5 December 2025, Friday

ഭരത — രാമന്മാരുടെ കാനനസംവാദം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം 21
August 8, 2025 4:29 am

വലിയ പടയോടുകൂടി രാമനെത്തേടി കാട്ടിലെത്തുന്ന ഭരതനും ഗുരുജനങ്ങൾ ഉൾപ്പെടെയുള്ള ബന്ധുമിത്രാദികൾക്കും ഭരദ്വാജ മഹർഷി നൽകുന്ന ആതിഥ്യം വളരെ വലുതായിരുന്നു. വിശ്വകർമ്മാവിനെയും ദേവഗണങ്ങളെയും അപ‌്സരസുകളെയും ഒക്കെ വേദമന്ത്രങ്ങൾ സ്വരശുദ്ധിയോടെ ചൊല്ലി, ആവാഹിച്ചുവരുത്തി തയ്യാറാക്കുന്ന മത്സ്യമാംസമദ്യാദി വിഭവസമൃദ്ധമായ രാജവിരുന്നാണ് ഭരതനും കൂട്ടർക്കും ഭരദ്വാജൻ നൽകുന്നത്. ഭരദ്വാജന്റെ ഈ വിരുന്നു സൽക്കാര വിവരണം (അയോധ്യാകാണ്ഡം; സർഗം 91) വായിക്കുന്ന ഏതൊരാൾക്കും രാമായണ സംസ്കാരം എന്നത് മാട്ടിറച്ചി തിന്നുന്ന മനുഷ്യനെ തല്ലിക്കൊല്ലുന്നതല്ല എന്നു മനസിലാകും. സ്വാമി ചിദാനന്ദപുരിക്കുപോലും ഇതു മനസിലായിട്ടുണ്ടെങ്കിലും പല ആര്‍എസ്എസുകാരായ ‘ജയ്ശ്രീറാം’ ഘോഷകർക്കും ഇതു മനസിലായിട്ടില്ല. എന്തിന്, ഗാന്ധിജിയെപ്പോലുള്ള വൈഷ്ണവ ഭക്തജനങ്ങൾക്കും രാമായണ സംസ്കാരം മത്സ്യമാംസ ഭക്ഷണ വിരോധപരമല്ലെന്ന് അംഗീകരിക്കാനായിട്ടില്ല.
വിവേകാനന്ദസ്വാമികൾ ഒഴികെയുള്ള നമ്മുടെ നവോത്ഥാനകാല ആധ്യാത്മിക പ്രതിഭകൾക്കും രാമായണ — മഹാഭാരത സംസ്കാരം മത്സ്യമാംസഭോജനം വിലക്കുന്നതല്ലെന്ന് കണ്ടറിഞ്ഞിട്ടും പ്രചരിപ്പിക്കാനുള്ള താല്പര്യം നന്നേ കമ്മിയായിരുന്നു. നാരായണഗുരുവും ചട്ടമ്പി സ്വാമികളും ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും ശുദ്ധ സസ്യഭുക്കുകളായിരുന്നല്ലോ! എന്തായാലും ഭരദ്വാജന്റെ വിരുന്നുസൽക്കാരം തെളിയിച്ചത് വേദം ചൊല്ലിയാൽ ദേവകൾ മനുഷ്യസേവനത്തിന് മണ്ണിലേക്ക് ഇറങ്ങിവരും എന്നു മാത്രമല്ല ആ ദേവതകൾ മത്സ്യമാംസാദിഭക്ഷണം ഒരുക്കി ആഹരിക്കാൻ താല്പര്യമുള്ളവർക്ക് വിളമ്പി നൽകും എന്നുകൂടിയാണ്. അതിനാൽ മാട്ടിറച്ചി ഒരു വലിയ രാഷ്ട്രീയ മുതലെടുപ്പുപ്രമേയമായിരിക്കുന്ന ജനാധിപത്യ ഭാരതത്തിൽ നാം ഉറക്കെ വായിച്ച്, അർത്ഥ വിവരണത്തോടെ പ്രചരിപ്പിക്കേണ്ട രാമായണ ഭാഗമാണ് ഭരതനും സൈന്യത്തിനും ഭരദ്വാജ മഹർഷി നൽകുന്ന വിരുന്ന്.
വിരുന്നിനുശേഷം മഹർഷിയുടെ നിർദേശാനുസരണം രാമനെത്തേടി പുറപ്പെടുന്ന ഭരതനും കൂട്ടരും ലക്ഷ്യസ്ഥാനത്തോട് അടുത്തെത്താറായപ്പോഴാണ് ലക്ഷ്മണൻ വില്ലിന്റെ ഞാൺമുറുക്കി യുദ്ധവീര്യം കൊള്ളുന്നത്. സർവസന്നാഹങ്ങളോടും കൂടി ഭരതൻ വരുന്നത് കാടിനുള്ളിൽ വച്ച് ചേട്ടനെയും തന്നെയും തീർത്തുകളയാനാണ് എന്ന ചിന്തയാണ് ലക്ഷ്മണനെ യുദ്ധോദ്യുക്തനാക്കുന്നത്. ‘അഹംഹ്യപ്രിയമുക്തഃ സ്യാം ഭരതസ്യാപ്രിയേ കൃതേ = ഭരതനെക്കുറിച്ച് അപ്രിയം പറയരുത്; ഭരതനോടു ചെയ്യുന്ന അപ്രിയം എന്നോടു ചെയ്തതു തന്നെ’ (സർഗം 97; ശ്ലോകം15) എന്നു പറഞ്ഞാണ് ലക്ഷ്മണന്റെ നിലതെറ്റിയ ചിന്തകളെയും വാക്കുകളെയും ശ്രീരാമൻ തടയുന്നത്. അധികാരം കിടമത്സരത്തിന്റെ സംശയങ്ങൾക്കും സംഘർഷങ്ങൾക്കുമല്ലാതെ മനസിലാക്കലിന്റെ സംവാദങ്ങൾക്കും സമാധാനത്തിനും അത്യപൂർവമായേ വഴിതുറക്കാറുള്ളൂ. അത്തരമൊരു വഴിതുറക്കലിനാണ് കാടകത്തുവച്ചുള്ള ഭരത — രാമ സമാഗമം വേദിയാകുന്നത്.
ദശരഥൻ നെടുനാൾ ആഗ്രഹിച്ചതിൻപ്രകാരം ശ്രീരാമന് സസന്തോഷം കൊടുക്കാൻ ആഗ്രഹിച്ചതാണ് അയോധ്യയുടെ രാജ്യശ്രീ. എന്നാൽ കൈകേയിയുടെ കാമബലവും ക്രോധബലവും രാമന് നൽകാനിരുന്ന രാജ്യശ്രീയെ ബലാൽ ഭരതന് ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കി. ദശരഥൻ ദുഃഖാഘാതത്താൽ ഹൃദയം തകർന്നുമരിച്ചു. ഈ സാഹചര്യത്തിൽ താൻ ആഗ്രഹിക്കാതെ തന്നിലേക്ക് ബലാൽ ഏല്പിക്കപ്പെട്ട രാജ്യത്തെ, സസന്തോഷം പിതാവിന്റെ ഇച്ഛയ്ക്കൊത്തവണ്ണം രാമന് നൽകാനാണ് ഭരതൻ തയ്യാറാകുന്നത്. ഭരതൻ സസന്തോഷം നൽകുന്ന രാജ്യശ്രീയെ സ്വീകരിക്കുന്നതിൽ രാമന് യഥാർത്ഥത്തിൽ ധർമ്മപ്രശ്നമൊന്നും ഇല്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷേ ചുഴിഞ്ഞാലോചിച്ചാൽ പ്രശ്നങ്ങളുണ്ടെന്ന വാദമാണ് ശ്രീരാമനുള്ളത്. അതുകൊണ്ടാണ് ഭരത — രാമ സമാഗമം ധർമ്മ സംവാദ വേദിയാകുന്നതും.
“കൊടുത്ത വാക്ക് പാലിക്കലാണ് പരമമായ ധർമ്മം. കൈകേയിക്ക് സസന്തോഷം രാജാ ദശരഥൻ കൊടുത്ത വാക്കാണ് ‘രണ്ടുവരങ്ങൾ തരാം’ എന്നത്. ആവശ്യസമയത്ത് ചോദിക്കാം എന്ന് കൈകേയിയും പറഞ്ഞു. അതനുസരിച്ച് കൈകേയി ചോദിച്ച സമയത്ത് രാജാവ് കൊടുക്കേണ്ട വരമാണ് അദ്ദേഹം കൊടുത്തത്. അതുപ്രകാരം രാമൻ കാട്ടിലെ വൃക്ഷഛായയ്ക്കു കീഴെയും ഭരതൻ അയോധ്യയിലെ സിംഹാസനത്തിൽ വെൺകൊറ്റക്കുടയുടെ കീഴെയും കഴിയേണ്ടവരാണ്. അതിനാൽ ഭരതൻ അഭിഷിക്തനാകണം.” ഇതാണ് രാമന്റെ വാദങ്ങൾ. ഇതിനെ ഭരതന് എതിർക്കാനാകുന്നില്ല.
ഭരതനുവേണ്ടി രാമനോടു ചില എതിർവാദങ്ങൾ പറഞ്ഞ് രംഗത്തുവരുന്നത് ജാബാലി എന്ന ചാർവാക മത ഗുരുവാണ്. അദ്ദേഹത്തിന്റെ വാദങ്ങളെ ‘പഥ്യം എന്നു തോന്നിക്കുന്ന അപഥ്യം’ എന്നു പറഞ്ഞ് ശ്രീരാമൻ ഖണ്ഡനം ചെയ്യുന്നുണ്ട്. എന്തായാലും രാമൻ വാക്കുപാലിക്കുന്നതാണ് ഉത്തമ ധർമ്മം എന്ന പക്ഷമാണ് ഉയർത്തിപ്പിടിക്കുന്നത്. പക്ഷേ രാമനാമത്തിൽ രാഷ്ട്രീയം കളിച്ച് അധികാരം പിടിക്കുന്നതിന് ശ്രമിച്ചുവിജയിച്ച രാഷ്ട്രീയ പാർട്ടിയുടെ നേതാവ് കേരളത്തിൽ പറഞ്ഞത് തെരഞ്ഞെടുപ്പ് വാഗ്ദാന പത്രികകളിൽ പറഞ്ഞ വാക്കുകളൊന്നും പാലിക്കേണ്ടതില്ല എന്നാണ്. വാക്ക് പാലിക്കേണ്ട എന്ന നിലപാട് രാമധർമ്മ വിരുദ്ധമാണ്. വാക്ക് പാലിക്കണം എന്ന നിലപാടാണ് രാമപക്ഷ നിലപാട്. ഈ നിലയിൽ കേരളത്തിലെ ഇടതുപക്ഷമുന്നണി സർക്കാർ രാമനാമം മുറജപമാക്കിയ മന്ത്രിമാരുള്ള സർക്കാറല്ലെങ്കിലും വാക്കു പാലിക്കണം എന്നതിലൂന്നുന്ന രാമന്റെ പക്ഷം പിൻപറ്റുന്ന സർക്കാറാണ്.
പറഞ്ഞവാക്ക് പരമാവധി പാലിക്കാനുള്ള പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാൽ ആദർശോജ്വലമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എന്ന് വാക്കുപാലനം പരമധർമ്മമായി കാണുന്ന വാല്മീകിയുടെ രാമനെ ഉൾക്കൊണ്ടവർക്കു മനസിലാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.