22 December 2024, Sunday
KSFE Galaxy Chits Banner 2

ഹരിതാഭമായ നവകേരളത്തിലേക്ക്

പിണറായി വിജയന്‍
മുഖ്യമന്ത്രി
June 4, 2024 4:22 am

കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യരെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനാചരണം കടന്നുവരുന്നത്. ഭൂപുനഃസ്ഥാപനം, മരുവൽക്കരണം തടയൽ, വരൾച്ചാ പ്രതിരോധം എന്നീ മൂന്ന് കേന്ദ്ര വിഷയങ്ങളിലൂന്നിയാണ് ഇക്കൊല്ലത്തെ പരിസ്ഥിതിദിന പരിപാടികൾ ലോകമെമ്പാടും നടക്കുന്നത്. 2021 മുതൽ ഒരു ദശാബ്ദക്കാലം പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പതിറ്റാണ്ടായി യുഎൻഇപി പ്രഖ്യാപിച്ചിട്ടുള്ളതിന്റെ ഭാഗമായാണ് ഈ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രളയവും പ്രളയസമാനമായ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭങ്ങളും ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ തുടർച്ചയായി നേരിടേണ്ടിവരുന്ന നാളുകളിലൂടെയാണ് കടന്നുപോകുന്നത്. ഇവയൊന്നും ഒറ്റപ്പെട്ടതല്ലെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും വിദഗ്ധർ ജാഗ്രതപ്പെടുത്തുന്നു. 2016ന് ശേഷം എൽ നിനോ പ്രതിഭാസം ഇന്ത്യയിൽ അനുഭവപ്പെട്ടത് 2023–24 കാലഘട്ടത്തിലാണ്. 2024ലെ വരൾച്ചയും കൊടിയ ചൂടും ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ ഇപ്പോൾ ‘ലാ നീനാ’ പ്രതിഭാസത്തിലേക്ക് മാറിയിട്ടുണ്ട്. ഇത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്ന തരത്തിൽ കുറഞ്ഞ സമയംകൊണ്ട് ശക്തമായ മഴ ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഇതിന്റെ ദുരിതം സംസ്ഥാനത്ത് പലയിടത്തും നേരിടേണ്ടി വന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇത്തരം രൂക്ഷമായ ദുരിതങ്ങൾ സൃഷ്ടിക്കുന്ന പ്രതിഭാസങ്ങൾ ആവർത്തിക്കാനുള്ള സാധ്യത വർധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനും ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ സംസ്ഥാനത്തിന്റെ സാധ്യമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നേരിടാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഏറ്റെടുക്കാനുള്ള ചുമതലകളെക്കുറിച്ചും കൈവരിക്കാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും ശാസ്ത്രീയവും ഭാവനാപൂർണവുമായ കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാർ പാരിസ്ഥിതിക മേഖലയിൽ ഇടപെടുന്നത്. കഴിഞ്ഞ എട്ടു വർഷമായി കേരളത്തെ പരിസ്ഥിതി സൗഹാർദ സംസ്ഥാനമാക്കുന്നതിനുള്ള നയതീരുമാനങ്ങൾ, നിയമ ഭേദഗതികൾ, പുതിയ പദ്ധതികൾ എന്ന നിലയിലൊക്കെയുള്ള വിവിധ ശ്രമങ്ങൾ നടത്തിവരികയാണ്.
ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം വരുംമുമ്പ് 2016ൽ തന്നെ സംസ്ഥാന സർക്കാരിനുകീഴിൽ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്കായി ഹരിതകേരളം മിഷൻ രൂപീകരിച്ചിരുന്നു. 2018ലെ പ്രളയ ദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടി വന്ന ഭൂപ്രദേശങ്ങളെ വീണ്ടെടുക്കുന്നതിനും ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ സംരക്ഷിക്കുന്നതിനും ആവർത്തിക്കപ്പെടുന്ന പ്രകൃതി ക്ഷോഭങ്ങളെ പതിരോധിക്കുന്നതിനും ലക്ഷ്യംവച്ചുകൊണ്ട് രൂപം നല്‍കിയ കേരള പുനർനിർമ്മാണ പദ്ധതിയിലൂടെ വിപുലമായ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 

സംസ്ഥാനത്തിന്റെ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ ഒരോ പ്രദേശത്തിനും അനുയോജ്യമായ സൂക്ഷ്മതലത്തിലുള്ള ഇടപെടലുകളാണ് പ്രായോഗികവും അഭികാമ്യവും. ഇന്ത്യയിൽ ഏറ്റവും കാര്യക്ഷമമായി അധികാര വികേന്ദ്രീകരണം നടപ്പാക്കിയിട്ടുള്ള കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പ്രായോഗിക പ്രവർത്തനങ്ങൾ നടപ്പാക്കണം എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകയ്യിൽ പരിസ്ഥിതി പുനഃസ്ഥാപനം ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനാണ് ഹരിത കേരളം മിഷൻ നേതൃത്വം നൽകുന്നത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ നമ്മുടെ പരിസ്ഥിതിക്കേറ്റ ആഘാതങ്ങൾ മൂലം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട് കേരളത്തിന്റെ ജൈവ വൈവിധ്യവും. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നാടിനെ ഹരിതവല്‍ക്കരിക്കാൻ എടുത്ത നടപടികൾ ഭാവിയെക്കൂടി കണക്കിലെടുത്തു കൊണ്ടുള്ളവയാണ്. സംസ്ഥാനത്തിന്റെ ഹരിതാവരണം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന ബോധ്യത്തിൽ നിന്നാണ് “അതിജീവനത്തിനായി പ്രാദേശിക ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്തുകൾ’ എന്ന പദ്ധതി ഹരിത കേരളം മിഷനിലൂടെ ഏറ്റെടുത്തത്. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളിൽ കാർബൺ ഡയോക്സെെഡിന്റെ അളവ് നിയന്ത്രിച്ചു നിർത്താനുള്ള വൃക്ഷങ്ങളുടെ കഴിവിനെ പ്രയോജനപ്പെടുത്തലാണ് പ്രവർത്തനതത്വം. നിലവിലുള്ള കാർഷിക ഭൂമിയുടെയോ വന ഭൂമിയുടെയോ ഘടനയ്ക്ക് മാറ്റം വരുത്താതെ, വിവിധ ഭാഗങ്ങളിൽ തരിശിട്ടിരിക്കുന്ന പൊതു/സ്വകാര്യ സ്ഥലങ്ങളിൽ, ആ പ്രദേശത്തിന്റെ സവിശേഷതകൾക്ക് ഇണങ്ങുന്ന വൃക്ഷങ്ങൾ നട്ടുവളർത്തി രൂപപ്പെടുത്തുന്ന ചെറുവൃക്ഷക്കൂട്ടങ്ങളെയാണ് പച്ചത്തുരുത്ത് എന്ന് വിളിക്കുന്നത്.
അര സെന്റ് മുതൽ ഭൂമിയിൽ രൂപപ്പെടുത്താൻ കഴിയുന്ന ജൈവവൈവിധ്യത്തിന്റെ തുരുത്തുകളാണ് വികസിപ്പിക്കപ്പെടുന്നത്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ചെറുവനങ്ങൾ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്ത് കാർബൺ കലവറകളായി മാറും. അന്തരീക്ഷ താപനില നിയന്ത്രിക്കാനും പക്ഷികളും ഷഡ്പദങ്ങളും ഉൾപ്പെടെയുള്ള ജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥയായി മാറാനും അതിലൂടെ പാരിസ്ഥിതിക സംരക്ഷണത്തിൽ വലിയ സംഭാവനകൾ നൽകാനും പച്ചത്തുരുത്തുകൾക്ക് കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഔഷധ സസ്യങ്ങളോ ഫലവൃക്ഷങ്ങളോ ആകാം. നിലവിലുള്ള കാവുകളുടെയും കണ്ടൽക്കാടുകളുടെയും സംരക്ഷണം പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഉചിതമായ സ്ഥലങ്ങൾ കണ്ടെത്തി, തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. 

2019 ജൂൺ അഞ്ചിലെ ലോക പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് ആറ് സെന്റ് ഭൂമിയിൽ തുടക്കം കുറിച്ച പച്ചത്തുരുത്ത് പദ്ധതി അഞ്ചു വർഷം കൊണ്ട് 856.23 ഏക്കറിലായി 2,950 പച്ചത്തുരുത്തുകളായി വ്യാപിച്ചു. എന്നാൽ പച്ചത്തുരുത്തുകളുടെ കാര്യത്തിൽ ഇനിയുമേറെ സാധ്യതകളാണ് സംസ്ഥാനത്തുള്ളത്. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 1000 പച്ചത്തുരുത്തുകളുടെ വ്യാപനത്തിനുള്ള ബൃഹദ് പരിപാടിയാണ് ഹരിത കേരളം മിഷന്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. ജൈവവൈവിധ്യത്തിന്റെ കലവറയായ കാവുകൾ, തീരസംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ കണ്ടലുകൾ എന്നിവ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും പച്ചത്തുരുത്തിന്റെ ഭാഗമാണ്. അതോടൊപ്പം പരമാവധി അനുയോജ്യമായ ഇടങ്ങളിൽ തണൽ വൃക്ഷങ്ങൾ നട്ടു സംരക്ഷിക്കുന്നതിനുള്ള വിപുലമായ പ്രവർത്തനവും ജനപങ്കാളിത്തത്തോടെ നടപ്പാക്കും.
2050ൽ ലക്ഷ്യമിട്ടിട്ടുള്ള നെറ്റ് സീറോ കാർബൺ കേരളം എന്ന അവസ്ഥ കൈവരിക്കുന്നതിൽ പച്ചത്തുരുത്തുകൾക്ക് സുപ്രധാന പങ്കുവഹിക്കാനാകും. ഇതുവരെ സ്ഥാപിച്ച പച്ചത്തുരുത്തുകളെ സംബന്ധിച്ച് ഹരിത കേരളം മിഷൻ ഈ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ അവസ്ഥാപഠനത്തിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവൽക്കരണ‑കൃഷി വകുപ്പുകള്‍, ഔഷധസസ്യ ബോർഡ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്രു ടോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, ഫോറസ്ട്രി കോളജ് തുടങ്ങിയവയും പച്ചത്തുരുത്ത് വ്യാപനപരിപാടികളിൽ പങ്കാളികളാവുകയാണ്.
91 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായാണ് ഇപ്പോൾ നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ നടന്നുവരുന്നത്. അവിടങ്ങളിലെ എല്ലാ വാർഡുകളിലും പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സാധാരണ ജീവിതത്തിന്റെ താളം തെറ്റിക്കുകയും നാടിന്റെ വികസനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്ന പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ നിസഹായരായി നിൽക്കുകയല്ല വേണ്ടത്. ലഭ്യമായ പ്രകൃതി വിഭവങ്ങളെ വിവേകപൂർവം ഉപയോഗിച്ചും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിച്ചും പരിസ്ഥിതി നാശത്തിനെതിരെ ക്രിയാത്മകമായ സമീപനവും പ്രവർത്തനങ്ങളും സ്വീകരിക്കണം. ആ ചുമതലയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇത്തരമൊരു ബൃഹദ് ക്യാമ്പയിനിലൂടെ കഴിഞ്ഞ എട്ടു വർഷം കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, വിവിധ പദ്ധതികളുടെ ഏകോപനത്തിലൂടെയും ജനകീയ പിന്തുണയോടെയും 70,000ത്തിലധികം കിലോമീറ്റർ നീർച്ചാലുകളും 400 കിലോ മീറ്ററിലധികം പുഴകളും വീണ്ടെടുത്തുകൊണ്ട് നാം ലോകത്തിനു മുന്നിൽ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.
ഹരിത കേരളം മിഷന്റെ മുൻകയ്യിൽ ജനകീയ പുഴ പുനരുജ്ജീവനത്തിന്റെ ഐതിഹാസിക ചരിതമാണ് രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വരൾച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും ആഘാതങ്ങളിൽ നിന്നും പ്രതിരോധം തീർക്കുന്നതിനുള്ള ഇടപെടൽ എന്ന നിലയിൽ 342 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മിഷന്റെ പിന്തുണയോടെ നടക്കുന്ന ജലബജറ്റ് പ്രവർത്തനവും തുടർനടപടികളും മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. തരിശു ഭൂമിയിൽ സാധ്യമായ ഇടങ്ങളിലൊക്കെ കൃഷി വ്യാപിപ്പിക്കുകയും തണ്ണീർത്തടങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ സംരക്ഷണം ഉറപ്പാക്കുകയും പ്രകൃതിദത്തമായ ആവാസ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഇടപെടലുകളാണ് ആവശ്യം. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന നേട്ടങ്ങൾ നിലനിർത്താനും വരും തലമുറകൾക്ക് കൈമാറാനും കഴിയണം. 

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതിയുടെ സുസ്ഥിരതയും രാഷ്ട്രീയ വിഷയങ്ങൾ കൂടിയാണ്. മുതലാളിത്തത്തിന്റെ അന്തമില്ലാത്ത ദുരാർത്തി പ്രകൃതിക്കുമേൽ സമാനതകളില്ലാത്ത ചൂഷണം അടിച്ചേല്പിച്ചതിന്റെ കൂടി സൃഷ്ടിയാണ് കാലാവസ്ഥാ വ്യതിയാനവും അതുണ്ടാക്കുന്ന ദുരന്തങ്ങളും. ലോകത്താകമാനമുള്ള ദരിദ്ര ജനതയെ കൂടുതൽ ദരിദ്രരും നിസഹായരും ആക്കുന്ന പ്രകൃതി ചൂഷണത്തിനെതിരെ രാഷ്ട്രീയ പോരാട്ടവും ഉണ്ടാവേണ്ടതുണ്ട്. അതോടൊപ്പം പാരിസ്ഥിതിക നീതി എല്ലാവർക്കും ഉറപ്പുവരുത്താനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വേണം. കാലാവസ്ഥാ ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കുന്ന കൃഷിരീതികൾ സ്വായത്തമാക്കുകയും നാട്ടറിവും സാങ്കേതിക ജ്ഞാനവും തുടങ്ങി ലഭ്യമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ലഭ്യമായ ജലവും മണ്ണും അടക്കം പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ നേരിടാൻ കഴിയുന്ന തരത്തിൽ സ്വന്തം ഉത്തരവാദിത്തങ്ങൾ ബോധ്യപ്പെടുത്തി ജനങ്ങളെ സജ്ജരാക്കണം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ ശക്തമാക്കിക്കൊണ്ടും പരിസ്ഥിതിയെ അറിഞ്ഞും ആദരിച്ചുമുള്ള ജീവിത ശൈലി രൂപപ്പെടുത്തിയും നടപ്പാക്കേണ്ട വികസനമാണ് നാടിനാവശ്യം. നാടിനെ പുനർനിർമ്മിക്കാനുള്ള മഹായജ്ഞത്തിലൂടെ ഹരിതാഭമായ നവകേരളത്തിലേക്ക് നമുക്ക് മുന്നേറാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.