12 December 2025, Friday

സുവോളജിക്കൽ പാർക്ക് എന്ന പ്രകൃതി പഠനശാല

കെ രാജന്‍
റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി 
October 28, 2025 4:15 am

തൃശൂരിലെ മലയോര ഗ്രാമമായ പുത്തൂരും, ആഗോള വിനോദ സഞ്ചാരികൾക്ക് പുത്തനൊരു കേന്ദ്രമാവുകയാണ്. മുളം കാടുകളും കാട്ടുമരങ്ങളും അരുവികളും തോടുകളും പച്ചപ്പണിഞ്ഞ കുന്നിൻ ചെരിവുകളാൽ പ്രകൃതിരമണീയമായൊരുക്കിയ പുത്തൂരിലെ 338 ഏക്കർ വനഭൂമിയാണ് ഈ നാടിന്റെ വികസന സ്വപ്നങ്ങളുടെ പൂങ്കാവനമാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ മൃഗശാല എന്ന ഖ്യാതി തൃശൂർ സുവോളജിക്കൽ പാർക്കിനുണ്ട്. സ്വാഭാവിക വനഭൂമിയുടെ പ്രകൃതിഭംഗിക്ക് യാതൊരു കോട്ടവും തട്ടാതെയാണ് പാർക്കിൽ 23 ആവാസ ഇടങ്ങളും കാണാനെത്തുന്നവർക്കുള്ള പാതകളും ഒരുക്കിയിരിക്കുന്നത്. ലോകം കണ്ട ഏറ്റവും ശ്രദ്ധേയനായ ഓസ്ട്രേലിയൻ മൃഗശാലാ ഡിസൈനർ ജോൻ കോയുടെ രൂപകല്പനയിലാണ് സുവോളജിക്കൽ പാർക്ക് മൂന്ന് ഘട്ടങ്ങളായി നിർമ്മിച്ചെടുത്തത്. കാലത്തിനനുസരിച്ചും, പുത്തൂരിൽ എത്തിക്കുന്ന ജീവികളുടെ സംരക്ഷണത്തിനും, വിനോദ സഞ്ചാരികളുടെ സൗകര്യത്തിനും വേണ്ടി നവീകരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. തൃശൂർ മൃഗശാല മാറ്റം സംബന്ധിച്ച ആവശ്യങ്ങൾക്കും വർത്തമാനങ്ങൾക്കും കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും നഗരത്തിന് പുറത്തൊരു മൃഗശാല എന്ന ആശയം ഉയര്‍ന്നത് 2003ലാണ്. ആദ്യം രാമവർമ്മപുരത്തും പിന്നീട് പീച്ചിയിലും സ്ഥലം കണ്ടെത്താൻ ആലോചനയുണ്ടായി. 2006ലെ വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പുത്തൂരിലെ വനഭൂമിയിലേക്ക് തൃശൂർ മൃഗശാല മാറ്റി നിർമ്മിക്കാനുള്ള നടപടികൾ സജീവമാകുന്നത്. അന്നത്തെ ഒല്ലൂർ എംഎൽഎ രാജാജി മാത്യു തോമസ്, വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന് നൽകിയ നിവേദനം സർക്കാർ പരിഗണിച്ചു. 2006 ഒക്ടോബറിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. 2007 മാർച്ചിൽ റവന്യു വകുപ്പ് മന്ത്രി കെ പി രാജേന്ദ്രൻ, വനം മന്ത്രി ബിനോയ് വിശ്വം, മൃഗശാലാ മന്ത്രി എം എ ബേബി എന്നിവർ ഒരുമിച്ചിരുന്ന് വനേതര ഭൂമി കണ്ടെത്താൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. സ്ഥലം പരിശോധിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പ്രൊഫ. എം കെ പ്രസാദിന്റെ നേതൃത്വത്തിൽ 13 അംഗ വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തു. 

പുത്തൂരിലെ വനഭൂമിക്ക് പകരം, ഇടുക്കി ദേവികുളം താലൂക്കിലെ കട്ടക്കാമ്പൂരിൽ റവന്യു ഭൂമി കൈമാറാം എന്ന ധാരണയായി. എന്നാൽ ഈ ഭൂമി കുറിഞ്ഞിമല വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് എന്ന അവകാശവാദം വനം വകുപ്പിൽ നിന്നുണ്ടായത് പദ്ധതിക്ക് തടസമായി. 2009 മേയിൽ പുത്തൂരിലെ 124 ഹെക്ടർ ഭൂമി മൃഗശാലാ വകുപ്പിനും ഇടുക്കി കീഴാത്തൂർ വില്ലേജിലെ 124 ഹെക്ടർ റവന്യു ഭൂമി വനം വകുപ്പിനും കൈമാറിക്കൊണ്ട് റവന്യു വകുപ്പ് ഉത്തരവിറങ്ങി. തുടർന്ന് പ്രദേശത്തിന്റെ ചുറ്റുമതിൽ നിർമ്മാണം 2010 ജൂൺ അഞ്ചിന് പുത്തൂരിൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നിർവഹിച്ചു. പിന്നീട് അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വനം മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിലാണ്, മൃഗശാലാ വകുപ്പിൽ നിന്നും പുത്തൂരിലെ മൃഗശാലാ പ്രോജക്ട് വനം വകുപ്പിന്റെ കീഴിലേക്ക് മാറ്റിയത്. 2016ലെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് പുത്തൂരിന്റെ പ്രതീക്ഷകൾക്ക് പുത്തനുണർവ് വന്നത്. ഒല്ലൂർ എംഎൽഎ എന്ന നിലയിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞു. മൃഗശാല എന്നതിനേക്കാൾ സുവോളജിക്കൽ പാർക്ക് എന്ന ആശയത്തിന് മുൻഗണന നൽകി. മൃഗശാലയ്ക്കായി കണ്ട 124 ഹെക്ടർ ഭൂമി എന്നതിൽ നിന്ന് 336 ഏക്കർ ഭൂമിയിലേക്ക് സുവോളജിക്കൽ പാർക്ക് എന്ന പദ്ധതി എത്തിക്കുകയും ചെയ്തു. 2016 ജൂലൈ എട്ടിന് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ കിഫ്ബി വഴി ആദ്യം 150 കോടി അനുവദിച്ചു. ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന്റെ ഏറ്റവും സുപ്രധാന നാഴികക്കല്ലായി മാറി ഇത്. 2016 ഓഗസ്റ്റ് 12ന് പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണ ചുമതല സിപിഡബ്ല്യുഡിയെ ഏല്പിച്ച് സർക്കാർ ഉത്തരവിറക്കി. ഒല്ലൂർ എംഎൽഎ, വനം, ധനകാര്യം, ആസൂത്രണം വകുപ്പ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർമാർ, മ്യൂസിയം — മൃഗശാലാ വകുപ്പ് ഡയറക്ടർ, സ്പെഷ്യൽ ഓഫിസർ എന്നിവർ ഉൾപ്പെടുന്ന പദ്ധതി ഏകോപന സമിതിയെ സർക്കാർതല മേൽനോട്ടത്തിനായി 2016 നവംബറിൽ രൂപീകരിച്ചിരുന്നു. ഇത് പദ്ധതി വേഗതയ്ക്കുള്ള ഒരു നിരന്തര ഇടപെടലിനുള്ള അവസരമായി. 

2017 ജനുവരി 11ന് ചേർന്ന ഏകോപന സമിതി യോഗം നിർണായകമായിരുന്നു. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ക്വാർട്ടേഴ്സ് നിർമ്മാണങ്ങൾ ഉൾപ്പെടെ യാഥാർത്ഥ്യമാക്കി പദ്ധതി നിർവഹണം അതിവേഗം നടത്തി. ഒന്നാംഘട്ട നിർമ്മാണത്തിന്റെ ഭാഗമായി ഗ്രേറ്റ് ഏവിയറി പക്ഷിക്കൂടും, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയ്ക്കുള്ള ആവാസ ഇടങ്ങളും ഒരുക്കി. 2018 മാർച്ച് 17ന് ലഭിച്ച പാരിസ്ഥിതിക അനുമതിയാണ് ഏറ്റവും നിർണായകം. 2018 ഫെബ്രുവരി 15ന് വനം മന്ത്രി കെ രാജു നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ശിലാസ്ഥാപനം നിർവഹിച്ചു. 2018 ജൂൺ 29ന് കിഫ്ബിയിൽ നിന്നും 112.86 കോടി രൂപയുടെ അനുമതിയുണ്ടായി. ഓഗസ്റ്റ് എട്ടിന് 183.82 കോടിയുടെ നിർമ്മാണാനുമതിയും ലഭിച്ചു. 2019 ഫെബ്രുവരി രണ്ടിന് കിഫ്ബി രണ്ടാംഘട്ട നിർമ്മാണത്തിനായി 157.57 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. ആശുപത്രി കെട്ടിടം, ഐസലേഷൻ ആന്റ് ക്വാറന്റൈൻ സെന്റർ, അനിമൽ കിച്ചനുകൾ, പോസ്റ്റ്മോർട്ടം കെട്ടിടം എന്നിവയുടെ നിർമ്മാണം ഈ സമയത്ത് ആരംഭിച്ചു. അതിനിടെ, 2018 ഒക്ടോബർ 18ന് ലഭിച്ച കത്ത് പ്രകാരം, കേന്ദ്ര സർക്കാർ സുവോളജിക്കൽ പാർക്കിലെ നിർമ്മാണങ്ങൾ തടഞ്ഞത് ആശങ്കയുണ്ടാക്കി. കേന്ദ്രവുമായി കത്തിടപാടുകൾ നടന്നു. ഒരു കാരണവശാലും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടതില്ല എന്ന് അന്നത്തെ വനം മന്ത്രി കെ രാജുവുമായി കൂടിയാലോചിച്ച് സ്ഥലം എംഎൽഎ എന്ന നിലയിൽ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഇത് ഒന്നാം ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഉറപ്പായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ കൃത്യമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ 2019 ഫെബ്രുവരി 13ന് കോടതിയിൽ നിന്നും നിർമ്മാണാനുമതി നേടിയെടുത്തു. രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം 2019 മാർച്ച് രണ്ടിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് നിർവഹിച്ചത്. ഇതോടൊപ്പം പാർക്കിലേക്ക് ആവശ്യമായ ജല സംഭരണ, വിതരണത്തിനുള്ള സംവിധാനങ്ങളും ഒരുക്കി. 2020ലെ കോവിഡ് മഹാമാരി നിർമ്മാണ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. എൽഡിഎഫ് തുടർ സർക്കാരിൽ അംഗമായതോടെ ഇടപെടലുകൾക്ക് കരുത്തു കൂട്ടാനുള്ള അവസരമായി. സുവോളജിക്കൽ പാർക്കിന്റെ പ്രവർത്തന അംഗീകാരം 2022 മേയ് 19ന് നേടിയെടുത്തു. 

അംഗീകാരം ലഭിച്ചതോടെ തൃശൂരിൽ നിന്നും മൃഗങ്ങളെ പുത്തൂരിലേക്ക് എത്തിക്കുന്ന ഇടപെടലുകൾക്ക് വേഗം കൂട്ടി. 2023 സെപ്റ്റംബർ ആറിന് അനുമതിയും നേടിയെടുത്തു. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നടന്ന സംസ്ഥാന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് തൃശൂർ നഗരത്തിൽ നിന്നും പുത്തൂരിലേക്കുള്ള മൃഗശാലാ മാറ്റത്തിന്റെയും വേദിയായി. കിഫ്ബിയുടെ അകമഴിഞ്ഞ പിന്തുണയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം നടന്നു. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്നുള്ള 40 കോടി രൂപയും വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കപ്പെട്ടു. 17 കോടി രൂപ കൂടി കിഫ്ബിയിലൂടെ അനുവദിച്ചിട്ടുണ്ട്. സുവോളജിക്കൽ പാർക്കിലേക്കുള്ള കുട്ടനെല്ലൂർ — പുത്തൂർ മോഡൽ റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി പൂർത്തിയായി വരികയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക് പുത്തൂരിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ആ ധന്യനിമിഷം നാടിന്റെ വികസന സാക്ഷാത്കാരത്തിന്റെ കൊടിയേറ്റം കൂടിയാണ്. പുതിയ ഇടത്തിൽ തങ്ങളെ കാണാനെത്തുന്ന മനുഷ്യരുമായുള്ള ഇണക്കം കൂട്ടിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി രണ്ട് മാസക്കാലം ട്രയൽ റൺ കണക്കെ, നിയന്ത്രിത സന്ദർശനമായിരിക്കും. ജനുവരി മുതൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. ലോക നിലവാരത്തിലുള്ള ഒരു സുവോളജിക്കൽ പാർക്ക് എന്നതിനാൽ ഒരു വർഷം ശരാശരി 50 ലക്ഷം പേരെയാണ് അതിഥികളായി പ്രതീക്ഷിക്കുന്നത്. ഇത് നാടിന്റെ അടിസ്ഥാന, സാമ്പത്തിക പുരോഗതിക്കും ഗുണകരമാകും. ചെറുതും വലുതുമായ നിരവധി സംരംഭങ്ങളുടെ ഇടമായി സുവോളജിക്കൽ പാർക്കിന്റെ പ്രാന്തപ്രദേശങ്ങൾ മാറി കൊണ്ടിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.