17 June 2024, Monday

കടമെടുക്കലിൽ നിയന്ത്രണം കടുപ്പിക്കുമ്പോൾ

കാനം രാജേന്ദ്രൻ
October 1, 2023 4:15 am

ഭരണഘടനയുടെ അനുച്ഛേദം 293 (3) പ്രകാരം വായ്പയെടുക്കുന്നതിനോ, ഗ്യാരന്റി ലഭ്യമാകുന്നതിനോ സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ അംഗീകാരം വാങ്ങേണ്ടതുണ്ട്. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നമാണിതുയർത്തുന്നത്. സംസ്ഥാനങ്ങൾക്ക് സ്വന്തം സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യാൻ സ്വാതന്ത്ര്യം നൽകണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്. 1987ലെ ചന്ദ്രമോഹനും സ്റ്റേറ്റ് ഓഫ് യുപിയും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിക്ക് ഇവിടെ പ്രസക്തിയേറുന്നു. യഥാർത്ഥത്തിൽ അനുച്ഛേദം 283 (2) നിയമനിർമ്മാണ സഭ ഉണ്ടാക്കിയ നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് അതിന്റെ പബ്ലിക് അക്കൗണ്ട് നിയന്ത്രിക്കാനുള്ള അധികാരം നൽകുന്നുണ്ട്. എന്നിട്ടും കടമെടുപ്പിന്റെ കാര്യത്തിലെ നിയന്ത്രണത്തിന്റെ, നിരോധനത്തിന്റെ ആവശ്യകത ഫെഡറൽ തത്വങ്ങൾക്കെതിരാണ്. കേന്ദ്ര സർക്കാർ മുൻകാലങ്ങളിൽ സംസ്ഥാനങ്ങളുടെ കടമെടുക്കലിന്റെ പരിധി നിശ്ചയിച്ചിരുന്നത് പൊതുകടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നിലവിൽ സംസ്ഥാനങ്ങൾക്ക് 3.5 ശതമാനം വായ്പയെടുക്കാനാണ് ധനകാര്യ കമ്മിഷന്റെ ശുപാർശ. സംസ്ഥാനങ്ങളുടെ വായ്പാപരിധി ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ കേന്ദ്ര സർക്കാരാണ് നിശ്ചയിക്കുക. അതുപ്രകാരം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് നടപ്പുസാമ്പത്തിക വർഷം വായ്പാപരിധിയായി നിശ്ചയിച്ചത്. ഇതനുസരിച്ച് കേരളത്തിന് 32,440 കോടി രൂപയുടെ അർഹതയാണ് കേന്ദ്ര സർക്കാർ കണക്കാക്കിയിട്ടുള്ളത്. പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം ഉൾപ്പെടെയുള്ള കണക്കും, ക്ഷേമ പെൻഷൻ നൽകാൻ രൂപീകരിച്ച ബോർഡും, കിഫ്ബി എടുത്ത വായ്പയുടെ ഒരു ഭാഗവും കണക്കാക്കിയാണ് കേന്ദ്രം അന്തിമ വായ്പാപരിധി നിശ്ചയിച്ചത്. 28,550 കോടി രൂപ വായ്പ എടുക്കാൻ സാധിക്കുമെന്ന ധാരണയോടെയാണ് സംസ്ഥാന സർക്കാർ ബജറ്റ് അവതരിപ്പിച്ചത്.

 


ഇതുകൂടി വായിക്കൂ; സാമൂഹ്യക്ഷേമ പെൻഷനും സാമൂഹ്യ സുരക്ഷയും


അന്തിമ കണക്കിൽ 32,951 കോടി രൂപയ്ക്ക് അർഹതയുണ്ടെന്ന് കേരളം വാദിച്ചു. ഡിസംബർ വരെ 23,000 കോടി പ്രതീക്ഷിച്ചിടത്ത് നിലവിൽ 15,390 കോടി രൂപ എടുക്കാനുള്ള അനുമതിയാണ് നൽകിയത്. ഈ നിയന്ത്രണം മൂലം യഥാർത്ഥത്തിൽ സാമ്പത്തിക ഉപരോധത്തിന് തുല്യമായ അവസ്ഥയാണ് സംജാതമാകുന്നത്. സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കുള്ള ധനസഹായം ലഭ്യമാകുന്ന സ്രോതസുകൾ അടയുന്നത് കാരണം ദരിദ്രർക്കായി ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികൾ, ഭരണം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെ ചെലവുകൾ നിർവഹിക്കാൻ കഴിയാതെ വരുന്നു. കേന്ദ്രം വെട്ടിക്കുറയ്ക്കന്നതിലൂടെ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിൽ വർഷം തോറും പതിനായിരക്കണക്കിനു കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധിയിലും 2021–22ൽ കേരളത്തിന്റെ ആഭ്യന്തര ഉല്പാദന സ്ഥിരവിലയിൽ 12.01 വളർച്ചയുണ്ടായിയെന്നത് ചരിത്രത്തിലാദ്യത്തെ നേട്ടമാണ്. മുൻ വർഷങ്ങളെക്കാൾ 2021–22ൽ സാമ്പത്തിക വളർച്ചയുടെ പ്രത്യേകത കാർഷിക അനുബന്ധ മേഖലയിൽ 6.7 ശതമാനവും വ്യാവസായിക അനുബന്ധ മേഖലകളിൽ 17.3 ശതമാനവും വളർച്ചയുണ്ടായിയെന്നതാണ്. മാനവ വികസന സമീപനത്തിൽ ഊന്നിയ സാമ്പത്തിക വികസനം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് വിഘാതമായി മാറുകയാണ് കേന്ദ്ര സർക്കാരിന്റെ സമീപനം. സംസ്ഥാനത്തിന്റെ കടമെടുക്കൽ ഏതോ വലിയ അപരാധമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. വ്യക്തികളുടെ കടമെടുക്കൽ പോലെ അല്ല സംസ്ഥാനങ്ങളുടെ കടമെടുക്കൽ. ആധുനിക കാലത്ത് സര്‍ക്കാരുകൾക്ക് തങ്ങളുടെ ഭരണപരമായ ആവശ്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും കടമെടുക്കേണ്ടതായി വരും. ”ഡെഫിസിറ്റ് ഫൈനാൻസിങ്” എന്ന ആശയത്തിന് വലിയ തോതിലുള്ള പ്രചാരം ലഭിച്ചതാണ്. 1930കളിൽ ലോകം അഭിമുഖീകരിച്ച സാമ്പത്തിക മാന്ദ്യം മറികടക്കാൻ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ എം കെയിൻസ് സമ്പദ് വ്യവസ്ഥയിൽ ഭരണകൂട ഇടപെടലുകളുടെ ആവശ്യകതയും ഡെഫിസിറ്റ് ഫൈനാൻസിങ്ങിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞിരുന്നു. 1930കൾക്കു ശേഷം അമേരിക്ക ഉൾപ്പെടെയുള്ള സമ്പദ്‌വ്യവസ്ഥകള്‍ക്ക് തിരിച്ചുകയറാൻ ഡെഫിസിറ്റ് ഫൈനാൻസിങ്ങിലൂടെ സാധിച്ചിട്ടുണ്ട്. വസ്തുത ഇങ്ങനെയായിരിക്കെ കേരളം സാമൂഹ്യക്ഷേമ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുമ്പോൾ അർഹമായ കടമെടുക്കലിന്റെ പരിധിയിൽപോലും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ശ്വാസംമുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ.

 


ഇതുകൂടി വായിക്കൂ; കേന്ദ്ര‑സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും കേരളത്തോടുള്ള അവഗണനയും


 

സാമ്പത്തിക വളർച്ച മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള രീതിശാസ്ത്രം പിന്തുടരുന്നതിന്റെ പോരായ്മയിലേക്കാണിത് വിരല്‍ചൂണ്ടുന്നത്. ജിഡിപി എന്ന അളവുകോൽ സാമ്പത്തിക നേട്ടത്തില്‍ മാത്രം കേന്ദ്രീകരിക്കുകയും കാലാവസ്ഥാ വ്യതിയാനം, വരുമാന അസമത്വം തുടങ്ങിയ ഘടകങ്ങളെ പൂർണമായി അവഗണിക്കുകയും ചെയ്യുന്നു. ആധുനിക സമ്പദ്‌വ്യവസ്ഥയിൽ ജനങ്ങളുടെ ക്ഷേമമാണ് വികസനത്തിന്റെ യഥാർത്ഥ പ്രതിഫലനമായി പരിഗണിക്കേണ്ടത്. സമൂഹത്തിലുടനീളമുള്ള വരുമാന വിതരണത്തിലുള്ള അസമത്വം ജിഡിപി അളവുകോലിനെ വെല്ലുവിളിക്കുന്നു. കോവിഡ് കാലഘട്ടത്തിൽപ്പോലും സഹസ്രകോടീശരന്മാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് ചെയ്തത്. വികസിത വികസ്വര രാജ്യങ്ങളിൽ ഒരുപോലെ അസമത്വത്തിന്റെ തോത് വർധിച്ചുകൊണ്ടിരുന്ന കോവിഡ് കാലത്ത്, ജിഡിപി എന്ന സൂചിക സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ അളവുകോലാണോയെന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. കേരളത്തിന്റെ വികസനത്തെ പരിമിതപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക സമീപനം തുറന്നു കാട്ടേണ്ടതായിട്ടുണ്ട്. സംസ്ഥാനം നേടിയെടുത്ത സാമൂഹിക പുരോഗതി നിലനിർത്തുന്നതോടൊപ്പം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വികസന സാധ്യതകളെയും വെല്ലുവിളികളെയും തിരിച്ചറിഞ്ഞുകൊണ്ട് വികസന നയം രൂപീകരിക്കേണ്ടതായിട്ടുണ്ട്. അതിനായി കേരളം ഭാവിയെ ലക്ഷ്യമാക്കി ഒരു പുതിയ സാമൂഹ്യസാമ്പത്തിക ബദൽ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയുടെ ധനകാര്യ ഫെഡറലിസത്തിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥയും സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കുന്ന ധനനയങ്ങളുംകൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം.

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയ്ക്കുള്ള 2023–24ലെ ഗ്രാന്റായ 284.31 കോടി രൂപ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം കേട്ടതായി ഭാവിക്കുന്നില്ല. കേരളത്തിന്റെ ദീർഘകാലത്തെ ആവശ്യമാണ് എയിംസ് അനുവദിക്കണമെന്നത്. അതിലും മുഖംതിരിഞ്ഞ് നിൽക്കുകയാണ് കേന്ദ്രം. റെയിൽവേ സോൺ, പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അവഗണനയിലാണ്. പാലക്കാട് കോച്ച് ഫാക്ടറി അനുവദിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ട് വർഷങ്ങളായി. കേരളത്തിൽ നിന്നാണ് ഏറ്റവുമധികം വരുമാനം റെയിൽവേക്ക് ലഭിക്കുന്നതെങ്കിലും സംസ്ഥാനത്തെ ട്രെയിനുകളിലെ കമ്പാർട്ടുമെന്റുകളുടെ എണ്ണം കുറയ്ക്കുകയാണ്. രാജ്യത്താകെ 23 വന്ദേഭാരത് എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന തീവണ്ടികൾക്കാണ്. തിരുവനന്തപുരത്ത് റെയിൽവേ മെഡിക്കൽ കോളജ് അനുവദിച്ചെന്ന് പ്രഖ്യാപിച്ചതാണ്. അതും ജലരേഖ.
കേരളത്തിനുള്ള റേഷൻ വിഹിതവും വെട്ടിക്കുറയ്ക്കപ്പെട്ടു. 16.25 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 14.25 മെട്രിക് ടണ്ണായിട്ടാണ് കുറവു വരുത്തിയത്. ഓണക്കാലത്തുപോലും ഒരു കിലോ അരി കൂടുതൽ നൽകിയില്ല. ഏറ്റവുമൊടുവിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച 13,000 കോടി രൂപയുടെ വിശ്വകർമ്മ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി. 7.06 കോടി തൊഴിൽ ദിനങ്ങൾ, പുതിയ റെയിൽവേ ലൈൻ, റോഡുകൾ, പാത ഇരട്ടിപ്പിക്കൽ, നഗരവികസനം ഇതൊക്കെ ഉൾപ്പെടുന്ന ഈ പദ്ധതിയിൽ കേരളമില്ല. സപ്ലൈകോ സ്റ്റോറിൽ രണ്ടോ മൂന്നോ ഉല്പന്നങ്ങളില്ലെന്ന് ദൃശ്യമാധ്യമങ്ങളിലൂടെ മുതലക്കണ്ണീർ പൊഴിക്കുന്ന യുഡിഎഫിനോ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കോ ഇതേക്കുറിച്ചൊന്നും അഭിപ്രായമില്ല. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയവ്യത്യാസമില്ലാതെ കേന്ദ്രത്തിൽ നിന്നും അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ ഒരുമിച്ച് നിൽക്കുമ്പോൾ കേരളത്തിലെ യുഡിഎഫും ബിജെപിയും രാഷ്ട്രീയ ശത്രുതയോടെയാണ് വികസനത്തെയും സംസ്ഥാന താല്പര്യങ്ങളെയും വീക്ഷിക്കുന്നത്. കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.