായ നിയമപരമായ ചട്ടക്കൂടുകൾക്ക് അനുയോജ്യമായ വിധം വിളക്കിച്ചേർക്കപ്പെടുകയും വേണം. ഇതിനെല്ലാം പുറമെ പ്രകൃതിയിലും ശാസ്ത്ര സാങ്കേതിക വിജ്ഞാന മേഖലകളിലും വന്നുചേരുന്ന മാറ്റങ്ങളും കൂടി കണക്കിലെടുക്കപ്പെടാതിരിക്കരുത്. മനുഷ്യസമൂഹവും ഇക്കോസിസ്റ്റവും പൂർണമായ പരസ്പരധാരണയോടെയും സഹകരണത്തോടെയും പ്രവർത്തന നിരതമായാൽ മാത്രമേ ഭാവിയിലേക്കുള്ള മാറ്റം സുഗമവും മനുഷ്യസമൂഹത്തിന് അനുഗുണവമായിരിക്കുകയുമുള്ളു. നേരത്തെ സൂചിപ്പിച്ച ആഗോള വികസനരേഖയിൽ മൊത്തം 36 പൊതുതത്വങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലോകരാജ്യങ്ങളെല്ലാം ഏക മനസോടെ വേണം അതെല്ലാം ഉൾക്കൊള്ളാനും നടപ്പാക്കാനും. ബിസിനസ് സംരംഭങ്ങൾ അടക്കമുള്ളവ കൈകാര്യം ചെയ്യുന്ന പൊതു, സ്വകാര്യ മേഖലാ തൊഴിലുടമകളും കോർപറേറ്റ് മേധാവികളും ഭാവിതലമുറകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുക്കേണ്ടിവരും. അല്ലാത്തപക്ഷം, അവർക്കെതിരെ നിയമനടപടികളെടുക്കാൻ ബന്ധപ്പെട്ട കേന്ദ്ര — സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറെടുക്കുകയും വേണം എന്നതാണ് അതിലൊന്ന്.
രണ്ട്, സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിന് തങ്ങളുടേതായ പങ്ക് ഫലപ്രദമായും അർത്ഥവത്താലും നിയമാനുസൃതമായും സംരക്ഷിക്കുന്നതിനും വരാനിരിക്കുന്ന ജനതയെക്കൂടി തങ്ങളോട് ചേർത്തുനിർത്തുന്നതിനും ഇന്നത്തെ തലമുറയിലുള്ളവർ തുനിഞ്ഞിറങ്ങുകയാണ് വേണ്ടത്. ഇതുസംബന്ധമായ തീരുമാനങ്ങളെടുക്കുന്ന സമിതികളിൽ യുവതലമുറയിൽപ്പെട്ടവരുടെ പ്രാതിനിധ്യം നയപരമായ തീരുമാനങ്ങളെടുക്കുന്നതിൽ ഉറപ്പാക്കുകയും വേണം. മനുഷ്യസമൂഹത്തെ താങ്ങിനിർത്തുന്ന ഭൂമിയുടെ സുരക്ഷിതത്വത്തിനും നിലനില്പിനും അവശ്യം വേണ്ട ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ എല്ലാംതന്നെ ഇതിനകം ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഭൗമശാസ്ത്ര വിദഗ്ധന്മാരും ഗവേഷകരും അഭിപ്രായപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിൽ മാത്രമല്ല, ഭൂമിക്കടിയിലെ പ്രകൃതിവിഭവങ്ങളും തീർത്തും അശാസ്ത്രീയമായ വിനിയോഗത്തിലൂടെയും യുക്തിരഹിതമായ ചൂഷണത്തിലൂടെയും ലാഭേച്ഛ മാത്രം മുൻനിര്‍ത്തിയുള്ള ചൂഷണത്തിലൂടെ ഏറെക്കുറെ തീർത്തും അപ്രത്യക്ഷമായിരിക്കുകയാണ്. ഇതൊന്നുംതന്നെ തിരികെപ്പിടിക്കാനും പുതുക്കുവാനും കഴിയില്ല. ഗാന്ധിയന്മാർ പോലും പ്രകൃതിവിഭവ വിനിയോഗവുമായി ബന്ധപ്പെട്ട മഹാത്മാ ഗാന്ധിയുടെ ഉപദേശം ചെവിക്കൊള്ളാൻ ഇതുവരെ തയ്യാറായിട്ടുമില്ല. ‘പ്രകൃതിയും അതിന്റെ വിഭവങ്ങളും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുതരും; അത്യാഗ്രഹം സാധിച്ചുതരില്ല’ എന്നാണ് ഗാന്ധി ഓർമ്മിപ്പിച്ചത്.
മനുഷ്യന്റെ അത്യാഗ്രഹം ഫലത്തിൽ ഭൂമിയെന്ന ഗ്രഹത്തെ തീർത്തും പാപ്പരാക്കി മാറ്റിയിരിക്കുന്നു. ഇനിയെങ്കിലും നാം ഈ യാഥാർത്ഥ്യം തിരിച്ചറിയുകയും അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യാതിരുന്നാൽ, അത് ഭാവി തലമുറകളോട് ചെയ്യുന്ന കടുത്ത അനീതിയും കൊടുംക്രൂരതയുമായിരിക്കും. പ്രകൃതിസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്നവരെ വികസന വിരുദ്ധരെന്നും, വിദ്രോഹശക്തികളെന്നും അടച്ചാക്ഷേപിക്കുന്നവർ, മാർക്സിയന്മാരായാലും ഗാന്ധിയന്മാരായാലും ഒരുവട്ടമെങ്കിലും ചിന്തിച്ചെങ്കിൽ എന്നാശിക്കുക മാത്രമേ ചെയ്യാൻ കഴിയൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.