22 June 2024, Saturday

മൂന്ന് ഭൂഖണ്ഡങ്ങളിലെ മൂന്ന് തെരഞ്ഞെടുപ്പുകൾ

നിത്യ ചക്രബർത്തി
June 11, 2024 4:49 am

കഴിഞ്ഞയാഴ്ചകളിലെ മൂന്ന് ദിവസങ്ങളിൽ ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങളായ മൂന്നിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയുണ്ടായി. ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു വിധിയെഴുത്ത് നടന്നത്. ഓരോ രാജ്യത്തും അതാതിടങ്ങളിലെ ജനാധിപത്യത്തിന്റെ ഘോഷയാത്രയാണ് കാണാനായത്. ഈ കാലത്ത് എങ്ങനെയാണ് ജാഗ്രത പുലർത്തേണ്ടതെന്ന് ഓരോ ജനതയും വിധിയെഴുത്തിലൂടെ കാട്ടിത്തന്നു. തീവ്ര ഹിന്ദുത്വ വലതുപക്ഷ പാർട്ടിയായ ബിജെപിയെ ന്യൂനപക്ഷമാക്കി ഇന്ത്യയിലെ ജനങ്ങൾ ശിക്ഷിച്ചപ്പോൾ ആഫ്രിക്കയിൽ നിലവിലുള്ള ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രകടനം 40 ശതമാനത്തിലൊതുക്കി. അതേസമയം മറ്റെന്തിനെക്കാളുമപ്പുറം സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധയൂന്നിയ ഇടതുപക്ഷ സഖ്യമായ മൊറേനയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ വീണ്ടും തെരഞ്ഞെടുത്ത് മെക്സിക്കോയിലെ ജനങ്ങൾ പ്രത്യുപകാരം നൽകി അധികാരത്തുടർച്ച സമ്മാനിച്ചു. മേയ് 29ന് തെരഞ്ഞെടുപ്പ് നടന്ന ദക്ഷിണാഫ്രിക്കയിൽ ജൂൺ രണ്ടിനാണ് അന്തിമഫലം പുറത്തുവന്നത്. 30 വർഷമായി രാജ്യം ഭരിക്കുന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസി(എഎൻസി)നെ 40 ശതമാനം പിന്തുണ നൽകി ജനങ്ങൾ ന്യൂനപക്ഷമാക്കുകയാണ് ചെയ്തത്. വർധിച്ചുവന്ന അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എഎൻസി ഭരണ കാലത്തുണ്ടായ വീഴ്ച കാരണം അവർക്കൊപ്പം നിലകൊണ്ട ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് (എസ്എസിപി) ഉൾപ്പെടെ മധ്യ‑ഇടതുപക്ഷ പാർട്ടികൾക്കും തിരിച്ചടി നേരിട്ടു. പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ഈ മാസം മധ്യത്തോടെ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സഖ്യസർക്കാരിന് സന്നദ്ധമാണെന്ന് എഎൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ വന്നാൽ എഎൻസിക്ക് ഭരിക്കുവാൻ സാധിച്ചേക്കുമെങ്കിലും മെച്ചപ്പെട്ട ജനപക്ഷ ഭരണത്തിനുള്ള മാർഗങ്ങൾ തേടണമെന്ന സന്ദേശമാണ് ജനവിധി നൽകിയത്. 

ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾ പങ്കാളികളായ ബ്രിക്സ് കൂട്ടായ്മയിലെ പ്രമുഖ അംഗമാണ് ആറ് കോടിയിലധികം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്ക. വികസ്വരരാജ്യങ്ങളിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയ്ക്ക് ബഹുമാന്യമായ സ്ഥാനവുമുണ്ട്. ഗാസയിലെ വംശഹത്യയുടെ പേരിൽ ഇസ്രയേലിനെതിരെ അദ്ദേഹം തുടർച്ചയായി ശക്തമായ നിലപാടെടുക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിസി)യിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയാക്കണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹമാണ്. ദക്ഷിണാഫ്രിക്കയിലെ സമ്മതിദായകർ വലതുപക്ഷത്തെ ഭരണത്തിലേക്ക് കൊണ്ടുവന്നില്ലെന്നതും എഎൻസിയുടെ പിന്തുണ കുറയ്ക്കുകയാണ് ചെയ്തത് എന്നതും വലിയ മുന്നറിയിപ്പായി കാണാവുന്നതാണ്.
എന്നാൽ മെക്സിക്കോയിലെ സ്ഥിതി വ്യത്യസ്തമാണ്. 12 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത് ജൂൺ രണ്ടിന് വോട്ടെടുപ്പും മൂന്നിന് ഫലപ്രഖ്യാപനവും നടത്തി. ഭരണകക്ഷിയായ ഇടതുപക്ഷ സഖ്യം മൊറേനയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ക്ലോഡിയ ഷെയ്ൻബോമിന് 58.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മുഖ്യ എതിരാളിയായ വലതുപക്ഷ പ്രതിപക്ഷ സ്ഥാനാർത്ഥി സോചിറ്റി ഗാൽവേസിന് 28.9 ശതമാനം വോട്ടുകള്‍ കിട്ടി. വലതുപക്ഷ സ്ഥാനാർത്ഥിയെക്കാൾ ഇരട്ടിയിലധികം വോട്ടുകൾ ലഭിച്ചു എന്നതുകൊണ്ട് മൊറേന തൂത്തുവാരി എന്ന് പറയുന്നതാകും ശരി. 

മെക്സിക്കോയുടെ ചരിത്രത്തിൽ രാജ്യത്തിന്റെ ഉന്നത പദവിയിലെത്തുന്ന ആദ്യ വനിതയാണ് ക്ലോഡിയ ഷെയ്ൻബോം. പരിസ്ഥിതി ശാസ്ത്രജ്ഞർ ചേർന്നുള്ള സർക്കാരിതര സംഘടനയുടെ ഭാഗമായി നൊബേൽ സമ്മാനം പങ്കിട്ടവരാണ് അവർ. കഴിഞ്ഞ ആറ് വർഷക്കാലം മെക്സിക്കോയുടെ പ്രസിഡന്റ് പദവി വഹിക്കുകയും രാജ്യത്തിന്റെ സമ്പദ്ഘടന മാറ്റിമറിക്കുകയും ചെയ്ത അംലോ എന്ന പേരിൽ വിഖ്യാതനായ ഒബ്രഡോറാണ് ഷെയ്ൻബോമിനെ തന്റെ പിൻഗാമിയായി നിർദേശിച്ചത്. അത് മൊറേന അംഗീകരിക്കുകയായിരുന്നു. 2024ൽ കാലാവധി അവസാനിക്കുന്ന അംലോ ജനങ്ങളുടെ ജീവിതം വളരെയധികം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയുണ്ടായി. അതിലൂടെ സാധാരണ ജനവിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് നേടാനായ അംഗീകാരത്തിനുള്ള പ്രത്യുപകാരമാണ് മൊറേനയുടെ പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ വിജയത്തിലൂടെ ജനങ്ങള്‍ നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ നീണ്ടുനിന്ന ഏഴുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ജൂൺ നാലിന് ഫലപ്രഖ്യാപനവുമുണ്ടായി. 97.2 കോടി വോട്ടർമാരിൽ 64.2 കോടി പേർ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടെടുപ്പിൽ 2014 മുതൽ 10 വർഷമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഞെട്ടലുണ്ടാക്കുന്ന വിധിയാണ് നൽകിയത്. 17-ാം ലോക്‌സഭയിൽ 543ൽ 303 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയെ കേവല ഭൂരിപക്ഷമായ 272ൽ നിന്നും താഴ്ത്തി 240ലേക്ക് ഒതുക്കി. എങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽതന്നെ ഭരണം ആരംഭിച്ചിരിക്കുകയാണ്. അപ്പോഴും കേവല ഭൂരിപക്ഷമായ 272ന്റെ കൂടെ 20 കൂടി ചേർത്തുള്ള 292 അംഗങ്ങളുടെ പിന്തുണ മാത്രമേ അദ്ദേഹത്തിനുള്ളൂ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ബിജെപി തകർന്ന അവസ്ഥയിലെത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുർബലമാകുകയും ചെയ്തിരിക്കുന്നു. അതേസമയം ഇന്ത്യ സഖ്യം കൂടുതൽ കരുത്ത് നേടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാരിന്റെ മുന്നോട്ടു പോക്ക് സുഗമമായിരിക്കില്ല. പ്രത്യേകിച്ച് ബിജെപി അംഗസംഖ്യ കുറഞ്ഞ പശ്ചാത്തലത്തിലും ഉചിതമായ സമയത്ത് യുക്തമായ തീരുമാനങ്ങളെടുക്കുമെന്ന് ഇന്ത്യ സഖ്യം നിലപാടെടുത്ത സാഹചര്യത്തിലും.
മൂന്ന് രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ വോട്ടർമാർ അതാത് രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികളും സർക്കാരുകളുടെ പ്രവർത്തനങ്ങളും അടിസ്ഥാന യാഥാർത്ഥ്യങ്ങളും വിലയിരുത്തിയുള്ള വിധിയെഴുത്താണ് നടത്തിയത് എന്ന് വ്യക്തമാണ്. ദക്ഷിണാഫ്രിക്കയിലെയും ഇന്ത്യയിലെയും നിലവിലുള്ള സർക്കാരുകളെ ജനങ്ങൾ ശിക്ഷിച്ചപ്പോൾതന്നെ അവർക്ക് തുടർന്നു ഭരിക്കുവാനുള്ള അവസരമൊരുക്കി. മെക്സിക്കോയിൽ മൊറേന സഖ്യത്തിന് അവരുടെ മെച്ചപ്പെട്ട പ്രകടനത്തിന് വലിയ പിന്തുണ നൽകി ജനങ്ങൾ പ്രത്യുപകാരം നൽകുകയും ചെയ്തു. മൂന്നിടങ്ങളിലെയും ജനങ്ങൾ മികച്ച ഭരണത്തിന് പിന്തുണയും പിന്നോട്ടുപോയവർക്ക് ശിക്ഷയും നൽകിക്കൊണ്ട് ജനാധിപത്യത്തെക്കുറിച്ചുള്ള മെച്ചപ്പെട്ട ധാരണയാണ് പ്രകടമാക്കിയത്.
യൂറോപ്പിനെ പോലെ മെക്സിക്കോയിലും ദക്ഷിണാഫ്രിക്കയിലും വലതുപക്ഷത്തേക്ക് ചായ്‌വുണ്ടായില്ല. ഇന്ത്യയിലും മെക്സിക്കോയിലും വലതുപക്ഷത്തിന് തിരിച്ചടി നേരിടുകയും ചെയ്തു. അതുകൊണ്ടുതന്നെ മൂന്ന് ഭൂഖണ്ഡങ്ങളിലെ മൂന്ന് രാജ്യങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകൾ പൗരന്മാരുടെ ഉന്നതമായ ജനാധിപത്യ ബോധത്തിന്റെ വ്യാപ്തിയാണ് അടയാളപ്പെടുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.