22 December 2024, Sunday
KSFE Galaxy Chits Banner 2

ഹിംസാത്മക മുതലാളിത്തവും രാഷ്ട്രീയവും

അജിത് കൊളാടി
വാക്ക്
November 22, 2021 4:00 am

മുതലാളിത്ത വികാസം വ്യക്തികളിൽ സൃഷ്ടിക്കുന്ന ആസക്തിയെ ഗാന്ധിജി എതിർത്തു. ഹിംസാത്മകമായ ഹൈന്ദവ തീവ്രവാദത്തിനുള്ള മറുപടിയാണ് 1909 ൽ എഴുതപ്പെട്ട ഹിന്ദ് സ്വരാജ് എന്ന ചെറുകൃതി. ഈ ഹിംസാ കാലത്ത്, അതിനെതിരെയുള്ള പോംവഴികൾ ഗാന്ധിയിൽ നിന്ന് പഠിക്കാനാകും. ഒരാത്മപരിശോധനയിലാണ് അത് തെളിയുക. നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ ആവശ്യങ്ങളെ നാമെങ്ങനെ തൃപ്തിപ്പെടുത്തുന്നു എന്ന് വെറുതെ പരിശോധിച്ചാൽ മാത്രം മതി. വിശ്വാസങ്ങളെ വിഷലിപ്തമാക്കുന്നതിൽ നിന്ന് നമുക്ക് തീർച്ചയായും ഒഴിഞ്ഞുനിൽക്കാനാകും. ഒരു നല്ല ഹിന്ദുവായിരിക്കെതന്നെ, മുസ്‌ലിമിനെയും ക്രിസ്ത്യാനിയെയും തിരിച്ചറിയാനുള്ള, അവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാനും, ആവശ്യം വരുന്ന സന്ദർഭങ്ങളിൽ ആ വിശ്വാസങ്ങളെ സംരക്ഷിക്കാൻ അവരോടൊപ്പം നിൽക്കാനും കഴിയും എന്നദ്ദേഹം നിരന്തരം പറഞ്ഞു. ഏതൊരു വർഗീയതയേയും ചെറുക്കാനുള്ള ഉൾക്കരുത്ത് നമുക്കുണ്ടായേ മതിയാകൂ. പ്രീണനമല്ല കാരുണ്യത്തിലൂന്നിയ സഹഭാവമാണ് ആവശ്യം എന്നും.

ഈ കാലത്ത് അഹിംസയെ കുറിച്ച് ആരും വേണ്ടത്ര ചർച്ച ചെയ്യുന്നില്ല. അഹിംസ സചേതനമാണ്. സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികൾ ഭരണം പിടിച്ചടക്കാനും നിലനിർത്താനും എന്നും ഉപയോഗിക്കുക ക്രൂരമായ ഹിംസയുടെ ആയുധങ്ങൾ ആണ്. ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ വീട്ടിലും തെരുവിലും കലാലയത്തിലും നിയമനിർമ്മാണ സഭകളിലുമെല്ലാം ഹിംസയുടെ അട്ടഹാസം കേൾക്കാം. അവ വലിയ വാർത്തകളുമാകുന്നു. മൂലധനം, വിപണി, അധികാരം ഈ ത്രിത്വമാണ് എല്ലാം അടക്കി വാഴുന്നത്. എന്ത് ഉദാത്തമായ മൂല്യവും ഈ യന്ത്രം വിഴുങ്ങുന്നു. മാധ്യമങ്ങൾ പോലും വിപണിയുടെ ഭാഗമായി അധികാരത്തോട് ചേർന്നു നിൽക്കുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ, ആവശ്യങ്ങൾ, ജനാധിപത്യം, മതേതരത്വം, കാലാവസ്ഥാ വ്യതിയാനം, ഭൂമിയുടെ അതിജീവനം എന്നിവയെ പറ്റി ഗഹനമായ ചർച്ചകൾ രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും നടത്തുന്നില്ല. സത്യാനന്തര കാലത്ത് സത്യങ്ങൾ അസത്യങ്ങളായും, നുണകളായും വിവിധ വർണങ്ങളോടെ പുറത്ത് വരുന്നു.

സംഘപരിവാർ ഭക്തസംഘങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളെ, സര്‍വകലാശാലകളെ, രാജ്യത്തിന്റെ ലിബറൽ പാരമ്പര്യത്തെ നഗ്നമായി ആക്രമിക്കുന്നു. വിമർശകരെ തെരുവിലടക്കം നേരിടുന്നു. മനുഷ്യരുടെ ജീവൻ അപഹരിക്കുന്നു. അഭിപ്രായം പറയുന്നവരെ ജയിലിലടയ്ക്കുന്നു. അന്വേഷണ ഏജൻസികളിലൂടെ ഭീഷണിപ്പെടുത്തുന്നു. വിമർശിക്കുന്നവര്‍ എല്ലാം രാജ്യദ്രോഹികളായി മുദ്രയടിക്കപ്പെടുന്നു. ക്രൂരമായ ഹിംസാത്മക രാഷ്ട്രീയമാണിത്. ഇത്തരം പ്രവൃത്തികളിലൂടെ ഭയം വിതറുന്നു. ഭയം വിതറുക എന്നതാണ് എക്കാലത്തുമുള്ള ഫാസിസ്റ്റ് തന്ത്രം. ആഗോളവൽക്കരണവും, ഉദാരവൽക്കരണവും ലോകത്ത് നടപ്പിലാക്കിയത് കോർപറേറ്റിസമാണ്. അധികാരക്കൊതി, ലാഭക്കൊതി എന്നിവ ഹിംസയെ വളർത്തുന്നു. നാം മനുഷ്യരിലെല്ലാം ഒരു ക്രൂരൻ ഒളിഞ്ഞിരിപ്പുണ്ട്. വീട്ടുകാരോടും അയൽക്കാരോടുമുള്ള ചെയ്തികളിലൂടെ നാം അത് പ്രകടിപ്പിക്കുന്നു എന്നു മാത്രമല്ല, അതിൽ രസിക്കുകയും ചെയ്യുന്നു. താഴെത്തട്ട് മുതൽ മേലോട്ടു കയറും തോറും അധികാരകളിയുടെ രസം തോതനുസരിച്ച് വർധിക്കുന്നു.

 


ഇതുംകൂടി വായിക്കാം; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതിരോധസേനയെ വലിച്ചിഴയ്ക്കരുത്


 

നമ്മുടെ മനസ് അപ്പാടെ മാറി. എന്തോ ഒരു കീടം മനസിൽ കടന്നു കൂടി. ആൾക്കൂട്ടക്കൊലകളും, അക്രമങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും കാണുമ്പോൾ അതാണ് തോന്നുന്നത്. ഇന്ന് അതെല്ലാം സംഘടിത രീതിയിൽ നടക്കുന്നു, ഹിംസ വളരുന്നു. സംഘബലത്തിന്റെയും രാഷ്ട്രിയ അധികാരത്തിന്റെയും മറവിൽ സ്വന്തം നിലപാട് മറ്റൊരു വ്യക്തിയിലോ സമൂഹത്തിലോ കെട്ടിവയ്ക്കുന്ന ഹിംസ നിരന്തരം നടക്കുന്നു. നാം മനസിലാക്കേണ്ടത് ഇന്ത്യയിലെ ദരിദ്രകോടി ജനതയുടെ പ്രശ്നം വിശ്വാസവും അധികാരവും ഒന്നും അല്ല. ഒരു നേരത്തെ ആഹാരവും കുടിവെള്ളവും ഒരു തുണ്ടു ഭൂമിയുമാണ്. ഇവിടെ ഹിംസിക്കുന്നത് ഇവരെയാണ്. ഏത് സംഘടിത ഹിംസയുടെയും ഇരകൾ ഏതു കാലത്തും എവിടെയും ദരിദ്രമനുഷ്യരാണ്. പലപ്പോഴും നരകയാതനകൾക്ക് ഇരകളാകുന്നത് ദരിദ്രരായ സ്ത്രീകളും കുട്ടികളുമാണ്. ഭയം വിഴുങ്ങിയ ഒരു പൊതു സമൂഹത്തിന് ഹിംസയുടെ എത്ര ക്രൂരമായ മുഖവും കാണാൻ കഴിയില്ല. അതിനെതിരെ പ്രതികരിക്കാനാവില്ല. ഇന്ത്യൻ സമൂഹത്തെ ഭയത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ഏവരുടെയും കടമ. ധാർമ്മികത നഷ്ടപ്പെട്ട ഷണ്ഡത്തം സ്വയം കടം വാങ്ങിയ ജനത ഏതു കാലത്തും വർഗീയ ഫാസിസ്റ്റ് സ്റ്റേറ്റിനുള്ള കളമൊരുക്കിയിട്ടുണ്ട്.

ഹിംസക്ക് യാതൊരുവക തരം തിരിവും വേണ്ട. ഹിംസ ഹിംസതന്നെയാണ്. ആര് എവിടെ വച്ച് ചെയ്താലും ഹിംസ മനുഷ്യവിരുദ്ധമാണ്, മതവിരുദ്ധമാണ്, മൂല്യനിരാസമാണ്. അടിസ്ഥാനപരമായി ഈ നിലപാടിൽ നിന്നു കൊണ്ടേ പുതിയ രാഷ്ട്രീയത്തിനു വഴിയൊരുക്കാനാകൂ. ഹിംസയെ എതിർത്തേ മതിയാകൂ, ഹിംസ ആരുടെ ഭാഗത്തുനിന്നുണ്ടായാലും. സത്യം പറയുക, ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. സമൂഹത്തിന്റെ ഓരോ അണുവിലും സംക്രമിച്ചു കൊണ്ടിരിക്കുന്ന ഹിംസകളെ സമൂഹത്തിന്റെ മൊത്തം അജണ്ടയിൽ നിന്നുകൊണ്ടേ മാറ്റിയെടുക്കാനാകൂ. വർഗീയതയെ ഭൂരിപക്ഷ വർഗ്ഗീയതയെന്നും ന്യൂനപക്ഷ വർഗീയതയെന്നും തരം തിരിക്കരുത്. മത തീവ്രവാദത്തേയും തരം തിരിക്കരുത്. മദ്യമാഫിയ, വനം മാഫിയ, മണൽ മാഫിയ, എന്നിവയൊക്കെ നടത്തുന്ന ഹിംസകളെ രാഷ്ട്രീയത്തിന്റെ, ജാതിയുടെ നിറം കൊടുക്കാതെ കാണണം. ഹിംസ ചെയ്യുന്നവർ അക്രമികളാണ്. ഹിംസ, ഹിംസ തന്നെയാണ്.
മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് വലിയ കാര്യമാണ്. ഭൗതിക ലോകത്ത് അത് അവന് സ്വാതന്ത്ര്യം നൽകുന്നു. അനന്തമായ സമയത്തിന്റെയും ഇടത്തിന്റെയും ആനുകൂല്യമാണ് അത് മനുഷ്യന് നൽകുന്നത്. ഏറ്റവും കുറച്ചു സമയത്തിനുള്ളിൽ കാര്യങ്ങൾ ചെയ്തു തീർക്കാനും കൂടുതൽ ഇടങ്ങൾ കയ്യടക്കാനും അവനു സാധിക്കുന്നു. അധികം കയ്യേറിയിട്ടില്ലാത്തയിടങ്ങളാൽ, കൂടുതൽ ഇടുങ്ങിയ സമയക്രമത്തിൽ ജീവിച്ചു കൊണ്ടിരിക്കുന്ന ജനതകളെ എളുപ്പത്തിൽ തോൽപ്പിക്കാൻ അതു കൊണ്ടു തന്നെ അവർക്കാകുന്നു.

 


ഇതുംകൂടി വായിക്കാം; രാഷ്ട്രം ആവശ്യപ്പെടുന്നത് സമഗ്രമായ കാർഷിക നയം


 

ഹിംസയുടെ വഴിയാണത്. അധികാരത്തിന്റെ വളർച്ച അവന് വേഗം കൂട്ടും, എല്ലാം കയ്യടക്കാൻ. മനുഷ്യനിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ഒരു ഭാഗമായതിനാൽ സമഗ്രമായ മാനവികതയെ അത് പിന്നിലാക്കുന്നു. അമൂർത്തവും കേവലവുമായ നിയമങ്ങളെ മാത്രമല്ല, സമഗ്രമായ യാഥാർത്ഥ്യത്തെതന്നെ അഭിമുഖീകരിക്കേണ്ടി വരുന്നതുകൊണ്ടാണ് എവിടെയും ധാർമ്മികനായ മനുഷ്യൻ പിന്തള്ളപ്പെടുന്നത്. യുദ്ധമാണ് ഹിംസയെ ന്യായീകരിക്കുന്ന ചരിത്രപരമായ തലം. വിശ്വാസം ഹിംസയെ വിട്ടുവീഴ്ചയില്ലാതെ സാധൂകരിക്കുന്നു. വർഗീയക മൗലികവാദ ശക്തികൾ എന്തു പാതകം ചെയ്താലും അത് തെറ്റല്ല എന്നു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഹിംസയെ ന്യായീകരിക്കുന്നത് നാം കാണുന്നു. അങ്ങനെയുള്ള ഈ കാലത്ത് അഹിംസയുടെ ഇന്ത്യ ഹിംസയുടെ ഇന്ത്യയായി തീർന്നു. നമ്മുടെ കണ്ണുകളൊന്നും കാണാത്ത, കാതുകളൊന്നും കേൾക്കാത്ത, മനുഷ്യൻ ചെയ്യുമെന്ന് കരുതാൻ പോലും സാധിക്കാത്ത ക്രൂരതകളാണ് ഇന്ന് ലോകത്തിൽ നടക്കുന്നത്. മനുഷ്യരെ ഇല്ലാതാക്കി തീർക്കുന്ന പദ്ധതികളാണ് ഫാസിസ്റ്റുകൾ ചെയ്യുക. വളരെ നിശബ്ദമായി ഈ പ്രവർത്തനം ചെയ്യുകയെന്നുള്ളത് ഫാസിസത്തിനു മാത്രം സാധ്യമായ ഒരു മനുഷ്യേതര പ്രവർത്തനമാണ്.

ക്രൂരതയുടെ ജീൻ പ്രവർത്തിക്കുമ്പോഴാണ് ഒരാൾ അപരനെ വെടിവച്ചു കൊല്ലുന്നത്, തനിക്ക് അജ്ഞാതരായ മനുഷ്യരുടെ മേൽ ബോംബുകൾ വർഷിക്കുന്നത്. ക്രൂരതയുടെ മനസ് വരുംവരായ്കകൾ ചിന്തിക്കുന്നത് അപൂർവമാണ്. അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ പ്രാണവായു എന്ന് ഭരണാധികാരികൾക്ക് മനസ്സിലാകാത്തത് ക്രൂരത കൊണ്ടാണ്. ഭരണകൂട ചെയ്തികൾക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയാൽ അത് ദേശദ്രോഹമായി മുദ്രകുത്തുന്നത് ഈ ക്രൂരത കൊണ്ടാണ്. സാഡിസം, ഫാസിസ്റ്റുകൾ വല്ലാതെ ഇഷ്ടപ്പെടുന്നു. പച്ച നുണകളിൽ ആനന്ദം കണ്ടെത്തുന്നു. കൂപമണ്ഡൂക ബുദ്ധികൾ സ്വാതന്ത്ര്യം കിട്ടിയത് 1947 ൽ അല്ല 2014 ആണ് എന്നു പറയുമ്പോൾ, അത്തരം ബുദ്ധികളെ, അന്ധത ബാധിച്ച ഫാസിസ്റ്റുകൾ കൊണ്ടാടുന്നു. ഇവിടെ കാരുണ്യത്തിന്റെ ജീനുകളാണ് സചേതനമാകേണ്ടത്. എല്ലാ ഭേദചിന്തകൾക്കും അതീതമായി, പ്രളയകാലത്ത് കാരുണ്യത്തിന്റെ ധാതുക്കൾ ഉണരുന്നത് കേരളത്തിൽ നാം കണ്ടതാണ്. പക്ഷെ പിന്നീട് അത് നിലനിന്നില്ല. കാരുണ്യത്തിന്റെ സഹജാവസ്ഥയിൽ മനുഷ്യൻ മനുഷ്യനെ സംരക്ഷിക്കും. ആ മനോഭാവമാണ് പ്രജ്ഞയുള്ള മനുഷ്യനെ ഇതര ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇവിടെ കാരുണ്യത്തിന്റെ വിദ്യാലയങ്ങൾ വേണം. കാരുണ്യം വ്യവസ്ഥാപിത വിദ്യാഭ്യാസത്തിലൂടെ പഠിപ്പിക്കാൻ സാധിക്കില്ല. ഓരോ ദിവസവും ഉള്ള ചിന്തയും, പ്രവൃത്തിയും, മനുഷ്യനെ ആദരിക്കുമ്പോൾ, സ്നേഹിക്കുമ്പോൾ, കാരുണ്യം പ്രവഹിക്കും.

മറ്റൊരാളെ തിരിച്ചറിയാൻ ഉള്ള വഴി തികഞ്ഞ ധാരണയാണ്. സചേതനമായ അഹിംസയാണ്. ആൽബർട്ട് കാമുവിന്റെ പ്ലേഗിലുള്ളതുപോലെ, വെറുപ്പിന്റെ, അസൂയയുടെ, സ്വജനപക്ഷപാതത്തിന്റെ വൈറസുകൾ, മനുഷ്യർക്കിടയിലെ ചതുപ്പുകളിൽ കിടക്കുന്നുണ്ട്, തക്കം പാർത്ത്. അതാണ് ലഹളകളും കൊലപാതകങ്ങളും പിടിച്ചടക്കലുകളും വർഗീയ സംഘട്ടനങ്ങളും കാണിക്കുന്നത്. അതേ സ്ഥായിയിൽ, ഊർജസ്വലതയിൽ അംഹിസയുടെ ചേതനകൾ ഉണ്ട്. അതാണ് ചൈതന്യം. അതാണ് സ്ഥായിയായ പ്രഭ പരത്തുക. സമാധാനം തരുന്നത് അഹിംസയാണ്. അതിന്റെ വെളിച്ചം കെട്ടടങ്ങില്ല. വ്യക്തിയിലായാലും, സമൂഹത്തിലായാലും ഭൂമിയിലായാലും പ്രപഞ്ചത്തിലായാലും പ്രതീക്ഷ കൈവെടിയാനുള്ള ഒരു കാരണവുമില്ല. പ്രതീക്ഷകൾ, ശുഭാപ്തി വിശ്വാസങ്ങൾ ഭാവിയെ കുറിച്ചുള്ള ആശയമാണ്. വർത്തമാന കാലത്തിന്റെ അപ്പുറത്തുള്ള ആശയം. മനുഷ്യരിൽ വിശ്വാസം നഷ്ടപ്പെടുത്താൻ നമുക്കാവില്ല. മനുഷ്യൻ സ്നേഹമാണ്. ആ മനുഷ്യൻ പുതിയ പ്രവർത്തന രീതിയിലൂടെ, പുതിയ രാഷ്ട്രീയ സംസ്കാരത്തിലൂടെ, സചേതനമായ അംഹിംസയെ പുണരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.