ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ വളരെ നല്ല അയല്‍ക്കാരായതിനാല്‍, ഇന്ത്യയില്‍ നിന്ന് അവരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ മാത്രമേ ധാക്കയിലെ നേതാക്കളും വിശകലന വിദഗ്ധരും ഇടപെടാറുള്ളൂ. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ (എന്‍ഡിഎ) സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലേറിയ ശേഷം ബംഗ്ലാദേശിലെ പല നഗരങ്ങളിലും മാധ്യമങ്ങളിലും ഉഭയകക്ഷി ബന്ധം ഇനി എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയാന്‍ വലിയ താല്പര്യമുണ്ടുതാനും. അതിന് കാരണം മറ്റൊന്നുമല്ല, ടീസ്റ്റ നദിയിലെ വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച വിഷയം ബംഗ്ലാദേശിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഉഭയകക്ഷി ബന്ധം വളരെ മികച്ചതാണെങ്കിലും സാധാരണ ബംഗ്ലാദേശികള്‍ക്ക് ആശങ്കകളുണ്ട്. നിലവിലുള്ള സംയുക്ത പദ്ധതികളിലൂടെയും ഉഭയകക്ഷി വ്യാപാരത്തിലൂടെയും ഇന്ത്യ തങ്ങളിൽ നിന്ന് കൂടുതൽ ഇളവുകളും ആനുകൂല്യങ്ങളും നേടിയെടുത്തു എന്നാണ് അവരുടെ പൊതുവികാരം. ടീസ്റ്റ നദിയിലെ വെള്ളം വടക്കന്‍ ബംഗ്ലാദേശ് മേഖലയ്ക്ക് നല്‍കുന്നതില്‍ ഇന്ത്യ നിരന്തരം വീഴ്ചവരുത്തുന്നത് അവരെ പ്രകോപിതരാക്കിയിരിക്കുന്നു. ഇത് തങ്ങളെ ആത്യന്തികമായി അപമാനിക്കുന്നതാണെണ് ബംഗ്ലാദേശികള്‍ പറയുന്നു. യാതൊരു നീതികരണവും ഇല്ലാതിരുന്നിട്ടും സംയമനം പാലിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നും ഇന്ത്യ പതിവുപോലെ നടത്താറുള്ള പ്രസ്താവന പോലും ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലുണ്ടായ സംഭവവികാസങ്ങള്‍ കാരണം ജലം പങ്കുവയ്ക്കല്‍ തര്‍ക്കം സ്തംഭനാവസ്ഥയില്‍ തുടരുന്നത് ബംഗ്ലാദേശികളെ അലോസരപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ എതിര്‍പ്പ് ശക്തമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ നീതിപൂര്‍വം ഇടപെടുന്നില്ലെന്നാണ് ബംഗ്ലാദേശിന്റെ ആക്ഷേപം. വേനല്‍ക്കാലത്ത് ടീസ്റ്റയിലെ ജലം ബംഗ്ലാദേശിലേക്ക് തിരിച്ചുവിട്ടാല്‍ ബംഗാളിലെ വടക്കന്‍ ജില്ലകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമടക്കം ഉണ്ടാകുമെന്ന് മമതാ ബാനര്‍ജി ഭയപ്പെടുന്നു. മിക്ക വിദഗ്ധരും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മമതാ ബാനര്‍ജിയുടെ മേല്‍ സമ്മര്‍ദം ചെലുത്താത്തത് അസാധാരണ നടപടിയാണെന്ന് ബംഗ്ലാദേശിലെ രാഷ്ട്രീയ നേതാക്കളും സാധാരണക്കാരും ആരാേപിക്കുന്നു.
മമതാ ബാനര്‍ജി ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ്, അല്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയോ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയോ അത്രയും അധികാരമുള്ള വ്യക്തിയല്ല. ഇന്ത്യയിലെ ഭരണഘടനാ വിദഗ്ധരും അന്താരാഷ്ട്ര നിയമജ്ഞരും ടീസ്റ്റ ജല തര്‍ക്കം പരിഹരിക്കാന്‍ മുന്‍കൈ എടുക്കണമായിരുന്നുവെന്നും കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ബംഗ്ലാദേശിന്റെ വടക്കന്‍ ജില്ലകളില്‍ ശൈത്യകാലത്തു പോലും ചെറിയ നദികള്‍ വറ്റിവരണ്ട് കിടക്കുന്ന അവസ്ഥയാണുള്ളത്. കാർഷിക, മത്സ്യബന്ധന മേഖലകളില്‍ ദുരിതം വർധിച്ചുവരുകയാണ്. ഇക്കാര്യങ്ങള്‍ അവിടുള്ള മാധ്യമങ്ങൾ പതിവായി ഉയർത്തുന്ന വിഷയങ്ങളാണ്. പ്രത്യേക പാക്കേജിലൂടെയോ, കരാറിലൂടെയോ മറ്റേതെങ്കിലും നടപടിയിലൂടെയോ ബംഗ്ലാദേശിന് സാമ്പത്തികമായി നഷ്ടപരിഹാരം നൽകുക എന്നത് ഇന്ത്യക്ക് ചെയ്യാൻ കഴിയുമായിരുന്ന കാര്യമാണ്. ബംഗ്ലാദേശ് ചെറിയ രാജ്യമായതിനാല്‍ അത്തരത്തിലുള്ള യാതൊരു ഉദാരസമീപനവും ഇന്ത്യ സ്വീകരിച്ചില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ടീസ്റ്റ നദീജല തര്‍ക്കം വീണ്ടും ചര്‍ച്ചയാവുകയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്ത ബംഗ്ലാദേശ് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് അവരുടെ വിദേശകാര്യ മന്ത്രി ഹസൻ മഹമൂദിനോട് ചോദിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്തി ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ടീസ്റ്റയുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാരുമായി എന്തെങ്കിലും കരാർ ഉണ്ടാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമോ? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. രണ്ട് പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യ‑ബംഗ്ലാദേശ് ബന്ധം മുന്നോട്ട് പോകുമെന്നും മെച്ചപ്പെടുമെന്നുമായിരുന്നു മഹ്‌മൂദിന്റെ മറുപടി.
ഈ മാസം അവസാനമോ ജൂലൈയിലോ ഷെയ്ഖ് ഹസീന വീണ്ടും ഡൽഹി സന്ദർശിക്കുന്നുണ്ട്. ഒരു പക്ഷെ, ഫറാക്ക ജലപങ്കാളിത്ത കരാറിലെ നിലവിലുള്ള വ്യവസ്ഥകൾ പുതുക്കുന്നതും ഭേദഗതി ചെയ്യുന്നതും ഉൾപ്പെടെയുള്ള പുതിയ കരാറുകളിൽ അന്ന് ഒപ്പുവച്ചേക്കും. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന 54 അന്താരാഷ്ട്ര നദികളും/അരുവികളും ഉൾക്കൊള്ളുന്ന ഒരു വലിയ കരാറിന്റെ ഭാഗമാണിത്. ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള നേതാക്കളുമായും മമതാ ബാനര്‍ജി കടുത്ത ഭിന്നതയിലായതിനാല്‍ വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ ബംഗ്ലാദേശിന് അനുകൂലമായ യാതൊരു നിലപാടും സ്വീകരിക്കില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം ഹിമാലയത്തിൽ മൺസൂൺ കാലത്ത് ലഭിക്കുന്ന കനത്ത മഴ സംഭരിക്കുന്നതിന്, ഏകദേശം 100 കോടി ഡോളർ ചെലവിൽ ഒരു ജലസംഭരണി നിർമ്മിക്കുക എന്ന പഴയ നിർദേശം ഗൗരവമായി പരിഗണിക്കപ്പെടാനാണ് സാധ്യത.
അതിനിടെ 30 കോടി ഡോളറിന്റെ മൾട്ടി-ഡൈമൻഷണൽ സ്കീമിലൂടെ ടീസ്റ്റയിലെ വെള്ളത്തിന്റെ സുസ്ഥിരമായ ഒഴുക്ക് ഉറപ്പാക്കുന്നതിന് ബംഗ്ലാദേശിനെ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കാൻ ചൈന ഇതിനകം സന്നദ്ധത അറിയിച്ചതിനാൽ, പ്രശ്നപരിഹാരത്തിന് മറ്റൊരു വഴി കൂടി അവരുടെ മുന്നിലുണ്ട്. ഇന്ത്യ‑ചൈന ബന്ധം വഷളായതിനാല്‍ ചൈനയ്ക്കും അതില്‍ അതിയായ താല്പര്യം കാണും. ചൈനയുടെ പദ്ധതി സംബന്ധിച്ച് ബംഗ്ലാദേശില്‍ നിന്ന് ഒരു നിർദേശം വന്നാൽ ഇന്ത്യ അതിന്റെ ഭാഗമാകുമോ, അതോ ഈ മേഖലയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് അടുത്തിടെ പത്മ എന്ന കൂറ്റന്‍ പാലം നിർമ്മിച്ച് ബംഗ്ലാദേശിനെ കരകയറ്റിയതിന് പിന്നാലെ ഒരിക്കൽ കൂടി അവരെ സഹായിക്കുമോ എന്നാണ് കാത്തിരിക്കുന്നത്.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.