12 April 2025, Saturday
KSFE Galaxy Chits Banner 2

നമുക്കുമൊരു പാഠപുസ്തകമാകാം

ലില്ലി തോമസ് പാലോക്കാരന്‍
April 6, 2025 4:40 am

മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്കായി ‘മൃതദേഹം (cadav­er) ദാനം’ ചെയ്തു എന്നതിനെ ഇന്നും സമൂഹത്തിലെ ഒരുവിഭാഗം വിവക്ഷിക്കുന്നത്, നിലനിൽക്കുന്ന എല്ലാ ആചാരാനുഷ്ഠാനങ്ങൾക്കും മതാചാരങ്ങൾക്കും എതിരാണെന്നും നൽകുന്ന വ്യക്തി പിന്തിരിപ്പൻ ആശയങ്ങളുടെ വക്താവാണെന്നുമാണ്. എന്നാൽ, മൃതശരീരം, മെഡിക്കൽ പഠനത്തിനായി ദാനം ചെയ്യുന്നതിലൂടെ നമ്മൾ വിലമതിക്കാനാവാത്ത ഒരു പാഠപുസ്തകമായി മാറുകയാണ്. ദാനം ചെയ്യുന്നതോടുകൂടി അത് വിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി രൂപാന്തരപ്പെടുകയാണെന്ന പരമവും നിത്യവുമായ സത്യം പലരും അറിയാതെ പോകുന്നു. ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ആദ്യ പാഠപുസ്തകം കൂടിയാണതെന്ന് ലോകം അറിഞ്ഞിരിക്കണം. ഒരു മെഡിക്കൽ വിദ്യാർത്ഥി, തന്റെ പഠന ജീവിതത്തിൽ മനുഷ്യ ശരീരത്തെക്കുറിച്ച് കേൾക്കാനും കാണാനും സ്പർശിക്കാനും തുടങ്ങുന്നത് ഒരു കഡാവറിലൂടെയാണ് (മൃതശരീരം). അതാണ് അവരുടെ ആദ്യ പാഠപുസ്തകവും. ആദ്യമായി തന്റെ സ്കൂൾ കാണാനും തൊടാനും അനുഭവിക്കാനുമുള്ള ആവേശവും ആകാംക്ഷയും നിശ്ചയമായും ഓരോ വിദ്യാർത്ഥിയിലും ഉണ്ടായിരിക്കും; അതിന്റെ ഉൾക്കിടിലവും അവരനുഭവിക്കുന്നുണ്ടാകും. ആ അവസ്ഥ തന്നെയാണ് ഓരോ മെഡിക്കൽ വിദ്യാർത്ഥിയുടെയും കഡാവർ സ്പർശനാനുഭവവും. വർഷങ്ങളുടെ പാഠശാലാനുഭവങ്ങൾ ഉള്ള കുട്ടികളായതുകൊണ്ട് അതിന്റേതായ ജ്ഞാനവിജ്ഞാനാനുഭവങ്ങള്‍ അവരിലുണ്ടാകും. അത് കുട്ടിത്തത്തിൽ നിന്നും വളരെ വ്യത്യസ്തവുമായിരിക്കുമല്ലൊ. മെഡിക്കൽ പഠനത്തിനായെത്തുന്ന കുട്ടികളിലും അവരുടേതായ ശൈലിയും ഉണ്ടായിരിക്കും.

തൃശൂർ മെഡിക്കൽ കോളജ് അനാട്ടമി ഡിപ്പാർട്ട്മെന്റിലെ കഡാവർ സൂക്ഷിച്ചിരിക്കുന്ന ചുമരിൽ തൂക്കിയ ഒരു ബോർഡ് എന്നെ വല്ലാത സ്പർശിച്ചു. ഇന്നേവരെ കേട്ടതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു അവസ്ഥയാണ് അന്നേരം അനുഭവപ്പെട്ടത്. അതാണ് ഈ കുറിപ്പിനാധാരം. ബോർഡിൽ എഴുതിയിരുന്ന വാക്കുകൾ ഇംഗ്ലീഷിലായിരുന്നു. “സമാധാനപരവും മാന്യവുമായ നിത്യവിശ്രമം” (The most peace­ful and eter­nal rest) എന്നായിരുന്നു കുറിപ്പ്.
ഇന്നുവരെ ഒരു ശവക്കല്ലറയിലോ ശവക്കോട്ടയിലോ ശ്മശാനത്തിലോ കണ്ടിട്ടില്ലാത്ത ആ വാക്കുകൾ, എന്നെ ഹഠാദാകർഷിച്ചു. ഒരു പാഠപുസ്തകമായി രൂപാന്തപ്പെടുക എന്ന ആഗ്രഹത്തോടെ, അതിനെക്കുറിച്ച് കുറേ വർഷങ്ങളുടെ ആഴമായ പഠനം നടത്തി. അതിനുശേഷമാണ് മൃതശരീരം മെഡിക്കൽ കോളജിലേക്ക് ദാനം നല്‍കാന്‍ തയ്യാറായുള്ളൂ. തുടർപഠനത്തിലൂടെയും ആഴത്തിലും മനസിലാക്കിയപ്പോൾ, ഇത്രയ്ക്കും മഹത്തായ മഹാദാനമാണ് നടത്തിയതെന്നതിൽ അഭിമാനിക്കുന്നു. കെ രാജൻമാഷ്, തലോറിന്റെ നേതൃത്വത്തിലുള്ള ‘അനന്തരം’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് മൃതശരീരം മെഡിക്കൽ കോളജിലേക്ക് ദാനം നല്‍കുന്നതിനായി പ്രവർത്തിക്കുന്നതും സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതും സാമൂഹിക ദൗത്യത്തിന്റെ ഭാഗമായി കാണാന്‍ ഇപ്പോള്‍ സാധിക്കുന്നു. മതാനുഷ്ഠാനങ്ങളിൽ തെല്ല് ഭയമുണ്ടെങ്കിലും അവിടെനിന്നും അകന്നുനിൽക്കുന്നതുകൊണ്ട് സുഹൃത്തുക്കളെ തീവ്രമായി പ്രേരിപ്പിക്കാനില്ലെങ്കിലും മൃതശരീരം മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവശ്യഘടകവും ആദ്യ പുസ്തകവുമാണ് എന്ന് എല്ലവരെയും ബോധവൽക്കരിക്കാൻ ശ്രമിക്കുന്നത് പൗരദൗത്യമായി കാണുന്നു. മൃതശരീരത്തെ തൊടും മുമ്പേ വിദ്യാർത്ഥികൾ ഒരു പ്രതിജ്ഞയെടുക്കുന്നു. മൃതശരീരം ദാനം ചെയ്യുന്നതിനും ചില നിയമാവലികളുണ്ട്. 

ഓരോ വ്യക്തിയും, തന്റെ ശരീരം ദാനം ചെയ്യുമ്പോൾ, വൈദ്യശാസ്ത്രത്തിന്റെ ഭാവിയെയും നന്മയേയും ശക്തിപ്പെടുത്തുകയും ജീവൻ രക്ഷിക്കാൻ സഹായകമാകുകയും ചെയ്യുന്നു. മരണശേഷം ശരീരം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ചില നിയമാവലികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. തന്റെ മൃതശരീരം നൽകുന്നു എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രേഖാമൂലം അപേക്ഷ സമർപ്പിക്കണം. അത് മെഡിക്കൽ കോളജിന്റെ അനാട്ടമി ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിക്കും. മരണശേഷം ഈ പ്രക്രിയയിൽ ബന്ധപ്പെട്ടവർ പങ്കാളികളാകേണ്ടതിനാൽ, കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും ശരീരം ദാനം ചെയ്യാനുള്ള നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് അറിയിക്കേണ്ടതും അവരുടെ സമ്മതവും വളരെ പ്രധാനമാണ്. ദാതാവിന്റെയും ബന്ധപ്പെട്ടവരുടെയും സമ്മതത്തോടെ അനുബന്ധ രേഖകള്‍ നല്‍കി മെഡിക്കൽ കോളജ് അനാട്ടമി ഡിപ്പാർട്ട്മെന്റിൽ നിന്നും, രജിസ്റ്റർ ചെയ്യിച്ച് ഐഡിന്റിറ്റി കാർഡ് വാങ്ങാം. മരണശേഷം ആറ് മണിക്കൂറിനകം, മൃതശരീരം മെഡിക്കൽ കോളജ് അനാട്ടമി ഡിപ്പാർട്ട്മെന്റിലെത്തിക്കണം. ശരീരദാനം മെഡിക്കൽ വിദ്യാഭ്യാസം, ക്ലിനിക്കൽ പ്രാക്ടീസ്, ഗവേഷണം എന്നിവയ്ക്കായാണ് ഉപയോഗപ്പെടുത്തുന്നത്. ആചാരപരമായ അനുഷ്ഠാന കർമ്മങ്ങളായി കത്തിച്ചു കളയുന്നതിലും, കല്ലറയിൽ അടക്കുന്നതിലും എത്രയോ മഹത്തരമാണ് ശരീരദാനം. ലോകത്തിന്റെ പുരോഗതിയിലേക്കും വളർച്ചയിലേക്കുമുള്ള പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായിത്തീരുകയാണ്. മരണശേഷം നാമൊരു പാഠപുസ്തകമായി രൂപാന്തപ്പെടുകയാണ്. നമ്മളാൽ സാധ്യമാക്കാവുന്ന ഈ ജീവിതത്തിലെ ഏറ്റവും വലിയ കർമ്മപദ്ധതി തന്നെയാണിത്. ജാതിമത അനുഷ്ഠാനങ്ങൾക്കുപരിയായി, മനുഷ്യരായി ജീവിക്കുകയും ലോകപുരോഗതി നിലനിർത്താനായി നമ്മുടെയും ഒരു എളിയ സംരംഭം യാഥാർത്ഥ്യമാക്കുകയുമാണ് മൃതശരീരം മെഡിക്കൽ കോളജിലേക്ക് ദാനം നല്‍കുന്നതിലൂടെ ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.