17 April 2025, Thursday
KSFE Galaxy Chits Banner 2

കാലത്തിലൂടെ ഒരു തിരിഞ്ഞുനടത്തം

പി എ വാസുദേവൻ
കാഴ്ച
April 13, 2025 4:15 am

ലോകം മുഴുവനും വാർത്തകളാണ്. താരിഫ് യുദ്ധങ്ങൾ, ഉക്രെയ്ൻ യുദ്ധം, ഇസ്രയേൽ — പാലസ്തീൻ ഏറ്റുമുട്ടൽ, ട്രംപിന്റെ വമ്പൻ ഭ്രാന്തൻ പ്രവൃത്തികൾ… ആകെമൊത്തം ഇടിഞ്ഞുപൊളിഞ്ഞൊരു ലോകമാണ് മുന്നിൽ. മനുഷ്യന് നന്നാവണമെന്നില്ല. സ്വസ്ഥമായി കഴിയണമെന്നില്ല. ഒരല്പം ശ്രമിച്ചാൽ ചിന്തിച്ചാൽ നമുക്കൊക്കെ കഴിയാനുള്ള ഇടവും, വകയും ഈ ഭൂമിയിലുണ്ട്. എന്തുചെയ്യാം, സായ്പിന്റെ ഭാഷ കടമെടുത്തു പറഞ്ഞാൽ, അന്യന്റെ പാദത്തിൽ ചവിട്ടിയേ നില്‍ക്കൂ എന്ന് വാശി പിടിച്ചാലോ.
പിടിച്ചോട്ടെ, നമുക്കല്പം സ്വസ്ഥമായി ഒന്നു മാറിചിന്തിക്കാം. മേല്പറഞ്ഞ പ്രശ്നങ്ങൾക്കൊക്കെ വിടകൊടുത്ത്.
ഈയിടെയുണ്ടായ നല്ലൊരനുഭവം പറയാം. എന്റെ സ്വാസ്ഥ്യങ്ങളെ ഏറെ സംരക്ഷിച്ച ഒരു കൂട്ടായ്മയും കൂടിച്ചേരലുമൊക്കെയായിരുന്നു അത്. സംഭവത്തിലേക്ക് വരാം. ഇത് എന്താ ഇത്ര പറയാനെന്ന് ചിലർക്കൊക്കെ തോന്നാം. സാരമില്ല. പറയാതെവയ്യല്ലോ. വഴിതെറ്റി ചിന്തിക്കാനും ചിന്തിക്കുന്നതിന്റെ പിന്നാലെ പോയി അത് നടപ്പിലാക്കാനും ശ്രമമുള്ള ഒരു പഴയ സഹപ്രവർത്തകൻ എനിക്കുണ്ടായിരുന്നു. കക്ഷിയുടെ പേര് പ്രൊഫ. കെ ജയദേവൻ. ചിറ്റൂർ ഗവ. കോളജിലെ ഹിന്ദി വിഭാഗം അധ്യാപകൻ. ആളാണെങ്കിൽ അവിടുത്തെ പൂർവവിദ്യാർത്ഥി സംഘടനയെ ശക്തമാക്കി, അവിടെ ദീർഘകാലം ജോലി ചെയ്ത തദ്ദേശവാസി.
ജയദേവൻ ഒരു നാട്ടുകൂട്ടം തട്ടിക്കൂട്ടിയെടുത്തു. ‘ഫാക്കൽറ്റി അലുമ്നെ ഗവ. കോളജ് ചിറ്റൂർ’. പൂർവാധ്യാപകരുടെ ഒരു സംഗമം. പേര് ആചാര്യസംഗമം. പൂർവവിദ്യാർത്ഥികൾക്ക് പകരം പൂർവ അധ്യാപകർ ഒത്തുകൂടാൻ തീരുമാനിച്ചു.പണ്ടത്തെപോലെയല്ലല്ലോ ഇപ്പോൾ. നിമിഷാർധത്തിൽ സന്ദേശങ്ങൾ പറന്നു. പുതിയ ‘അഡ്മിനു’ കളുണ്ടായി. ഇടവും വലവും നിന്ന് ഇപ്പോഴത്തെ പ്രിൻസിപ്പൽ ഡോ. റെജി, രവീന്ദ്രനാഥ് മേനോൻ, വിശ്വപ്രസാദ്, പ്രൊഫ. ബി മുസ്തഫ, ടി കെ ശശിധരൻ തുടങ്ങിയവരും മറ്റ് പൂർവവിദ്യാർത്ഥികളും. നാനാഭാഗത്തുനിന്നു സന്തോഷ സന്ദേശങ്ങൾ തിരിച്ചെത്തുന്നു. ഞാനും ഇത്തരമൊരു പൂർവസംഗമത്തിന്റെ ‘ത്രില്ലി’ ലായിരുന്നു. 80കളുടെ ആരംഭത്തിൽ ഏതാണ്ട് എട്ടുവർഷങ്ങൾ ഞാനവിടെ ധനശാസ്ത്രവിഭാഗം അധ്യക്ഷനായിരുന്നു. അതിനുശേഷം നാല് പതിറ്റാണ്ടുകൾ കഴിഞ്ഞു. ശോകനാശിനിപ്പുഴ നന്നേ മെലിഞ്ഞു. ഞാനും പ്രായത്തിന്റെ ആലസ്യത്തിലേക്ക് കടക്കുന്നു. പക്ഷെ ഓർമ്മകൾ നമ്മെ ചെറുപ്പമാക്കും. 

ക്ഷണം സ്വീകരിച്ചുകൊണ്ട് പലരും അയച്ച മെസേജുകൾ. അവരുടെ പ്രതീക്ഷകൾ പേറുന്നതായിരുന്നു. ‘വരും’, ‘കാണണം’, ‘ഒക്കെ ഒന്ന് ചുറ്റിയടിക്കണം’, ‘പഴയകാലത്തിലൊന്നു ജീവിക്കണം’ മറുകുറിപ്പുകൾ ഇങ്ങനെ പോകുന്നു. ചിലർ വളരെ നിരാശരായിരുന്നു. വയ്യായ്ക, ഒറ്റപ്പെടൽ, പ്രായാധിക്യം ഇങ്ങനെ ഒഴിവാക്കാനാവാത്ത പ്രശ്നങ്ങൾ. വൃദ്ധന്മാരെല്ലാം ചെറുപ്പമാവുകയായിരുന്നു. പലരും അടുത്ത വർഷം വരാനാവുമെന്ന പ്രതീക്ഷയിൽ. വീണ്ടും ആ കലാലയത്തിന്റെ ഉള്ളിലേക്കു കടന്നപ്പോൾ, കാലം കുറേ കൊഴിഞ്ഞുവീഴുന്നപോലെ തോന്നി. പോർട്ടിക്കോയിൽ ജയദേവൻ നിറചിരിയുമായി നില്‍ക്കുന്നു. പലരും മെല്ലെമെല്ലെ അടുത്തുവന്നു. സ്നേഹവും പരിചിതത്വവും നിറഞ്ഞ മുഖങ്ങൾ. ചിലർ സ്വയം ഓർമ്മിപ്പിച്ചു. മെല്ലെമെല്ലെ കാലത്തിന്റെ മൂടുപടം നീങ്ങുകയായിരുന്നു. മുന്നിലുള്ള സാമാന്യം വൃദ്ധർക്കുപകരം അന്നത്തെ പ്രസരിപ്പും യുവത്വവും കാണാനായി. പലതും പരസ്പരം ഓർമ്മിപ്പിച്ചു. കാലത്തിന്റെ ശേഷി വല്ലാത്തൊരു പ്രഹരമായി തോന്നി. പിന്നെ ഒരു കൂട്ടായ്മയായിരുന്നു. ഔപചാരിക പ്രസംഗങ്ങളില്ല. വ്യക്തിപരമായ ഇടപഴകലുകൾ. അവിടുന്നു പോന്നശേഷമുള്ള കഥകളും വഴികളും ഹ്രസ്വമായി പറഞ്ഞു. പ്രിൻസിപ്പൽ റെജിയുടെ ഒരു ചെറു ആമുഖം. പിന്നെ സൗഹൃദസാഗരം. ഓരോ ചുവടിലും കൂടെ പൂർവവിദ്യാർത്ഥികൾ. എല്ലാം ഒരു വിളിപ്പുറത്ത്. പ്രായമായവരാണ്, വയ്യാത്തവരാണ് എന്ന് അവർ മനസിലാക്കുന്നു. പോർട്ടിക്കോയുടെ പടവുകൾ കയറാൻ വിഷമിച്ച പലരെയും ഓടിയെത്തി കൈത്താങ്ങ് നൽകുന്നു. ഇത്രയൊക്കെ അർഹിക്കുക ഒരു പുണ്യമായിത്തോന്നി. 

എല്ലാവരും അവനവന്റെ അനുഭവങ്ങൾ പറഞ്ഞു. ഞാനവിടെ ഉണ്ടായിരുന്നപ്പോൾ യാത്ര, ഭക്ഷണം എന്നിവയൊക്കെ പ്രശ്നങ്ങളായിരുന്നു. ദൂരെ നിന്നും ട്രാൻസ്ഫറായി വരുന്നവർക്കും താമസസൗകര്യങ്ങൾ കുറവായിരുന്നു. പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ അതൊന്നും കാര്യമായി തോന്നിയില്ല. മനോഹരമായ ശോകനാശിനിപ്പുഴയുടെ തീരത്ത് ‘ഏകാന്ത സൗന്ദര്യം’ എന്നു വിശേഷിപ്പിക്കാവുന്ന ഗവ. കോളജ്, ചിറ്റൂർ. പാലക്കാട് ജില്ലയുടെ തമിഴ്‌നാടിനോട് ചേർന്ന ഭാഗത്തെ കലാലയം. നിഷ്കളങ്കരായ കുട്ടികൾ. ചുറ്റും പാടങ്ങൾ. അതൊരു നല്ല കാലമായിരുന്നു. സമയം മെല്ലെമെല്ലെ തീരുന്നു. ഉച്ച; മാർച്ച് മാസത്തെ പാലക്കാടൻ വേനൽ. ഞാൻ ഉണ്ടായിരുന്ന ധനശാസ്ത്രവിഭാഗം കാണണമെന്ന മോഹം തോന്നി. ഉടനെ വോളണ്ടിയർമാർ തയ്യാർ. അവിടെച്ചെന്നപ്പോൾ സ്റ്റാഫ് എന്നെ വരവേറ്റു. അവരൊക്കെ എന്റെ പഴയ കുട്ടികൾ തന്നെ. ഒരുപാട് നേരം സംസാരിച്ചു. പുതിയ മാറ്റങ്ങൾ. വിഷയത്തിൽ വന്ന വ്യതിയാനം. ഒരധ്യാപകന്റെ ദൗർബല്യത്തിൽ ഞാൻ വീണ്ടും അവരുടെ അധ്യാപക വേഷം കെട്ടി. മാറിയതൊക്കെ മറന്നു. അവരും ഗവേഷണ ബിരുദധാരികൾ. അവർ പഴയ അധ്യാപകനെ സഹിക്കുയായിരുന്നുവോ? അറിയില്ല. സമൃദ്ധമായ സൗഹൃദം, ആദരം. ഉച്ചകഴിഞ്ഞു. ഇനി ഭക്ഷണശേഷം ഒരു സെഷൻ കൂടിയുണ്ട്. ഇവിടുത്തെ പൂർവവിദ്യാർത്ഥിയും ഐഎഎസ് നേടി കേന്ദ്രത്തിൽ വളരെ ഉയർന്ന റാങ്കിലെത്തിയ വ്യക്തിയുമായ ടി സി നന്ദകുമാർ അതിഥിയായെത്തുന്നു. ഇദ്ദേഹത്തിന്റെ അനിയൻ ടി ടി സുശീൽകുമാർ അഖിലേന്ത്യാ തലത്തിൽ ഉന്നതതലത്തിലെത്തിയ ഇൻഷുറൻസ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ഗവ. വിക്ടോറിയ കോളജിലെ എന്റെ പ്രിയ ശിഷ്യൻ. അതോ സുഹൃത്തോ. കാലം നിർവചനങ്ങളെ മാറ്റുന്നു.
വായനക്കാർക്ക് ഇവിടെ ഒരു സംശയം തോന്നാം. ഇതൊക്കെ ഇത്ര പറയാനുണ്ടോ? ദിവസേനയെന്നോണം പൂർവവിദ്യാർത്ഥികൾ വർഷങ്ങൾക്കുശേഷം ഒത്തുകൂടുന്നു. പഴയ ബെഞ്ചുകളിൽ ഇരുന്ന്, കാലത്തെ മറിച്ചിടുന്നു. കാലത്തിന്റെ മറ്റൊരു തട്ടിലിരുന്ന് ഞങ്ങൾ കണ്ടുമുട്ടിപ്പിരിഞ്ഞു. പലരും ദുഃഖിതരായിരുന്നു. ഇനി കാണുമോ? കാണുമെന്ന് ധൈര്യത്തോടെ പറയാവുന്ന പ്രായത്തിലല്ല. ഒന്നറിയാം ഇത്തരം കൂട്ടായ്മകളും സൗഹൃദങ്ങളും വല്ലാത്തൊരനുഭവമാണ്. പുതുജീവന്റെ ശക്തി. സ്വയം ഒരു ‘ഉറയൂരൽ’. അങ്ങനെ ഓർത്ത്, ആ മഹാവിദ്യാലയത്തോടും ശോകനാശിനിപ്പുഴയോടും യാത്രപറയാതെ തിരിച്ചു പോന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.